News >> പതിനൊന്നുപേര്‍ക്ക് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് പൗരോഹിത്യപട്ടം നല്കി
ലോക ദൈവവിളി ദിനത്തില്‍ 11 ഡീക്കന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ പൗരോഹിത്യപട്ടം നല്കി. 9 പേര്‍ റോമാ രൂപതാംഗങ്ങളും മറ്റു രണ്ടുപേര്‍ റൊഗേഷനിസ്റ്റ്, പാഷനിസ്റ്റ് സന്ന്യാസസഭകളിലെ അംഗങ്ങളുമായിരുന്നു. ഏപ്രില്‍ 17-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയായിരുന്നു പതിനൊന്നുപേരെ പൗരോഹിത്യപദവിയിലെയ്ക്ക് പാപ്പാ ഉയര്‍ത്തിയത്.ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കുകയും അവിടുത്തേയ്ക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടവരാണ് വൈദികരെന്ന് പാപ്പാ നവവൈദികരെ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ക്രിസ്തുവിനെ സത്യമായും കണ്ടെത്തുന്നവര്‍ കുരിശോടെയാണ് അവിടുത്തെ കണ്ടെത്തേണ്ടതും അനുഗമിക്കേണ്ടതും. ക്രിസ്തുവില്ലെങ്കില്‍ കുരിശിന് അര്‍ത്ഥമില്ല. ക്രിസ്തുവാണ് കുരിശിനെ മഹത്വീകരിക്കുന്നതും വിജയത്തിന്‍റെ ചിഹ്നമാക്കി മാറ്റുന്നതും. കുരിശില്‍ അവിടുന്ന് സഹനത്തിന്‍റെയും ശത്രുസ്നേഹത്തിന്‍റെയും പാഠങ്ങള്‍ നമുക്കായി പകര്‍ന്നുനല്ക്കുന്നു. അതിനാല്‍ ക്രിസ്തു കാണിച്ചു തന്നിരിക്കുന്ന സഹനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ജീവിതം ഉള്‍ക്കൊള്ളുവാനും സ്വീകരിക്കുവാനും സഭാശുശ്രൂഷയില്‍ പങ്കുചേരുവാനും പാപ്പാ നവവൈദികരെ ക്ഷണിച്ചു.ദൈവം വ്യക്തികളെയാണ് വിളിക്കുന്നത്. യുവജനങ്ങള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ച് ലോകദൈവവിളി ദിനത്തില്‍ പ്രത്യേകമായി ചിന്തിക്കുകയും, പൗരോഹിത്യ ശുശ്രൂഷയിലേയ്ക്കോ സന്ന്യാസസമര്‍പ്പണത്തിലേയ്ക്കോ തങ്ങളെ ദൈവം വിളിക്കുന്നുണ്ടോയെന്ന് വിചിന്തനംചെയ്യണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.Source: Vatican Radio