News >> ഉത്ഥിതന്‍റെ സാന്നിധ്യം സകലത്തെയും രൂപാന്തരപ്പെടുത്തുന്നു
സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥന നയിക്കുന്നതിനുമുമ്പ് ഒരു ലഘുവിചിന്തനം നടത്തി. ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, രാത്രിമുഴുവന്‍ വലവീശിയിട്ടും മത്സ്യമൊന്നും കിട്ടാതിരുന്ന ക്രിസ്തുശിഷ്യരായ പത്രോസിന്‍റെയും കൂട്ടരുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ഉത്ഥിതനെ അവര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും അവിടന്നു പറഞ്ഞതനുസരിച്ച് അവര്‍ വീണ്ടും വലയിറക്കുകയും വലനിറയെ മീന്‍ കിട്ടുകയും ചെയ്തതും തങ്ങളുടെ മുന്നില്‍ നില്ക്കുന്നത് കര്‍ത്താവാണെന്നു ആ ശിഷ്യന്മാര്‍ തിരിച്ചറിയുന്നതും ഉത്ഥിതന്‍ പത്രോസിനെ അജപാലന ദൗത്യം ഏല്പിക്കുന്നതും തന്നെ അനുഗമിക്കാന്‍ അവിടന്ന് പത്രോസിനെ ക്ഷണിക്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യോഹന്നാന്‍റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 1 മുതല്‍ 19 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിനാധാരം.പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു: പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!ഉത്ഥിതനായ യേശു ശിഷ്യന്മാര്‍ക്ക് മൂന്നാമത്തെ തവണ പ്രത്യക്ഷനാകുന്നതും അപ്പോള്‍ അവിടെ അത്ഭുതകരമായ മീന്‍പിടുത്തം നടക്കുന്നതുമായ സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം വിവരിക്കുന്നത്. ഗലീലിയതടാകത്തിന്‍റെ തീരത്തു വച്ചാണ് ഇത്തവണ യേശു കാണപ്പെടുന്നത്. കര്‍ത്താവിന്‍റെ പീഢാസഹനമരണോത്ഥാനങ്ങളുടെ അസ്വസ്ഥകരങ്ങളായ ദിനങ്ങള്‍ക്കുശേഷം അവിടത്തെ ശിഷ്യന്മാര്‍ സ്വന്തം നാട്ടിലെത്തി അവരുടെ തൊഴിലായ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന അവരുടെ അനുദിനജീവിതം പശ്ചാത്തലമാക്കിയാണ് ഈ സംഭവവിവരണം. സംഭവിച്ച കാര്യങ്ങള്‍ അവര്‍ക്ക് ദുര്‍ഗ്രാഹ്യങ്ങളായിരുന്നു. എന്നാല്‍ സകലതും അവസാനിച്ചു എന്നു കരുതിയിരുന്നപ്പോള്‍ ഇതാ യേശു തന്നെ വീണ്ടും സ്വന്തം ശിഷ്യരെ തേടിയെത്തുന്നു. അവിടന്നാണ് അവരെ അന്വേഷിച്ചെത്തുന്നത്. വലയിറക്കിയിട്ട് ഒരു മത്സ്യംപോലും കിട്ടാതെ ശിഷ്യന്മാര്‍ രാത്രി മുഴുവന്‍ വള്ളങ്ങളില്‍ ചിലവഴിച്ച തടാകത്തീരത്തുവച്ചാണ് യേശു ഇത്തവണ അവരുമായി കൂടിക്കാഴ്ച നടത്തുന്നത്. ശൂന്യമായി കാണപ്പെട്ട വലകള്‍, ഒരര്‍ത്ഥത്തില്‍, യേശുവുമായുള്ള അവരുടെ ജീവിതത്തില്‍ സംഭവിച്ചതിനു സമാനമാണ്. അതായത് യേശുവുമായി കണ്ടുമുട്ടിയ അവര്‍ അവിടത്തെ പിന്‍ചെല്ലുന്നതിനായി, പ്രത്യാശാനിര്‍ഭരരായി, സകലതും ഉപേക്ഷിച്ചു... എന്നിട്ട് ഇപ്പോള്‍ ? അതെ, അവര്‍ ഉത്ഥിതനെ കണ്ടു, എന്നാല്‍ പിന്നീട് അവരുടെ ചിന്ത ഇങ്ങനെയായിരുന്നു‑ അവിടന്ന് പോയി, അവിടന്ന് നമ്മെ വിട്ടുപോയി... എല്ലാം ഒരു സ്വപ്നമായിരുന്നു... എന്നാല്‍ ഇതാ, പ്രഭാതത്തില്‍, യേശു തടാകത്തിന്‍റെ തീരത്ത് പ്രത്യക്ഷനാകുന്നു; എന്നാല്‍ ശിഷ്യന്മാര്‍ അവിടത്തെ തിരിച്ചറിയുന്നില്ല. ക്ഷീണിതരും നിരാശരുമായ ആ മീന്‍പിടുത്തക്കാരോടു കര്‍ത്താവരുളിചെയ്യുന്നു :
വള്ളത്തിന്‍റെ വലത്തുവശത്ത് വലയിടുക, അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. (യോഹന്നാന്‍, 21,6) ആ ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചു. അതിന്‍റെ ഫലം അത്ഭുതകരമാം വിധം സമൃദ്ധമായി മീന്‍ ലഭിച്ചതായിരുന്നു. ആ അവസരത്തില്‍ യോഹന്നാന്‍ പത്രോസിനോടു പറയുന്നു " അതു കര്‍ത്താവാണ് എന്ന്. ഉടനെ പത്രോസ് വെള്ളത്തിലേക്കു ചാടുകയും കരയിലേക്ക്, യേശുവിനെ ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. അതു കര്‍ത്താവാണ് എന്ന ഉദ്ഘോഷണത്തില്‍ പെസഹാവിശ്വാസത്തിന്‍റെതായ ആവേശം പ്രകടമാണ്. ആനന്ദത്താലും വിസ്മയത്താലും നിറഞ്ഞ ആ ഉദ്ഘോഷണം ശിഷ്യന്മാരില്‍ കടന്നുകൂടിയിരുന്ന സംഭ്രാന്തിയെയും നിരാശയെയും ശക്തിഹീനതാബോധത്തെയും ശക്തമായി ഖണ്ഡിക്കുന്നതാണ്. ഉത്ഥിതനായ യേശുവിന്‍റെ സാന്നിധ്യം സകലത്തെയും രൂപാന്തരപ്പെടുത്തുന്നു: വെളിച്ചം അന്ധകാരത്തെ ജയിക്കുന്നു, ഫലശൂന്യമായ കര്‍മ്മം വീണ്ടും ഫലദായകവും പ്രതീക്ഷാദായകവുംമായി ഭവിക്കുന്നു, തളര്‍ച്ചയുടെയും പരിത്യക്താവസ്ഥയുടെയുമായ വികാരം പുത്തന്‍ ഉണര്‍വ്വിനും കര്‍ത്താവ് നമ്മോടൊപ്പമുണ്ട് എന്ന ഉറപ്പിനും വഴിമാറുന്നു. അന്നു മുതല്‍ ഈ വികാരങ്ങളാണ് സഭയെ, ഉത്ഥിതന്‍റെ ആ സമൂഹത്തെ, നയിക്കുന്നത്. നാമെല്ലാവരുമടങ്ങിയതാണ് ഉത്ഥിതന്‍റെ ആ സമൂഹം. തിന്മയുടെ അന്ധകാരവും അനുദിന ജീവിത ക്ലേശങ്ങളും പ്രബലപ്പെടുകയാണെന്ന്, ചിലപ്പോഴൊക്കെ,ഉപരിപ്ലവമായ ഒരു വീക്ഷണത്തില്‍ തോന്നാം. എന്നാല്‍ കര്‍ത്താവായ യേശുവിനെ പിന്‍ചെല്ലുന്നവരുടെ മേല്‍ പെസാഹായുടെ അസ്തമിക്കാത്ത വെളിച്ചം പരക്കുന്നുവെന്ന് സഭയ്ക്ക് ഉറപ്പുണ്ട്. ഉത്ഥാനത്തിന്‍റെ മഹാ വിളംബരം വിശ്വാസികളുടെ ഹൃദയങ്ങളില്‍ അത്യഗാധമായ ഒരാനന്ദവും അജയ്യമായ ഒരു പ്രത്യാശയും സന്നിവേശിപ്പിക്കുന്നു. ക്രിസ്തു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു. ആഹ്ലാദകരമായ ഈ പ്രഘോഷണം എങ്ങും മുഴങ്ങുന്നതിനായുള്ള പരിശ്രമം സഭ ഇന്നും തുടരുന്നു. ആനന്ദവും പ്രത്യാശയും ഹൃദയങ്ങളിലും വദനങ്ങളിലും വാക്കുകളിലും പ്രവൃത്തികളിലും ഒഴുകുന്നതിനായി സഭ പരിശ്രമിക്കുന്നു. കണ്ടുമുട്ടുന്നവരുമായി, വിശിഷ്യ, വേദനയനുഭവിക്കുന്നവരും ഒറ്റപ്പെട്ടവരും അനിശ്ചിതാവസ്ഥകളില്‍ കഴിയുന്നവരും രോഗികളും അഭയാര്‍ത്ഥികളും പാര്‍ശ്വവത്കൃതരുമായി ഉത്ഥാനത്തിന്‍റെ സന്ദേശം പങ്കുവയ്ക്കാന്‍ ക്രൈസ്തവരായ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രകാശകിരണം, അവിടത്തെ കരുണാര്‍ദ്ര ശക്തിയുടെ അടയാളം, എല്ലാവരിലും എത്തുന്നതിനായി നമുക്ക് യത്നിക്കാം.കര്‍ത്താവ് പെസഹാവിശ്വാസം നമ്മിലും നവീകരിക്കട്ടെ. സുവിശേഷത്തിനും സഹോദരങ്ങള്‍ക്കും സേവനം ചെയ്യുകയെന്ന നമ്മുടെ ദൗത്യത്തെക്കുറിച്ച് എന്നും ഉപരി അവബോധമുള്ളവരാക്കി അവിടന്നു നമ്മെ മാറ്റട്ടെ. കര്‍ത്താവിന്‍റെ സ്നേഹത്തിന്‍റെ മാഹാത്മ്യവും അവിടത്തെ കാരുണ്യത്തിന്‍റെ സമ്പന്നതയും സഭ മുഴുവനോടും ഒന്നു ചേര്‍ന്ന്, പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥസഹായത്താല്‍, പ്രഘോഷിക്കാന്‍ നമുക്കു കഴിയുന്നതിന് കര്‍ത്താവ് അവിടത്തെ പരിശുദ്ധാരൂപിയാല്‍ നമ്മെ നിറയ്ക്കട്ടെ. ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ സ്വര്‍ല്ലോകരാജ്ഞി എന്ന പ്രാര്‍ത്ഥന നയിക്കുകയും എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ സായുധസംഘര്‍ഷവേദികളില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായുള്ള തന്‍റെ അഭ്യര്‍ത്ഥന നവീകരിച്ചു. മാര്‍ച്ച് 4 ന് യെമനിലെ ആദെനില്‍ വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളിയും സലേഷ്യന്‍ സമൂഹാംഗവുമായ വൈദികന്‍ ടോം ഉഴുന്നാലിലിനെ ഫ്രാന്‍സീസ് പാപ്പാ പ്രത്യേകം അുസ്മരിച്ചു.സായുധസംഘര്‍ഷവേദികളില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന സകലരെയും വിട്ടയയ്ക്കാനുള്ള തന്‍റെ അഭ്യര്‍ത്ഥന ഉത്ഥിതനായ ക്രിസ്തു നമുക്കേകയിരിക്കുന്ന പ്രത്യാശയില്‍ താന്‍ നവീകരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.തുടര്‍ന്ന് പാപ്പാ തിരുഹൃദയത്തിന്‍റെ കത്തോലിക്കാ സര്‍വ്വകലാശാലയുടെ ദേശീയ ദിനം ഈ ഞായറാഴ്ച (10/04/16) ഇറ്റലിയില്‍ ആചരിക്കപ്പെട്ടത് അനുസ്മരിക്കുകയും ഇറ്റലിയിലെ യുവതയ്ക്ക് സുപ്രധാന സേവനമേകുന്ന ദൗത്യം തുടരാന്‍ ഈ സര്‍വ്വകലാശാലയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.റോമില്‍ ഈ ഞായറാഴ്ച (10/04/16) നടന്ന മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്യാനും പാപ്പാ മറന്നില്ല. എല്ലാവര്‍ക്കും നല്ലൊരു ഞയാറാഴ്ച നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും നല്ലൊരുച്ചവിരുന്ന് ആശംസിക്കുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കല്‍നിന്ന് പിന്‍വാങ്ങി.Source: Vatican Radio