News >> കഠിനഹൃദയങ്ങള്‍ സാവൂളിനെപ്പോലെ നിലത്തെറിഞ്ഞാല്‍ അനുരഞ്ജിതരാകാം


അരൂപിയോടു വിധേയത്വമുള്ള കഠിനഹൃദയങ്ങള്‍ മൃദുവാക്കപ്പെടുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  ബലഹീനരെയും പാപികളെയും ഉയര്‍ത്താന്‍ ആവശ്യമായ കൃപയും വരവും തുറവുള്ളവര്‍ക്ക് ദൈവം എപ്പോഴും നല്കുമെന്ന്, സാവൂളിന്‍റെ മാനസാന്തര കഥയെക്കുറിച്ചുള്ള നടപടി പുസ്തക ഭാഗത്തെ അധികരിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു (നടപടി 9, 1-20).

വിശുദ്ധ വസ്തുക്കളോടു കാണിക്കുന്ന തീക്ഷ്ണത ഒരിക്കലും ദൈവത്തോടുള്ള തീക്ഷ്ണതയോ, ദൈവത്തോടുള്ള തുറവോ ആയിരക്കണമെന്നില്ല. യഹുദമത വിശ്വാസത്തില്‍ തീക്ഷ്ണമതിയായിരുന്ന സാവൂളിന്‍റെ ഉദാഹരണം പാപ്പാ ചൂണ്ടിക്കാട്ടി. മതാചാരങ്ങളോടും നിയമങ്ങളോടും വിശ്വസ്തനായിരുന്ന താര്‍സോസിലെ സാവൂളിന്‍റെ ഹൃദയം കഠിനമായിരുന്നു. ക്രിസ്തുവിനായി അത് ആദ്യം തുറന്നില്ലെന്നു മാത്രമല്ല, ക്രൈസ്തവരെ പീഡിപ്പിക്കുവാനും അവരെ കൊന്നൊടുക്കുവാനുമുള്ള ക്രൂരതയായി വളരുകയും ചെയ്തു. പാപ്പാ ചൂണ്ടിക്കാട്ടി.  അങ്ങനെ ഡമാസ്ക്കസിലുള്ള ക്രൈസ്തവരെ ബന്ധികളാക്കാന്‍ ജരൂസലേത്തുനിന്നും യാത്രചെയ്യവെയാണ്, മാര്‍ഗ്ഗമദ്ധ്യേ സാവൂളിനെ ക്രിസ്തു സ്പര്‍ശിച്ചത്. യാത്രാമദ്ധ്യേ കുതിരപ്പുറത്തുനിന്നുള്ള വീഴ്ചയും തരംതാഴ്ത്തലും അദ്ദേഹത്തിന്‍റെ ഹൃദയം ഉരുക്കുവാനും, മാറ്റത്തോടു തുറവുകാണിക്കുവാനും പ്രേരിപ്പിച്ചു.

മനുഷ്യന്‍ ദൈവത്തെപ്പോലല്ലെന്ന സത്യം മനസ്സിലാക്കാന്‍ സാവൂളിനെ ക്രിസ്തു താഴ്ത്തുക മാത്രമല്ല, താഴെവീഴ്ത്തി. "എന്നെ പീഡിപ്പിക്കുന്നത് എന്തിനാണ്" എന്നു കര്‍ത്താവു അയാളോടു ചോദിക്കുക മാത്രമല്ല, അയാളോട് എഴുന്നേല്‍ക്കുവാന്‍ ആവശ്യപ്പെടുന്നു. തന്‍റെ ലക്ഷ്യത്തിലേയ്ക്കു കുതിച്ച സാവൂളിന്‍റെ ഹൃദയത്തെ ദൈവം സ്പര്‍ശിച്ചപ്പോള്‍ എല്ലാം പിന്നെ തലകീഴായ് മറിയുന്നു. മാറ്റങ്ങള്‍ക്കായി തന്‍റെ ഹൃദയം സാവൂള്‍ ക്രിസ്തുവിനു തുറന്നുകൊടുക്കുന്നു.

വീഴ്ചയില്‍നിന്നും എഴുന്നേറ്റ സാവൂളിന് മനസ്സിലായി താന്‍ അന്ധനാണെന്ന്. മറ്റുള്ളവര്‍ അയാളെ നയിക്കാന്‍ തുടങ്ങി. അപ്പോഴാണ് സാവൂള്‍ ദൈവത്തിനായി തന്‍റെ ഹൃദയം മെല്ലെ തുറക്കുവാന്‍ സന്നദ്ധനായത്. കൂടെയുണ്ടായിരുന്നവര്‍ അയാളെ ഡമാസ്ക്കസ്സിലെത്തിച്ചു. മൂന്നുനാളുകള്‍ അയാള്‍ പൂര്‍ണ്ണഅന്ധത അനുഭവിച്ചു. പിന്നെ വെള്ളമോ ഭക്ഷണമോ കഴിക്കാതെ അയാള്‍ കഴിച്ചുകൂട്ടി.  നിലത്തു വീണ് അവഹേളിതനായവന്‍, തന്‍റെ തരംതാണ അവസ്ഥ മനസ്സിലാക്കി, മെല്ലെ ഹൃദയം തുറന്നു. ദൈവം ഇങ്ങനെ നമുക്കായി അയക്കുന്ന അവഹേളനം സ്വീകരിച്ചാല്‍, നമ്മുടെ ഹൃദയങ്ങളും തുറക്കാന്‍ ഇടയുണ്ട്. അങ്ങനെ നാം വിധേയത്വമുള്ളവരാകും, മാനസാന്തരപ്പെട്ട് ദൈവത്തോടും മനുഷ്യരോടും അനുരഞ്ജിതരാകും. 

സാവൂളിന്‍റെ ഹൃദയം അലിയുന്നു. ഏകാന്തതയുടെയും അന്ധതയുടെയും നാളുകള്‍ മാനസാന്തരത്തിന്‍റെ ദിനങ്ങളായി മാറുന്നു. അയാള്‍ക്ക് ഉള്‍ക്കാഴ്ച ലഭിക്കുന്നു. പിന്നെ ശിഷ്യനായ അനനിയാസിനെ അയാളുടെ പക്കലേയ്ക്ക് കര്‍ത്താവ് അയച്ചു. അനനിയാസ് കൈവച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ സാവൂളിന് കാഴ്ച ലഭിച്ചു. അയാള്‍ അനനിയാസില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു. സാവൂള്‍ പിന്നെ പോളായി രൂപാന്തരപ്പെട്ടു.

ജരൂസലത്തെ ആദിമസഭയിലെ ഈ സംഭവങ്ങളുടെ പിന്നിലെ ബലതന്ത്രം നാം മനസ്സില്ക്കിയിരിക്കണം. സ്റ്റീഫനോ, ഫിലിപ്പോസോ, അനനിയാസോ ആരുമല്ല മാനസാന്തരത്തിന്‍റെ പ്രേരകശക്തി. മാനസാന്തരത്തിന്‍റെ അടിസ്ഥാന പ്രേരകശക്തിയും പ്രായോക്താവും പരിശുദ്ധാത്മാവാണ്. സഭയുടെ സ്ഥാപകനും, പ്രബോധകനും പരിശുദ്ധാത്മാവാണ്. അവിടുന്നാണ് തന്‍റെ ജനത്തെ നയിക്കുന്നത്. കര്‍ത്താവിന്‍റെ അരുപിയുടെ സ്പര്‍ശത്താല്‍ കഠിനഹൃദയങ്ങള്‍ അലിയുന്നതും മാനസാന്തരം സംഭവിക്കുന്നതും ഇങ്ങനെയാണെന്ന് പാപ്പാ വിശദമാക്കി.

ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമുക്കെല്ലാവര്‍ക്കും സാവൂളിനെപ്പോലെ ഹൃദയകാഠിന്യമുണ്ട്. അവയെ നമുക്ക് നിലത്തെറിയാം. കര്‍ത്താന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കാം. അത് മാര്‍ദ്ദവമുള്ളതാക്കുന്നതിനും, നമ്മെ മാനസാന്തരപ്പെടുത്തുന്നതിനും അവിടുത്തെ കൃപ നല്കണമേ, അവിടുത്തെ അരൂപിയെ നല്കണമേ.... എന്ന് പ്രാര്‍ത്ഥിക്കാം.  ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.

Source: Vatican radio