News >> കായികവിനോദങ്ങളില്‍ പുണ്യങ്ങളും മൂല്യങ്ങളുമുണ്ട്
കായികമേള ഐക്യത്തിന്‍റെ വേദിയാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടു മുന്‍പായി ഓസ്ട്രിയയില്‍നിന്നും തന്നെ കാണാനെത്തിയ നൂറിലേറെ കായികതാരങ്ങളെ (Athletic and Skiing Federation of Austria) വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള വേദിയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ സന്ദേശം നല്കി.ഓസ്ട്രിയയില്‍നിന്നുമുള്ള കായികതാരങ്ങളെ കാണുമ്പോള്‍ നിങ്ങളുടെ മനോഹരമായ നാടിനെയും മഞ്ഞണിഞ്ഞ ആല്‍പ്പൈന്‍ കുന്നുകളെയും, ശൈത്യകാലത്ത് മഞ്ഞില്‍ തെന്നിക്കളിക്കുന്ന വിനോദ സഞ്ചാരികളയും കുറിച്ച് സന്തോഷത്തോടെയാണ് താന്‍ ഓര്‍ക്കുന്നതെന്ന് പാപ്പാ ഓര്‍മ്മകള്‍ അയവിറച്ചു.അര്‍പ്പണം, സ്ഥിരോത്സാഹം, നിശ്ചയദാര്‍ഢ്യം, ഐക്യദാര്‍ഢ്യം, കൂട്ടായ്മ, സത്യസന്ധത എന്നിങ്ങനെ നിരവധി പുണ്യങ്ങളും മൂല്യങ്ങളും കായികാഭ്യാസങ്ങളിലും കളികളിലുമുണ്ടെന്ന് പാപ്പാ അവരെ അനുസ്മരിപ്പിച്ചു. സ്പോര്‍ട്സ്-താരങ്ങളുടെ തിളക്കവും പ്രകടനവും വിജയവും സമൂഹത്തെ തീര്‍ച്ചയായും നന്മയില്‍ രൂപപ്പെടുത്തും. അവ നന്മയുടെ ആവേശം പകരുക മാത്രമല്ല ജനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാണ്. പ്രകൃതി രമണീയമായ ആ നാടിന്‍റെ മക്കളായ നിങ്ങള്‍ കൂട്ടായ കായികാഭ്യാസത്തിലൂടെയും കളികളിലൂടെയും ഐക്യത്തിന്‍റെ മൂല്യം നേടുന്നും ഒപ്പം എന്നും ലോകത്തിന് നല്കേണ്ട ആതിഥേയത്വത്തിന്‍റെ പ്രായോക്താക്കളുമാകണമെന്ന് പാപ്പാ താരങ്ങളെ ഉദ്ബോധിപ്പിച്ചു.നാടിന്‍റെ സമ്പന്നമായ പ്രകൃതിയും അതിന്‍റെ മനോഹാരിതയും എന്നും പരിരക്ഷിക്കണം. അങ്ങനെ നിങ്ങള്‍ ദൈവികസൃഷ്ടിയുടെ മനോഹാരിതയും മൂല്യവും പ്രഘോഷിക്കുന്നവരാകണം. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഹ്രസ്വമായ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്. പിന്നെ ഹാളില്‍നിന്നും പുറത്തിറങ്ങിയ പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കായി തുറന്ന ജീപ്പില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയിലേയ്ക്ക് പുറപ്പെട്ടു.Source: Vatican Radio