News >> തമിഴ് കാത്തലിക് ബൈബിൾ പകർത്തിയെഴുത്ത് ഒന്നാം സ്ഥാനം ട്രിച്ചിയിലെ പി. മേഖലക്ക്


കോയമ്പത്തൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിച്ച പുതിയ നിയമം പകർത്തിയെഴുത്ത് മത്സരവിജയികൾക്കുള്ള -തമിഴ് വിഭാഗം- സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ വിശുദ്ധനാട് തീർത്ഥാടനത്തിന് ട്രിച്ചിയിലെ പി.മേഖല അർഹയായി. രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത് എം. ഹൃദയരാജ്, സി.ബൗഷിയ എന്നിവരാണ്. ഇവർക്ക് യഥാക്രമം 20,000 രൂപയും 10,000 രൂപയും പ്രശസ്തിപത്രവും ലഭിച്ചു. ഇതിനും പുറമെ നിരവധി പ്രോത്സാഹനസമ്മാനങ്ങളുമുണ്ടായിരുന്നു.

തിരുവചനത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷമായി സ്‌ക്രിപ്ചുറ എന്ന പേരിൽ ബൈബിൾ പകർത്തിയെഴുത്ത് മത്സരം നടത്തുന്നത്.

തമിഴ്, ഹിന്ദി തുടങ്ങി മറ്റ് ഇന്ത്യൻ ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതുന്നവരുടെ സംഖ്യ ഉയരുകയാണ്. ഇതിനാൽ മലയാളം, തമിഴ്, ഹിന്ദി, മറ്റ് ഭാഷകൾ എന്നിങ്ങനെ നാല് വിഭാഗമായിട്ടായിരിക്കും സമ്മാനം പ്രഖ്യാപിക്കുന്നതെന്ന് ഫിയാത്ത് നേതൃത്വം അറിയിച്ചു.

തമിഴ് വിഭാഗത്തിൽ വചനമെഴുതിയവരുടെ സ്‌നേഹസംഗമം എപ്രിൽ മൂന്നിന് കോയമ്പത്തൂർ രൂപതയിലെ സെന്റ് തോമസ് കരുണാലയത്തിൽ നടത്തി. കരുണാലയം ഡയറക്ടർ ഫാ. പാസ്‌കൽ രാജ്, ഫാ. ജോൺ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

ഫിയാത്ത് മിഷന്റെ സുവിശേഷ പ്രവർത്തനങ്ങളെ തന്റെ പ്രസംഗത്തിൽ ഫാ. പാസ്‌കൽ രാജ് അഭിനന്ദിച്ചു. സന്താളി ഗോത്രക്കാരുടെ ഇടയിൽ താൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് അവർക്ക് ഒരു ബൈബിൾ ഇല്ലാത്തത് തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഫിയാത്ത് ഇപ്പോൾ അവർക്ക് സ്വന്തമായി ബൈബിൾ ലഭ്യമാക്കിയതിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈബിൾ ലഭ്യമല്ലാത്ത വിവിധ ഭാഷകളിൽ ബൈബിൾ നിർമിച്ചുവിതരണം ചെയ്യുന്ന ഫിയാത്ത് മിഷന്റെ സുവിശേഷവേലകൾക്കു സഹായമാകാനായി ബൈബിൾ പ്രിന്റിംഗ് പേപ്പർ സമാഹാരണപദ്ധതിക്കായി നോട്ടുബുക്കുകൾ ശേഖരിക്കുന്ന യജ്ഞവും തുടർന്ന് ഉദ്ഘാടനം ചെയ്തു.

♦ പുതിയനിയമം പൂർണമായും - വി. മത്തായി മുതൽ വെളിപാട് വരെ തെറ്റുകൾ വരുത്താതെ, വാക്യങ്ങൾ വിട്ടുപോകാതെ എഴുതി സമർപ്പിക്കുന്ന ബൈബിൾ കൈയെഴുത്തുപ്രതികളിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നു.

♦ മലയാളത്തിൽ എഴുതുന്നവർ പി.ഒ.സി. പുതിയനിയമമാണ് പകർത്തി എഴുതേണ്ടത്. മറ്റുഭാഷകളിൽ എഴുതുന്നവർ തങ്ങളെഴുതുന്ന ബൈബിൾ എഡിഷൻ ഏതാണെന്ന് അറിയിക്കേണ്ടതാണ്. അദ്ധ്യായം, വാക്യം തുടങ്ങി പുതിയനിയമഭാഗം മുഴുവനും എഴുതണം. ആമുഖം, അടിക്കുറിപ്പ് ഇവ എഴുതേണ്ടതില്ല.

♦ കൈയക്ഷരത്തിന്റെ ഭംഗിയോ വടിവോ കാര്യമാക്കേണ്ടതില്ല. ദൈവവചനം പ്രാർത്ഥനാപൂർവ്വം ഹൃദയത്തിലും പേപ്പറിലും പകർത്തുക എന്നതാണ് ലക്ഷ്യം.

പുതിയനിയമം പൂർണമായും പകർത്തിയെഴുതി സമർപ്പിക്കേണ്ട അവസാന തിയ്യതി: 2016 ഡിസംബർ 20. രജിസ്‌ട്രേഷൻ ഫീസ് 100: പങ്കെടുക്കാനാഗ്രഹിക്കുന്നവർ 100 രൂപയുടെ ഡി.ഡി. എശമെേരൃശുൗേൃമ എന്ന പേരിൽ എടുത്ത് പൂർണമായ ബയോഡാറ്റാ (ഫോൺനമ്പർ സഹിതം), Scriptura 2016, FiatMission, Ave Maria Tower, New Church Road, Thrisur- 01 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

Source: Sunday Shalom