News >> വാവായേശുനാഥ എഴുതിയ ഫാ,ജേക്കബ് കല്ലറയ്ക്കൽ ഓർമ്മത്താളിലേക്ക് ചേക്കറിയിട്ട് അരനൂറ്റാണ്ട്
ഗാനരചനാരംഗത്തെ പ്രശസ്തരുമായി താരതമ്യം ചെയ്യുമ്പോൾ ഫാ. ജേക്കബ് കല്ലറക്കലിന്റെ രചനകൾ എണ്ണത്തിൽ കുറവായിരിക്കും. പക്ഷേ, ക്രൈസ്തവ ഭക്തിഗാനശാഖയിൽ അഗ്രഗണ്യ സ്ഥാനത്തിന് അർഹനാണ് അദ്ദേഹം.വാവാ യേശുനാഥാ, വാവാ സ്‌നേഹനാഥാ... ഹാ, എൻ ഹൃദയം തേടീടും സ്‌നേഹമേ നീ..' ഈ വരികൾ ഒരിക്കലെങ്കിലും പാടാത്ത ക്രൈസ്തവരുണ്ടാകില്ല, മലയാളികളിൽ. മലയാളികളുടെയിടയിൽ നിത്യസാന്നിധ്യമായ ഈ ഈരടികൾ ലോകജനതയും ശ്രവിച്ചു, റോമിൽനിന്ന്. അൽഫോൻസാമ്മ വിശുദ്ധഗണത്തിലേക്ക് ഉയർത്തപ്പെട്ട തിരുക്കർമങ്ങളിൽ ആലപിച്ച മലയാളഗാനങ്ങളിൽ ഒന്ന് ഇതായിരുന്നു. കേരളത്തിലെ ചെറിയ ദൈവാലയംമുതൽ റോമിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽവരെയെത്തിയ ആ ഈരടികൾ ഫാ. ജേക്കബ് കല്ലറക്കലിന്റെതാണ്. ഈ ഗാനം മാത്രം മതി ക്രൈസ്തവ ഭക്തിഗാനങ്ങൾ ജനകീയമാക്കുന്നതിൽ ഫാ. ജേക്കബ് കല്ലറക്കൽ നൽകിയ സംഭാവനയ്ക്ക് തെളിവ്. ഓശാന ഈശനു സതതം, ശിശുസഖ്യപാലക ഉണ്ണീശോ, എൻജനമേ ചൊല്ക ചൊല്ക, പൂജയണച്ചീടുവാൻ... തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു.ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് 1904 ഓഗസ്റ്റ് 16-ന് കല്ലറക്കൽ ചീക്കു-മറിയം ദമ്പതികളുടെ മകനായാണ് ജനനം. കോട്ടപ്പുറത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂരും ഗോതുരുത്തിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസം. വരാപ്പുഴ ആർച്ച് ബിഷപ്പായിരുന്ന എയ്ഞ്ചൽ മേരിയിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു, 1934 ഡിസംബർ 20-ന്. അതിരൂപതയുടെ വിവിധ ഇടവകകളിൽ സഹവികാരിയായി. 1938-ൽ കോതാട് തിരുഹൃദയ ദൈവാലയത്തിൽ വികാരിയായി നിയമിക്കപ്പെട്ട ഫാ. കല്ലറക്കൽ 15 വർഷക്കാലം അവിടെ ശുശ്രൂഷ ചെയ്തു. 1953-ൽ പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയ വികാരിയായി ചുമതലയേറ്റ അദ്ദേഹം 1965 ഡിസംബർ 29-ന് കാലയവനികയ്ക്കുള്ളിൽ മറയുംവരെ അവിടെ സേവനമനുഷ്ഠിച്ചു.അക്കാലത്ത് മലയാള ക്രൈസ്തവ ഭക്തിഗാനങ്ങൾ മറ്റുഭാഷകളിലെ പ്രശസ്ത സിനിമാഗാനങ്ങളുടെ ഈണവുമായി ബന്ധപ്പെടുത്തിയാണ് രചിച്ചിരുന്നത്. പാട്ടുകളുടെ കൂടെ 'എ.മ' (എന്ന മട്ട്) എന്നുകൂടി അച്ചടിക്കുമായിരുന്നു. അതേ ഈണത്തിൽ പാടണമെന്ന് അർത്ഥം. സത്യത്തിൽ, ഈ ഗാനങ്ങൾ വിശ്വാസികളിൽ ഭക്തി ഉളവാക്കുന്നതായിരുന്നില്ല. ആലപിക്കുമ്പോൾ ഓർമയിലെത്തുന്നത് സിനിമയിലെ രംഗങ്ങളായിരിക്കും.എന്നാൽ, ഫാ. കല്ലറക്കലിന്റെ കവിതകളുടെ സവിശേഷത ലാളിത്യമായിരുന്നു. ലളിതഗാനമെന്ന പ്രസ്ഥാനം തന്നെ മലയാളത്തിൽ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഫാ. കല്ലറക്കൽ ക്ലാസിക്കൽ ശൈലി ഉപേക്ഷിച്ച് പുതിയപാത വെട്ടിത്തുറന്നത്. അത് അനുവാചകരുടെ ഹൃദയത്തിൽ അനുരണനങ്ങൾ സൃഷ്ടിച്ചു. കാവ്യരചനയിൽ പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ശീലുകൾ മലയാളിക്ക് അനുഭവവേദ്യമായ ഭാഷയിൽ സന്നിവേശിപ്പിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പാതയിൽ തന്നെയാണ് ഫാ. കല്ലറക്കലും സഞ്ചരിച്ചത്. ഗാനങ്ങൾ രചിക്കാൻ മാത്രമല്ല അതിന് ഇമ്പമേറുന്ന ഈണങ്ങൾ നൽകാനും ശ്രുതിമധുരമായി പാടാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. കൈരളിയുടെ പ്രിയ കവി ജി. ശങ്കരക്കുറപ്പ് ഫാ. കല്ലറയ്ക്കലിനെക്കുറിച്ച് നടത്തിയ പരാമർശം അക്കാര്യം അടിവരയിടുന്നു: "ഒരു കവിക്ക് അയാളുടെ കവിതകൾ മനോഹരമായി പാടാനാവില്ല; ഒരു ഗായകന് മനോഹരമായി ഗാനം രചിക്കാനാവില്ല. ചില അപൂർവ വ്യക്തികൾക്കുമാത്രമേ ഈ രണ്ടുകഴിവുകളും ഒന്നിച്ച് ലഭിക്കൂ."സംഗീതവും കലാരൂപങ്ങളും ആശയപ്രചരണത്തിനും രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കുന്നതിനും ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു ഫാ. ജേക്കബ് കല്ലറക്കിലിന്റെയും ജീവിതം. തന്റെ ചുറ്റുമുണ്ടായിരുന്ന സാമൂഹ്യമാറ്റങ്ങൾ സ്വയം പരീക്ഷിക്കാൻ അദ്ദേഹവും തയാറായി. വരാപ്പുഴ അതിരൂപതയിലെ പോണേൽ ദൈവാലയ വികാരിയായിരിക്കേ മാമംഗലത്തും ഉണിച്ചിറയിലും പുതിയ ദൈവാലയങ്ങൾ നിർമിക്കാൻ ഫാ. കല്ലറക്കൽ നടത്തിയ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്.ദൈവാലയ നിർമാണം ഒരു ജനതയുടെ വികാരമാക്കിമാറ്റാനും അതിലൂടെ കഴിയുന്നത്ര പിന്തുണ ആർജിക്കാനുമായി അദ്ദേഹം കൈക്കൊണ്ട മാർഗം ചരിത്രത്തിന്റെ ഭാഗമാണ്. ദൈവാലയ നിർമാണത്തിനുവേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങളെക്കുറിച്ചുള്ള സ്മരണകൾ ഇന്നും ഈ പ്രദേശത്തുള്ളവരുടെ മനസിലുണ്ട്. 'തെണ്ടുപാട്ടുകൾ' എന്നാണ് അന്ന് അതിനെ വിളിച്ചിരുന്നത്. മാമംഗലം കർമലമാതാ ദൈവാലയം നിർമിക്കാനുള്ള ധനസമാഹരണയജ്ഞത്തിന്റെ ഭാഗമായി അദ്ദേഹം രചിച്ച ഗാനത്തിന്റെ വരികളിലൂടെ:"എല്ലാരും കനിയണേ കരുതണേ,
ചെറിയൊരു ധർമം തരികെന്നേ
ചെറിയൊരു ധർമം വലിയൊരു കാര്യം,
അതുവഴി നേടാൻ കഴിയോന്നേ,
പോണില്ല കുറയാനൊന്നും
അങ്ങിനെ ചെയ്താലുണ്ടെന്നേ"എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ദൈവാലയ നിർമാണത്തിനുള്ള പണം സമാഹരിക്കുന്നതോടൊപ്പംതന്നെ സ്വർഗത്തിൽ ഉണ്ടാകേണ്ട നിക്ഷേപത്തെക്കുറിച്ചും അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. ഇഹലോകത്തിലെ ദാനധർമം നമ്മുടെ സ്വത്ത് കുറയ്ക്കില്ലെന്നും സ്വർഗത്തിൽ അതിന്റെ മുതലും പലിശയും ലഭിക്കുമെന്നും ഓർമിപ്പിച്ച അദ്ദേഹം മറ്റൊന്നുകൂടി ഓർമിപ്പിച്ചു, ഈ ലോകത്ത് എത്രസമ്പാദിച്ചാലും കരുതിവെച്ചാലും ആറടി മണ്ണുമാത്രമാകും അവസാനം ലഭിക്കുക. കേവലം ധനസമാഹരണയജ്ഞത്തിന്റെ ഭാഗമായി രചിച്ച ഗാനത്തിലൂടെയും അദ്ദേഹം പഠിപ്പിച്ചു, വിശുദ്ധ ജീവിതത്തിലേക്കുള്ള വഴിത്താരകൾ.ഗാനങ്ങൾ മാത്രമല്ല, നാടകങ്ങളും സംഗീതനാടകങ്ങളും ലേഖനങ്ങളും കവിതകളുമെല്ലാം ഫാ. കല്ലറക്കലിന്റെ തൂലികയിൽനിന്ന് ജന്മമെടുത്തു. ദീപിക, സത്യനാദം, ചെറുപുഷ്പം, സത്യദീപം, പ്രേഷിത കേരളം, മലബാർ മെയിൽ, കർമല കുസുമം തുടങ്ങിയ ആനുകാലികങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രചനകൾ വെളിച്ചം കണ്ടത്. 'ജെ.കെ.' എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' എന്ന നോവൽ അവലംബിച്ച് അദ്ദേഹം എഴുതിയ 'മെഴുകുതിരിക്കാലുകൾ' എന്ന നാടകമാണ് ഇതിൽ സുപ്രധാനം. പറുദീസാനഷ്ടം, കൊച്ചുതോബിയാസ് തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമാണ്. വലിയനോമ്പുകാലത്തെ ഭക്തിസാന്ദ്രമാക്കാൻ 'കുരിശിന്റെ വഴിയും' അദ്ദേഹം രചിച്ചിട്ടുണ്ട്. ദൈവദാസൻ ഫാ. തിയോഫിൻ കപ്പൂച്ചിനാണ് ഇതിലെ പ്രാർത്ഥനകൾ രചിച്ചത്. ഒരുപക്ഷേ, കുരിശിന്റെ വഴി അർപ്പിക്കാൻ മലയാളത്തിൽ ആദ്യമായി രചിക്കപ്പെട്ട പ്രാർത്ഥനാഗീതങ്ങളായിരിക്കും അത്. പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും മുതിർന്ന തലമുറയുടെ ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നുണ്ട് "വരമേകണേ യേശുമഹേശ, കുരിശിന്റെ വഴിയെ വരുവാൻ" എന്നു തുടങ്ങുന്ന അതിന്റെ ഈരടികൾ.1965ലെ ക്രിസ്മസിന്, 'താരാട്ട് പാടിടട്ടെ' എന്ന ശീർഷകത്തിൽ രചിച്ച ഗാനമായിരുന്നു അദ്ദേഹത്തിന്റെ അവസാന രചന. "ആലോലഗാന ധാരയിൽ നിന്നെ ഞാൻ താരാട്ടു പാടിട്ടെ" എന്ന് അവസാനിക്കുന്നതാണ് അതിലെ വരികൾ. അദ്ദേഹത്തിന്റെ മരണശേഷം സത്യദീപത്തിൽ ഇത് 'അന്ത്യഗാനം' എന്ന പേരിൽ വെളിച്ചംകണ്ടു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ പിതൃസഹോദരനാണ് ഫാ. ജേക്കബ് കല്ലറക്കൽ. അദ്ദേഹത്തിനൊപ്പം താമസിച്ചുകൊണ്ടായിരുന്നു ഫ്രാൻസിസ് കല്ലറക്കലിന്റെ പഠനം. അതുമൂലം, ഗാനരചനാവേളയിൽതന്നെ ഫാ. കല്ലറക്കലിന്റെ ഗാനങ്ങൾ ഏറ്റുപാടാൻ അവസരം ലഭിച്ചിട്ടുണ്ട് ആർച്ച് ബിഷപ് ഡോ. കല്ലറക്കലിന്.'നീയെൻ പ്രാണനാഥൻ,
നീയെൻ സ്‌നേഹരാജൻ
നിന്നിലെല്ലാമെൻ ജീവനും സ്‌നേഹവുമേ..
വാവാ യേശു നാഥാ...വിശ്വാസി ഉള്ളം നിറഞ്ഞ് പാടുന്നു, ഭാവതീവ്രതയോടെ. മനുഷ്യനെ ദൈവസന്നിധിയിലേക്ക് ആനയിക്കുന്ന ഇത്തരം ഗാനങ്ങൾതന്നെയാണ് കാവ്യശ്രേഷ്ഠനായ ഫാ. ജേക്കബ് കല്ലറക്കലിന്റെ സ്മാരകങ്ങൾ.ഷാജി ജോർജ്Source: Sunday Shalom