News >> സെപ്റ്റംബര്‍ ഒന്ന് - സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം


അനുവര്‍ഷം സെപ്റ്റംബര്‍ ഒന്ന് 'സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രര്‍ത്ഥനാദിന'മായി ആചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

Laudato Si' - അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനത്തിന്‍റെ പ്രബോധനത്തെ തുടര്‍ന്ന് ലഭിച്ച പ്രതികരണങ്ങളില്‍ ഒന്നാണ് പാരിസ്ഥിതിക സുസ്ഥിതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം. കിഴക്കിന്‍റെ ഓര്‍ത്തഡോസ്ക്സ് പാത്രിയര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമന്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് അനുസ്മരിപ്പിക്കുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി ദിനം  സെപ്റ്റംബര്‍ 1-ന് ആചരിക്കുന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 1-ന് തുടങ്ങി, എല്ലാവര്‍ഷവും അതേ നാളില്‍ 'സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിന'മായി ആചരിക്കണമെന്ന്  ലോകം എമ്പാടുമുള്ള ക്രൈസ്തവ മക്കളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങള്‍ മറികടക്കുന്നതില്‍ ക്രൈസ്തവര്‍ തങ്ങളുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. പ്രകൃതി പരിപാലനയുടെ പാഠങ്ങള്‍ ക്രിസ്തീയ പാരമ്പര്യത്തില്‍നിന്നും പൈതൃകത്തില്‍നിന്നും ഉള്‍ക്കൊള്ളാവുന്നതാണ്. എന്തെന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, "ഭൗതിക ജീവനില്‍നിന്നോ, ചുറ്റുമുള്ള പ്രകൃതിയില്‍നിന്നോ സൃഷ്ടികളില്‍നിന്നോ വേറിട്ടു നില്ക്കാനാവില്ല. കാരണം മനുഷ്യന്‍റെ ആത്മീയ ജീവന്‍ പ്രാപഞ്ചത്തിലും അതിനോടൊപ്പവും കൂട്ടായ്മയില്‍ ജീവിക്കുന്നതാണ്" (അങ്ങേയ്ക്കു സ്തുതി 216). ‌അതിനാല്‍ ഇന്നി‍ന്‍റെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ ആഴമായ ആത്മീയ പരിവര്‍ത്തനത്തിന് ക്ഷണിക്കുന്നു:

ചുറ്റുമുള്ള ലോകത്തും സഹോദരങ്ങളോടുള്ള ബന്ധത്തിലും ക്രിസ്തുവുമായുള്ള ഐക്യത്തിന്‍റെ സദ്ഫലങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ക്രൈസ്തവരെ സംബന്ധിച്ച് പാരിസ്ഥിതിക ആത്മീയ പരിവര്‍‍ത്തനം (217). വിശ്വാസി എന്ന നിലയില്‍ സൃഷ്ടിയുടെ സംരക്ഷകര്‍ എന്ന പ്രത്യേക വിളി സ്വീകരിച്ചിട്ടുള്ളതിനാല്‍ വ്യക്തഗതമായും സമൂഹമായും പങ്കുചേരുവാനുള്ള സവിശേഷമായ അവസരമാണ് 'പാരിസ്ഥിതിക സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം'. നമ്മുടെ ഉപയോഗത്തിനും സംരക്ഷണയ്ക്കും ദൈവം ഭരമേല്പിച്ച അത്ഭുതാവഹമായ സൃഷ്ടിക്ക് അവിടുത്തേയ്ക്ക് നന്ദിപറയുവാനുമുള്ള അവസരമാണ് പാരിസ്ഥിതിക പ്രാര്‍ത്ഥനാദിനം. മാത്രമല്ല, നാം ജീവിക്കുന്ന ചുറ്റുപാടുമുള്ള ലോകത്തിന്‍റെ നശീകരണത്തിലും അതിനെ മലീമസമാക്കുന്ന പ്രക്രിയയിലും ചിലപ്പോള്‍ നാം പങ്കുചേര്‍ന്നിട്ടുള്ള അവസരങ്ങള്‍ക്ക് ദൈവത്തിന്‍റെ കാരുണ്യവും മാപ്പും യാചിക്കുന്ന ദിവസവുമാവട്ടെ അതെന്നും പാപ്പാ ആഹ്വാനംചെയ്തു.

ദൈവജനത്തെ ആകമാനം - വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സഭാ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ - ദേശീയ, പ്രാദേശിക, ഇടവക സമൂഹങ്ങളില്‍ - ഈ ദിവസം പ്രാവര്‍ത്തികവും ഫലവത്തുമാക്കണമെന്ന് പാപ്പാ സന്ദശേത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ സന്നദ്ധ സംഘടനകളോടും ഇതര സാമൂഹ്യ പ്രസ്ഥാനങ്ങളോടും പ്രകൃതിയുമായി ബന്ധപ്പെട പ്രവൃത്തിക്കുന്ന എല്ലാ തൊഴില്‍ സംവിധാനങ്ങളോടും ഈ ദിനത്തില്‍ പങ്കുചേരണമെന്നും, അങ്ങനെയുള്ളവരെ പങ്കുചേര്‍ക്കണമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നുണ്ട്.

എല്ലാവരുടെയും സഹകരണം യാചിച്ചുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്‍റെയും, പ്രകൃതിസ്തവം പാടി പ്രപഞ്ചനാഥനെ വാഴ്ത്തിയ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആത്മീയ സഹായം പാപ്പാ സന്ദേശത്തില്‍ യാചിച്ചു. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പരിസ്ഥിതി സംബന്ധിയായ ഈ പ്രത്യേക ആഹ്വാനം പാപ്പാ ഉപസംഹരിച്ചത്.  


(Source: Vatican radio, William Nellikkal)