News >> കുടുംബസിനഡ്: ഫ്രാൻസിസ് പാപ്പയെ വേദനിപ്പ കാര്യങ്ങൾ
വത്തിക്കാൻ സിറ്റി: "അമോറിസ് ലെത്തീഷ്യ" എന്ന അപ്പസ്‌തോലിക് എക്‌സോർട്ടേഷൻ സെക്കുലർ മാധ്യമങ്ങളിൽ തെല്ല് നിരാശയാണ് ജനിപ്പിച്ചതെന്ന് നിരവധി ചർച്ചകളും വാർത്തകളും വിശകലനം ചെയ്താൽ മനസിലാകും. കാരണം വളരെ ലളിതമാണ്: "വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ ദിവ്യകാരുണ്യം നൽകണമെന്ന് നിർദേശിക്കുമെന്നും സ്വവർഗവിവാഹത്തിനുള്ള അനുവാദം സഭ നൽകുമെന്നും കരുതിയ ചിലർക്കെങ്കിലും തെറ്റിപ്പോയി."ഗ്രീസിലെ ലെസ്‌ബോസിലേക്കുള്ള വിമാനയാത്രയിൽ ചില മാധ്യമപ്രവർത്തകരെങ്കിലും സെക്കുലർ മാധ്യമങ്ങളിൽ പ്രകടമായ ഈ നിരാശയെക്കുറിച്ച് പാപ്പയെ അറിയിക്കാതിരുന്നില്ല. ഫ്രഞ്ച് ന്യൂസ്‌പേപ്പർ ലെ ഫിഗാറോയുടെ റിപ്പോർട്ടർ അവിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നവർക്ക് ദിവ്യകാരുണ്യം നൽകുന്നതിനുള്ള സാധ്യതയെ അമോറിസ് ലെത്തീഷ്യ തള്ളിക്കളയുകയല്ലേ ചെയ്തതെന്നു ചോദിച്ചപ്പോൾ ഫ്രാൻസിസ് പാപ്പ തെല്ല് അസ്വസ്ഥനാകാതിരുന്നില്ല. പാപ്പയുടെ മറുപടി ഇങ്ങനെ: "കുടുംബസിനഡ് വിളിച്ചുചേർത്തപ്പോൾ മാധ്യമങ്ങളുടെ പ്രമുഖ അജൻഡ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് ദിവ്യകാരുണ്യം നൽകുന്നതിനെക്കുറിച്ചും, സ്വവർഗവിവാഹത്തെക്കുറിച്ചുമായിരുന്നു. കുടുംബങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി അവയാണെന്ന് വരുത്തിത്തീർത്ത് യഥാർത്ഥ പ്രശ്‌നങ്ങൾ തിരസ്‌കരിക്കപ്പെട്ടു. എന്നാൽ സിനഡിന്റെ യഥാർത്ഥ ലക്ഷ്യം യഥാർത്ഥ കുടുംബപ്രതിസന്ധികൾ തന്നെയായിരുന്നു. ഇക്കാരണത്താൽ, ഞാനൊരു വിശുദ്ധനല്ലാത്തതിനാൽ, ഈ ചർച്ചകൾ എന്നെ അസ്വസ്ഥപ്പെടുത്തി. അവ എന്നെ വല്ലാതെ ദുഃഖിപ്പിക്കുകയും ചെയ്തു."ശേഷം പാപ്പ പറഞ്ഞ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു; "യൂറോപ്പിലും പടിഞ്ഞാറൻ രാജ്യങ്ങളിലും കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. കുടുംബങ്ങൾ ശിഥിലമാകുന്നു. കുടുംബമല്ലേ സമൂഹത്തിന്റെ അടിസ്ഥാനം. ഇത് കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയാണോ? ലോകമെമ്പാടും പുതുതലമുറയിലെ യുവജനങ്ങൾ വിവാഹിതരാകാൻ ഇഷ്ടപ്പെടുന്നില്ല. പലരും സ്ഥായിയായ ഒരു സമർപ്പണത്തെ ഭയക്കുന്നു. ഇതും ആധുനിക ലോകത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയല്ലേ? അപ്പനില്ലാത്തതിനാൽ ഒന്നും രണ്ടും ജോലി ചെയ്ത് സ്വന്തം കുഞ്ഞുങ്ങളെ പോറ്റേണ്ടി വരുന്ന അമ്മമാരുടെ വിഷമങ്ങൾ കുടുംബപ്രശ്‌നമല്ലേ? അഭയാർത്ഥികളായി പലായനം ചെയ്യുന്ന പല കുടുംബങ്ങളും ചിതറിക്കപ്പെട്ടതാണ്. ഭ്രൂണഹത്യയും ദാരിദ്ര്യവും കുടുംബങ്ങളുടെ അടിത്തറ ഇളക്കുന്നുണ്ട്. കുടുംബസിനഡിൽ ചർച്ചകൾ ആരംഭിച്ചപ്പോൾ എന്തുകൊണ്ട് നിങ്ങൾ മാധ്യമപ്രവർത്തകർ ഇത്തരം ഹൃദയം നീറിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചയ്ക്ക് കൊണ്ടുവന്നില്ല."വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് ദിവ്യകാരുണ്യം നൽകുമോ എന്ന ചോദ്യം അവർക്ക് ദിവ്യകാരുണ്യം നൽകണമെന്ന ലോകമാധ്യമങ്ങളുടെ ആഗ്രഹത്തിൽനിന്ന് മാത്രമായിരുന്നില്ല എന്ന് പലർക്കുമറിയാം. സ്വവർഗവിവാഹത്തിന്റെ അംഗീകാരവും മാധ്യശ്രദ്ധ നേടിയതിന് പിന്നിൽ പല സ്വാധീനശക്തികളുമുണ്ടായിരുന്നു. യഥാർത്ഥ പ്രശ്‌നങ്ങൾ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഇവ ഉപയോഗിക്കപ്പെട്ടു എന്നത് ബൈ-പ്രൊഡക്ടായുണ്ടായ തിന്മ മാത്രം.ഫ്രാൻസിസ് പാപ്പയുടെ ആമുഖം ഇങ്ങനെയായിരുന്നെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ പാടേ തിരസ്‌കരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. കർദ്ദിനാൾ ഷോൺബോൺ അമോറിസ് ലെത്തീഷ്യ അവതരിപ്പിച്ചപ്പോൾ നൽകിയ വിശദീകരണത്തിൽ നിങ്ങൾക്കുള്ള ഉത്തരമുണ്ട് എന്ന് പറഞ്ഞ് പാപ്പ വിശദീകരണം നൽകി. പഴയ നിലപാടുകളിൽനിന്ന് എന്ത് മാറ്റമാണ് ഉണ്ടായതെന്നുള്ള മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് "പലതും ഉണ്ടായിട്ടുണ്ട്. അങ്ങനെ പറഞ്ഞാൽ ഉത്തരം വളരെ ചെറുതായിപ്പോകും. കർദ്ദിനാൾ ഷോൺബോണിന്റെ വിശദീകരണം നല്ലൊരു ഉദാഹരണമാണ്" എന്നായിരുന്നു പാപ്പ പറഞ്ഞത്.കർദ്ദിനാൾ ഷോൺബോൺ പറഞ്ഞതിങ്ങനെ, "അവിവാഹിതർക്ക് ദിവ്യകാരുണ്യം നൽകുന്നതിനുള്ള മാർഗനിർദേശങ്ങളിൽ അധികമായ ശ്രദ്ധ ചെലുത്തപ്പെട്ടു. ചർച്ചകൾ മിക്കവയും ആ വശത്തേക്കാണ് ചാഞ്ഞത്. ഇതൊരു കെണിയാണ്. ഒരു പോയിന്റിൽ അമിതമായ ശ്രദ്ധ ചെലുത്താനായാൽ, അവശ്യം വേണ്ടുന്ന മറ്റു പ്രശ്‌നങ്ങളിന്മേലുള്ള ചർച്ച ഒഴിവാക്കാനാകും. പാവപ്പെട്ടവരുടെ കുടുംബം എന്ന ആശയം മനസിൽകണ്ടുകൊണ്ട് അമോറിസ് ലെത്തീഷ്യ വായിക്കണം. നീറുന്ന കുടുംബപ്രശ്‌നങ്ങളാണ് ഇതിന്റെ പ്രതിപാദ്യം. 'കംഫർട്ടബിൾ സക്‌സസ്' നേടിയവരുടെ വിശ്വാസപ്രശ്‌നങ്ങൾ മാത്രമല്ല. ലോകമാകമാനം ഒന്നോ രണ്ടോ ശതമാനം കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് സ്വവർഗാനുരാഗവും, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവരുടെ പ്രശ്‌നങ്ങളും. അതിനെ 98 ശതമാനം വ്യാപിച്ചുകിടക്കുന്ന പ്രശ്‌നമായി അവതരിപ്പിക്കാൻ മാധ്യമങ്ങൾക്കായി. അതിലൂടെ സിനഡ് മുന്നോട്ട് വച്ച യഥാർത്ഥ കുടുംബപ്രശ്‌നങ്ങൾ മുഖ്യധാരാ ചർച്ചയിൽനിന്ന് മാറ്റപ്പെട്ടു. ഒരുപ്രശ്‌നവുമില്ലാത്തവരുടെ പ്രശ്‌നങ്ങളായിരുന്നു ചർച്ച ചെയ്യപ്പെട്ടതിൽ അധികവും."കർദ്ദിനാൾ ഷോൺബോണിന്റെ വാക്കുകൾ മറ്റൊരു രീതിയിൽ ഉദ്ധരിച്ചുകൊണ്ട് സിനഡൽ ഡോക്യുമെന്റ് മുന്നോട്ട് വയ്ക്കുന്ന യഥാർത്ഥ കുടുംബപ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നും ഫ്രാൻസിസ് പാപ്പ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. സ്വവർഗവിവാഹത്തെക്കുറിച്ച് അമോറിസ് ലത്തീഷ്യ നൽകിയ വിശദീകരണത്തെയും കർദ്ദിനാൾ ഷോൺബോൺ എടുത്തുപറഞ്ഞിരുന്നു. "ജീവനിലേക്ക് തുറവിയുള്ള സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെ മാത്രമേ വിവാഹമെന്ന് വിളിക്കാനാവൂ. മറ്റുള്ളവയെ ബന്ധങ്ങളെന്നോ, അടുപ്പമെന്നോ ഒക്കെ വിളിക്കാം" എന്നാണ് അപ്പസ്‌തോലിക് എക്‌സോർട്ടേഷൻ വ്യക്തമാക്കുന്നത്. അവരെയും മാറ്റിനിർത്താതെ അജപാലനപരമായ തുറവിയിലൂടെ കാര്യങ്ങളെ കാണാനും ഉൾക്കൊള്ളാനും അപ്പസ്‌തോലിക പ്രമാണരേഖ ശ്രമിക്കുന്നുണ്ട്. അതിർവരമ്പുകൾ സൃഷ്ടിക്കുന്ന ദൈവശാസ്ത്രം മാറ്റിവച്ച് ഉൾച്ചേർക്കുന്ന ഒരു ദൈവശാസ്ത്രം മുന്നോട്ടുവയ്ക്കാൻ സിനഡൽ ഡോക്യുമെന്റിനായി. അതൊരിക്കലും സത്യത്തിൽ മായം ചേർത്തല്ലതാനും. ഇതാണ് സിനഡിന്റെ വിജയം.അജപാലനമാണ് രേഖയുടെ മുഖ്യവിഷയം. അതിനാൽ തത്വങ്ങളിൽനിന്ന് മാറി പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ കൂടുതൽ ആഴമായി അമോറിസ് ലെത്തീഷ്യ നൽകുന്നുണ്ട്. പ്രബോധനത്തിൽ വെള്ളം ചേർക്കാതെ അജപാലന സ്വാതന്ത്ര്യം നൽകപ്പെടുന്നു. കർദ്ദിനാൾ ഷോൺബോൺ പറയുന്നു, "രൂപതാധികാരിക്ക് വിവേചനാധികാരം ഉപേയോഗിച്ച് അവിവാഹിതരായവർക്ക് ദിവ്യകാരുണ്യം നൽകുന്നതിലുള്ള തീരുമാനമെടുക്കാം. ഓരോ സംഭവത്തിലും തീരുമാനം അവരിൽ നിക്ഷിപ്തമായിരിക്കും. ഇടയന്മാർ വഴിനടത്താനും വഴിതെറ്റിക്കാനുമുള്ള സാധ്യത തുറന്നിടുന്നുണ്ട് ഇവിടെ. അതിനാൽ ഓരോ വ്യക്തിയുടെയും ആത്മരക്ഷയെക്കുറിച്ചുള്ള ബോധ്യം അവരിൽ ജനിപ്പിക്കാനുള്ള ശ്രമമാണിത്. അജഗണങ്ങളെ അനുഗമിക്കാൻ ഈ സ്വാതന്ത്ര്യം ആവശ്യവുമാണ്. സാധ്യമല്ല എന്നുപറഞ്ഞ് നിരാകകരിച്ച് കഠിനമനസ്‌കരാകാനാവില്ല. ദിവ്യകാരുണ്യം സ്വീകരിച്ചോളൂ എന്നു പറയുന്നവർ ഉത്തരവാദിത്വം ദൈവതിരുമുമ്പിൽ ഏറ്റെടുക്കേണ്ടിയും വരും."അമോറിസ് ലെത്തീഷ്യ നേരിട്ട യഥാർത്ഥ പ്രശ്‌നം സ്ഥായിയായ കുടുംബപ്രശ്‌നങ്ങളെ പാർശ്വവൽക്കരിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ, ഈ അപ്പസ്‌തോലിക മാർഗരേഖ ഇനിയും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്, ഇനിയും തുറന്ന മനസ്സോടെ വായിക്കപ്പെടേണ്ടതുണ്ട്. കാരണം, അത് വിവാഹം കഴിക്കാത്തവർക്കുള്ള ദിവ്യകാരുണ്യവും സ്വവർഗബന്ധങ്ങളും മാത്രമല്ല ചർച്ച ചെയ്യുന്നത്. അങ്ങനെ സെക്കുലർ മാധ്യമങ്ങൾ വരുത്തിത്തീർത്തു. അവയെക്കാൾ പതിന്മടങ്ങ് പ്രാധാന്യമുള്ള അനേകം കുടുംബപ്രതിസന്ധികളുണ്ട്. യഥാർത്ഥത്തിൽ കുടുംബസിനഡിനെ ശരിയായി പഠിക്കുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടു. ഈ യാഥാർത്ഥ്യം മനസിലാക്കി മാർഗരേഖ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.Source: Sunday Shalom