News >> തപാൽ സ്റ്റാമ്പിലൂടെ സമ്പൂർണ്ണബൈബിളുമായി ഒരു മലയാളി സന്യാസിനി
പെസഹാ കാൽകഴുകൽ, വിശുദ്ധ കുർബാനയുടെ സ്ഥാപനം, പൂങ്കാവനത്തിൽ പ്രാർത്ഥിക്കുന്ന യേശുവിനെ പടയാളികൾ പിടിക്കുന്നത്, പീലാത്തോസിന്റെ മുന്നിൽ ഹാജരാക്കുന്നത്, ചമ്മട്ടികൊണ്ട് അടിക്കുന്നത്, മുൾമുടി ധരിപ്പിക്കുന്നത്, രാജാവാക്കി പരിഹസിക്കുന്നത്, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്... യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ തലക്കെട്ടുകളെഴുതിയതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് വ്യത്യസ്തമായൊരു ബൈബിൾ ചിത്രകഥയാണ്. പേനയും മഷിയും കളറുകളുമല്ല ഇതിനെ വ്യത്യസ്തമാക്കുന്നത്; മറിച്ച് സ്റ്റാമ്പുകളാണ്. ബൈബിളിലെ പ്രധാന സംഭവങ്ങളെല്ലാം സ്റ്റാമ്പുകളിലൂടെ പുനഃരവതരിപ്പിക്കുകയാണ് സിസ്റ്റർ ഫ്‌ളോറന്റൈൻ.10,000 സ്റ്റാമ്പുകൾ -പഴയ നിയമംഅരനൂറ്റാണ്ടിലേറെ കാലത്തെ ശ്രമഫലമായാണ് സ്റ്റാമ്പുകൊണ്ട് ബൈബിളിനൊരു ശരിപകർപ്പ് തീർത്തതെന്ന് സിസ്റ്റർ പറയുന്നു. സൃഷ്ടി മുതൽ യേശുവിന്റെ സ്വർഗാരോഹണം വരെയുള്ള പ്രധാന ബൈബിൾ സംഭവങ്ങളെല്ലാം സിസ്റ്ററിന്റെ സ്റ്റാമ്പ് ശേഖരത്തിലുണ്ട്. ബൈബിളിലെ 'ആദിയിൽ' എന്നു തുടങ്ങുന്ന ആദ്യവചനം തന്നെയാണ് ആദ്യ സ്റ്റാമ്പ്. ആദിയിലെ ആകാശവും ഭൂമിയും വിഷയമാക്കിയ സ്റ്റാമ്പ് റഷ്യയുടേതാണ്. സൃഷ്ടിയുടെ സ്റ്റാമ്പ് ശേഖരം തന്നെ ഒരു ലക്ഷത്തിൽപരം രൂപ വിലമതിക്കുന്നതാണ്. പതിനായിരത്തോളം സ്റ്റാമ്പുകളിലൂടെ പഴയ നിയമം മുഴുവൻ നമ്മുടെ കൺമുന്നിലെത്തുന്നു. പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ ഏകദേശം 250 ഷീറ്റുകളാണുള്ളത്. ഓരോ ഷീറ്റിലും എട്ടുമുതൽ പത്തുവരെ സ്റ്റാമ്പുകളുണ്ട്. ബൈബിളിനെ കൂടാതെ വിശുദ്ധർ, വ്യക്തികൾ, പുഷ്പങ്ങൾ, പക്ഷികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവയുൾപ്പെട്ട സ്റ്റാമ്പുകളും സിസ്റ്റർ ഫ്‌ളോറന്റൈന്റെ പക്കലുണ്ട്.ചെറുപ്പംമുതൽക്കേ സ്റ്റാമ്പുശേഖരണം ഹോബിയായിരുന്നു സിസ്റ്ററിന്. 1986-ൽ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് സ്റ്റാമ്പുകളുടെ പ്രദർശനത്തിന് തുടക്കമിട്ടത്. മലപ്പുറം, തൃശൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിന്റെ ക്ഷണപ്രകാരം സ്റ്റാമ്പു പ്രദർശനങ്ങൾ നടത്തി. സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. സിസ്റ്ററിന്റെ സ്റ്റാമ്പുപ്രദർശനം കണ്ടിട്ട് പല വൈദികരും കച്ചവടക്കാരും സ്റ്റാമ്പുകൾ സമ്മാനമായി നൽകാറുണ്ട്. അങ്ങനെയാണ് സ്റ്റാമ്പ് ശേഖരണം വളർന്നത്.വ്യത്യസ്ത ജപമാലകളുടെയും പരിശുദ്ധ മാതാവിന്റെ വിവിധ ചിത്രങ്ങളുടെയും ശേഖരമുള്ള സിസ്റ്റർ ഇതിനോടകം 55 ജപമാല പ്രദർശനങ്ങൾ നടത്തിക്കഴിഞ്ഞു. വിജയപുരം, ചങ്ങനാശേരി, പാലാ, എറണാകുളം, ഇരിങ്ങാലക്കുട എന്നീ രൂപതകളിലും തൃശൂർ അതിരൂപതയിലെ നെന്മണിക്കര, തിരൂർ, കോട്ടപ്പടി, ബ്രഹ്മകുളം, പാലയൂർ, മരത്താക്കര എന്നീ ഇടവകകളിലും പ്രദർശനങ്ങൾ നടത്തി. വെറുമൊരു പ്രദർശനമെന്നതിനെക്കാൾ പരിശുദ്ധ അമ്മയുടെ ജീവചരിത്രം അനാവരണം ചെയ്യുകയാണ് സിസ്റ്റർ ചെയ്യുന്നത്. സ്റ്റാമ്പുകളിലൂടെയും പരിശുദ്ധ മാതാവിന്റെ ജീവിതം സിസ്റ്റർ ഫ്‌ളോറന്റൈൻ പകർത്തിയിട്ടുണ്ട്. മാതാവ് വിവിധ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ഭാരതീയ രീതിയിലുള്ള ഐക്കൺ ചിത്രങ്ങളും വിശുദ്ധരുടെ ചിത്രങ്ങളും പ്രദർശനങ്ങൾക്ക് ശോഭ പകരുന്നു.ജപമാല രഹസ്യങ്ങൾ മാത്രമായി ഒരു സെറ്റ്, തിരുമണിക്കൂർ ആരാധനയ്ക്ക് ഉപയോഗിക്കുന്ന ജപമാല, അഖണ്ഡ ജപമാലയ്ക്ക് ഉപയോഗിക്കുന്ന ജപമാല എന്നിവയും തിരുശേഷിപ്പുകളുടെ വൈവിധ്യമാർന്ന ശേഖരവും പ്രദർശനത്തിലുണ്ട്. സാത്താൻ ആരാധനയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കട്ടിംഗുകളും എക്‌സിബിഷനിലുണ്ട്. ജപമാല പ്രദർശനങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്താൻ സഭയുടെ ഔദ്യോഗിക പിന്തുണയും സിസ്റ്ററിനുണ്ട്.പരിശുദ്ധ അമ്മയുടെ ഉത്തമ ഭക്തയാണ് സിസ്റ്റർ ഫ്‌ളോറന്റൈൻ. ജപമാല പ്രദർശനങ്ങൾ നടത്തുമ്പോഴെല്ലാം പരിശുദ്ധ മാതാവിന്റെ ശക്തമായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് സിസ്റ്റർ പറഞ്ഞു. നല്ലവണ്ണം പ്രാർത്ഥിച്ചൊരുങ്ങിയാണ് ഓരോ പ്രദർശനങ്ങളും നടത്തുന്നത്. പ്രദർശനങ്ങളിൽ സുഗന്ധാഭിഷേകം നല്കി പരിശുദ്ധ അമ്മ അനുഗ്രഹിക്കാറുണ്ടെന്ന് സിസ്റ്റർ പറയുന്നു. പ്രദർശന ഹാളിൽ നേരിയ ശബ്ദത്തിൽ ലുത്തിനിയായും ജപമാലയും ഗാനരൂപത്തിൽ വെക്കാറുണ്ട്. ഒരിടത്തും പ്രദർശനം നടത്താൻ സിസ്റ്റർ ആവശ്യപ്പെടാറില്ല. പ്രദർശനം കാണാനെത്തുന്നവരിലൂടെ ബുക്കിങുകൾ ലഭിക്കുകയാണ് പതിവ്.'പവൻമാല' വന്ന വഴി!വിശുദ്ധ അൽഫോൻസാമ്മ ധരിച്ചിരുന്ന പവൻമാലയുടെ ഒരു ഭാഗം തിരുശേഷിപ്പായി സിസ്റ്റർ ഫ്‌ളോറന്റൈൻ സൂക്ഷിച്ചിട്ടുണ്ട്. സിസ്റ്ററിന്റെ ഇളയമ്മയും അൽഫോൻസാമ്മയും സഹപാഠികളായിരുന്നു. അവധിക്കാലത്ത് ഇളയമ്മയുടെ വീട്ടിൽ അൽഫോൻസാമ്മ നിത്യസന്ദർശകയായിരുന്നു. അൽഫോൻസാമ്മയുമായുള്ള ബന്ധം സിസ്റ്റർ ഫ്‌ളോറന്റൈന്റെ അമ്മാമ്മയുടെ മരണംവരെ തുടർന്നു.മഠത്തിൽ പവൻമാല ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തതിനാൽ സഭാവസ്ത്ര സ്വീകരണ സമയത്ത് ഉപയോഗിച്ച മാല അമ്മാമ്മയെ തിരിച്ചേൽപ്പിച്ചു. അൽഫോൻസാമ്മ മരിക്കുമ്പോൾ സിസ്റ്ററിന് ആറുമാസമായിരുന്നു പ്രായം. അമ്മാമ്മവഴി കൈമാറിക്കിട്ടിയതാണ് സിസ്റ്ററിന് മാലയുടെ ഭാഗം. സിസ്റ്റർ അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം അമ്മാമ്മയോടൊപ്പം അൽഫോൻസാമ്മയുടെ കബറിടത്തിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. അതുകൊണ്ടുതന്നെയാവണം അൽഫോൻസാമ്മയോട് മാധ്യസ്ഥം യാചിക്കാതെ സിസ്റ്ററിന്റെ ഒരു ദിനംപോലും കടന്നുപോകാറില്ല.ബൈബിളും നാണയങ്ങളുംവാട്ടർപ്രൂഫ് ബൈബിൾ ഉൾപ്പെടെ പല ഭാഷകളിലുള്ള ബൈബിളുകളുടെ ശേഖരവും സിസ്റ്ററിനുണ്ട്. റഷ്യ, ചൈന, അമേരിക്ക, നൈജീരിയ തുടങ്ങിയ രാജ്യഭാഷകളിലുള്ള ബൈബിളുകളുടെ പ്രദർശനവും സിസ്റ്റർ നടത്തിയിട്ടുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളുടെയും നാണയങ്ങളും സിസ്റ്റർ കൊണ്ടുനടക്കുന്നു.ചങ്ങനാശേരിയിലായിരിക്കുമ്പോൾ എസ്.എ.ബി.എസ് സഭാസ്ഥാപകനായ മാർ തോമസ് കുര്യാളശേരി പിതാവിന്റെ നാമത്തിലുള്ള മ്യൂസിയം തയാറാക്കുന്നതിൽ സിസ്റ്റർ ഫ്‌ളോറന്റൈൻ നിർണായക പങ്കുവഹിച്ചു. പാലയൂർ മാർതോമാ തീർത്ഥകേന്ദ്രത്തിലെ ബുക്ക്സ്റ്റാളിൽ എട്ടുവർഷം പ്രവർത്തിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പി.ഒ.സി ഡയറക്ടറായിരിക്കേ അസിസ്റ്റന്റായി ജോലി ചെയ്യാനും സിസ്റ്ററിന് അവസരം ലഭിച്ചു.
1966-ൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടിയിൽവച്ച് സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റർ ഫ്‌ളോറന്റൈൻ എറണാകുളത്തെ വിവിധ മഠങ്ങളിലും സത്‌ന, ബിലാസ്പൂർ തുടങ്ങിയ മിഷൻ രൂപതകളിലും സേവനം ചെയ്തു. ഇടപ്പള്ളി എം.എ.ജെ ആശുപത്രിയിൽ അസിസ്റ്റന്റ് മേട്രൺ ആയിരുന്നു. ബംഗ്ലാദേശും ഇന്ത്യയുമായുള്ള യുദ്ധം നടക്കുന്ന സമയത്ത് ബിലാസ്പൂരിലെ റിസ്ഡ എന്ന സ്ഥലത്ത് അഭയാർത്ഥി ക്യാമ്പിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.സൈജോ ചാലിശേരിSource: Sunday Shalom