News >> നിത്യരക്ഷക്ക് വേറൊരു വാതിലില്ല


വത്തിക്കാൻ സിറ്റി: യേശുവല്ലാതെ സ്വർഗത്തിലേക്ക് കടക്കാൻ മറ്റൊരു വാതിലില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. നിത്യരക്ഷ നേടുന്നതിനായി വിശ്വാസികൾ മറ്റ് വാതിലുകൾ തേടരുതെന്നും സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ മാർപാപ്പ ഉദ്‌ബോധിപ്പിച്ചു.

വാതിലിലൂടെയല്ലാതെ പ്രവേശിക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണെന്ന സുവിശേഷഭാഗം പാപ്പ വിശദീകരിച്ചു. നിത്യജീവനിലേക്ക് വാതിലിലൂടെയല്ലാതെ മറ്റൊരു വിധത്തിലും കടക്കാനാവില്ലെന്ന് കർത്താവ് വ്യക്തമായി പറയുന്നു. അതായത് യേശുവിലൂടെയല്ലാതെ മറ്റൊരു വിധത്തിലും നിത്യജീവനിലേക്ക് കടക്കാനാവില്ല. അവൻ ജീവന്റെ കവാടമാണ്. നിത്യജീവന്റെ മാത്രല്ല. അനുദിനജീവിതത്തിന്റെയും;പാപ്പ തുടർന്നു.

യേശുവിന്റെ പാത പിന്തുടരുന്നവർക്ക് തെറ്റ് പറ്റുകയില്ലെന്ന് പാപ്പ പറഞ്ഞു. ഉദാഹരണത്തിന് ഭാവി പ്രവചിക്കുന്നവരുടെ സഹായം തേടുന്നവർ യേശുവിന്റെ മാർഗമല്ല പിന്തുടരുന്നത്. ആരെങ്കിലും സുവിശേഷഭാഗ്യങ്ങൾക്ക് വിരുദ്ധമായ കാര്യം നിങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചാൽ അവൻ യേശുവല്ലെന്നും വാതിലിലൂടെയല്ലാതെ പ്രവേശിച്ചവനാണെന്നും തിരിച്ചറിയാം. കരുണയുടെ പ്രവൃത്തികളോടുള്ള ആഭിമുഖ്യമാണ് യേശുവിനെ തിരിച്ചറിയാനുള്ള രണ്ടാമത്തെ മാർഗം. മൂന്നാമതായി യേശുവിന്റെ ശബ്ദം പിതാവിനോട് പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിക്കുന്നു; പാപ്പ വിശദീകരിച്ചു.

Source: Sunday Shalom