News >> നീതിപീഠം കണ്ണു തുറന്നു; കാണ്ടമാലിലെ നിരപരാധിക്ക് ജാമ്യം


ഏഴ് വർഷത്തിലധികം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ കാണ്ടമാലിലെ ഒരു നിരപരാധിക്ക് ജാമ്യം ലഭിച്ചു. ഗോർനാഥ് ചലൻസെതിനാണ് ഒഡീഷ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. വിശ്വഹിന്ദു പരിഷിത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയും അദ്ദേഹത്തിന്റെ നാല് അനുയായികളും വധിക്കപ്പെട്ട കേസിൽ പ്രതികളെന്ന് ആരോപിച്ച് ഏഴ് ക്രിസ്ത്യാനികളെ 2008 ഡിസംബറിൽ അറസ്റ്റുചെയ്യുകയായിരുന്നു.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം സംഭവം നടന്ന ഉടനെ മാവോയ്സ്റ്റുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ, അക്കാര്യം പരിഗണിക്കാതെ ക്രിസ്ത്യാനികൾ മാവോയ്സ്റ്റുകളോട് ചേർന്നുനടത്തിയ കൊലപാതകമാണെന്ന് പോലീസ് സ്ഥാപിച്ചെടുത്തു. കാണ്ടമാൽ കേസുകൾക്കായി രൂപീകരിച്ച പ്രത്യേക കോടതി 2013 ഒക്‌ടോബറിൽ അവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അതിനായി നിരത്തിയ പൊരുത്തക്കേടുകൾ നിറഞ്ഞ തെളിവുകൾ നിർഭാഗ്യവശാൽ പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. അവർ സമർപ്പിച്ച ജാമ്യഹർജി സാങ്കേതിക കാരണങ്ങളാൽ ഒഡീഷ ഹൈക്കോടതി തള്ളുകയും ചെയ്തു. ഗോർനാഥ് രണ്ടാമത് സമർപ്പിച്ച അപ്പീലിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്.

ഏഴ് പേരിൽ ഒരാൾക്കു ലഭിച്ച ജാമ്യം മറ്റുള്ളവർക്കും ജാമ്യത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിലെ പൊരുത്തക്കേടുകൾ പൊതുസമൂഹത്തിന്റെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞത് കേസിന് വഴിത്തിരിവ് ഉണ്ടാകാൻ കാരണമായിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേസ് അടുത്ത കാലത്ത് പൊതുസമൂഹത്തിന്റെ മുന്നിൽകൊണ്ടുവരുന്നതിന് മുംബൈ അതിരൂപതാധ്യക്ഷനും ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് നടത്തിയ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മനുഷ്യാവകാശപ്രവർത്തനവും കാണ്ടമാൽ കലാപവുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലും മാധ്യമ ശ്രദ്ധയിലും കൊണ്ടുവരുന്നതിന് മുമ്പിൽനിന്നു പ്രവർത്തിച്ച ഒഡീഷ സോഷ്യൽ ഫോറം ഡയറക്ടർ ഫാ. അജയ് സിംങ്, പത്രപ്രവർത്തകൻ ആന്റോ അക്കര തുടങ്ങിയവർ നടത്തിയ പ്രവർത്തനങ്ങളും എടുത്തുപറയത്തക്കതാണ്. സാമൂഹ്യപ്രവർത്തകർ, നിയമജ്ഞർ, അഭിഭാഷകർ, എഴുത്തുകാർ, പണ്ഡിതന്മാർ, കലാകാരന്മാർ എന്നിവരുടെ സഹകരണത്തോടെ ഫാ. അജയ്‌സിംങിന്റെ നേതൃത്വത്തിൽ ആരംഭിച്ച ംംം.സമിറവമാമഹ.ില േവെബ്‌സൈറ്റും കേസ് സജീവമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കാണ്ടമാൽ കലാപവുമായി ബന്ധപ്പെട്ട നീതികളുടെ കഥകൾ പുറംലോകത്ത് വീണ്ടും ചർച്ചയാക്കുന്നതിന് വെബ്‌സൈറ്റിന് കഴിഞ്ഞു.

പ്രതികളാക്കപ്പെട്ട ഏഴ് പേരുടെ നിരപരാധിത്വം ഏറ്റുപറഞ്ഞ് കർദിനാൾ ഗ്രേഷ്യസ് അടുത്തനാളിൽ രംഗത്തുവന്നത് കേസിന് പുതിയൊരു മാനം നൽകിയിരുന്നു. അവരുടെ മോചനം സാധ്യമാക്കുന്നതിനായി ആരംഭിച്ച www.kandhamal.net വെബ്‌സൈറ്റ് കർദിനാൾ ഗ്രേഷ്യസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ആ നിരപരാധികളെ മോചിപ്പിക്കണമെന്ന് ഇന്ത്യൻ രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവരോട് ആവശ്യപ്പെടുന്ന രീതിയിലാണ് വെബ്‌സൈറ്റിന്റെ പേജുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

പ്രതികളാക്കപ്പെട്ട ഏഴ് പേരും നിരപരാധികളാണെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകളും കാണ്ടമാൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിയിൽ ഉണ്ടായ അസ്വാഭാവികതയും വെബ്‌സൈറ്റിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ഓൺ ലൈൻ ഒപ്പുശേഖരമാണ് വെബ്‌സൈറ്റിലൂടെ നടന്നുവരുന്നത്. എല്ലാവരും ഇവർക്കുവേണ്ടി സംസാരിക്കണമെന്ന് വെസൈറ്റിന്റെ ഉദ്ഘാടനവേളയിൽ കർദിനാൾ ഗ്രേഷ്യസ് ആവശ്യപ്പെട്ടിരുന്നു. വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ട ഉടനെതന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചു എന്നത് വെബ് സൈറ്റിലെ വിവരങ്ങൾ ചർച്ചചെയ്യപ്പെട്ടതിന്റെ തെളിവാണ്.

കാണ്ടമാൽ കലാപവുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തിൽ ഒതുങ്ങിനിന്നിരുന്ന നിരവധി വിവരങ്ങൾ ലോകസമക്ഷം കൊണ്ടുവരാൻ കഴിഞ്ഞത് വെബ്‌സൈറ്റിന്റെ വിജയമാണ്. കേസിന്റെ ആരംഭം മുതൽ ഇവരെ അപരാധികളായി ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങൾ വെബ്‌സൈറ്റിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. "സ്വാമിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് നടത്തിയ വിലാപയാത്ര ഗൂഢാലോചനയുടെ ഭാഗമായിരുന്നു. കാണ്ടമാലിൽ ക്രിസ്ത്യാനികൾ താമസിക്കുന്ന പ്രദേശങ്ങളിലൂടെയായിരുന്നു വിലാപയാത്ര.

എളുപ്പവഴികൾ ഉണ്ടായിരുന്നപ്പോൾ അതു വേണ്ടെന്നുവച്ചാണ് ആ വഴി തെരഞ്ഞെടുത്തത്. ക്രിസ്ത്യാനികളേ കൊല്ലുക, അവരുടെ സ്ഥാപനങ്ങൾ തകർക്കുക എന്ന ആക്രോശമായിരുന്നു വിലാപയാത്രയിൽ ഉയർന്നുനിന്നത്. അവിടെ ഉള്ളവരെ ക്രിസ്ത്യാനികൾക്ക് എതിരെ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു. പോലീസ് വർഗീയവാദികൾക്ക് അനുകൂലമായ നിലപാടുകൂടി സ്വീകരിച്ചപ്പോൾ എല്ലാം അവർക്ക് അനുകൂലമായി മാറി. അതിക്രമങ്ങൾ ഉണ്ടായി അധികം കഴിയുന്നതിന് മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലും ഇതു വ്യക്തമാക്കിയിരുന്നു." വെബ്‌സൈറ്റ് വിശദീകരിക്കുന്നു.

കാണ്ടമാൽ കലാപം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സംഘപരിവാർ സംഘടനകളാണെന്ന് ലോകത്തിന്റെ മുമ്പിൽ വെളിവാക്കപ്പെടുകയും അവർക്കത് നിഷേധിക്കാൻ കഴിയാതെ വരുകയും ചെയ്തു. അതേത്തുടർന്ന് കലാപത്തിന്റെ കാരണക്കാർ ക്രിസ്ത്യാനികളാണെന്ന് സ്ഥാപിച്ച് സംഘപരിവാർ സംഘടനകളുടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിനെ പ്രതിരോധിക്കുന്നതിൽ ക്രിസ്ത്യാനികൾ പരാജയപ്പെടുകയും ചെയ്തു. അന്ന് ഒഡീഷയുടെ ഭരണത്തിൽ പങ്കാളിയായിരുന്ന ബിജെപി അധികാരത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി ഏഴ് നിരപരാധികൾ അറസ്റ്റിലാകുകയും പിന്നീട് പ്രത്യേക കോടതി അവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു.

കേസിൽ പ്രതികളാക്കപ്പെട്ടവരിൽ അക്ഷരാഭ്യാസമുള്ള ഏക വ്യക്തി ഇപ്പോൾ ജാമ്യം ലഭിച്ച ഗോർനാഥ് ചലൻസെതാണ്. രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന അദ്ദേഹം കൊട്ടാർഗഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. കോട്ടഗാർ പോലീസ് ഒരു മീറ്റിംഗിന് എത്തണമെന്ന് പറഞ്ഞ് 2008-ൽ ഇദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഒന്നും സംശയിക്കാതെ അദ്ദേഹം ചെല്ലുകയും പോലീസ് സ്വാമിയുടെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. മറ്റ് ആറ് പേരെ ബന്ധിപ്പിക്കുന്നതിനുള്ള കണ്ണിയായിട്ടാണ് പോലീസ് ഇദ്ദേഹത്തെ ഈ കേസിൽ പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം. കാരണം, കോടതിയിൽ ഈ വിധത്തിലൊരു കണ്ണിയില്ലാതെ കേസ് എത്തിയാൽ പരാജയപ്പെടാനുള്ള സാധ്യത അവർ മുൻകൂട്ടി കണ്ടിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ക്രിസ്ത്യാനികളുടെ ചുമലിൽവച്ചതുപോലും ഏറെ ഗൃഹപാഠം നടത്തിയായിരുന്നു എന്ന് സാരം.

നൂറോളം ക്രിസ്ത്യാനികൾ വധിക്കപ്പെടുകയും കന്യാസ്ത്രീ അടക്കം സ്ത്രീകൾ മാനഭംഗചെയ്യപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകർക്കുകയും കൊള്ളയടിക്കുകയും 395 ദൈവാലയങ്ങൾ തകർക്കുകയും ചെയ്ത കേസുകളിലെ പ്രതികളിൽ ആരും ഇപ്പോൾ ജയിലുകളിലില്ല. അറസ്റ്റുചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത കേസുകളിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. എന്നാൽ, ഈ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ട ഏഴ് പേർക്കും ഒരിക്കൽപ്പോലും ജാമ്യം ലഭിച്ചില്ല. പത്രപ്രവർത്തകൻ ആന്റോ അക്കര ചൂണ്ടിക്കാണിക്കുന്നതുപോലെ ആ പാവപ്പെട്ട മനുഷ്യർ പ്രതികളാക്കപ്പെട്ട് മരിച്ചാൽ സ്വാമിയുടെ കൊലപാതകികളായി ചരിത്രം മുദ്രകുത്തുന്നത് ക്രിസ്ത്യാനികളെയായിരിക്കും.

സ്വതന്ത്ര്യ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കു നേരെ നടന്ന ഏറ്റവും വലിയ നരനായാട്ടിൽ ഇരകൾതന്നെ പ്രതികളാക്കപ്പെടുമ്പോൾ ആസൂത്രകർ സുരക്ഷിതരായി എവിടെയൊക്കെയോ ഇരുന്ന് ചിരിക്കുകയാണ്. അവർ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ ആ ഏഴു പേരുടെ നിരപരാധിത്വം നീതിപീഠങ്ങളിൽ തെളിയിക്കേണ്ടത് അനിവാര്യതയായി മാറുന്നു.

ജോസഫ് മൈക്കിൾ

Source: Sunday Shalom