News >> ട്രെവി ഫൗണ്ടൻ ചുവപ്പണിയും, രക്തസാക്ഷികൾക്കായി!
റോം, ഇറ്റലി: നൂറ്റാണ്ടുകൾ പഴക്കമുള്ള റോമിലെ ട്രെവി ഫൗണ്ടൻ ലോകപ്രസിദ്ധമാണ്. 90 അടിയോളം ഉയരമുള്ള ഈ ഫൗണ്ടൻ റോം സന്ദർശിക്കുന്ന തീർത്ഥാടകരുടെ ശ്രദ്ധയാകർഷിക്കുന്നതും സ്വഭാവികം. പഴയ ഒരു ആചാരമെന്നനിലയിൽ അവിടെ എത്തുന്ന തീർത്ഥാടകർ നാണയത്തുട്ടുകൾ അരുവിയിലേക്ക് എറിയുന്നതും സാധാരണമായിരുന്നു. ദിവസേന ഇങ്ങനെ നാണയത്തുട്ടുകളായി 3000 ലധികം യൂറോ തീർത്ഥാടകരിൽനിന്ന് ലഭിക്കുന്നുണ്ടെന്ന് പറയുമ്പോൾ അവിടേക്കുള്ള തീർത്ഥാടക പ്രവാഹത്തിന്റെ ബാഹുല്യം ഊഹിക്കാവുന്നതേ ഉള്ളൂ.ഏപ്രിൽ 29 ന് ട്രെവി ഫൗണ്ടൻ മറ്റൊരു രീതിയിൽകൂടി ലോകശ്രദ്ധയാകർഷിക്കുവാൻ പോകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഢനങ്ങളെ സ്മരിക്കുവാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി ട്രെവി ഫൗണ്ടൻ ചുവപ്പണിയും എന്നുള്ളതാണ് പ്രത്യേകത. എയ്ഡ് ടു ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധ സംഘടനയാണ് പ്രസ്തുത സംരംഭത്തിന് നേതൃത്വം നൽകുക. മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം മൂലം ലോകമെങ്ങും ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ രാഷ്ട്രനേതാക്കന്മാരുടെ ശ്രദ്ധയിലെത്തിക്കുകയാണ് വ്യത്യസ്തമായ ഈ സംരംഭത്തിന്റെ ലക്ഷ്യം. തീർത്ഥാടകരുടെ വൻനിരതന്നെ ആ ദിവസം ഈ പ്രത്യേക കാഴ്ച കാണുവാൻ തയ്യാറെടുക്കുന്നുണ്ട്.ഇറാക്ക്, സിറിയ, നൈജീരിയ, നോർത്ത് കൊറിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികമായി ക്രൈസ്തവ പീഢനങ്ങൾ അരങ്ങേറുന്നത്. ഫ്രാൻസിസ് പാപ്പ അടുത്തിടെ തന്റെ സന്ദേശത്തിൽ പീഢനങ്ങളിലൂടെ കടന്നുപോകുന്നവരെ ഓർമ്മിച്ച് "സഭയുടെ ജീവരക്തം" എന്നാണ് രക്തസാക്ഷികളെ വിശേഷിപ്പിച്ചത്.പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സഭാസമൂഹങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന എയ്ഡ് ടു ചർച്ച് ഇൻ നീഡ് സംഘടനയ്ക്കും തീർത്ഥാടകരുടെ ആഗമനം ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.Source: Sunday Shalom