News >> പാപ്പാ ഫ്രാന്‍സിസിനെ ഗ്രീസ് വരവേറ്റു
ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പാ ഫ്രാന്‍സിസ് റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നം ഗ്രീസിലേയ്ക്ക് യാത്ര പുറപ്പെട്ടു. തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിന്‍റെ 13-ാമത് രാജ്യാന്തര യാത്രയെങ്കിലും, ഗ്രീസിന്‍റെ ഭാഗമായ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥകളുടെ പക്കലേയ്ക്കാണ് ഈ സന്ദര്‍ശനം. സിറിയയില്‍നിന്നും മദ്ധ്യപൂര്‍വ്വദേശങ്ങളില്‍നിന്നുമായി കുടിയേറിയിട്ടുള്ള ആയിരങ്ങളാണവിടെ. യുദ്ധം ദാരിദ്ര്യം എന്നിവമൂലം ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന പാവങ്ങളുടെ പക്കലേയ്ക്കാണ് പാപ്പാ സാന്ത്വനവുമായി എത്തിയത്. രണ്ടുമണിക്കൂറും 20 മിനിറ്റും പറന്ന പാപ്പായും സംഘവും ഗ്രിസിലെ സമയം രാവിലെ 10.20-ന്, ലെസ്ബോസ് ദ്വീപിന്‍റെ താലസ്ഥാനമായ മൈത്തിലില്‍ വിമാനമിറങ്ങി.പാപ്പായെ ഗ്രീസിന്‍റെ പ്രസിഡന്‍റ് അലക്സിസ് ചിപ്രാസ്, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഏദന്‍സിന്‍റെയും ഗ്രീസിന്‍റെയും ആകമാനം ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ സന്ദര്‍ശനത്തില്‍ തെളിഞ്ഞത് പരിത്യക്തരോടുള്ള പ്രതിബദ്ധതയില്‍ ഇതര ക്രൈസ്തവസഭകള്‍ പ്രകടമാക്കിയ കൂട്ടായ്മയാണ്.പ്രസിഡന്‍റ് ചിപ്രാസ് പാപ്പായ്ക്ക് സ്വാഗതം പറഞ്ഞു. ഐജിയന്‍ കടല്‍ കടന്നുള്ള അപകടരമായ യാത്രയില്‍ മനുഷ്യത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവത്തിലാണ് ഗ്രീസിന്‍റെ തീരം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി തറുന്നതെന്ന് പ്രസിഡന്‍റ് ചിപ്രാസ് തുറന്നു പ്രസ്താവിച്ചു. ഗ്രീസ് രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അഭയാര്‍ത്ഥികളുടെ മുന്നേറ്റത്തില്‍ ഇനിയും സുരക്ഷയും സാമാധാനവും മറ്റിടങ്ങളില്‍ കണ്ടെത്താനാവുമെന്ന പ്രത്യാശയിലാണ് മുന്നോട്ടു പോകുന്നതെന്ന് പാപ്പായുമായി പ്രസിഡന്‍റ് ചിപ്രാസ് ചിന്തകള്‍ പങ്കുവച്ചു.ഗ്രീസിന്‍റെ നിലപാടില്‍, പ്രത്യേകിച്ച് അഭയാര്‍ത്ഥികളുടെ ഈ വലിയ പ്രതിസന്ധിയില്‍ കാണിക്കുന്ന സഹിഷ്ണുതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മനോഭാവത്തെ പാപ്പാ വാക്കുകളില്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി പ്രസിഡന്‍റ് ചിപ്രാസിനോടും ഗ്രീസിലെ ജനങ്ങളോടുമായി പ്രസ്താവിച്ചു.Source: Vatican Radio