News >> നിങ്ങളുടെ കുട്ടികൾ സൈബർ ധ്യാനത്തിലാണോ?
ആരാധനാലയങ്ങളിലെ ഭക്തിസാന്ദ്രമായ നിശബ്ദതയിലും മരച്ചുവട്ടിലും കടലോരത്തും ഒക്കെയിരുന്ന് ധ്യാനിക്കുന്ന മനുഷ്യരെ നാം കാണാറുണ്ട്. ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ഈ ലോകത്തുനിന്നും പിൻവാങ്ങി നിശബ്ദതയുടെ ആഴങ്ങളിൽ അനുഭവിച്ചറിയുന്ന ദൈവസാന്നിധ്യവുമായി ആശയസംവേദനം നടത്തുകയാണിവർ ചെയ്യുന്നത്. എന്നാൽ ഈ സൂപ്പർസോണിക്ക് ലോകത്തിന്റെ ഒച്ചപ്പാടുകൾക്കിടയിൽ നിന്നുകൊണ്ട് മറ്റേതോ ലോകത്തേക്ക് പിൻവാങ്ങി അനേകരുമായി സംവദിച്ചുകൊണ്ട് ധ്യാനനിരതരാകുന്ന മനുഷ്യർ ഈ ഹൈടെക് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ കൈവെള്ളയിൽ ഒതുങ്ങി നിൽക്കുന്ന ലോകത്തിലേക്ക് മുഖം പൂഴ്ത്തി ധ്യാനിക്കുന്ന മനുഷ്യരെ കാണാം. പരിസരം മറന്ന് ഏകാന്തതയിൽ മുഴുകി സൈബർ സ്‌പേസിലെ അതിർവരമ്പുകളില്ലാത്ത ലോകത്ത് നിമഗ്നരാകുന്ന ഇവർ സൈബർ ധ്യാനികളാണ്. കാഴ്ചയിൽ നിശബ്ദരാണെങ്കിലും അവരുടെ മനസ് കലങ്ങിമറിഞ്ഞ കടലിന് തുല്യമാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അലയടിച്ച് എത്തുന്ന സൈബർ തിരമാലകളിലേക്ക് കണ്ണുംനട്ട് ഒരു ലൈക്കിനും കമന്റിനുമായി അവർ കാത്തിരിക്കുന്നു.ദിനംപ്രതി നിരവധി പേരെ സുഹൃത്തുക്കൾ ആക്കാൻവേണ്ടി സൗഹൃദ അപേക്ഷകൾ അയച്ച് കാത്തിരിക്കുന്നതിനിടയിൽ ഹൃദയത്തിന്റെ വാതിൽക്കൽ വന്ന് മുട്ടി 'ഫ്രണ്ട് റിക്വസ്റ്റ്' ചെയ്യുന്ന ദൈവത്തെ പലരും കാണാതെ പോകുന്നുണ്ട്. അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നു. സൈബർ സ്‌പേസിൽ ഫോട്ടോ ഷെയർ ചെയ്യാത്ത, ഒരു ലൈക്കടിക്കാത്ത ദൈവത്തെ എങ്ങനെ ഇഷ്ടപ്പെടും, അല്ലേ?നാലും അഞ്ചും സുഹൃത്തുക്കളുമായി ഒരേസമയം ചാറ്റിംഗിൽ ഏർപ്പെട്ട് ചിരിച്ച് കളിച്ച് കഴിയുമ്പോൾ 'മോനേ', 'മോളേ' എന്ന് നീട്ടിവിളിക്കുന്ന അമ്മയുടെ വിളി പലപ്പോഴും നാം കേൾക്കാറില്ല. വിളിച്ച് വിളിച്ച് മടുത്ത് അവസാനം കമ്പ്യൂട്ടർ സ്‌ക്രീനിനു മുന്നിൽ വന്ന് അത് സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കുന്ന അമ്മയുടെ കൈ തട്ടിമാറ്റി വീണ്ടും ചാറ്റിംഗിൽ തുടരാനുള്ള ശ്രമം. അവസാനം നിർബന്ധത്തിന് വഴങ്ങി ഒരു തരത്തിൽ എണീറ്റുവന്ന് പ്രാർത്ഥനയിൽ പങ്കുകൊള്ളും. സന്ധ്യാപ്രാർത്ഥനയിൽ യേശുവിനോട് ചാറ്റ് ചെയ്യാനുള്ള അമ്മയുടെ അപേക്ഷയെ മക്കൾ ഉറങ്ങിത്തീർക്കും. പ്രാർത്ഥന കഴിഞ്ഞ് കർമംപോലെ ചെയ്തുതീർക്കുന്ന സ്തുതികൂടി കഴിഞ്ഞാൽ വീണ്ടും ചാറ്റിംഗിലേക്ക്.അനന്തമായി നീളുന്ന ഈ സൈബർ ചാറ്റിംഗുകൾ, ഗൂഗിളിംഗ്, കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവ നമ്മുടെ കുട്ടികളിലെ മനുഷ്യത്വത്തെ വരണ്ടുണക്കി അവനെ യാന്ത്രികനാക്കി മാറ്റുന്നു. ക്ലാസ്മുറികളിൽ പരസ്പരം കണ്ടാൽ മിണ്ടാൻ മടിക്കുന്ന കുട്ടികൾ യന്ത്രസഹായത്തോടെ ചാറ്റിംഗ് നടത്താൻ കൂടുതൽ ഉത്സാഹം കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി, അവന്റെയോ അവളുടെയോ കണ്ണുകളിലെ തിളക്കത്തെ കണ്ട്, പുറത്തൊന്നു തട്ടി സൗഹൃദം പങ്കുവയ്ക്കുന്നതിനുപകരം ഇന്നത്തെ തലമുറയ്ക്ക് സൗഹൃദം പങ്കുവയ്ക്കാൻ സൈബർ സ്‌പേസ് എന്ന മധ്യസ്ഥനെ വേണം.ആരാ ഏറ്റവും നല്ല സുഹൃത്ത് എന്ന് ചോദിച്ചാൽ ഐഫോൺ, ഗ്യാലക്‌സി എസ് 6, ലെനോവ കെ നോട്ട് തുടങ്ങിയ ഉത്തരങ്ങൾ കിട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല. നമ്മുടെ ചെറുപ്പക്കാരുടെ സന്തതസഹചാരിയായി മൊബൈലുകൾ മാറിയിരിക്കുന്നു. മനുഷ്യന്റെ മുഖത്ത് നോക്കി ചിരിക്കാൻ സമയമില്ലാത്ത നമ്മുടെ തലമുറ മുഖം പൂഴ്ത്തുന്നത് മൊബൈൽ ഫോൺ സ്‌ക്രീനിലാണ്.ഈ അടുത്ത കാലത്ത് ഒരു കുടുംബസന്ദർശനത്തിന് പോയപ്പോൾ ഉണ്ടായ വിചിത്രമായ അനുഭവമാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. വീട്ടിൽ ചെന്ന് കയറി അപ്പനും അമ്മയുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ മക്കൾ എന്തിയേ എന്ന് ചോദിച്ചപ്പോൾ, അമ്മയുടെ മറുപടി ഇതായിരുന്നു: "എന്റെ ബ്രദറേ, ഒന്നും പറയണ്ട. അവർ കമ്പ്യൂട്ടർ ധ്യാനത്തിലാണ്." വീട്ടിൽ ആരാ വന്നതെന്നറിയാതെ, അവിടെ എന്താണ് നടക്കുന്നതെന്നറിയാതെ സൈബർ സ്‌പേസിന്റെ ലോകത്ത് മായക്കാഴ്ചകൾ കണ്ട് ഏകാന്തതയിൽ രമിക്കുന്ന അവരുടെ അജ്ഞാതവാസത്തെ കമ്പ്യൂട്ടർ ധ്യാനമെന്ന് വിശേഷിപ്പിച്ച അമ്മച്ചിയുടെ വാക്ക് ശ്രദ്ധിക്കണം.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നുതന്നെയാണ് എന്റെ വിചാരം. ചാറ്റിംഗും ഗൂഗിളിംഗും ഒന്നും വേണ്ട എന്നല്ല. ഒരു നൂറുകൂട്ടം കാര്യങ്ങളോട് നോ പറഞ്ഞ് ഫേസ്ബുക്കിൽ സദാസമയവും കയറിയിറങ്ങി, പുതുതായി ഇട്ട ഫോട്ടോയുടെ ലൈക്കിന്റെ കണക്കെടുത്ത്, കമന്റുകൾ പാസാക്കി സമയം പാഴാക്കുന്നതിനിടയിൽ നഷ്ടപ്പെട്ടുപോകുന്ന പലതുമുണ്ട്.
- സ്‌കൂളിലോ കോളജിലോ പോയി തിരിച്ചുവന്ന് അമ്മച്ചിയുടെയോ അപ്പച്ചന്റെയോ അടുത്ത് സ്‌നേഹത്തോടെ മുട്ടിയുരുമ്മിനിന്ന് വിശേഷങ്ങൾ പറയുന്ന സമയം.
വീട്ടിൽ കൊച്ചുമക്കളുടെ വിശേഷങ്ങൾ കേൾക്കാൻ കൊതിച്ചിരിക്കുന്ന വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും സ്‌നേഹവും അനുഭവകഥകളും.
സഹോദരി സഹോദരന്മാർ തമ്മിലുള്ള കളിചിരി തമാശകൾ, ചെറുവഴക്കുകൾ.
വീട്ടിൽ ഓടിച്ചാടി, കളിച്ചുചിരിച്ച് നടക്കുന്ന കുരുന്നുകളുടെ നിഷ്‌കളങ്കമായ ചിരി.
ഷെൽഫുകളിൽ വാങ്ങിക്കൂട്ടി വച്ചിരിക്കുന്ന പുസ്തകങ്ങളുമായുള്ള ചങ്ങാത്തം.
അയൽപക്ക വീടുകളുമായുള്ള ബന്ധം.
വീട്ടുവളപ്പിലെ ചെടികളും വളർത്തു മൃഗങ്ങളും...
മനുഷ്യരിൽനിന്നും പ്രകൃതിയിൽനിന്നുമുള്ള ഈ അകൽച്ച ദൈവത്തിൽ നിന്നകലാനും യുവജനങ്ങളെ പ്രേരിപ്പിക്കുന്നു. ദൈവത്തെ, മനുഷ്യരിലോ ഈ പ്രപഞ്ചത്തിലോ കാണാതെ സൈബർ സ്‌പേസിൽ ഷെയർ ചെയ്യാനുള്ള ചിത്രമായോ വീഡിയോ ആയോ മാത്രം കാണുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇങ്ങനെ ദൈവത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്ത് കിട്ടുന്ന ലൈക്കുകൾ കണ്ട് സന്തോഷിക്കുന്ന ഇവർ നടത്തുന്നത് അത്യാധുനിക സൈബർ ആരാധനയാണ്. നമ്മുടെ അനുദിന ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും നിരന്തരം ഇടപെടുന്ന, നമ്മെ കാത്തുപരിപാലിക്കുന്ന ദൈവത്തെ മാനിക്കാതെ സൈബർ ആരാധനയിൽ മുഴുകിക്കഴിയുന്നവർ, ദൈവസാന്നിധ്യത്തിന്റെ നിറഗോപുരങ്ങളായ ദൈവാലയങ്ങളിൽനിന്നും മനുഷ്യസമൂഹത്തിൽനിന്നും അകലുകയാണ്.അനിയന്ത്രിതമായ സൈബർസ്‌നേഹം നേട്ടങ്ങളെക്കാൾ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഫേസ്ബുക്കിൽക്കൂടി പരിചയപ്പെടുന്ന അപരിചിതരായ മനുഷ്യരുമായുള്ള നിരന്തരസമ്പർക്കം വരുത്തിവയ്ക്കുന്ന വിനകൾ പത്രമാസികകളിൽക്കൂടി നമ്മൾ നിരന്തരം വായിച്ച് അറിയുന്നവരാണ്. മനുഷ്യസമ്പർക്കത്തെക്കാൾ ഉപരി യന്ത്രസാമീപ്യം ഇഷ്ടപ്പെടുന്ന ഒരു യുവതലമുറ വളർന്നുവരുന്നത് നമ്മുടെ നാടിനാപത്താണ്. വികാരങ്ങൾ എല്ലാം യാന്ത്രികമാവുകയും അതിൽ ആത്മാർത്ഥത ഇല്ലാതാവുകയും ചെയ്താൽ തകരുന്നത് മനുഷ്യബന്ധങ്ങളും കുടുംബബന്ധങ്ങളും ആയിരിക്കും. സൈബർ ലോകത്തിന് അടിമപ്പെട്ട് സാമൂഹ്യാവബോധവും സമ്പർക്കവും നഷ്ടപ്പെട്ട യുവതലമുറയെ അല്ല നമ്മൾക്ക് വേണ്ടത്. മറിച്ച് വിവരസാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ മാർഗങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന ഉത്തരവാദിത്വബോധമുള്ള യുവതലമുറയെയാണ് നമുക്കാവശ്യം. മൊബൈലിൽ മുഖം പൂഴ്ത്തി ധ്യാനിക്കുന്ന യുവതലമുറയാകാതെ മനുഷ്യന്റെ മുഖത്തുനോക്കി ചിരിക്കുന്ന യുവജനതയെ രൂപീകരിക്കുവാൻ നമുക്ക് പരിശ്രമിക്കാം.റോയ് അലക്‌സ് എസ്.ജെSource: Sunday Shalom