News >> കരുണയുടെ വർഷത്തിൽ വായിക്കാൻ മാർപാപ്പ ശുപാർശ ചെയ്ത പുസ്തകം
അതിവിശിഷ്ടകൃതികളുടെ ഇതിഹാസം എന്നാണ് സാഹിത്യലോകം 'ഡിവൈൻ കോമഡി'യെ വിശേഷിപ്പിക്കുന്നത്. എഴുനൂറിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഡിവൈൻ കോമഡി ഇന്നും പ്രചോദനമായി നിലനിൽക്കുന്നു. ഡാന്റേ അലിഗിരിയെന്ന മഹാപ്രതിഭയുടെ കാവ്യഭാവനയിൽ ജന്മമെടുത്ത ഈ കൃതി കാലത്തിന്റെ യവനികയ്ക്ക് മറയ്ക്കാനാവാത്ത സാഹിത്യബിംബമായി നിലകൊള്ളുന്നു. ഇതിനകം ഇംഗ്ലീഷ്ഭാഷയിൽമാത്രം നൂറിലധികം പരിഭാഷകൾ ഉണ്ടായിട്ടുണ്ട് ഈ കൃതിക്ക്.ഡിവൈൻ കോമഡിയെന്ന ഇതിഹാസകാവ്യത്തിന്റെ സാഹിത്യഗുണമോ കലാരൂപഭംഗിയോ ചർച്ച ചെയ്യപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ലേഖനമല്ല ഇത്. എന്നാൽ, ആധുനികനിരൂപകർ ഡിവൈൻ കോമഡി പുനർവായന നടത്തി ഡാന്റേയുടെ രാഷ്ട്രീയവും മനഃശാസ്ത്രവും സുഹൃദ്ബന്ധവുമെല്ലാം നിരൂപണം ചെയ്യുമ്പോൾ, ഡാന്റേയുടെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി പുതിയ കോഡുകൾ രൂപപ്പെടുമ്പോൾ, ഈ മഹത്തായ കാവ്യസൃഷ്ടിയിലെ ക്രൈസ്തവ പശ്ചാത്തലം പരിചയപ്പെടാതെ പോകരുതെന്നതാണ് ഈ എഴുത്തിന്റെ ഉദ്ദേശ്യം. ഏഴ് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒളിമങ്ങാതെ നിലനിൽക്കുന്ന ഈ കാവ്യശിൽപ്പത്തിലെ നരകവും ശുദ്ധീകരണമലയും പറുദീസയും ആരെയും ചിന്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.1265ൽ ഫ്‌ളോറൻസ് നഗരത്തിലെ ഒരിടത്തരം കുടുംബത്തിലാണ് ഡാന്റേ അലിഗിരിയുടെ ജനനം. വെറുമൊരു ബുദ്ധിജീവി കവിയായിരുന്നില്ല ഡാന്റേ. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം ഫ്‌ളോറൻസ് നഗരത്തിന്റെ ഭരണാധിപസമിതിയിൽ വരെ എത്തിയിരുന്നു. പൊതുജീവിതത്തിലെ നന്മതിന്മകൾ കവിസഹജമായ നിരീക്ഷണബുദ്ധിയോടെ തിരിച്ചറിഞ്ഞ ഡാന്റേ തന്റെ കോമഡിയിൽ അതെല്ലാം സമർത്ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഡിവൈൻ കോമഡി ഒരു തീർത്ഥയാത്രജീവിതമാകുന്ന ട്രാജഡിയിൽനിന്നും നിത്യജീവിതമാകുന്ന കോമഡിയിലേക്കുള്ള തീർത്ഥയാത്രയാണ് ഡിവൈൻ കോമഡി. ഒരു ദുഃഖവെള്ളിയാഴ്ചയുടെ തലേന്ന് രാത്രിയിൽ ആരംഭിക്കുന്ന യാത്ര ഉയിർപ്പ് ഞായർ കഴിഞ്ഞുവരുന്ന ബുധനാഴ്ചയാണ് ലക്ഷ്യത്തിലെത്തി അവസാനിക്കുക. 1308നും 1320നും ഇടയ്ക്കാണ് ഈ കവിത രചിക്കപ്പെട്ടതെന്ന് കരുതുന്നു. ഡാന്റേ അലിഗിരിയുടെ കോമഡിയെന്നാണ് ഗ്രന്ഥകർത്താവ് ഇതിന് നൽകിയ പേര്. പിന്നീട് ഡാന്റേയുടെ ജീവചരിത്രമെഴുതിയ കവി ജിയോവാനി ബൊക്കാച്ചിയോ ആണ് ഈ കൃതിയുടെ മതപരമായ പശ്ചാത്തലംകൂടി കണക്കിലെടുത്ത് ഡിവൈൻ എന്ന വിശേഷണം ചേർത്ത് ഡിവൈൻ കോമഡി എന്ന് പേരിട്ടത്. അതിനുശേഷമാണ് ലോകം മുഴുവൻ ഡിവൈൻ കോമഡി അറിയപ്പെട്ട് തുടങ്ങിയത്.ട്രാജഡിയിൽനിന്നും കോമഡിയിലേക്കുള്ള ഒരു തീർത്ഥയാത്രയാണല്ലോ ജീവിതം കവിക്ക്. കഷ്ടനഷ്ടങ്ങൾ ചേർന്ന് ജീവിതം ദുരന്തമാവുമ്പോൾ അർത്ഥം തേടിയുള്ള ഒരു യാത്ര. അന്ധകാരത്തിൽനിന്നും അനന്തപ്രകാശത്തിലേക്കുള്ള യാത്രയാണത്. അസത്യത്തിന്റെ ശൂന്യതയിൽനിന്നും ത്രിയേകദൈവത്തിന്റെ നിത്യസത്യസാക്ഷാത്കാരമാണ് കവിയുടെ യാത്രാലക്ഷ്യം. സ്വർഗാധിസ്വർഗത്തിലെത്തി ത്രിയേകദൈവത്തിന്റെ തിരുമുഖദർശനം സാധ്യമാവുന്നതോടെ ഡാന്റേ സായൂജ്യമടയുന്നു.കവി പ്രധാനകഥാപാത്രമായി ഉത്തമപുരുഷനിൽ എഴുതപ്പെട്ടിരിക്കുന്നതാണെങ്കിലും കവിയുടെ ജീവിതം മാത്രമല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. പുസ്തകത്തിന്റെ തുടക്കത്തിൽ ആദ്യവരിയിൽത്തന്നെ 'നമ്മുടെ ജീവിതം' എന്ന് കവി എഴുതിയിട്ടുണ്ട്. പാപമാണ് മനുഷ്യന്റെ ദൈവദർശനത്തിന് തടസമായി നിൽക്കുന്നത്. പാപത്തിന്റെ ഘോരത എത്രയെന്ന് തുടക്കത്തിൽത്തന്നെ വായനക്കാർക്ക് ബോധ്യപ്പെടുത്തി നൽകുന്നു ഡാന്റേ. ജീവിതം യാത്രതന്നെയെന്ന് കവി സങ്കൽപ്പിക്കുന്നു. ജീവിതയാത്രയുടെ മധ്യത്തിൽ വഴികാണാതെ അലഞ്ഞ ഡാന്റേ എത്തിച്ചേർന്നത് ഇരുണ്ട വനത്തിലാണ്.ആ ഘോരവനത്തിൽ അന്ധനെപ്പോലെ കവി നിന്നു. തൊട്ടുമുമ്പിൽക്കണ്ട മലകയറി അതിനുമപ്പുറമുള്ള പ്രകാശം ലക്ഷ്യമാക്കി യാത്ര തുടരണമെന്ന് കവി ആഗ്രഹിച്ചെങ്കിലും തൊട്ടുമുൻപിൽ പ്രത്യക്ഷപ്പെട്ടത് മൂന്ന് വന്യമൃഗങ്ങളാണ്. സിംഹം, പുലി, പെൺചെന്നായ്. പാപത്തിന്റെ പ്രതീകങ്ങളായി കവി സങ്കൽപ്പിക്കുന്ന ഈ മൃഗങ്ങളുടെ സ്വഭാവത്തിൽനിന്നറിയാം പാപത്തിന്റെ വന്യത എത്രയെന്ന്.ഭീതികരമായ ഈ നിശ്ചലാവസ്ഥയിൽ ഡാന്റേയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത റോമൻ കവിയായ വെർജിലാണ്. യാത്ര തുടരാൻ സഹായിക്കാമെന്ന് വെർജിൽ ഉറപ്പുനൽകുന്നു. പിന്നീടുള്ള യാത്രയ്ക്ക് വഴികാട്ടിയാവുന്നത് വെർജിലാണ്. ഭൗതികവിജ്ഞാനത്തിന്റെയും ബുദ്ധിയുടെയും പ്രതീകമായാണ് ഇഷ്ടകവിയായ വെർജിലിനെത്തന്നെ രംഗത്തുകൊണ്ടുവരാൻ ഡാന്റേയെ പ്രേരിപ്പിച്ചത്.കത്തോലിക്കരും മൂന്ന് എന്ന സംഖ്യയുംമരണാനന്തരജീവിതത്തിലെ മൂന്ന് അവസ്ഥകളാണ് കവിതയുടെ ഇതിവൃത്തമെന്ന് പറയാം. കത്തോലിക്കാ ദൈവശാസ്ത്രത്തിൽ മൂന്ന് എന്ന സംഖ്യക്കുള്ള സവിശേഷഗുണം ഏവർക്കും അറിവുള്ളതാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവർ മൂവരും ഒരുമിച്ച് ചേർന്നിരിക്കുന്ന ത്രിയേക ദൈവസ്വഭാവം.കവിതയുടെ ആശയം എളുപ്പത്തിൽ വിശദീകരിച്ചുകൊടുക്കാൻ പറ്റിയ സങ്കേതം എല്ലാ കഥാകാരന്മാരും സ്വീകരിക്കാറുണ്ട്. അതനുസരിച്ചായിരിക്കും കാവ്യഘടന രൂപപ്പെടുക. ആരംഭംമുതൽ അവസാനംവരെ ത്രിത്വശൈലി കവി സ്വീകരിച്ചിരിക്കുന്നതായി കാണാം. മൂന്ന് എന്ന സംഖ്യയ്ക്കും അതിന്റെ ഗുണിതമായ ഒമ്പതിനും കവി പ്രാധാന്യം നൽകിയിരിക്കുന്നു. ഇത് കത്തോലിക്കാദൈവശാസ്ത്രവുമായി ഡാന്റേയുടെ ബുദ്ധിമണ്ഡലം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്നു.ഡിവൈൻ കോമഡിയെ മൂന്ന് പർവങ്ങളായി (ഭാഗങ്ങളായി) കവി തിരിച്ചിരിക്കുന്നു: 1. നരകം 2. ശുദ്ധീകരണസ്ഥലം 3. പറുദീസ. ഓരോ പർവത്തിലും 33 അധ്യായങ്ങൾ വീതമുണ്ട്. ആദ്യപർവത്തിൽ കവിതയുടെ മൊത്തം അവതരണഭാഗമായി പ്രാരംഭ അധ്യായം കൂടിയുണ്ട്. അങ്ങനെ ആദ്യപർവത്തിൽ 34 അധ്യായങ്ങൾ. (33ഃ 3=99+1=100). അങ്ങനെ ആകെ അധ്യായങ്ങൾ 100. 'ടെറസ റീമ' എന്ന ഇറ്റാലിയൻ വൃത്തരീതിയിലാണ് കവിതയുടെ രചന. ഈ രീതിയനുസരിച്ച് മൂന്നു വരികൾ ചേർന്നതാണ് പദ്യഖണ്ഡം.സഭയെ സഹായിച്ച 'കോമഡി'ദൈവത്തിന്റെ പ്രത്യേക കൃപയാൽ ഒരു വ്യക്തിക്കുണ്ടാകുന്ന മിസ്റ്റിക്കൽ അനുഭവം വിവരിക്കുന്ന ആധ്യാത്മിക ഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കേണ്ടതില്ല. എന്നാൽ, വളരെ വ്യക്തമായ ദൈവശാസ്ത്രമുണ്ട്. ഈ ചിന്താമണ്ഡലത്തിൽനിന്നുകൊണ്ട് ബുദ്ധിയുടെ തലത്തിലുള്ള ഒരു സത്യാന്വേഷണമാണ് ഡിവൈൻ കോമഡി. മധ്യകാലഘട്ടത്തിൽ കത്തോലിക്കാ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് യൂറോപ്പിൽ ഉടലെടുത്ത ഒരു തത്വചിന്താരീതിയാണ് സ്‌കൊളാസ്റ്റിസിസം. ഈ തത്വചിന്ത ഡാന്റേയെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് വേണം കരുതാൻ.ഉത്തമ കത്തോലിക്കാവിശ്വാസിയായിരുന്ന ഡാന്റേ തനിക്ക് ബോധ്യപ്പെട്ട ദൈവശാസ്ത്രവിഷയം സ്വന്തം പ്രതിഭയിൽനിന്നും കാവ്യാത്മകമായി തത്വവൽക്കരിച്ചിരിക്കുന്നതാണ് ഡിവൈൻ കോമഡിയെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. കത്തോലിക്കാവിശ്വാസ സംഹിതകൾക്കെതിരെ വിശിഷ്യാ, മരണാനന്തരജീവിതത്തിലെ സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം എന്നീ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾക്കെതിരെ വെല്ലുവിളിയുയർന്നിരുന്ന നവോത്ഥാനകാലഘട്ടത്തിൽ ഡാന്റേയുടെ ഡിവൈൻ കോമഡി സഭയ്ക്ക് ശക്തമായ പിന്തുണ നൽകിയെന്നുവേണം പറയാൻ.നവീകരണകാലഘട്ടത്തിൽ കൂടിയ ട്രെന്റ് സൂനഹദോസ് ശുദ്ധീകരണസ്ഥലം കത്തോലിക്കാവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണെന്ന് അസ്ന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും അത് ദൈവശാസ്ത്രപരമായി വ്യാഖ്യാനിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയുടെ സമയത്ത് ഡാന്റേയുടെ മരണാനന്തരജീവിതദർശനം സഭയ്ക്ക് സത്യത്തിൽ അനുഗ്രഹമായി മാറി. മരണാനന്തരജീവിതത്തിലെ സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയുടെ അസ്തിത്വം തന്റെ രചനയിലൂടെ ഭാവാത്മകമായി വിശദീകരിച്ചതിലൂടെ ഡാന്റേ വിശ്വാസതീക്ഷ്ണതയുടെ അടയാളമാവുക മാത്രമല്ല; സഭയുടെ ശക്തനായ വക്താവാകുകയും ചെയ്തു. സമൂഹത്തിൽ ഡിവൈൻ കോമഡി കത്തോലിക്കാവിശ്വാസത്തിന്റെ വിശദീകരണം തന്നെയായി മാറി.ഡാന്റേയും വിശുദ്ധ അക്വിനാസുംസ്കൊളാസ്റ്റിക് തത്വചിന്തയിലും കത്തോലിക്കാ ദൈവശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്ന വിശുദ്ധ അക്വിനാസിന്റെ ഫിലോസഫിയുടെ സ്വാധീനം വളരെയേറെ ഉണ്ടെന്നാണ് നിരൂപകരുടെ അഭിപ്രായം. അക്വിനാസ് തന്റെ ദൈവശാസ്ത്രചിന്തകൾ രൂപപ്പെടുത്തിയത് അരിസ്റ്റോട്ടിലിന്റെ ഫിലോസഫിയിലെ സങ്കേതങ്ങൾ ആസ്പദമാക്കിയാണ്. മരണാനന്തരജീവിതത്തിലെ ത്രിലോകസിദ്ധാന്തം യഥാർത്ഥമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ അക്വിനാസിന്റെ പ്രതിഫലനമാണ് ഡാന്റെയിൽ കാണുന്നതെന്ന അഭിപ്രായമാണ് കൂടുതൽ പേർക്കും.അക്വിനാസിന്റെ 'സുമാ തിയോളജിക്ക' എന്ന ദൈവശാസ്ത്രഗ്രന്ഥത്തിന്റെ കാവ്യാവിഷ്‌ക്കാരമാണ് ഡിവൈൻ കോമഡിയെന്നുപോലും അഭിപ്രായപ്പെടുന്നവരുണ്ട്. ക്രൈസ്തവ ധാർമികപ്രബോധനങ്ങളുടെ ഭാഗമായ ഏഴ് മൂലപാപങ്ങൾ അടിസ്ഥാനമായി പരിഗണിച്ചുകൊണ്ടാണ് നരകം, ശുദ്ധീകരണസ്ഥലം, സ്വർഗം എന്നീ മൂന്ന് മരണാനന്തരജീവിതവ്യവസ്ഥകൾ ഡിവൈൻ കോമഡിയിൽ ഡാന്റേ പ്രതിപാദിക്കുന്നത്. കോപം, ദ്രവ്യാഗ്രഹം, മോഹം, നിഗളം, കൊതി, അസൂയ, മടി എന്നീ തിന്മകൾ വ്യക്തിയിലും സമൂഹത്തിലും വരുത്തുന്ന ദുരന്തങ്ങൾ മരണാനന്തര ജീവിതയാഥാർത്ഥ്യങ്ങളുടെ തലത്തിൽ കവി നിരീക്ഷിക്കുന്നു.മനുഷ്യൻ സമാധാനത്തിലും സന്തോഷത്തിലും സംതൃപ്തിയിലും ജീവിക്കണമെന്നും അന്തിമലക്ഷ്യമായ ദൈവദർശനത്തിലൂടെ നിത്യാനന്ദം അനുഭവിക്കാൻ ഇടവരണമെന്നുമായിരുന്നു ഡാന്റേയുടെ ആഗ്രഹം. അതിന് വിഘാതമായി നിൽക്കുന്ന വ്യക്തികളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുന്നതും നന്മതിന്മകളുടെ വിലയിരുത്തലിൽ അവർക്ക് സ്വർഗമോ നരകമോ ശുദ്ധീകരണസ്ഥലമോ വിധിച്ചുനൽകുന്നതും കവിധർമമായിക്കണ്ടു അദ്ദേഹം.മുറിപ്പാടിന്റെ പ്രതികരണം!മൂല്യങ്ങളുടെ തകർച്ചയാണ് സമൂഹത്തിൽ അരാജകത്വം അഴിച്ചുവിടുന്നതെന്നായിരുന്നു കവിയുടെ ഉറച്ച ബോധ്യം. ഈ ബോധ്യത്തിൽനിന്നാണ് ജീവിതത്തിന് അർത്ഥംതേടി ഡാന്റേ യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. കവിയുടെ ആത്മധൈര്യത്തിൽനിന്നും തുടങ്ങിവെച്ച അതിശുഭകരമായ ഒരു തീർത്ഥയാത്രയാവുകയും ചെയ്തു ഇത്.ഡാന്റേയുടെ കാലഘട്ടത്തിൽ, യൂറോപ്പിലെ രാഷ്ട്രീയ, സാമൂഹികജീവിതം ആകെ കലങ്ങിമറിഞ്ഞതായിരുന്നു. സമൂഹത്തിന്റെയും വ്യക്തിയുടെയും നന്മയ്ക്ക് അനിവാര്യമെന്ന് കരുതിയിരുന്ന മൂല്യങ്ങൾ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ആത്മീയരംഗത്തും ഈ മൂല്യത്തകർച്ച വളരെ പ്രകടമായി. സഭയും ഭരണകൂടങ്ങളും തമ്മിൽ അധികാരതർക്കങ്ങളും അവിശുദ്ധമായ കൂട്ടുകെട്ടുകളും നിലനിന്നത് ആധ്യാത്മികജീവിതത്തെയും ബാധിച്ചു.പഴയ റോമാസാമ്രാജ്യത്വത്തിന്റെ പിൻതുടർച്ചക്കാരായ ഗിബേല്യൻസും പുതിയ മധ്യവർഗത്തിന്റെ പിൻതുണയുള്ള ഗുലേഫുകളും എന്ന് സമൂഹം രണ്ടായി തിരിഞ്ഞ് പോരാടി. ഇതിൽ പേപ്പസിയെ പിന്തുണച്ചിരുന്ന ഗുലേഫുകൾക്കൊപ്പമായിരുന്നു ഡാന്റേ. ഫ്‌ളോറൻസ് നഗരത്തിന്റെ മുഖ്യ ഭരണാധിപസ്ഥാനത്തുവരെയെത്തിയിരുന്നു അദ്ദേഹം. എന്നാൽ, ഗുലേഫുകൾ കറുത്ത ഗുലേഫുകളും വെളുത്ത ഗുലേഫുകളും എന്ന് രണ്ടായി തിരിഞ്ഞപ്പോൾ ഡാന്റേ വെളുത്ത ഗുലേഫുകളുടെ പക്ഷത്തായി.ഇരുഗ്രൂപ്പുകളും തമ്മിൽ പോരാട്ടങ്ങളും കലാപങ്ങളും നഗരത്തിൽ നിത്യസംഭവമായി. ഒടുവിൽ പേപ്പസിയുടെ പിൻതുണയുണ്ടായിരുന്ന കറുത്ത ഗുലേഫുകൾ മറുഗ്രൂപ്പിനെ നഗരത്തിൽനിന്ന് പുറത്താക്കി. അവർക്കൊപ്പം ഡാന്റേയും ഫ്‌ളോറൻസിൽനിന്നും പുറത്താക്കപ്പെട്ടു. ഈ പുറത്താക്കൽ നടപടിക്ക് പേപ്പസിയുടെ രഹസ്യപിൻതുണ ഉണ്ടായിരുന്നുവെന്നത് ഡാന്റേയിലെ ധാർമികമനുഷ്യന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിപ്പാടുകളാണുണ്ടാക്കിയത്.അന്നത്തെ പാപ്പയായിരുന്ന ബോണിഫസ് എട്ടാമനെ നരകത്തിലിരുത്താൻ കവി കാരണം കണ്ടത് ഒരുപക്ഷേ പാപ്പയുടെ ഈ നടപടി ആയിരുന്നിരിക്കണം. എന്നാൽ, ഇത് കഥയിൽ നടപ്പാക്കേണ്ടിയിരുന്ന കാവ്യനീതിയായി കരുതിയാൽമതി. പേപ്പസിയോട് എന്നും ആദരവ് പ്രകടിപ്പിച്ച കവി, കത്തോലിക്കാവിശ്വാസത്തിൽ പോപ്പിന്റെ ആത്മീയനേതൃത്വം അംഗീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചിരുന്നുമില്ല.നന്മതിന്മകളെ വിവേചിച്ച് ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ധാർമികനിലപാടുകൾ എടുത്ത വ്യക്തിയാണ് ഡാന്റേ. ആത്മീയനേതൃത്വം തികച്ചും സംശുദ്ധമായിരിക്കണമെന്ന കാഴ്ചപ്പാട് ന്യായയുക്തവുമാണ്. കത്തോലിക്കാവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ധാർമികമൂല്യങ്ങൾക്ക് ഇത്ര ശക്തമായ സാഹിത്യാവിഷ്‌ക്കാരം നൽകിയ മറ്റൊരു എഴുത്തുകാരൻ ചരിത്രത്തിലില്ലെന്ന് പറയാം.അനിവാര്യമായ ഫലംസ്വർഗവും നരകവും ഒരു ദൈവശിക്ഷ എന്നതിലുപരി മനുഷ്യചെയ്തികളുടെ ഒഴിവാക്കാനാവാത്തതും നീതിപൂർവകമായ അനന്തരഫലവുമായി കവി മനസ്സിലാക്കുന്നു. മനുഷ്യന്റെ ഇച്ഛാശക്തിയിൻമേലുള്ള സ്വതന്ത്രതീരുമാനമാണ് ഈയൊരു അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുന്നതെന്ന വീക്ഷണം ഡാന്റേ സ്വീകരിക്കുന്നു, മനുഷ്യന്റെ പ്രവൃത്തിക്കനുസരിച്ച് അതിന് തുല്യമായ പ്രതിഫലം മരണാനന്തരലോകത്ത് ലഭിക്കും.നരകം നിത്യശിക്ഷയുടേതും ശാപഗ്രസ്തവുമാണ്. ഒരിക്കൽപോലും മനസ്തപിക്കാതെ നരകം സ്വന്തമാക്കിയവരാണ് അവിടെ വസിക്കുക. എന്നാൽ ശുദ്ധീകരണസ്ഥലം രക്ഷിക്കപ്പെട്ടവരുടേതാണ്. മനസ്തപിച്ച് പ്രാർത്ഥിക്കുന്നതനുസരിച്ച് ദൈവത്തിന്റെ കരുണയിൽ രക്ഷിക്കപ്പെട്ടവർ. അവരിൽ അവശേഷിച്ചിരിക്കുന്ന പാപക്കറ ശുദ്ധീകരിക്കുന്ന മുറയ്ക്ക് അവർക്ക് സ്വർഗത്തിന്റെ ദർശനം സാധ്യമാകും. ഡിവൈൻ കോമഡിയിലെ ഏറ്റവും ഭാവാത്!