News >> ബൈബിളിന്റെ മലയാളപ്പെരുമ


"ഞാൻ കത്തിച്ച ബൈബിൾ ചാരത്തിൽ നിന്നെഴുന്നേറ്റ ക്രിസ്തു എന്റെ ഉള്ളിലേക്ക് പ്രവേശിച്ചതിനാലാകാം ഞാൻ ഒരു ക്രിസ്ത്യാനിയായി മാറിയത്"' - സാധു സുന്ദർ സിംഗ്

ബൈബിൾ - ആ വാക്കുപോലും എത്ര മനോഹരമാണ്! ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ സാഹിത്യരൂപം. നൂറ്റാണ്ടുകൾക്കപ്പുറത്തും ഇപ്പുറത്തും നിന്ന് പലരെഴുതി (നാല്പതോളം പേർ ആയിരത്തി മുന്നൂറോളം വർഷമെടുത്ത് എഴുതിയത്), മനോഹരമായി എഡിറ്റു ചെയ്യപ്പെട്ട, ചരിത്രത്തിലാദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം; ഏറ്റവും കൂടുതൽ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട, ഏറ്റവും കൂടുതൽ വില്ക്കപ്പെടുന്ന, സർവ്വോപരി ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള പുസ്തകം. വിശ്വപ്രസിദ്ധങ്ങളായ സാഹിത്യരചനകളെല്ലാം തന്നെ ബൈബിളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് എഴുതപ്പെട്ടവയാണ്. വിശ്വോത്തര സാഹിത്യകാരന്മാർ ബൈബിളിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പി മുത്തും പവിഴവും കോരിയെടുത്തവരാണ്. ഇന്നും ബൈബിളിന്റെ പ്രസക്തി അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. മതങ്ങൾക്കതീതമാണ് ബൈബിളിനോടുള്ള ആദരം. വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുടെ വാക്കുകളിലും, എഴുത്തുകളിലും തെളിയുന്ന ബൈബിൾ സ്വാധീനം നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. കാലാകാലങ്ങളായി ബൈബിൾ നല്കുന്ന സ്‌നേഹം, സാന്ത്വനം പ്രത്യാശ, അറിവ് . . . എല്ലാം വാക്കുകൾക്കതീതമാണ്.

സഭാ ജീവിതത്തിൽ ബൈബിളിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സഭാമക്കളിൽ ബൈബിൾ പാരായണം, ബൈബിൾ പഠനം, ബൈബിളധിഷ്ഠിത ജീവിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) 1976-ൽ ബൈബിൾ കമ്മീഷനെ നിയോഗിച്ചു. ഈ കമ്മീഷന്റെ പ്രഥമവും പ്രധാനവുമായ ദൗത്യം ബൈബിളിന്റെ മലയാള പരിഭാഷ തയ്യാറാക്കുക എന്നതായിരുന്നു. അങ്ങനെ 1977 ഡിസംബറിൽ പുതിയനിയമവും 1981 ഡിസംബറിൽ സമ്പൂർണ ബൈബിളും മലയാളത്തിൽ പ്രസിദ്ധീകൃതമായി. ഈ സമ്പൂർണ ബൈബിളാണ് നമ്മളിന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പി.ഒ.സി. ബൈബിൾ.
ബൈബിൾ എന്ന അക്ഷയ ഖനി വിവിധ രൂപങ്ങളിലൂടെ പരമാവധി പേരിലേക്ക് രാജ്യാന്തരസീമകൾ ഭേദിച്ച് കടന്നുചെല്ലണമെന്ന് കെ.സി.ബി.സി. ബൈബിൾ കമ്മീഷനും, അതിനോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും തീവ്രമായി ആഗ്രഹിച്ചു. ആത്മാവിൽ കനലുള്ള ദൈവമക്കളുടെ കർമ്മോത്സുകതയുടെയും കറകളഞ്ഞ വിശ്വാസത്തിന്റെയും ഫലമായി ബൈബിൾ വിവിധ രൂപങ്ങളിൽ ജനഹൃദയങ്ങളിലെത്തി. അതിനെക്കുറിച്ചാകട്ടെ ഇനിയുള്ള പ്രതിപാദ്യം.

1. സൈബർ ബൈബിൾ: സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ജോലിക്കുപോകുന്ന സഹോദരങ്ങൾക്ക് വേദപുസ്തകം കൂടെ കൊണ്ടുപോകാനാവില്ലല്ലോ. ലോകത്തിന്റെ ഏതുഭാഗത്തുമുള്ള മലയാളികൾക്കും ബൈബിൾ സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജീസസ് യൂത്തിന്റെ സഹകരണത്തോടെ 2008 ൽ ബൈബിൾ കമ്മീഷൻ സൈബർ ബൈബിൾ തയ്യാറാക്കി. ഗൾഫ് രാജ്യങ്ങളിലുള്ള ധാരാളം ജീസസ് യൂത്ത് അംഗങ്ങൾ വിൻസെന്റ് ബെർണാർഡിന്റെയും വിന്നിയുടെയും നേതൃത്വത്തിൽ ഈ സംരംഭത്തിലേക്ക് സ്വയം സമർപ്പിക്കുകയായിരുന്നു. 2008 സെപ്റ്റംബർ 24-ാം തീയതി ഔദ്യോഗികമായി ംംം.ുീരയശയഹല.രീാ എന്ന വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു.

2. മൊബൈൽ ബൈബിൾ: പി.ഒ.സി. ബൈബിളിന്റെ മൊബൈൽ ആപ്പ് 2012 ൽ പുറത്തിറങ്ങി. ആൻഡ്രോയിഡ് ആപ്ലിക്കേഷനുള്ള മൊബൈൽ ഫോണുകളിൽ ഇതു ലഭ്യമാണ്. ഇതിനകം നാലുലക്ഷത്തിലേറെ ഡൗൺലോഡുകളാണ് മൊബൈൽ ബൈബിളിനുണ്ടായിട്ടുള്ളത് എന്നത് ഇതിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. ബൈബിൾ വായന മാത്രമല്ല, പദാന്വേഷണ സൗകര്യങ്ങളും ഇതിലുണ്ട്.

3. ശ്രവ്യ ബൈബിൾ: ദൈവവചനം വായിക്കുന്നതുപോലെ തന്നെ പ്രാധാന്യം കേൾക്കുന്നതിനുമുണ്ട്. മാർട്ടിൻ പി. ജോസ് 1996 ൽ പരിശുദ്ധാത്മപ്രേരിതനായി ത്യാഗപൂർവം ആരംഭിച്ച സംരംഭം ലിയോ തദേവൂസിന്റെ സംവിധാനത്തിൻ കീഴിൽ പ്രമുഖ വചനപ്രഘോഷകൻ തോമസ് പോളിന്റെ സഹകരണത്തോടെ കിംഗ്ഡം മിനിസ്ട്രീസിന്റെ ബാനറിൽ പുതിയനിയമത്തിന്റെ ശ്രവ്യബൈബിളായി 2001 ൽ പുറത്തിറങ്ങി. 2010-ൽ കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി പഴയനിയമത്തിന്റെ ശ്രവ്യരൂപനിർമ്മാണത്തിനായി തീരുമാനമെടുത്തപ്പോൾ അതിന്റെ ഉത്തരവാദിത്വമേല്പിച്ചത് മാർട്ടിനെത്തന്നെയാണ്. സിനിമാരംഗത്ത് ഡബ്ബിങ്ങ് മേഖലയിൽ ഇന്ന് ഏറെ തിരക്കുള്ളവരുൾപ്പെടെ മുപ്പതോളം ആർട്ടിസ്റ്റുകളുടെ സഹകരണവും കൂടിയായപ്പോൾ ബൈബിളിലെ ഗദ്യഭാഗങ്ങൾ അതിസുന്ദരമായി പൂർത്തിയാക്കാനായി.
സങ്കീർത്തനങ്ങൾ ഗാനങ്ങളായിട്ടാണ് റെക്കോഡു ചെയ്തിരിക്കുന്നത്. പി.ഒ.സി. ബൈബിളിലെ ഒരു വാക്കുപോലും മാറ്റാതെ മുഴുവൻ സങ്കീർത്തനങ്ങളും പ്രശസ്തരായ സംഗീത സംവിധായകർ ഈണംപകർന്നു ഗാനരൂപത്തിൽ ആക്കിയത് ഫാ. ജെയ്റ്റസ് ഒ.എഫ്.എം. കപ്പൂച്ചിൻ എന്ന വൈദികന്റെ നേതൃത്വത്തിലാണ്. 18 സംഗീത സംവിധായകരോടൊപ്പം നൂറോളം ഗായകരും വാദ്യോപകരണവിദഗ്ദ്ധരും അണിചേർന്നപ്പോൾ ഹൃദ്യവും പ്രാർത്ഥനാനിർഭരവും ശ്രുതിമധുരവുമായ സങ്കീർത്തനങ്ങൾ ഗാനരൂപത്തിൽ തയ്യാറായി.

യാത്രകളിലും ജോലി ചെയ്യുമ്പോഴും എല്ലാം വചനം കേട്ടുകൊണ്ടിരിക്കാൻ കഴിയുന്നത് തീർച്ചയായും വലിയ ദൈവാനുഗ്രഹമാണ്. ഇന്റർനെറ്റിലും (www.keralabiblesociety.com) ആൻഡ്രോയിഡ് ഫോണുകളിലും പി.ഒ.സി. ഓഡിയോ ബൈബിൾ ഓൺലൈനിൽ കേൾക്കാവുന്നതാണ്. ഓഡിയോ ബൈബിൾ ലഭ്യമാകുന്ന ഫോർമാറ്റുകൾ സി.ഡി., ഡി.വി.ഡി, 8 ജി.ബി. പെൻഡ്രൈവ്, ഓൺലൈൻ ലിങ്ക് എന്നിവയാണ്. 2014 നവംബർ 30-ന് കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെ രജതജൂബിലി വർഷോദ്ഘാടനവേളയിലാണ് സമ്പൂർണ്ണ ഓഡിയോ ബൈബിൾ ഒരു ജൂബിലിസമ്മാനമായി പ്രകാശിതമായത്.

4. ആക്‌സെസ്സിബിൾ ബൈബിൾ: ആക്‌സെസ്സിബിൾ ബൈബിൾ എന്ന ഒരാശയം ഉണ്ടായതും, ഇത് പ്രാവർത്തികമാക്കാൻ സാധിച്ചതും ഓഡിയോ ബൈബിളിലൂടെയാണ്. അന്ധരായ സഹോദരങ്ങളെ, പരസഹായം കൂടാതെ ബൈബിൾ കേൾക്കുന്നതിനു സഹായിക്കുന്ന ഈ സോഫ്റ്റ്‌വെയറിൽ നാവിഗേറ്റർ എന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയുള്ളവർ പുസ്തകത്താളുകൾ മറിച്ചുനോക്കുന്നതുപോലെ തന്നെ ഇവർക്ക് ആക്‌സെസ്സിബിൾ ബൈബിളിലൂടെ യഥേഷ്ടം സഞ്ചരിക്കാം. ഡെയ്‌സി പ്ലാറ്റ്‌ഫോം ആപ്ലിക്കേഷനിലാണ് (Digital Accessible Information System) ഇത് ചെയ്തിരിക്കുന്നത്. കേൾവിക്കാർക്ക് വേണ്ടനിർദ്ദേശങ്ങൾ തുടക്കത്തിൽ കമ്പ്യൂട്ടർ നല്കുന്നുണ്ട്. സാധാരണക്കാർക്കും ഈ ബൈബിൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ ആശയദാതാവ് യൂണിയൻ ബാങ്ക് അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന ജെറിൻ ജോസാണ്. കാഴ്ചയില്ലാത്ത ഈ ചെറുപ്പക്കാരൻ കാഴ്ചയുള്ളവരെക്കാൾ കാഴ്ചയോടെയാണ് ഇതിന്റെ രൂപകല്പനയിൽ പങ്കാളിയായത്. ഇതിന്റെ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് ജോൺസൺ അഗസ്റ്റിൻ ആണ്. ബൈബിൾ സൊസൈറ്റിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗവും ഹൈടെക് സബ്കമ്മിറ്റി കൺവീനറുമായ ആന്റണി സച്ചിൻ ഇതിന്റെ നിർമാണത്തിന് ചുക്കാൻ പിടിച്ചു. തീക്ഷ്ണമതികളായ മൂന്നു ചെറുപ്പക്കാർ ബഹുമാനപ്പെട്ട ജോഷി മയ്യാറ്റിലച്ചനോടൊപ്പം ഒരു മനസോടെ, പ്രാർത്ഥനയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് കേരള സഭയ്ക്കു ലഭ്യമായ ഈ അതുല്യ സമ്മാനം.
5. സൈൻ ബൈബിൾ: 'എഫ്ഫാത്ത!'2015 കൊല്ലങ്ങൾക്കുമുമ്പ് ഗലീലിയിൽ മുഴങ്ങിക്കേട്ട നസ്രായന്റെ ആ ശബ്ദം ഒരു ആജ്ഞാശബ്ദമാണ്. അവൻ തുറക്കപ്പെടട്ടെ'എന്നു പറഞ്ഞാൽ ഏതു കാതാണ് തുറക്കാതിരിക്കുക. അവൻ 'അഴിയപ്പെടട്ടെ'എന്നു പറഞ്ഞാൽ ഏതു നാവിന്റെ കെട്ടാണ് അഴിയാതിരിക്കുക. ഇന്നും അതേ ശബ്ദം ഉയരുകയാണ് - ബൈബിൾ സൊസൈറ്റിയിലൂടെ. സഭ എന്നും അന്ധരും മൂകരും ബധിരരുമായ മക്കളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും ഒക്കെ കരുതലും ഊന്നലും കൊടുത്തിട്ടുണ്ട്. സൈൻ ബൈബിളിലൂടെ സഭ വിഭിന്നശേഷിയുള്ളമക്കളുടെ ആത്മവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒരു കാൽവയ്പാണ് നടത്തിയിരിക്കുന്നത്. ആംഗ്യഭാഷയിലുള്ള പി.ഒ.സി. ബൈബിൾ - അതാണ് സൈൻ ബൈബിൾ. ആംഗ്യഭാഷയിലൂടെ ബൈബിളിലെ പ്രബോധനങ്ങൾ, സംഭവങ്ങൾ, അടയാളങ്ങൾ, അദ്ഭുതങ്ങൾ എല്ലാം വിവരിക്കാൻ ബൈബിൾ സൊസൈറ്റിക്കു പദ്ധതിയുണ്ട്. ഇതിന്റെ ആദ്യ ഭാഗം എന്ന നിലയിൽ ക്രിസ്തുവിന്റെ പത്ത് അദ്ഭുതങ്ങളാണ് ആംഗ്യഭാഷയിൽ വിശദീകരിച്ചിരിക്കുന്നത്. സിസ്റ്റർ അഭയ എഫ്.സി.സി.യാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ദിവ്യബലിയിൽ വായിക്കുന്ന ബൈബിൾ ഭാഗങ്ങളും വിശദീകരണങ്ങളുമെല്ലാം നോക്കി നില്ക്കാനേ നമ്മുടെ ബധിര-മൂക സഹോദരങ്ങൾക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഈ രീതിയിലുള്ള അവതരണം വഴി അവർക്ക് അവരുടെ ഭാഷയിൽ മനസിലാകുന്നു. ഇതിന്റെ സി.ഡി.കൾ രൂപതകളിലെ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ, മീഡിയ ഡയറക്ടർ എന്നിവരുടെ പക്കൽ സൗജന്യമായി ലഭ്യമാണ്. ഇതിലൂടെ ഈ സഹോദരങ്ങളുടെ കുടുംബാംഗങ്ങൾക്കും ഈ ഭാഷ പഠിച്ച് അവരോട് സംവദിക്കുന്നതിന് സാധിക്കുന്നു. സൈൻ ബൈബിളിന്റെ ആശയം ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റിൽ അച്ചന്റേതു തന്നെയാണ്. സച്ചിൻ ആന്റണി തന്നെയാണ് ഇതും മനോഹരമായി കോർഡിനേറ്റു ചെയ്തിരിക്കുന്നത്.

6. ബ്രെയ്‌ലി ബൈബിൾ: ബ്രെയ്‌ലി ലിപിയിൽ പി.ഒ.സി മലയാളം ബൈബിൾ ഇറക്കുന്നതിനുള്ള പരിശ്രമങ്ങൾ 1991 മുതൽ തുടങ്ങിയതാണ്. എന്നാൽ ഇപ്പോഴാണ് അതു പുറത്തിറങ്ങിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ബ്രദർ സോണി കടൂകുന്നേൽ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. മംഗലപ്പുഴ സെമിനാരിയിൽ രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ് ഇപ്പോൾ അദ്ദേഹം. അദ്ദേഹത്തിന്റെ കഠിന പ്രയത്‌നത്തിന്റെയും തീക്ഷ്ണതയുടെയും ഫലമാണ് ബ്രെയ്‌ലി ബൈബിൾ. അമേരിക്കയിൽ നിന്നും നാനോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ബ്രദർ സോണിയുടെ മഹത്തായ ഈ സേവനത്തിന് കേരള സഭ കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ പുതിയ നിയമം മാത്രമാണ് ലഭ്യമായിരിക്കുന്നത്. പഴയനിയമവും ബ്രെയിലി ലിപിയിൽ അച്ചടിക്കുവാനും കേരളത്തിലെ എല്ലാ അന്ധവിദ്യാലയങ്ങളിലും ഓരോ സെറ്റ് സമ്പൂർണ ബ്രെയ്‌ലി ബൈബിൾ സൗജന്യമായി ലഭ്യമാക്കുവാനുമാണ് കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ തീരുമാനം.

ജെസി മരിയ

Source: Sunday Shalom