News >> ദുരിതമുഖത്ത് ആദ്യം ഓടിയെത്തുന്ന കത്തോലിക്കാ സമൂഹത്തിന്റെ അന്തർദേശീയ സംഘടന


കാത്തലിക് റിലീഫ് സർവീസസ് (സി.ആർ.എസ്) അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള ഒരു അന്തർദ്ദേശീയ മനുഷ്യസേവന ശൃംഖലയാണ്. 99 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സംഘടന മനുഷ്യജീവന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഒട്ടനവധി പ്രോഗ്രാമുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ദുരിതാശ്വാസ പ്രവർത്തന മേഖലയായി സി.ആർ.എസിന്റെ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്. ഇന്ത്യയിലും സി.ആർ. എസിന്റെ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങളാണ് പ്രത്യാശയിലേക്ക് നടന്നുനീങ്ങുന്നത്.

ദുരിതാശ്വാസപ്രവർത്തനങ്ങളിലും ജീവന്റെ സംരക്ഷണത്തിലും എച്ച്.ഐ.വി എയ്ഡ്‌സ് രോഗികളുടെ പരിചരണത്തിലും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിലുമാണ് സി.ആർ.എസ് ഇന്ത്യയിൽ മുഖ്യമായും ശ്രദ്ധിക്കുന്നത്.

എച്ച്.ഐ.വി ബാധിതർക്ക് അടിയന്തര വൈദ്യസഹായവും കൗൺസിലിങ് സൗകര്യങ്ങളും നൽകുന്നതാണ് പ്രധാനമായൊരു പദ്ധതി. ഇതനുസരിച്ച് അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പോഷകാഹാരങ്ങളും മറ്റ് സഹായങ്ങളും ജീവിതത്തോടുള്ള അവരുടെ കാഴ്ചപ്പാടുതന്നെ മാറ്റിയിട്ടുണ്ട്.

2009-2010 കാലഘട്ടത്തിൽ പ്രകൃതിദുരന്തത്തിനിരയായ 1,70,000 ആളുകളെ പലവിധത്തിൽ സഹായിക്കുവാൻ സി.ആർ.എസിന് കഴിഞ്ഞു. ഭക്ഷണവും മരുന്നും പാർപ്പിടവും വസ്ത്രവും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ജീവസന്ധാരണത്തിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനായി ധനസഹായവും മാർഗനിർദ്ദേശവും സി.ആർ.എസ് നൽകുന്നു.

കുഞ്ഞുങ്ങൾക്കും അമ്മമാർക്കും പോഷകാഹാരം നൽകുന്നതിനുള്ള പരിശ്രമങ്ങളും പ്രതിരോധമരുന്നുകളുടെ വിതരണവും പോളിയോ നിർമ്മാർജ്ജനത്തിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

"ഇന്ത്യയിൽ സിആർ എസിന്റെ പ്രവർത്തനം 1946 മുതൽ ആരംഭിച്ചു. മുംബൈയിലെ ഭക്ഷ്യക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി ഭക്ഷണം വിതരണം ചെയ്യുവാനും മറ്റും അക്കാലത്ത് സിആർ എസിന് സാധിച്ചു. ഇന്ന് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഭരണകൂടം, കുടുംബം, സ്ഥാപനം എന്നിഎന്നിവയുമായെല്ലാം സഹകരിച്ച് സിആർഎസ് പ്രവർത്തിക്കുന്നു. എയ്ഡ്‌സ്, സ്ത്രീസുരക്ഷ, ആരോഗ്യം, മനുഷ്യക്കടത്ത് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലായും സിആർ എസ് പ്രവർത്തിക്കുന്നതെന്ന്' സീനിയർ പ്രോഗ്രാം അഡൈ്വസറായ ജാക്കി ഡി കാർലോ പറയുന്നു.

പാവപ്പെട്ടവരുടെ വരുമാനമാർഗ്ഗങ്ങൾ നവീകരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി സ്തുത്യർഹമായ സേവനങ്ങളാണ് സി.ആർ.എസിന്റെ പ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ സ്വാശ്രയസംഘങ്ങളും പുരുഷന്മാരുടെ കർഷകസംഘടനകളും ഈ മേഖലയിൽ ശക്തമായി മുന്നോട്ടുവരുന്നു. കാർഷികവിളകൾ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും വിളവെടുപ്പ് കൂടുതൽ ലാഭകരമായി നടത്തുന്നതിനും സി.ആർ.എസ് കർഷകരെ സഹായിക്കുന്നു. 'വിദ്യാഭ്യാസം, സാക്ഷരത എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നുള്ള അവബോധത്തിലൂടെ ലോകത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് സിആർ എസ് നടത്തുന്നതെന്ന്' ജെഫ്രി കോർഗൻ പറയുന്നു. സിആർഎസിന്റെ പ്രവർത്തനത്തിലൂടെ സ്വയംപര്യാപ്തത കൈവരിച്ച അയ്യായിരത്തോളം സ്ത്രീകളുടെ കഥ പറയുന്ന സോളിഡാരിറ്റി വിൽ ട്രാൻസ്‌ഫോം ദ വേൾഡ് എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കർത്താവാണ് ഇദ്ദേഹം. സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാനും മാന്യവും സുരക്ഷിതവുമായൊരു ജീവിതം നയിക്കാനും നീതിയോടും സമത്വത്തോടും കൂടി കാര്യങ്ങളെ സമീപിക്കാനും സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്ന പ്രോഗ്രാമുകളും സി.ആർ.എസ് ക്രമീകരിച്ചിരിക്കുന്നു.

അമ്പതിനായിരത്തോളം സ്വാശ്രയസംഘങ്ങളാണ് സി.ആർ.എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. മുമ്പ് ഇന്ത്യയിലുള്ള പാവപ്പെട്ട കർഷകർക്ക് നിക്ഷേപസാധ്യതകളെക്കുറിച്ചോ ലോണുകളെക്കുറിച്ചോ അറിവുണ്ടായിരുന്നില്ല. കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നവർ മാത്രമായിരുന്നു അവരുടെ ആശ്രയം. ഈ സാഹചര്യത്തിൽ 20 പേരടങ്ങുന്ന സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുവാനും അവരിലൂടെ ചെറിയ വരുമാനം സാധാരണ ജനങ്ങൾക്ക് നേടിക്കൊടുക്കുവാനും സി.ആർ.എസിന് കഴിഞ്ഞു.

കൽക്കട്ടയിലെ ദുംഗ, കൃഷ്ണനഗർ രൂപതകളിൽ ഈ സ്വാശ്രയസംഘങ്ങൾ വളരെ ശക്തമായിട്ടാണ് പ്രവർത്തിക്കുന്നത്. ആദ്യം അവർ പണത്തിന്റെ കാര്യങ്ങളും മറ്റും ക്രമമായി സൂക്ഷിക്കുന്നതിലൂടെയും റെക്കോഡ് എഴുതുന്നതിലൂടെയും സാക്ഷരരായി വളരുന്നു. പിന്നീട് പിടിയരി പോലുള്ള രീതികളിലൂടെ എല്ലാ വീടുകളിൽ നിന്നും പിരിവുകൾ നടത്തി, അത് ലേലം ചെയ്യുകയും പാവപ്പെട്ടവർക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ പണം ഉപയോഗിച്ച് ചെറിയ ലോൺ സംവിധാനം ആരംഭിക്കാനും അവർക്ക് കഴിയുന്നു. കുറെക്കൂടി വളർന്നതിനുശേഷം പച്ചക്കറികൃഷിയും അവശ്യസാധനങ്ങളുടെ നിർമ്മാണവും സ്ത്രീ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ നടത്തും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനവും ലോൺ ആവശ്യങ്ങൾക്കായിട്ടാണ് ചിലവഴിക്കുന്നത്.

ചെറിയ തുകയായതിനാൽ തിരിച്ചടയ്ക്കാനും ആരും ബുദ്ധിമുട്ടാറില്ല. പിന്നീട് സ്ത്രീകൾ ഇഷ്ടിക നിർമ്മാണം പോലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നു. സി.ആർ.എസ് പ്രവർത്തകരുടെ പിന്തുണയും സാങ്കേതിക സഹായവും സമാഹരിച്ച് ധാരാളം സ്ത്രീകൾ ഇഷ്ടിക നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിലൂടെ വൻതുകകൾ വീടുപണിയുന്നതിനും വിദ്യാഭ്യാസത്തിനുമായി ലോൺ നൽകുവാനും അവർക്ക് സാധിക്കുന്നു.

ഇപ്രകാരം അമ്പതിനായിരം സ്വാശ്രയസംഘങ്ങളെ ഇന്ത്യയിൽ സ്വയം പര്യാപ്തരായി വളർത്തിക്കൊണ്ടുവരുവാൻ സി.ആർ.എസ് സേവനത്തിലൂടെ സാധിക്കുന്നുണ്ട്.

Source:  Shalom Magazine