News >> ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ച
പതിവുപോലെ, ഈ ബുധനാഴ്ചയും, ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടി വത്തിക്കാനില്‍ അരങ്ങേറി. കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം തന്നെ ആയിരുന്നു. വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അഷര്‍ സിന്‍ഡ്രം (USHER SYNDROME) ,അതായത്, ക്രമേണ അന്ധതയിലേക്കും ബധിരതയിലേക്കും നയിക്കുന്ന അപൂര്‍വ്വരോഗം, ബാധിച്ചിരിക്കുന്ന അമേരിക്കക്കാരിയായ ലിസി മ്യേഴ്സ് (LIZZY MYERS) എന്ന പെണ്‍കുട്ടിയും അവളുടെ കുടുംബാംഗങ്ങളും ജനക്കൂട്ടത്തിലുണ്ടായിരുന്നു. ഈ രോഗം മൂലം ഈ ബാലികയുടെ കാഴ്ചയും ശ്രവണശക്തിയും അടുത്തുതന്നെ പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന് ഭിഷഗ്വരന്മാര്‍ വിധിയെഴുതിയിരിക്കയാണ്.ഈ കൂടിക്കാഴ്ചാവേളയില്‍ പാപ്പാ ഈ ബാലികയും കുടുംബവുമായി അല്പസമയം ചിലവഴിക്കുകയും അവര്‍ സാന്ത്വനം പകരുകയും ചെയ്തു.ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങി. തദ്ദനന്തരം സാവധാനം നടന്ന് പ്രസംഗവേദിയിലെത്തിയ ഫ്രാന്‍സീസ് പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധ ഗ്രന്ഥ വായനയായിരുന്നു.
യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍റെ അടുത്തേക്കു വന്നു. ഞാന്‍ നിന്നില്‍ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍ യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വ്വ നീതിയും പൂര്‍ത്തിയാക്കുക നമുക്കു ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി.... ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു.മത്തായിയുടെ സുവിശേഷം, അദ്ധ്യായം 3, 13 മുതല്‍ 17 വരെയുള്ള വാക്യങ്ങളില്‍ നിന്ന്.ഈ സുവിശേഷപാരായണം അവസാനിച്ചതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ കാരുണ്യത്തെ അധികരിച്ചു പഴയനിയമ പശ്ചാത്തലത്തില്‍ താന്‍ നടത്തിപ്പോന്ന പ്രബോധനപരമ്പര കഴിഞ്ഞയാഴ്ച അവസാനിച്ചതിനാല്‍ പാപ്പാ ദൈവിക കരുണയെ അധികരിച്ചുള്ള ചിന്തകള്‍ പുതിയനിയമ വെളിച്ചത്തില്‍ പങ്കുവച്ചു.പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:പഴയനിയമത്തില്‍ കാണപ്പെടുന്ന ദൈവിക കരുണയെക്കുറിച്ച് ചിന്തിച്ച നമ്മള്‍ ഇന്ന് ആ കരുണയ്ക്ക് യേശുതന്നെ എപ്രകാരം പൂര്‍ണ്ണ സാക്ഷാത്ക്കാരമേകി എന്നതിനെക്കുറിച്ച് ധ്യാനിക്കുകയാണ്.. വാസ്തവത്തില്‍ യേശു മാംസം ധരിച്ച ദൈവിക കരുണയാണ്. തന്‍റെ ഭൗമികജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും അവിടന്ന് സദാ ആവിഷ്ക്കരിക്കുകയും സാക്ഷാത്ക്കരിക്കുകയും സംവേദനം ചെയ്യുകയും ചെയ്ത ഒരു കാരുണ്യമാണ് അത്. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സുവിശേഷം പ്രഘോഷിക്കുകയും രോഗികളെ സൗഖ്യമാക്കുകയും എളിയവരുടെ ചാരെ ആയിരിക്കുകയും പാപികള്‍ക്ക് മാപ്പുനല്കുകയും ചെയ്തുകൊണ്ട് യേശു സകലര്‍ക്കുമായി തുറക്കപ്പെട്ട നിസ്സീമ സ്നേഹം ദൃശ്യമാക്കിത്തീര്‍ത്തു. നിര്‍മ്മലവും സൗജന്യവും പരമവുമായ സ്നേഹം. കുരിശിലെ യാഗത്തില്‍ പരകോടിയിലെത്തുന്ന ഒരു സ്നേഹം. അതെ, സുവിശേഷം തീര്‍ച്ചയായും " കാരുണ്യത്തിന്‍റെ സുവിശേഷം" ആണ്, എന്തെന്നാല്‍ യേശു കരുണയാണ്.തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് സ്നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിക്കണമെന്ന് യേശു അഭിലഷിച്ചുവെന്ന് നാലു സുവിശേഷങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവം ക്രിസ്തുവിന്‍റെ ദൗത്യത്തിനു മൊത്തത്തില്‍ ഖണ്ഡിതമായ ഒരു മാനം നല്കുന്നു. വാസ്തവത്തില്‍ അവിടന്ന് ഒരു ദേവാലയത്തിന്‍റെ പകിട്ടിലല്ല ലോകത്തിലേക്കു വന്നത്, എന്നാല്‍ അവിടത്തേക്ക് അത് സാധ്യമായിരുന്നു, അല്ലേ? തന്‍റെ വരവ് കാഹളധ്വനിയാല്‍ അവിടന്നറിയിച്ചില്ല, അതും അവിടത്തേക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. ഒരു ന്യായാധിപനായിട്ടുമല്ല അവിടന്നാഗതനായത്. അങ്ങനെയും അവിടത്തേക്കു ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നസ്രത്തില്‍ 30 വര്‍ഷം രഹസ്യജീവിതം നയിച്ച യേശു നിരവധിയായ തന്‍റെ ജനത്തോടൊപ്പം ജോര്‍ദ്ദാന്‍ നദിയിലേക്കു പോകുകയും സ്നാനപ്പെടുന്നതിന് പാപികളോടൊപ്പം നിരയില്‍ നില്ക്കുകയും ചെയ്യുന്നു. അവിടന്ന് ലജ്ജിച്ചില്ല. അവിടെ എല്ലാവരോടും കൂടെ, പാപികളോടു കൂടെ നിന്നു. ആകയാല്‍, തന്‍റെ ദൗത്യാരംഭത്തിന്‍റെ ആദ്യ നിമിഷം മുതല്‍ തന്നെ യേശു, ഐക്യദാര്‍ഢ്യത്താലും അനുകമ്പയാലും മനുഷ്യന്‍റെ അവസ്ഥ സ്വയം ഏറ്റെടുക്കുന്ന, മിശിഹയായി സ്വയം വെളിപ്പെടുത്തി. തന്‍റെ മാമ്മോദീസാനന്തരം യേശു ചെയ്തവയെല്ലാം തന്‍റെ പ്രാരംഭ പദ്ധതിയുടെ സാക്ഷാത്ക്കാരമായിരുന്നു, അതായത്, രക്ഷയേകുന്ന ദൈവം സ്നേഹം സകലര്‍ക്കും എത്തിച്ചുകൊടുക്കുക. യേശു വിദ്വേഷമല്ല കൊണ്ടു വന്നത്, ശത്രുതയല്ല സംവഹിച്ചത്, നമുക്ക് സ്നേഹം കൊണ്ടുവന്നു തന്നു. മഹാസ്നേഹം, സകലര്‍ക്കുമായി, നമുക്കെല്ലാവര്‍ക്കുമായി തുറക്കപ്പെട്ട ഹൃദയം! രക്ഷാദായക സ്നേഹം.ക്രൂശിതനായ യേശുവിലേക്കു നോക്കിയാല്‍ നമുക്ക് ഈ സ്നേഹത്തിന്‍റെ മഹാരഹസ്യം ഉപരിവ്യക്തതയോടെ ധ്യാനിക്കാന്‍ കഴിയും. പാപികളായ നമുക്കുവേണ്ടി മരണംവരിച്ചുകൊണ്ടിരിക്കെ നിരപരാധിയായ അവിടന്ന് പ്രാര്‍ത്ഥിക്കുന്നു, പിതാവേ, ഇവരോടു പൊറുക്കേണമെ, എന്തെന്നാല്‍, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. കുരിശിലാണ് യേശു ലോകത്തിന്‍റെ പാപങ്ങള്‍, സകലരുടെയും പാപങ്ങള്‍, എന്‍റെയും നിന്‍റെയും നിങ്ങളുടെയും പാപങ്ങള്‍ പിതാവിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുന്നത്. അങ്ങനെ നാമെല്ലാവരുടെയും പാപങ്ങള്‍ മായിച്ചുകളയപ്പെടുന്നു. യേശുവിന്‍റെ ഈ യാഗപ്രാര്‍ത്ഥനയില്‍ നിന്ന് ആരും, ഒന്നും, ഒഴിവാക്കപ്പെട്ടിട്ടില്ല.നമ്മള്‍ പാപികളാണ് എന്ന് സ്വയം അംഗീകരിക്കുന്നതിന്, ഏറ്റു പറയുന്നതിന് നാം ഭയപ്പെടേണ്ടതില്ല. കാരണം ഓരോ പാപവും ദൈവപുത്രന്‍ കുരിശില്‍ വഹിച്ചു. അനുതപിച്ച് അവിടത്തേക്ക് നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ നമുക്കു മാപ്പുലഭിക്കും എന്ന ഉറപ്പുണ്ട്. ക്രുശിതന്‍റെ സ്നേഹത്തിന്‍റെ ശക്തിക്ക് പ്രതിബന്ധങ്ങളില്ല, അതൊരിക്കലും വറ്റിപ്പോകുന്നില്ല.പ്രിയമുള്ളവരെ, സുവിശേഷത്തിന്‍റെ ശക്തി അനുഭവിച്ചറിയുന്നതിനുള്ള അനുഗ്രഹം ഈ ജൂബിലിവര്‍ഷത്തില്‍ നമുക്ക് ദൈവത്തോടു യാചിക്കാം. രൂപാന്തരപ്പെടുത്തുന്നതും ദൈവത്തിന്‍റെ ഹൃദയത്തിലേക്കു നമ്മെ കടത്തിവിടുന്നതും പൊറുക്കാനും ലോകത്തെ കൂടുതല്‍ നന്മയോടെ നോക്കാനും നമ്മെ പ്രാപ്തരാക്കുന്നതുമാണ് കരുണയുടെ ഈ സുവിശേഷം. ഉത്ഥിതനായ ക്രൂശിതന്‍റെ സുവിശേഷം നാം സ്വീകരിച്ചാല്‍ നമ്മുടെ ജീവിതം മുഴുവന്‍ അവിടത്തെ സ്നേഹത്തിന്‍റെ, നവീകരിക്കുന്ന സ്നേഹത്തിന്‍റെ, ശക്തിയാല്‍ രൂപപ്പെടുത്തപ്പെടും. നന്ദി. Source: Vatican Radio