News >> ഇടയനെ ശ്രവിക്കുന്ന പ്രതിബദ്ധതയും വിശ്വസ്തതയും : ത്രികാലപ്രാര്‍ത്ഥന പ്രഭാഷണം
ഏപ്രില്‍ 17-ാം തിയതി പെസഹാക്കാലത്തെ നാലാംവാരം ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:
- ഇടയനെ ശ്രവിക്കുന്ന അജഗണം
ജരൂസലേം ദേവാലയത്തിന്‍റെ സമര്‍പ്പണത്തിരുനാളില്‍ ക്രിസ്തു പറഞ്ഞകാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത് (യോഹ. 10, 27). ഡിസംബര്‍ മാസത്തിന്‍റെ അവസാനത്തിലാണ് ഈ തിരുനാള്‍ ആചരിക്കപ്പെടുന്നത്. ഈശോ മിക്കവാറും ദേവാലയത്തിന്‍റെ ഉള്‍ഭാഗത്ത്, വിശുദ്ധ സ്ഥലത്തോടു ചേര്‍ന്നായിരിക്കണം നിന്നിരുന്നത്. അതുകൊണ്ടാണ് അവിടുന്ന് ആടിനെക്കുറിച്ചും ആട്ടിന്‍ പറ്റത്തെക്കുറിച്ചും സംസാരിച്ചത്. അവിടെ ആടുകളെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുന്നത് കണ്ടുകൊണ്ടായിരിക്കണം ഈശോ സംസാരിച്ചത്. അവിടുന്ന് നല്ലിടയനായി സ്വയം അവതരിപ്പിക്കുന്നു. "ഞാന്‍ നല്ലിടയനാണ്. ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിക്കില്ല. എന്‍റെ കൈയ്യില്‍നിന്നും ആര്‍ക്കും അവയെ തട്ടിക്കൊണ്ടുപോകാനുമാവില്ല" (യോഹ.27-28).ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കാത്ത ആര്‍ക്കും അവിടുത്തെ ശിഷ്യരായിരിക്കാനാവില്ലെന്ന് ഈ വചനം പ്രസ്താവിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'കേള്‍ക്കുക,' അല്ലെങ്കില്‍ 'ശ്രവിക്കുക...' എന്ന ക്രിയ അതിന്‍റെ ഉപരിപ്ലവമായ അര്‍ത്ഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്. ഈ വാക്കിന്‍റെ പ്രതിബദ്ധതയുള്ള ആഴമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതാണ്. ഇവിടെ കേള്‍വി...
പരസ്പരധാരണയുടെ അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇടയന്‍റെ ധാരണയുള്ള സ്വരം ശ്രവിക്കുമ്പോഴാണ്. ആടുകള്‍ക്ക് ഇടയനെ വിശ്വസ്തതയോടെ അനുഗമിക്കാനാവുന്നത്. (യോഹ. 10, 27) അതിനാല്‍ സുവിശേഷഭാഗം നമ്മോടു പറയുന്നത് ചെവികൊണ്ടുള്ള ബാഹ്യമായ കേള്‍വിയല്ല, മറിച്ച് ആന്തരികമായ ശ്രവണത്തെക്കുറിച്ചും ഉള്‍ക്കൊള്ളലിനെക്കുറിച്ചുമാണ് ഈശോ പ്രതിപാദിക്കുന്നത്. പാപ്പാ സമര്‍ത്ഥിച്ചു.
- ഇടയന്‍ തെളിക്കുന്ന നിത്യജീവന്‍റെ പാത
യേഹന്നാന്‍റെ സുവിശേഷം വരച്ചുകാട്ടുന്ന ഇടയന്‍റെയും ആടുകളുടെയും ചിത്രം ക്രിസ്തുവിനോട് നമുക്കോരുത്തര്‍ക്കും ഉണ്ടായിരിക്കേണ്ട വളരെ അടുത്ത സ്ഥായിയ ബന്ധത്തിന്‍റെ ചിത്രമാണ്. അവിടുന്ന് നമ്മുടെ ഇടയനും, ഗുരുവും നാഥനും സുഹൃത്തും മാതൃകയുമാണ്, സര്‍വ്വോപരി അവിടുന്നു നമ്മുടെ രക്ഷകനാണ്. സുവിശേഷത്തിലെ അടുത്ത വചനം യഥാര്‍ത്ഥത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. "ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്‍കുന്നു. അവയൊരിക്കലും നശിച്ചുപോകില്ല. മറ്റൊരാള്‍ക്കും അവയെ എന്‍റെ കൈയ്യില്‍നിന്നും തട്ടിക്കൊണ്ടു പോകാനുമാവില്ല" (യോഹ. 10, 28).ആര്‍ക്കാണിത്ര ആധികാരികമായി സംസാരിക്കാനാവുന്നത്? അത് ക്രിസ്തുവിനു മാത്രമേ സാധിക്കൂ. കാരണം അവിടുത്തെ കരങ്ങള്‍ പിതാവിന്‍റേതാണ്. അവിടുന്നു പിതാവില്‍നിന്നുള്ളവനാണ്. പിന്നെ അവയെ നല്കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനുമാണ് (യോഹ. 10, 29). ക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ സമ്പൂര്‍ണ്ണ സുരക്ഷിതത്വവും ആഴമായ കാരുണ്യവും പ്രകടമാക്കുന്നതാണ്. കുരിശുയാഗത്തില്‍ എന്നേയ്ക്കുമായി വെളിപ്പെടുത്തപ്പെട്ട ആ ദിവ്യസ്നേഹത്തിലും കാരുണ്യത്തിലും പിതാവിനോട് പൂര്‍ണ്ണമായി ഐക്യപ്പെട്ടിരിക്കുന്നതും, ക്രിസ്തുവില്‍ നമുക്കുള്ള പൂര്‍ണ്ണരക്ഷ വെളിപ്പെടുത്തുന്നതുമാണ് ഈ വചനമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വഴിതെറ്റിപ്പോയ ആടുകളെ, അതായത് പാപികളായ നമ്മെ ഓരോരുത്തരെയും വീണ്ടെടുക്കാന്‍
ഇടയന്‍ സ്വയംബലിയാടാവുകയും, ലോകത്തിന്‍റെ പാപങ്ങള്‍ പോക്കുവാന്‍ അവിടുന്ന് സ്വയാര്‍പ്പണം നടത്തുകയുംചെയ്തു. ഇങ്ങനെയാണ് അവിടുന്ന് നമുക്ക് ജീവന്‍ നല്കിയത്, അത് സമൃദ്ധമായി നല്കിയത് (യോഹ. 10, 10)!
- ചിതറിക്കാനാവാത്ത ആത്മീയ സൗഹൃദം
പരിശുദ്ധ കുര്‍ബ്ബനായുടെ ബലിയര്‍പ്പണത്തിലാണ് പ്രബുദ്ധമായ ഈ ദിവ്യരഹസ്യം അതിന്‍റെ ഏറ്റവും വിനീതമായ രൂപത്തില്‍, എന്നാല്‍ ശ്രേഷ്ഠമായി അനുഷ്ഠിക്കപ്പെടുന്നത്. അവിടെയാണ് ആടുകള്‍ ആഹരിക്കാനായി ഒത്തുചേരുന്നതും, നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെട്ട് ഏകഇടയനും ഏകാലയുമായി മാറുന്നതും. അതുകൊണ്ട്, നാം ഒരിക്കലും ഭയപ്പെടരുത്, കാരണം നമ്മുടെ ജീവിതങ്ങള്‍ ഈ കൂട്ടായ്മയില്‍ നിത്യവിനാശത്തില്‍നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ കരങ്ങളില്‍നിന്നും ആരും നമ്മെ തട്ടിക്കൊണ്ടു പോകയില്ല, കാരണം ആര്‍ക്കും അവിടുത്തെ സ്നേഹത്തെ കീഴടക്കാനാവില്ല.
ക്രിസ്തുവിന്‍റെ സ്നേഹം അജയ്യമാണ്! നിത്യതയുടെ ജീവിനില്‍നിന്നും വലിച്ചിഴക്കുവാനും അവിടുത്തെ സൃഷ്ടികളെ അപഹരിക്കുവാനും ദൈവത്തിന്‍റെ ബദ്ധശത്രുക്കളായ തിന്മയുടെ ശക്തി നിരന്തരം ശ്രമിക്കുന്നുണ്ട്. പൈശാചിക കുടിലതകള്‍ക്കും വഞ്ചനാത്മകമായ മുഖസ്തുതിക്കുമായി നമ്മുടെ ആത്മാവിന്‍റെ കവാടങ്ങള്‍ തുറക്കാതിരുന്നാല്‍, തിന്മയുടെ ശക്തിക്ക് നാം ഒരിക്കലും കീഴ്പ്പെടേണ്ടി വരില്ല. തിന്മയുടെ ശക്തികളാല്‍ നാം അപഹരിക്കപ്പെടില്ല. പാപ്പാ ഉദ്ബോധിപ്പിച്ചു. നല്ലിടയനായ ക്രിസ്തുവിന്‍റെ സ്വരം ശ്രവിച്ച്, അത് വിശ്വസ്തതയോടെ അനുധാവനംചെയ്യുന്നവളാണ് പരിശുദ്ധ കന്യകാമറിയം. ക്രിസ്തുവിന്‍റെ ശിഷ്യരാകുവാനുള്ള വിളിയും ക്ഷണവും വിശ്വസ്തതയോടെ സ്വീകരിക്കുന്നതിനും, അങ്ങനെ നാം ദൈവപിതാവിന്‍റെ സ്നേഹാര്‍ദ്രമായ കരങ്ങളുടെ സംരക്ഷണ വലയത്തിലായിരിക്കുവാനും പരിശുദ്ധ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ! ഈ വാക്കുകളോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. Source: Vatican Radio