News >> ഗ്രീസിലെ അഭയാര്‍ത്ഥികളുടെ യാതനകള്‍ മാനവരാശിയുടെ പാപ്പരത്തമാണ് : സഭാ പിതാക്കന്മാര്‍
ഏപ്രില്‍ 16 ശനിയാഴ്ച രാവിലെ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ മോറിയ അഭയാര്‍ത്ഥി കേന്ദ്രമാണ് പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദര്‍ശിച്ചത്.ഒരു മിനിബസ്സിലാണ് വിമാനത്താവളത്തില്‍നിന്നും 8 കി.മീ. അകലെയുള്ള മോറിയ അഭയാര്‍ത്ഥി കേന്ദ്രത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ്, പത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ, ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവര്‍ യാത്രചെയ്തത്. ഗ്രീസിന്‍റെ പ്രസിഡന്‍റ് ചിപ്രാസും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ എത്തിയിരുന്നു.അഭയാര്‍ത്ഥികളായ ആബാലവൃന്ദം ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനെയും മറ്റ് ശ്രേഷ്ഠ സഭാതലവന്മാരെയും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതവരുടെ കണ്ണുകളില്‍ കാണാമായിരുന്നു. ക്യാമ്പിലെത്തിയ പാപ്പായും സംഘവും ആദ്യം ബന്ധനത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും, അഭിവാദ്യംചെയ്യുകയുമാണ് ചെയ്തത്. Freeedom, Save us... Welcome Papa, Please Save us...! അഭയാര്‍ത്ഥികള്‍ അവരുടെ പ്രതീക്ഷകള്‍ കൈകളില്‍ ഉയര്‍ത്തിയ പ്ലകാര്‍ഡുകളില്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. എല്ലാവരെയും, ഓരോരുത്തരെയും വ്യക്തിപരമായി അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പായും സംഘവും മുന്നോട്ടു നീങ്ങിയത്. പശ്ചാത്തലത്തില്‍ രോഗികളായ കുട്ടികളുടെയും വേദനിക്കുന്നവരുടെയും വിശക്കുന്നവരുടെയും രോദനം കേള്‍ക്കാമായിരുന്നു.
തുടര്‍ന്ന് പൊതുവേദിയില്‍ അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച നടുന്നു. മൂന്നു ആത്മീയഗുരുക്കന്മാരും അഭയാര്‍ത്ഥി സമൂഹത്തെ അഭിസംബോധനചെയ്തു.- പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനസന്ദേശം :
നിങ്ങളുടെകൂടെ ആയിരിക്കുവാനുള്ള ആഗ്രഹമാണ് ഈ യാത്ര! നിങ്ങളെ നേരില്‍ കാണുവാന്‍!! കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും ജീവന്‍ രക്ഷിക്കാനാണ് നിങ്ങള്‍ ഈ പലായനം നടത്തിയത്. യുദ്ധവും പീഡനവും ഭയന്ന് നിങ്ങള്‍ ജീവരക്ഷാത്ഥമാണ് നാടും വീടും വിട്ടിറങ്ങിയത്. നിങ്ങളെക്കുറിച്ച് ലോകത്തോട് ഉറക്കെ പറയുവാനാണ് ഞങ്ങള്‍ വന്നത്. നിങ്ങളെയും നിങ്ങളുടെ അടിയന്തിര ആവശ്യങ്ങളെയും കുറിച്ച് ഞങ്ങള്‍ ലോകത്തോടാണ് സംസാരിക്കുന്നത്.പ്രതിസന്ധികളില്‍ മനുഷ്യരെ കൈയ്യൊഴിയുന്നവര്‍ ഉണ്ടെങ്കിലും, നിങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകുന്നവര്‍ ലോകത്തുണ്ട്. ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യര്‍ സഹോദരങ്ങളാണ്. ദൈവികതയില്‍ ഊന്നിയ സാഹോദര്യം നിങ്ങളെ തുണയ്ക്കും. ദൈവം നിങ്ങളെ കൈവിടുകയില്ല! അതിനാല്‍ പ്രത്യാശ കൈവെടിയരുത്. പരസ്പരം സ്നേഹിക്കുക. വേദനയിലും പരസ്പരം സമാശ്വാസത്തിന്‍റെ വാക്കു പറയുക. പാപ്പാ ഹ്രസ്വമായി സുവിശേഷത്തിലെ സമറിയക്കാരന്‍റെ കഥ പറഞ്ഞു. എന്നിട്ട് തുടര്‍ന്നു. നല്ല സമറിയക്കാരനെപ്പോലെ മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരായിരിക്കുക. അന്യരെയും മറ്റുമതസ്ഥരെയും, ശത്രുവിനെപ്പോലും സഹായിക്കണമെന്നാണ് ക്രിസ്തു പറഞ്ഞ കഥ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ കഥയാണിത്. പരസ്പര സഹായത്തിന്‍റെ കഥ! സാഹോദര്യവും ഐക്യദാര്‍ഢ്യവും, മനുഷ്യാന്തസ്സിനോടുള്ള ആദരവും ഈ പ്രതിസന്ധിയില്‍ മാനിക്കപ്പെടട്ടെ!നിങ്ങള്‍ക്കേവര്‍ക്കും, വിശിഷ്യ വേദനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ദൈവം ശക്തിയും സമാധാനവും നല്‍കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.
- പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പറഞ്ഞ പ്രത്യാശയുടെ വാക്കുകള്‍
സ്ഥലത്തെ സഭാതലവന്‍കൂടിയായ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ വത്സല്യത്തോടെ അഭയാര്‍ത്ഥികളെ അഭിസംബോധനചെയ്തു. പ്രിയ മക്കളേ, നിങ്ങളെ നേരില്‍ക്കാണുവാനും, നിങ്ങളുടെ കരങ്ങള്‍ പിടിച്ച്, നിങ്ങളുടെ വേദനയില്‍ സാന്ത്വനപ്പെടുത്തി ആശ്ലേഷിക്കുവാനുമാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ലോകം നിങ്ങളെ മറന്നിട്ടില്ല. ഗ്രീസിലെ ജനങ്ങള്‍ നിങ്ങളെ കൈവെടിയില്ല. പിന്നെ ആരെല്ലാം നിങ്ങളെ ഉപേക്ഷിച്ചാലും ദൈവം നിങ്ങളെ തള്ളിക്കളയുകയില്ല. ഈ സത്യം നിങ്ങളെ ഓര്‍പ്പിക്കാന്‍ കൂടിയാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ അവര്‍ക്ക് പ്രത്യാശ പകര്‍ന്നു.സംസ്ക്കാരങ്ങളുടെ കണ്ണിയായ മദ്ധ്യധരണിയാഴിയും, ഏജിയന്‍ കടലും ഇനിയും ശ്മശാനങ്ങളാക്കരുതെന്നു ലോകത്തോടു പറയുവാനുമാണ് ഈ സന്ദര്‍ശനം. നിങ്ങളെ ഓരോരുത്തരെയും കുറിച്ച് ലോകജനതയെ ഓര്‍പ്പിക്കുവാനും, മനുഷ്യരാശിയുടെ കണ്ണുതുറപ്പിക്കുവാനും ഞങ്ങളുടെ എളിയ പരിശ്രമങ്ങള്‍ സഹായകമാകും എന്ന പ്രത്യാശയിലാണ് ഇവിടെ നില്ക്കുന്നത്. ഇളകിമറിഞ്ഞ കടലിനെ അത്ഭുതകരമായി ശാന്തമാക്കിയ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അനുസ്മരിപ്പിച്ചുകൊണ്ടുമാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ വാക്കുകള്‍ ഉപസംഹരിച്ചത്.
- ഗ്രീക്ക് ഓര്‍ത്തഡോകസ് ആര്‍ച്ചുബിഷപ്പ് ഇറേനിമോസിന്‍റെ അഭയാര്‍ത്ഥികള്‍ക്കായുള്ള അഭ്യര്‍ത്ഥന: ഗ്രീസിന്‍റെ ആകമാനം ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഇറേനിമോസിന്‍റെ പ്രഭാഷണം ലോകത്തോടുള്ള ഒരു വിലാപമായിരുന്നു. അദ്ദേഹം ഗ്രീക്കു ഭാഷയിലായിരുന്നു സംസാരിച്ചത്.
ലെബോസില്‍ കരയുന്ന കുഞ്ഞുങ്ങളും സ്ത്രീകളും 'മാനവരാശിയുടെ പാപ്പാരത്ത'മാണ് പ്രകടമാക്കുന്നത്. മനുഷ്യാന്തസ്സിനെ അവഗണിക്കുന്ന നീചമായ രാഷ്ട്രീയ കുതന്ത്രങ്ങളും സ്വാര്‍ത്ഥതയുമാണ് ഈ മനുഷ്യയാതയുടെ പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവിതത്തിന്‍റെ കാല്‍വരികയറുന്ന ഈ ജനസഞ്ചയത്തിന്‍റെ ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ മാനവരാശിയോട്, വിശിഷ്യാ ഐക്യരാഷ്ട്ര സംഘടയോടുള്ള എളിയ അഭ്യര്‍ത്ഥനയാണ് - ഏജിയന്‍ തീരങ്ങളില്‍ ഇനിയും കുഞ്ഞുങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കരുതേ...! ഇങ്ങനെ വിലപിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപസംഹരിച്ചത്.തുടര്‍ന്നു പാപ്പാ ഫ്രാന്‍സിസും മറ്റു സഭാതലവന്മാരും അഭയാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ലെസ്ബോസിലെ തുറമുഖത്തേയ്ക്ക് പൗരന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മദ്ധ്യാഹ്നം രണ്ടു മണിയോടെ പാപ്പായും സംഘവും ചെറിയ ബസ്സില്‍ പുറപ്പെട്ടു.Source: Vatican Radio