News >> കരുണനിറയുന്ന ലൗഹോം


പൊതുവഴിയിൽ അലഞ്ഞുതിരിയുന്ന മനോവൈകല്യം ബാധിച്ച അനാഥ സ്ത്രീകളുടെ രക്ഷാസങ്കേതമായി മാറിയിരിക്കുകയാണ് കോതമംഗലത്തിനടുത്ത് കടവൂരിൽ പ്രവർത്തിക്കുന്ന 'ലൗഹോം.' കുടുംബാംഗങ്ങൾ ചികിത്സിക്കാനും സംരക്ഷിക്കാനും കഴിവില്ലാത്തവും ഏതെങ്കിലും തരത്തിൽ മനോവൈകല്യമോ ശാരീരിക വൈകല്യമോ സംഭവിച്ച നാനാജാതിയിൽപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരായ സ്ത്രീകളാണ് ലൗഹോമിലെ അന്തേവാസികൾ.

കോതമംഗലം രൂപത കരിസ്മാറ്റിക് നവീകരണ പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്ററായി പ്രവർത്തനം നടത്തുമ്പോഴാണ് ദൈവത്തിന്റെ കരുണ മറ്റുള്ളവരിലേക്കുകൂടി പകർന്നു നൽകണമെന്ന അതിയായ ആഗ്രഹം ഉള്ളിലുദിച്ചതെന്ന് ലൗഹോം മാനേജിംഗ് ട്രസ്റ്റിയായ മാത്തപ്പൻ ഓർക്കുന്നു. 1993-ൽ പീഡനത്തിനിരയായ സ്ത്രീയെ കാരക്കുന്നം എന്ന സ്ഥലത്ത് ഹോട്ടൽ നടത്തുന്ന ദമ്പതികൾ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നു.

മാനസികരോഗിയായ ഈ സ്ത്രീയെ അഡ്മിറ്റ് ചെയ്താൽ മൂന്നാഴ്ചയ്ക്കുശേഷം തിരികെ കൊണ്ടുപോകണമെന്ന് ഡോക്ടർ ബഷീർ ആവശ്യപ്പെട്ടപ്പോൾ ആ ദമ്പതികളുടെ ഉള്ളിലേക്ക് മാത്തപ്പന്റെ രൂപമാണ് കടന്നുവന്നത്. അവർ മാത്തപ്പനുമായി ബന്ധപ്പെട്ടു. പ്രസംഗത്തിനും സാക്ഷ്യം പറയലിനും അപ്പുറം മറ്റെന്തെങ്കിലും ദൈവവേല ചെയ്യണമെന്ന മാത്തപ്പന്റെ ആഗ്രഹത്തിന്റെ ആദ്യ ചവിട്ടുപടിയായിരുന്നു അത്. അങ്ങനെ ചാത്തമറ്റം എന്ന സ്ഥലത്തൊരു വീട് വാടകയ്ക്ക് എടുത്ത് മൂന്നുപേർ ചേർന്ന് തുടങ്ങിയ ലൗഹോം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ശരണാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.

യാതൊരുവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാതെ കരുണയുള്ള കരങ്ങൾ വച്ചുനീട്ടിയ എളിയ സംഭാവനകൾ ചേർത്തുവച്ചാണ് മാത്തപ്പൻ കടവൂരിൽ ഒരേക്കർ സ്ഥലം വാങ്ങി ലൗഹോം കെട്ടിടം പണിതത്. ഇരുന്നൂറോളം പേർക്ക് താമസിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്റെ പണി തുടങ്ങിയതുമുതൽ ഇന്നുവരെ യാതൊരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ലെന്ന് മാത്തപ്പൻ ഓർക്കുന്നു. എല്ലാം ദൈവത്തിന്റെ കരുണയും സ്‌നേഹവുമാണെന്ന് വാത്സല്യനിധിയായി അന്തേവാസികളുടെ ഈ 'ചാച്ചൻ' പറയുന്നു. എല്ലാറ്റിനും താങ്ങും തണലുമായി സ്‌നേഹനിധിയായ ഭാര്യ പെണ്ണമ്മയും കൂടെയുണ്ട്. ഇന്ന് 133 പേർ ലൗഹോമിൽ സ്‌നേഹം കൊടുത്തും വാങ്ങിയും ഒരേ കുടുംബമായി കഴിയുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വിവിധ ഭാഷകൾ സംസാരിക്കുന്ന, സ്വന്തമെന്ന് പറയാൻ ഉടുതുണിപോലുമില്ലാത്ത അനേകരാണ് ഇവിടേക്ക് കടന്നുവരുന്നത്. ഈ നാനാത്വത്തിലെ ഏകത്വമാണ് ലൗഹോമിനെ വ്യത്യസ്തമാക്കുന്നത്. ആർക്കും വേണ്ടാത്തവരും കുടുംബങ്ങളിൽ പ്രശ്‌നങ്ങളും ഭാരങ്ങളും ആയിരുന്നവരും സമൂഹത്തിന് മുഴുവൻ ശല്യമായിരുന്നവരും ഇപ്പോൾ ഈ സ്‌നേഹഭവനത്തിലെ അംഗങ്ങളാണ്. രോഗികളും പ്രേഷിതരും ശുശ്രൂഷകരും അടങ്ങുന്ന വലിയൊരു കുടുംബം. എന്തിനും ഏതിനും സഹായഹസ്തവുമായി സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നാലുപേരും അഞ്ച് പ്രേഷിതരും ഇവിടെ ശുശ്രൂഷ ചെയ്യുന്നു.

പിന്നിട്ട വർഷങ്ങളിൽ അനേകരെ സാന്ത്വനമേകി, സൗഖ്യം പകർന്ന് സ്വഭവനങ്ങളിലേക്ക് അയക്കാൻ ലൗഹോമിന് കഴിഞ്ഞിട്ടുണ്ട്. ദൈവപരിപാലനയിൽ മനുഷ്യസ്‌നേഹികളായ വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹായസഹകരണങ്ങൾവഴി എല്ലാവർക്കും മുടങ്ങാതെ ഭക്ഷണവും വസ്ത്രങ്ങളും സുരക്ഷിതത്വവും അംഗീകാരവും കരുതലും സർവോപരി ദൈവസ്‌നേഹവും പകർന്നു നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഏറെ ചാരിതാർത്ഥ്യത്തോടെ മാത്തപ്പൻ ഓർക്കുന്നു. ഇവിടെ ചേർക്കുന്ന അംഗങ്ങളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ നാടിന്റെ നാനാഭാഗത്തും ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്.

കൃത്യമായ ദിനചര്യയോടെയാണ് ഓരോ ദിവസവും ലൗഹോം ഉണരുന്നത്. പ്രാർത്ഥനയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് ലൗഹോം പ്രവർത്തിക്കുന്നത്. വ്യായാമവും കലാപരിപാടികളുടെ പരിശീലനവും അവതരണവും സ്വയംതൊഴിൽ പരിശീലനവും നിർമാണവും പൂന്തോട്ട പരിപാലനവും കൃത്യമായ ആഹാരവും, ഉറക്കവുമെല്ലാം ദിനചര്യയുടെ ഭാഗമാണ്.
ലൗഹോമിലെത്തുന്ന ഓരോ അന്തേവാസിയുടെയും ചരിത്രമെന്തുമായിക്കൊള്ളട്ടെ- മാനസിക-ശാരീരിക വൈകല്യം സംഭവിച്ചവർ, മറ്റുള്ളവരാൽ പീഡിക്കപ്പെട്ടവർ, സമൂഹത്തിലേക്ക് വലിച്ചെറിയപ്പെട്ടവർ, ആരാലും വേണ്ടാത്തവർ - ഇന്നവർ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളായ ചാച്ചന്റെയും ചാച്ചിയുടെയും മക്കളായി കഴിയുന്നു.

വൈവിധ്യമാർന്ന കഴിവുകൾക്ക് ഉടമകളാണ് ഇവരിൽ പലരും. ആരോടും പരിഭവമോ പരാതികളോ ഇല്ലാതെ ലൗഹോം തങ്ങളുടെ ലോകമായി അവർ കരുതുന്നു. സ്‌നേഹത്തിന്റെയും ദൈവത്തിന്റെ കരുണയുടെയും പര്യായമാണ് ഇന്ന് ലൗഹോം. ഈ എളിയവരിൽ ഒരുവന് നിങ്ങളിതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നതെന്ന തിരുവചനം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് മാത്തപ്പൻചേട്ടൻ നടത്തുക.

അനേകം മാണിക്യങ്ങൾ ഇനിയും കുപ്പത്തൊട്ടിയിലുണ്ട്. മാലിന്യങ്ങൾ വന്നുമൂടി ശോഭ മങ്ങി ആരുമാരും ഗൗനിക്കാതെ, സ്വയം മൂല്യം മനസിലാക്കാതെ പലതും വിസ്മൃതിയിൽ ആണ്ടുപോകുന്നു. ഈ മാണിക്യങ്ങൾ കണ്ടെത്തണമെങ്കിൽ ഇനിയും അനേകം സ്‌നേഹഭവനങ്ങൾ പടുത്തുയർത്തപ്പെടണം. ദൈവം മനുഷ്യനോട് കരുണ കാണിക്കുന്നതുപോലെ നമുക്കും മറ്റുള്ളവരോട് കരുണ കാണിക്കാം. ഈ സന്ദേശം ലോകം മുഴുവൻ പ്രചരിക്കട്ടെ. കരുണ വറ്റാത്ത അനേകം മാത്തപ്പൻമാർ ഈ സമൂഹത്തിൽനിന്നും പിറവിയെടുക്കണം. ഒപ്പം സ്‌നേഹകൂടാരങ്ങളും.
ഫോൺ: 9447605946.

ജോൺസൺ കറുകപ്പിള്ളിൽ

Source: Sunday Shalom