News >> ഒരു നേരമെങ്കിലും ഭക്ഷണം എന്ന ദൗത്യവുമായി ഈശോ സഭാ വൈദികർ
ന്യൂഡൽഹി: വിശപ്പുരഹിത ഇന്ത്യയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതിയുമായി ഈശോ സഭാ വൈദികർ. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 100 സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറിലാണ് 'ലോക് മഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി രൂപംകൊണ്ടത്."രാജ്യത്തെ ജനങ്ങൾ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും നടുവിലാണ്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ മൂലം കർഷകർ തകർച്ചയുടെ വക്കിലാണ്. ഗവൺമെന്റിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള വീഴ്ചകൾ ജനങ്ങളുടെ ജീവിതം കൂടുതൽ ക്ലേശകരമാക്കിയിരിക്കുന്നു." ലോക് മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ ഫാ. സണ്ണി ബയ് എസ്.ജെ പറഞ്ഞു. ഗവൺമെന്റിന്റെ പദ്ധതികൾ സമൂഹത്തിന്റെ ഏറ്റവും പിന്നിലുള്ള ട്രൈബൽ, ദളിത്, പാവപ്പെട്ടവർ, കൃഷിക്കാർ തുടങ്ങിയ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.2013-ൽ നിലവിൽ വന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് പാവപ്പെട്ടവർക്ക് നാമമാത്രമായ വിലയിൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ഇതിന്റെ പ്രയോജനം ലഭിച്ചേനെ. എന്നാൽ ഏതാനും ചില സംസ്ഥാനങ്ങളിൽമാത്രമാണ് പദ്ധതി നടപ്പിലായത്. അതും ഭാഗികമായി; ഫാ. സണ്ണി ബയ് ചൂണ്ടിക്കാട്ടി. സന്നദ്ധ സംഘടനകളുടെ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്‌നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇന്ത്യയിലെ ജനങ്ങൾ പട്ടിണികൊണ്ട് നട്ടംതിരിയുമ്പോൾ 80 മില്യൺ ടൺ ഭക്ഷ്യധാന്യങ്ങൾ രാജ്യത്തെ വെയർഹൗസുകളിൽ കിടന്ന് നശിച്ചുപോകുയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ഇക്യൂറ്റി സ്റ്റഡീസ് സെന്റർ ഡയറക്ടറും സുപ്രീംകോടതിയിലെ സ്‌പെഷ്യൽ കമ്മീഷണറുമായ ഹർഷ മന്ദർ പറഞ്ഞു. സ്വാതന്ത്ര്യ സമരപോരാളികൾ സ്വപ്‌നം കണ്ട പട്ടിണി ഇല്ലാത്ത രാജ്യമെന്ന ഇതുവരെയും ലക്ഷ്യത്തിലെത്താ ൻ കഴിയാത്ത സ്വപ്‌നം യാഥാർത്ഥ്യമാക്കാ ൻ എല്ലാവരും സഹകരിക്കണമെന്ന് ഈശോസഭയുടെ സൗത്ത് ഏഷ്യ പ്രൊവിൻഷ്യൽ ഫാ. ജോർജ് പട്ടേരി അഭ്യർത്ഥിച്ചു.Sopurce: Sunday Shalom 19-04-2016