News >> കത്തോലിക്കാ ബൈബിൾ പഠനം തായ്‌ലന്റിൽ വിശ്വാസം വർദ്ധിപ്പിക്കുന്നു


ബാംങ്കോങ്ക്: വിദേശമിഷനറിമാരുടെ സുവിശേഷവല്ക്കരണപ്രവർത്തനവും കത്തോലിക്കാ ബൈബിൾ പഠനവും തായ്‌ലന്റിലെ മണ്ണിൽ ക്രിസ്തുസ്‌നേഹത്തിന്റെ വേരുകളാഴ്ത്തിയിരിക്കുന്നുവെന്ന് പാട്യ സെന്റ് നിക്കോളാസ് ഇടവക വികാരി ഫാ. ഫ്രാൻസീസ് സേവ്യർ. ബാങ്കോക്കിൽ നിന്ന് 80 മൈൽ അകലെയാണ് ഈ നഗരം. ഒരു കാലത്ത് ക്രൈസ്തവ മിഷനറിമാർ അവരുടെ ജീവിതം ഈ മണ്ണിന് വേണ്ടി സമർപ്പിച്ചു. അത് ഇവിടെ സഭയുടെ വളർച്ചയ്ക്ക് കാരണമായി. ബൈബിൾ പഠനം ഇടവകജീവിതത്തിന്റെ പ്രധാനഭാഗമായി. വൈദികരും വ്രതവാഗ്ദാനം കഴിഞ്ഞ സന്യസ്തരും അല്മായരും ഞായറാഴ്ചകളിൽ ഒരുമിച്ചിരുന്ന് വിശുദ്ധകുർബാനയ്ക്ക് ശേഷം ദൈവവചനം പങ്കുവയ്ക്കുകയും വിശ്വാസപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. ചില തിരുവചനഭാഗങ്ങൾ ആശങ്കയ്ക്കും സംശയങ്ങൾക്കും ഇടവരുത്തുമ്പോൾ അത് ദൂരീകരിക്കാനും ബൈബിൾ ക്ലാസുകൾ സഹായിക്കുന്നു.

വിശ്വാസാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് സഭയുടെ വളർച്ചയ്ക്കും ജീവിക്കുന്ന വിശ്വാസത്തിൽ ആഴപ്പെടുത്താനും സഹായിക്കുന്നുവെന്ന് ഫാ. ഫ്രാൻസീസ് സേവ്യർ പറഞ്ഞു. ചാന്റാബുറി ബിഷപ്പും തായ്‌ലന്റിലെ കാത്തലിക് നാഷണൽ ഫാമിലി ലൈഫ് കമ്മീഷൻ പ്രസിഡന്റുമായ ബിഷപ് സിൽവിയോ സിരിപ്‌ഹോംങ് അല്മായ സമൂഹങ്ങളെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു. കുടുംബം കുടുംബങ്ങളെ സഹായിക്കുന്നു എന്ന വിഷയമാണ് ഇത്തരം കമ്മ്യൂണിറ്റികൾക്ക് അദ്ദേഹം നല്കിയിരിക്കുന്നത്. കുടുംബപ്രേഷിതത്വം സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇതാരംഭിച്ചിരിക്കുന്നത്. ലീജിയൻ ഓഫ് മേരി, കപ്പിൾസ് ഫോർ ക്രൈസ്റ്റ് എന്നീ ഭക്തസംഘടനകളും വിശ്വാസവർദ്ധനവുണർത്തുന്നവിധം പരിപാടികൾ സംഘടിപ്പിക്കുകയും വിശ്വാസയാത്രകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

തായ്‌ലന്റിൽ കത്തോലിക്കർ ന്യൂനപക്ഷമാണ്. എന്നാൽ വിദ്യാഭ്യാസം, സാമൂഹ്യജീവിതം, ആരോഗ്യം, മനുഷ്യാവകാശങ്ങളും മനുഷ്യമഹത്വവും എന്നീ രംഗങ്ങളിൽ സഭ ഇവിടെ സ്തുത്യർഹ സേവനം കാഴ്ച വയ്ക്കുന്നുണ്ട്.

Source: Sunday Shalom