News >> കാരുണ്യ വർഷത്തിൽ വത്തിക്കാനിൽ ഇനി കുമ്പസ്സാരം മലയാളത്തിലും


കരുണയുടെ ഈ ജൂബിലി വർഷത്തിൽ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മലയാളത്തിൽ കുമ്പസാരിക്കാൻ അവസരമൊരുങ്ങി. വി.പത്രോസിന്റെ നാമധേയത്തിലുള്ള ഈ ബസിലിക്കയിലെ 12 കുമ്പസ്സാരക്കൂടുകളിലൊന്ന് ഇനി മുതൽ മലയാളികളായ വിശ്വാസികൾക്കു വേണ്ടിയാണ്‌. കേരളത്തിലെ അങ്കമാലി - കറുകുറ്റി സ്വദേശിയും ഫ്രാൻസിസ്ക്കൻ സഭാംഗവുമായ സെബാസ്റ്യൻ പേണ്ടാനത്ത് എന്ന വൈദികനാണ് (OFM Conventual) ഈ പുതിയ ദൌത്യത്തിനായി 2016 മാർച്ച് മാസം മുതൽ  നിയമിതനായിരിക്കുന്നത്. 2006 മുതൽ 2011 വരെ റോമിൽ അൽഫോൺസ്യൻ  അക്കദമിയിൽ നിന്നും ധാർമ്മിക ദൈവ ശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ സെബാസ്റ്യൻ അച്ചൻ 22 വർഷത്തെ അജപാലന ശുശ്രൂഷയുടെ അനുഭവസമ്പത്തോടെയാണ്  ഇപ്പോൾ വീണ്ടും റോമിലേക്ക് തിരിച്ചെത്തിയിരി ക്കുന്നത്.

ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രെഞ്ച്, ജെർമ്മൻ, പോർച്ചുഗീസ്, ചൈനീസ് തുടങ്ങിയ പതിന്നാലോളം ഭാഷകൾക്കൊപ്പമാണ് ആദ്യമായി ഇന്ത്യയിൽ നിന്നുള്ള ഒരു പ്രാദേശികഭാഷക്ക്  ഈ ഒരു സ്ഥാനം ലഭിക്കുന്നത്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കാൻ എത്തിച്ചേരുന്ന ലോകമെമ്പാടുമുള്ള മലയാളി തീർത്ഥാടകർക്കും റോമിലെ പ്രവാസി മലയാളികൾക്കും പ്രാദേശിക ഭാഷയിൽ കുമ്പസാരിക്കാനുള്ള ഒരു സുവർണ്ണാവസരമാണിത്.

കഴിഞ്ഞ 3 വർഷങ്ങളിൽ വലിയ നോമ്പിലെ നാലാം   വെള്ളിയാഴ്ച്ചകളിൽ  റോമിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ  നടത്തിവരാറുള്ള അനുരഞ്ജന ശുശ്രൂഷയുടെ ഭാഗമായി (24 hours for the Lord / 24 ore per il Signore ) ഫ്രാൻസിസ് മാർപാപ്പ ഈ കുമ്പസ്സാരക്കൂടുകളിലൊന്നിലാണ് കുമ്പസാരിക്കുകയും കുമ്പസ്സാരിപ്പിക്കുകയും ചെയ്യാറുള്ളത്. പിതാവായ ദൈവത്തിന്റെ കാരുണ്യം അനുഭവിച്ചറിയുന്ന കുമ്പസ്സാരക്കൂട്ടിലേക്ക് ഏറെ ധൈര്യത്തോടെ കടന്നു ചെല്ലാൻ ഒരുപാട് അവസരങ്ങളിൽ മാർപാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട് (General Audience 19/02/2014, Vatican City).  അനുരജ്ഞനത്തിന്റെ ഈ കൂദാശ സൗഖ്യത്തിന്റെ കൂദാശയാണെന്നു മാർപാപ്പ  ഈ കാരുണ്യ വർഷത്തിൽ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

റോമിലുള്ള ശക്തമായ മലയാളി സാന്നിധ്യത്തെയും ജൂബിലി വർഷം  പ്രമാണിച്ച് റോം സന്ദർശിക്കുന്ന മലയാളി തീർഥാടകരേയും പരിഗണിച്ചാണ് ഈ പുതിയ  നിയമനം എന്ന് ഫാ. സെബാസ്റ്യൻ പറഞ്ഞു. മനസാക്ഷിയെ ദൈവ തിരുമുൻപിൽ കഴുകി വിശുദ്ധീകരിക്കുന്ന ഈ കുമ്പസ്സരക്കൂടുകളിൽ കേരള കത്തോലിക്കാ സഭക്കും ഒരു സ്ഥാനം ലഭിച്ചത് തിരുസഭയുടെ മാതൃത്വ ഭാവത്തിന്റെയും കരുതലിന്റേയും ഒരു തെളിവാണെന്ന് സീറോ മലബാർ സഭയുടെ പ്രോക്യുറേറ്റരും റോമിലെ സാന്തോം ഇടവക വികാരിയുമായ മോൺ. സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.

Source: Sunday Shalom