News >> കൃപയും ദാനവുമാണ് സാക്ഷ്യം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനസമീക്ഷ
ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകളാണിത്: ആദ്യവായനയെ അധികരിച്ചായിരുന്നു പാപ്പായുടെ വചനധ്യാനം.ജീവിതത്തില്‍ മൂന്നു പ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസ്, പിന്നീട് ക്രിസ്തുസാക്ഷിയാകുന്ന, അപ്പസ്തോല നടപടിപ്പുസ്തകത്തിലെ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് ധീരതയുള്ള ജീവിതസാക്ഷ്യം ദൈവകൃപയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചത്. ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചാല്‍ മരണശിക്ഷ ഉറപ്പായിരുന്നിട്ടും, യഹൂദ മേല്‍സഖ്യമായ സെന്‍ഹെദ്രിന്‍റെ കല്പന ലംഘിച്ച് പത്രോസ്ലീഹാ ജരൂസലേമില്‍ ക്രിസ്തുവിനെ പ്രഘോഷിച്ചത് ദൈവകൃപയാലും പരിശുദ്ധാത്മ ചൈതന്യത്താലുമാണെന്ന് പാപ്പാ വ്യക്തമാക്കി (അപ്പോ.നടപടി 5, 27-35).അങ്ങനെ യഥാര്‍ത്ഥ ജീവിതത്തില്‍ ജീവന്‍ വിലയായി നല്കുന്ന ധീരത അന്നും ഇന്നും ക്രിസ്തുസാക്ഷ്യം ആവശ്യപ്പെടുന്നുണ്ട്. വളരെ സാധാരണക്കാരായ നൂറുകണക്കിന് ക്രൈസ്തവര്‍ ക്രിസ്തുവിനെപ്രതി ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ സമര്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് മാനുഷിക കരുത്താലല്ല, ദൈവകൃപയാലും ദൈവാത്മാവിന്‍റെ പ്രചോദനത്താലുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. 'എനിക്ക് തിന്മചെയ്യാനാവില്ല, വഞ്ചിക്കാനാവില്ല, ഉത്തരവാദിത്വമില്ലാതെ അലക്ഷ്യമായ ജീവിതം നയിക്കാനാവില്ല, ഞാന്‍ ജീവിക്കേണ്ട ശൈലിയും സാക്ഷ്യവും ഉത്ഥിതനായ ക്രിസ്തുവിന്‍റെതാണെ'ന്ന് ക്രൈസ്തവര്‍ ഇന്നും ലോകത്ത് ഏറ്റുപറയുകയും, തിന്മയ്ക്കെതിരെ ജീവന്‍ സമര്‍പ്പിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മാനുഷികശക്തിക്ക് അതീതമായ, ദൈവാത്മാവിന്‍റെ പ്രേരണയാലും, ദൈവകൃപയാല്‍ ലബ്ധമായ ക്രിസ്തുസാക്ഷ്യവുമാണെന്ന് പാപ്പാ വചനസമീക്ഷയില്‍ വ്യക്തമാക്കി. മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ മാതൃക മനസ്സിലേറ്റിക്കൊണ്ടായിരിക്കണം പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.സഭ ഇന്നും ജീവിക്കുന്നതും ധീരമായി മുന്നേറുന്നതും വിശ്വാസസാക്ഷികളുടെ രക്തത്തിന്‍റെ വിലയാലാണെന്ന് പാപ്പാ പ്രസ്താവിച്ചു. ദാനമായി ലഭിച്ച പരിശുദ്ധാത്മ ചൈതന്യത്താല്‍, തങ്ങളുടെ വിശ്വാസജീവിതത്തിന്‍റെ സമഗ്രതയും സ്ഥായീഭാവവുംകൊണ്ട് ജീവന്‍ സമര്‍പ്പിച്ച ക്രൈസ്തവര്‍ സഭയുടെ വിശുദ്ധാത്മാക്കളാണ്! അവരാണ് സഭയ്ക്ക് ഇന്നും ജീവന്‍ നല്‍കുന്നതെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio