News >> സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ധാർമ്മിക നിലപാടുകൾ തിരഞ്ഞെടുപ്പിൽ മാനദണ്ഡമാക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻമാർ
കൊച്ചി: ഭരിക്കാനുള്ള പാർട്ടിയെ തിരഞ്ഞെടുക്കുമ്പോൾ പാർട്ടികളുടേതെന്നപോലെ സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ, ധാർമ്മിക നിലപാടുകളും സ്വഭാവശുദ്ധിയും പൊതുനന്മയിലുള്ള താത്പര്യവും തിരഞ്ഞെടുപ്പിൽ പ്രധാന മാനദണ്ഡമായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സംഘം വ്യക്തമാക്കി. പ്രസ്താവനയിലെ പ്രധാന നിർദേശങ്ങൾ.♦ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിൽ കത്തോലിക്കാസഭ എക്കാലവും സജീവമായും ക്രിയാത്മകമായും ഇടപെട്ടിട്ടുണ്ട്. കേരളം ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ഓരോ പൗരനും തന്റെ പൗരാവകാശം ഉത്തരവാദിത്വപൂർണമായി ഉപയോഗപ്പെടുത്തണമെന്ന് കത്തോലിക്കാ സഭ അഭ്യർത്ഥിക്കുന്നു.♦ വോട്ടേഴ്‌സ് ലിസ്റ്റിൽ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രം പോരാ, ജാഗ്രതയോടും വിവേകത്തോടും കൂടി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കെ.സി.ബി.സി. ആഗ്രഹിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഏവരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട ചില അടിസ്ഥാന വിഷയങ്ങൾ വിചിന്തനം ചെയ്യാനും, അവയോടുള്ള കേരള കത്തോലിക്കാസഭയുടെ നിലപാടു വ്യക്തമാക്കാനുമാണ് സഭ ആഗ്രഹിക്കുന്നത്.♦ ബഹുസ്വരതയാണ് ഭാരതസംസ്‌കാരത്തിന്റെ അന്തർധാര. നാനാത്വത്തിൽ ഏകത്വമെന്ന ശ്രേഷ്ഠമായ ഈ സംസ്‌കൃതി സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഒരു പ്രത്യേക സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ രീതികൾ എല്ലാവരുടെയും മേൽ അടിച്ചേല്പിക്കുന്നത് ഏകസ്വരാധിപത്യമായി മാറും. ഈ മേഖലയിൽ, അടുത്തകാലത്ത് നടക്കുന്ന ചില ദുഷ്പ്രവണതകൾ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. സാമുദായിക വികാരങ്ങൾ ഉണർത്തിവിട്ട് ജനങ്ങൾ തമ്മിൽ അകൽച്ചയും ശത്രുതയും സൃഷ്ടിക്കുന്ന പ്രവണത കൂടിവരുകയാണ്. വർഗീയ ധ്രുവീകരണങ്ങളിലൂടെ ജാതിമതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ കയറാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അപകടകരമായിരിക്കും.♦ മതസമഭാവനപോലെ പ്രധാനമാണ് ആദർശധാരകളുടെ സഹിഷ്ണുതയും. ഓരോ വ്യക്തിക്കും സ്വന്തമായുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നല്കുന്നുണ്ട്. ആയതിനാൽ സർവാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഒഴിവാക്കപ്പെടേണ്ടതാണ്. സംഭാഷണത്തിന്റെയും സംവാദത്തിന്റെയും സംസ്‌കാരം പരിപോഷിപ്പിക്കുകയും തർക്കവിഷയങ്ങളിൽ മുൻവിധിയില്ലാതെ ആദരപൂർവകമായ ആശയവിനിമയം നടത്തുകയും ചെയ്യുന്നവരാണ് ഭരണത്തിൽ എത്തേണ്ടത്.♦ വികസനമെന്നാൽ ഏതാനും കുറച്ചുപേരുടെ മാത്രം പുരോഗതിയല്ല. മറിച്ച് വരുംതലമുറകൾ ഉൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്രതയുള്ള പുരോഗമന കാഴ്ചപ്പാടാണ് യഥാർത്ഥ വികസനത്തിനാവശ്യം. പാർശ്വവത്കരിക്കപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും കൂടി പ്രയോജനകരമായിത്തീരുന്ന പദ്ധതികളാണു വേണ്ടത്. കുടിവെള്ളം, പാർപ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഗതാഗതം മുതലായ അടിസ്ഥാന മേഖലകൾക്കു ലഭിക്കേണ്ട മുൻഗണന വികസനത്തിന്റെ വേലിയേറ്റത്തിൽ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. വികസനത്തെ പിറകോട്ടടിക്കുന്ന തിന്മകളാണ് അഴിമതിയും സ്വജനപക്ഷപാതവും. വ്യക്തി താത്പര്യങ്ങൾക്കും പാർട്ടി താത്പര്യങ്ങൾക്കും അതീതമായി എല്ലാവരുടെയും അവകാശങ്ങൾ നീതിപൂർവം കാത്തുസംരക്ഷിക്കുന്നവരെയും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും വിജയിപ്പിക്കാൻ ഏവർക്കും കടമയുണ്ട്.♦ ജനപ്രതിനിധികൾ ഭരണഘടനയെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്നവരായിരിക്കണം. അക്രമരാഷ്ട്രീയവും നിയമവിരുദ്ധമായ അടിച്ചേല്പിക്കലുകളും ഒരിക്കലും ഉണ്ടാകാനിടവരരുത്. കോടതിയുടെ വിശ്വാസ്യത തകർക്കുന്നതും ഭരണഘടനയുടെ പ്രഥമസ്ഥാനം നിഷേധിക്കുന്നതുമായ സമീപനങ്ങൾ കൈക്കൊള്ളുന്നവർക്കെതിരേ ജാഗ്രത പുലർത്തണം. തങ്ങളുടെ ആദർശങ്ങളെ അനുകൂലിക്കാത്തവരെയും എതിരഭിപ്രായം പറയുന്നവരെയും അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യുന്ന സമീപനം യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അക്രമരാഷ്ട്രീയം സമാധാനജീവിതത്തിനും വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവനും സ്വത്തിനും ഭീഷണിയുമാണ്. പ്രബുദ്ധമായ കേരളീയ സമൂഹത്തിനു ചേരാത്ത ഇത്തരം പ്രവണത സമൂഹം തിരസ്‌കരിക്കുക തന്നെ വേണം.♦ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയും കൃഷിയെയും കൃഷിക്കാരെയും ആദരിക്കുകയും ചെയ്യുന്ന ഭരണനേതൃത്വമാണ് നമുക്കിന്ന് അത്യാവശ്യം. പ്രകൃതി വിഭവങ്ങൾ നമുക്കു മാത്രമല്ല, വരുംതലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണ്. അത് അമിതമായും, നിയമവിരുദ്ധമായും ചൂഷണം ചെയ്യാൻ പാടില്ല. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൂവായിരത്തോളം അനധികൃത ക്വാറികളുടെ പ്രവർത്തനം നിയമാനുസൃതം നിയന്ത്രിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പൊതുസ്വത്തായ കടലും കായലും മാത്രമല്ല സർക്കാരിന്റെ അധീനതയിലുള്ള കരഭൂമിയും, അധികാരവും സ്വാധീനവുമുള്ളവർക്ക് പതിച്ചുനല്കുകയും കർഷകർക്ക് തന്റെ കൃഷിഭൂമിയിലുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന വൈരുധ്യത്തിന് അറുതിയുണ്ടാകണം. സർക്കാരും ജനപ്രതിനിധികളും നയങ്ങൾക്ക് രൂപം നല്കുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വേണം. ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ ഇഛാശക്തിയുള്ളവരെയാണ് നമ്മൾ വിജയിപ്പിക്കേണ്ടത്.♦ പരിസ്ഥിതിയോടൊപ്പം ഭരണാധികാരികളുടെ പ്രഥമ പരിഗണന ലഭിക്കേണ്ട തലമാണ് നാടിന്റെ നട്ടെല്ലായ കാർഷികമേഖല. കർഷകന് കൃഷിയിലൂടെ മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതെ മലയാളിയുടെ ആരോഗ്യവും ഭാവിയും ശോഭനമാവുകയില്ല. കാർഷിക വിളകളുടെ വിലക്കുറവ്, പട്ടയം മുതലായ വിഷയങ്ങളിൽ വ്യക്തമായ നയങ്ങളുള്ളവരാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. കാർഷികമേഖലയെ അവഗണിക്കുന്ന കക്ഷികളും സ്ഥാനാർത്ഥികളും ജനപിന്തുണ അർഹിക്കുന്നില്ല. പാർട്ടികൾ കാർഷിക നയം വ്യക്തമാക്കണം.♦ സാമ്പത്തിക നിലവാരത്തോടൊപ്പം സമൂഹത്തിന്റെ ധാർമ്മിക നിലവാരത്തിനും ഊന്നൽ നല്കണം. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹം മുഴുവനെയും ധാർമ്മികതയിലും നന്മയിലും വളർത്തുന്ന നയപരിപാടികൾ ആവിഷ്‌കരിക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം. മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത്, ഭീകരപ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരേ ശക്തമായ തീരുമാനങ്ങളെടുക്കുന്നവരെയാണ് നമുക്കാവശ്യം. മദ്യത്തെക്കുറിച്ചുള്ള വിവാദങ്ങളേക്കാൾ ഇന്നാവശ്യം ധിഷണാശക്തിയുള്ള ഭരണപാടവമാണ്. മദ്യം നമ്മുടെ സമൂഹത്തിന് ഗുണം ചെയ്യുന്നില്ലായെന്ന് ബോധ്യമുണ്ടെങ്കിൽ ബാക്കി നടപടികൾ എളുപ്പം.♦ ഇടതു, വലതു മുന്നണികളുടെ മദ്യനയത്തിലുള്ള അവ്യക്തത പരിഹരിക്കപ്പെടണം. യുഡിഎഫിന് വ്യക്തമായ ഒരു മദ്യനയമുണ്ട് എന്നാൽ അതിന്റെ ഉദ്ദേശശുദ്ധി മദ്യനിയന്ത്രണപരിപാടികളിലൂടെ സമയബന്ധിതമായി തെളിയിക്കപ്പെടണം. എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മദ്യനിയന്ത്രണ പരിപാടികൾ അഭിനന്ദനാർഹമാണ്. എന്നാൽ അവയ്ക്ക് വ്യക്തമായ ഒരു നയത്തിന്റെ പിൻതുണയില്ല എന്ന പരിമിതിയുണ്ട്. മദ്യവിമുക്തമായ ഒരു സമൂഹനിർമ്മിതിക്ക് രണ്ടു മുന്നണികളുടെയും നയപരിപാടികളിൽ വ്യക്തതയും ആത്മാർത്ഥതയും ഉണ്ടാകണം.♦ മദ്യത്തിന്റെ ഉല്പാദനവും വിതരണവും ലഭ്യതയും ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടണം. മദ്യത്തിനു പകരം മയക്കുമരുന്നിലേക്ക് പോകുന്നതും അത് കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കുന്നതിനുമുള്ള മുൻകരുതലും ഉറപ്പും ഭരണനേതത്വം നൽകണം. അതിന് ഇശ്ചാശക്തിയുള്ളവരെ ജനങ്ങൾ തിരിച്ചറിയണം. സാമൂഹികതിന്മകൾ അനുദിനം വർധിച്ചുവരുന്നത് നിയമമില്ലാത്തതുകൊണ്ടല്ല, ഉത്തരവാദിത്വപ്പെട്ടവർ നിഷ്‌ക്രിയത്വം പുലർത്തുന്നതിനാലും ശക്തമായ നിയമനടപടി സ്വീകരിക്കാൻ ധൈര്യം കാണിക്കാത്തതുകൊണ്ടുമാണ്.♦ മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും ദുരുപയോഗം, മൗലികവാദത്തിലേക്കും ഭീകരപ്രവർത്തനങ്ങളിലേക്കും വഴിതുറക്കുമെന്നതിനാൽ, ജനങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട കാലമാണിത്. സാമൂഹ്യ വിപത്തുകൾ ഒന്ന് മറ്റൊന്നിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പരസ്പരം ബന്ധപ്പെട്ട കണ്ണികളാണെന്നത് ഇവയുടെ ശക്തി വർധിപ്പിക്കുന്നു. ഈ സാമൂഹ്യതിന്മകൾക്കെതിരേ പോരാടാൻ പ്രാപ്തിയുള്ള ഒരു ഭരണകൂടത്തെയാണ് കേരള ജനതയ്ക്കാവശ്യം.♦ കേരളത്തെ ബാധിച്ചിരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം ഇവ അടിയന്തിരമായി പരിഹരിക്ക പ്പെടേണ്ടതാണ്. അഴിമതി കാട്ടുന്നവർ ഒരു ജനതയുടെ പൊതുസമ്പത്ത് തുരന്ന് മോഷ്ടിക്കുക യാണെന്നുള്ള ബോധ്യം ജനങ്ങൾക്കുണ്ടാകണം. ഇഷ്ടപ്പെട്ടവരാണെങ്കിലും അഴിമതി കാണിച്ചാൽ അത് മൂടിവയ്ക്കാതെ നിയമത്തിനുമുമ്പിൽ എത്തിക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. അഴിമതി ആരു ചെയ്താലും അത് നാടിനാപത്താണ് എന്ന് പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.♦ ഭൂരിപക്ഷാധിപത്യമല്ല ജനാധിപത്യം. ന്യൂനപക്ഷങ്ങളെ സമത്വബോധത്തോടെ അംഗീകരിക്കുമ്പോൾ മാത്രമേ ജനാധിപത്യമുണ്ടാകൂ. എല്ലാ മതത്തിലുമുള്ള ചെറിയ വിഭാഗങ്ങൾക്കും മാന്യമായി ഈ നാട്ടിൽ ജീവിക്കാമെന്ന് ഉറപ്പുവരുത്തുവാൻ ഭരണത്തിലിരിക്കുന്നവർക്ക് കടമയുണ്ട്. ഈ ചെറുവിഭാഗങ്ങൾക്ക് അർഹമായ നീതി കാലതാമസം വരുത്താതെ നടപ്പിലാക്കി കൊടുക്കണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ദുർബലർ ഭരണത്തിലിരിക്കുന്നവരുടെ ദയയും നീതിയും അർഹിക്കുന്നവരാണ്. ഇത് നടപ്പാകണം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതിന്റെ പേരിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട ദളിത് ക്രിസ്ത്യൻ, നാടാർ ക്രിസ്ത്യൻ മുതലായ വിഭാഗങ്ങൾക്ക് അനുഭാവപൂർണമായ പരിഗണന ലഭിക്കേണ്ടതാണ്. അവരോടുള്ള വിവേചനം അവസാനിപ്പിക്കുകയും അവർക്കു നീതി ഉറപ്പാക്കുകയും വേണം. അതുപോലെതന്നെ, ഭരണകർത്താക്കളുടെ ശ്രദ്ധ പതിയേണ്ടതാണ് മത്സ്യത്തൊഴിലാളി മേഖലയും കുടിൽ വ്യവസായ മേഖലയും. അവർക്ക് ആവശ്യമായ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ആനുകൂല്യങ്ങളും സംവരണവും ലഭ്യമാക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് സാധിക്കണം.♦ ഭരണഘടന ഉറപ്പുനല്കുന്ന മനുഷ്യാവകാശങ്ങളുടെ ഭാഗം തന്നെയാണ് ന്യൂനപക്ഷ അവകാശങ്ങൾ. വിദ്യാഭ്യാസമേഖലയിൽ ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷ അവകാശങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ സർക്കാരുകൾ ഇന്നും അലംഭാവം കാണിക്കുകയാണ്. 2011 മുതൽ ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന മൂവായിരത്തിലധികം എയിഡഡ് സ്‌കൂൾ അധ്യാപകരുടെ നിയമനത്തിന് ഹൈക്കോടതിയുടെ അനുകൂലമായ വിധി ഉണ്ടായിട്ടും വേണ്ടപ്പെട്ടവർ സമയോചിതമായ നടപടി സ്വീകരിക്കാത്തത് അപലപനീയമാണ്.♦ ചൂഷണവും കുറ്റകരമായ അനാസ്ഥയും നിലനിൽക്കുന്ന രണ്ടു മേഖലകളാണ് ആദിവാസിക്ഷേമവും തോട്ടം തൊഴിലാളികളുടെ മനുഷ്യാവകാശ സംരക്ഷണവും. ഈ രണ്ടു മേഖലകളിലും തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ കൂട്ടായ ശ്രദ്ധയും അധികാരത്തിൽ വരുന്ന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുമുണ്ടാകണം.
കേരള കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് കരിയിൽ എന്നിവരാണ് ഇത് തയ്യാറാക്കിയത്.Source: Sunday Shalom