News >> ജീസസ് യൂത്ത് പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം
കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചു.
എണ്‍പതുകളുടെ ആരംഭത്തില്‍ യുവജനങ്ങള്‍ക്കുള്ള കരിസ്മാറ്റിക്ക് പ്രസ്ഥാനമായി രൂപമെടുത്ത കേരളത്തിലെ കത്തോലിക്കാ അല്‍മായ യുവജന പ്രസ്ഥാനം, 'ജീസസ് യൂത്തി'നാണ് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പ്രസ്ഥാനത്തിന്‍റെ രാജ്യാന്തര കോര്‍ഡിനേറ്റര്‍ സി. സി. ജോസഫ് കൊച്ചിയില്‍ ഏപ്രില്‍ 12-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ പിറവിയെടുത്ത അല്‍മായ പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിക്കുന്നതും അന്തര്‍ദേശീയ സംഘടനയായി (International Private Association of the Faithful with Juridical Personality) ഉയര്‍ത്തപ്പെടുന്നതും ചരിത്രത്തില്‍ ആദ്യമാണെന്ന്, പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ രാജ്യാന്തരകാര്യാലയത്തിന്‍റെ കോര്‍ഡിനേറ്ററും, സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളുമായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 2005-ല്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും, 2007-ലെ ദേശീയ മെത്രാന്‍ സമിതിയുടെയും അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സഭാ പ്രസ്ഥാനമാണ് ജീസസ് യൂത്ത്.
കേരളത്തില്‍ കൊച്ചി കേന്ദ്രമാക്കി പിറവിയെടുത്ത യുവജനങ്ങളുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനം 1985-മുതല്‍ ജീസസ് യൂത്ത് (Jesus Youth) എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. 2000-ാമാണ്ട് ജൂബിലി വത്സരത്തില്‍ രജതജൂബിലി ആഘോഷിച്ച പ്രസ്ഥാനം ആഗോളയുവജന സംഗമത്തിലെ പങ്കാളിത്തത്തിലൂടെയും സഭാകാര്യങ്ങളിലുള്ള സജീവപങ്കാളിത്തം വഴിയുമാണ് ഇന്ന് 35 രാജ്യങ്ങളിലായി അഞ്ചു ഭൂഖണ്ഡങ്ങളിലും എത്തിയതെന്ന് മനോജ് സണ്ണി പറഞ്ഞു.
പ്രാര്‍ത്ഥന, ദൈവവചനം, കൂദാശകള്‍, കൂട്ടായ്മ, സുവിശേഷവത്ക്കരണം, പാവങ്ങളോടുള്ള പക്ഷംചേരല്‍ തുടങ്ങിയ ആറു അടിസ്ഥാനഘടകങ്ങളില്‍ ആഴപ്പെട്ടുകൊണ്ടുള്ള കരിസ്മാറ്റിക്ക് ആത്മീയതയാണ് ജീസസ് യൂത്തിന്‍റെ വളര്‍ച്ചയുടെ സത്തയും, രഹസ്യവുമെന്ന് മനോജ് സണ്ണി പങ്കുവച്ചു. തങ്ങളുടെ പഠനത്തിന്‍റെയും തൊഴിലിന്‍റെയും മറ്റു സാമൂഹ്യ ജീവിത പരിസരങ്ങളിലും സുവിശേഷമൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതാണ് സംഘടനയുടെ കരുത്ത്. മറ്റു രാജ്യക്കാരെ ഇതിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയ ഘടകവും വ്യക്തികളുടെ സമര്‍പ്പണവും പ്രതിബദ്ധതയുമാണെന്ന് മനോജ് സാക്ഷ്യപ്പെടുത്തി.
റെക്സ് ബാന്‍ഡ്(Rex Band) - രാജ്യാന്തര ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സംഗീത-കലാ- സാംസ്ക്കാരിക വിഭാഗമാണ്. അതുപോലെ കുട്ടികളെ പ്രസ്ഥാനത്തിലേയ്ക്ക് നയിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായുള്ള 'ക്രിസ്റ്റീനും' (
Christeen) ജീസസ് യൂത്ത് യുവജന പ്രസ്ഥാനത്തിന്‍റെ ഭാഗമാണെന്ന് പ്രസ്താവന വെളിപ്പെടുത്തി.
മെയ് 20-ന് വത്തിക്കാനില്‍ അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Laity) സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ജീസസ് യൂത്തിന് ലഭിച്ചിരിക്കുന്ന രാജ്യാന്തര സ്ഥാനത്തിന്‍റെ ഔദ്യോഗിക രേഖകള്‍ കൈമാറ്റം ചെയ്യപ്പെടുമെന്ന് മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
Source: Vatican Radio