News >> മൂന്നു അഭയാര്‍ത്ഥി കുടുംബങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് മടങ്ങിയെത്തി
ഗ്രീസിലെ ലെസ്ബോസ് ദ്വീപിലേയ്ക്കുള്ള ഏകദിന സന്ദര്‍ശനം പാപ്പാ ഉപസംഹരിച്ചത് മൂന്നു അഭയാര്‍ത്ഥി കുടുംബങ്ങളെ മോചിപ്പിച്ചുകൊണ്ടാണ്(ഏപ്രില്‍ 16 ശനി). ആറു കുട്ടികളുള്ള മൂന്നു കുടുംബത്തെ, ആകെ 12 പേരെ മടക്കയാത്രയില്‍ താന്‍ യാത്രചെയ്ത വിമാനത്തില്‍ കയറ്റിക്കൊണ്ടാണ് പാപ്പാ വത്തിക്കാനിലെത്തിയത്.അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നും ഏറ്റവും ആവശ്യത്തിലായിരുന്ന കുടുംബങ്ങളെ തിരഞ്ഞെടുത്ത് മോചിപ്പിക്കുവാനും റോമിലേയ്ക്കു കൊണ്ടുപോരുന്നതിനുമുള്ള ഏര്‍പ്പാടുകള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് ഗ്രീസിലെ അധികൃതരുമായി ഔദ്യോഗിക നീക്കങ്ങള്‍ മുന്‍കൂട്ടി ചെയ്തിരുന്നതിനാലാണ് മൂന്നു മുസ്ലിം കുടുംബങ്ങളെ പാപ്പായ്ക്ക് കൂട്ടിക്കൊണ്ടുപോരുവാന്‍ സാധിച്ചതെന്ന്, പരിശുദ്ധ സിംഹാനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. താല്ക്കാലിമായി റോമിലെ സാന്‍ ഏജീഡിയോ സേവനകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടുംബങ്ങളെ വത്തിക്കാന്‍റെ പൂര്‍ണ്ണമേല്‍നോട്ടത്തിലും ചെലവിലും ഇറ്റലിയില്‍ പുനരധിവസിപ്പിക്കുവാനാണ് തീരുമാനം. സിറിയയിലെ ഡമാസ്ക്കസ്, ദേയിര്‍ അസ്സോര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള കുടുംബങ്ങള്‍ വിമതരുടെ ആക്രമണത്തില്‍ വീടുകള്‍ നശിപ്പിക്കപ്പെട്ട് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തിട്ടുള്ളവരാണ്. സാന്‍ എജീഡിയോയുടെ താല്ക്കാലിക സംരക്ഷണയിലുള്ള കുടുംബങ്ങള്‍ സന്തുഷ്ടരാണെന്നും, അവരുടെ കുട്ടികള്‍ സ്ഥലത്തെ മറ്റു കുട്ടുകള്‍ക്കൊപ്പം കളിക്കുവാനും പഠിക്കുവാനും തുടങ്ങിക്കഴിഞ്ഞുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
നിസ്സംഗത വെടിഞ്ഞാല്‍ സ്നേഹസംസ്ക്കാരം വളര്‍ത്താമെന്നായിരുന്നു,ലെസ്ബോസ് ദ്വീപില്‍നിന്നും വത്തിക്കാനിലേയ്ക്ക് മടങ്ങുന്നതിനു മുന്‍പ് അവിടത്തെ പൗരാവലിക്കും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം (Discourse 2, Lesbos). മാനവികതയെയും അതിന്‍റെ അവകാശങ്ങളെയും എന്നും മാനിച്ചിട്ടുള്ള ഭൂഖണ്ഡമാണ് യൂറോപ്പ്. ഭീമമായ കുടിയേറ്റത്തില്‍ ഗ്രീസിനും മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഉണ്ടാകുന്ന ആശങ്കകളും ആസൗകര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ സംസ്ക്കാരങ്ങളുടെ പിള്ളത്തൊട്ടിലായ ഗ്രീസിന്‍റെ മണ്ണില്‍ മനുഷ്യഹൃദയങ്ങള്‍ വേദനയില്‍ സ്പന്ദിക്കുകയാണ്. അവര്‍ക്കു മുന്നില്‍ നാം ഒരിക്കലും വിഭജനത്തിന്‍റെ ഭിത്തികെട്ടരുത്, മറിച്ച് സാഹോദര്യത്തിന്‍റെ പാലം പണിയണം. ഒപ്പം അടിസ്ഥാന കാരണമായ യുദ്ധങ്ങള്‍ക്കും കാലപങ്ങള്‍ക്കും അറുതി വരുത്തുവാനുമുള്ള രാഷ്ട്രീയ നയങ്ങള്‍ കൈക്കൊള്ളുകയുംവേണം. സമാധാനത്തിനും നീതിക്കുമായുള്ള അന്താരാഷ്ട സംഘടകളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും അശ്രാന്ത പരിശ്രമങ്ങളെ പിന്‍തുണയ്ക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.ഒരുമിച്ചു നിന്നാല്‍ ലോകത്ത് നമുക്കൊരു സ്നേഹസംസ്ക്കാരം വളര്‍ത്താം! ദൈവം നിസ്സംഗഭാവനല്ല. അവിടുന്ന് വിനീതനായി നമ്മോടൊത്തു വസിച്ചു. ക്രിസ്തു കാണിച്ചു തന്ന മനുഷ്യസേവനത്തിന്‍റെ വിനീതഭാവം ദൈവികവും സമാധാനപൂര്‍ണ്ണവുമാണ്. സമാധാനത്തിന്‍റെ പാതയിലെ പരിശ്രമമാണ് സേവനവും ശുശ്രൂഷയും. മനസ്സുകളെ മഥിക്കുന്ന നിസ്സംഗത വെടിഞ്ഞ് സഹകരണത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സമാധാനത്തിന്‍റെയും പാത തുറക്കാം."വിശക്കുന്നവരെയും, പരദേശികളെയും പരിത്യക്തരെയും നിങ്ങള്‍ സ്വീകരിച്ചപ്പോള്‍ എന്നെയാണ് നിങ്ങള്‍ സ്വീകരിച്ചത്," എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് (മത്തായി 25, 35) പാപ്പാ ഫ്രാന്‍സിസ് ലെസ്ബോസില്‍നിന്നും യാത്രതിരിച്ചത്.Source: Vatican Radio