News >> കന്നടക്കാർ യേശുവിനെ അറിയുന്നത് യേശു ജീവന ചരിത്രയിലൂടെ


ബംഗളൂര്: ക്രിസ്തു ചരിതം കന്നടഭാഷയിൽ മഹാകാവ്യമാക്കിയ ഫാ. ആന്റണി പയ്യപ്പിള്ളി ശ്രദ്ധേയനാകുന്നു. 'യേശു ജീവന ചരിത്ര' എന്ന പേരിൽ 2011 പദ്യശകലങ്ങളിലായി ക്രിസ്തുജീവിതം ആവർത്തനത്തിന്റെ അംശമില്ലാതെ ചിത്രീകരിച്ചതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സുവിശേഷങ്ങളുടെ സമാഹാരമായ ഈ മഹാകാവ്യം കന്നട ക്രൈസ്തവ സാഹിത്യത്തിന് മുതൽക്കൂട്ടാണെന്ന് ഇപ്പോൾ സാഹിത്യലോകം ഒന്നടങ്കം വിശേഷിപ്പിക്കുന്നു.

കന്നട ക്രൈസ്തവ സാഹിത്യപരിധിയെ വിശാലമാക്കുന്നതിന് ചുക്കാൻ പിടിച്ച ആന്റണിയച്ചനെ ബി.റ്റി.എം കന്നട സാഹിത്യ പരിഷത്തും മുമ്പ് ആദരിച്ചിരുന്നു. ബാംഗ്ലൂർ ക്രിസ്ത വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനാണ് ഫാ. ആന്റണി പയ്യപ്പിള്ളി.

ഹൈന്ദവ ബ്രാഹ്മണനായ പ്രഫസർ നരഹരിയെ 2004 ൽ യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് ആന്റണിയച്ചന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. യേശുവിന്റെ ജീവിതത്തെക്കുറിച്ച് ഏതാനും ഗ്രന്ഥങ്ങൾ രചിച്ച നരഹരിയെ കണ്ടെത്തിയ ആന്റണിയച്ചൻ മുഖ്യാതിഥിയായി അദ്ദേഹവുമൊത്ത് ഒരു വേദി പങ്കിട്ടു. കന്നടസാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള അച്ചൻ കന്നട മൊഴിയിലെ ഭാമിനി ഷട്പതി ചന്ദസിൽ രചിച്ച ചില കവിതകൾ കാണുകയും അതിന്റെ മനോഹാരിത കണ്ട് ആശ്ചര്യപ്പെടുകയും ചെയ്തു. യേശുവാണ് നരഹരിയെ തന്റെ മുമ്പിലേക്ക് അയച്ചതെന്ന് ബോധ്യപ്പെട്ട ആന്റണിയച്ചൻ എന്തുകൊണ്ട് യേശുവിന്റെ ജീവിതം മുഴുവൻ 'ഭാമിനി ഷട്പതി' വൃത്തത്തിൽ രചിച്ചുകൂടാ എന്നാണ് ചിന്തിക്കാൻ തുടങ്ങിയത്.

അങ്ങനെ 2005 മുതൽ തപം ചെയ്ത് ആറുവർഷം കൊണ്ട് പൂർത്തിയാക്കിയതാണ് യേശു ജീവനചരിത്ര. ഈ ഗ്രന്ഥം മനസിലാക്കണമെങ്കിൽ ഭാമിനി ഷട്പതി എന്ന വൃത്തത്തിന്റെ സങ്കീർണതകൾ ഒരു പരിധിവരെ അറിയണം. എട്ടുതരത്തിലുള്ള ഷട്പതി വൃത്തത്തിലെ ഒരുതരം മാത്രമാണ് ഭാമിനി ഷട്പതി.

ആറു പദങ്ങളിലുള്ള പദ്യങ്ങൾ ചേർത്ത് മാത്രഗണങ്ങളുടെ വിന്യാസത്തോടെ ആദിപ്രാസത്തിലുള്ള ശൈലിയാണ് ഭാമിനി ഷട്പദം.കന്നട കവികൾ പത്താം നൂറ്റാണ്ടുമുതൽ ഈ ചന്ദസിൽ കൃതികൾ രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട കുമാരവ്യാസന്റെ ഭാരത കഥാമഞ്ജരിക്കുശേഷം ആയിരം വർഷങ്ങൾക്കുശേഷം ഭാമിനി ഷട്പതിയിൽ രചിക്കപ്പെട്ട മഹാകാവ്യമാണിത്. ഭാമിനി ഷട്പതി വൃത്തത്തിന്റെ ചട്ടക്കൂട്ടിൽ മെനഞ്ഞെടുത്ത ഈ കൃതി ഏറെ ശ്രദ്ധേയമായി മാറുകയായിരുന്നു.

ബംഗളൂര് ക്രിസ്തവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ദിവ്യജ്യോതി കമ്യൂണിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധനം ഏറ്റെടുത്തത്. ഒമ്പത് അധ്യായങ്ങൾകൊണ്ട് പൂർണമാകുന്നു എന്നതാണ് ഗ്രന്ഥത്തിന്റെ സവിശേഷത.ഭാമിനി ഷട്പതി കവിതകൾ ഗമഗ എന്ന ശൈലിയിൽ പാടുവാൻ അനുയോജ്യമെന്നു കണ്ടെത്തിയ ആന്റണിയച്ചൻ നരഹരിസാറിന്റെ മഹാകാവ്യത്തിൽനിന്നും തിരഞ്ഞെടുത്ത 700 പദ്യങ്ങൾ ഗമഗ എന്ന നാടോടി രാഗത്തിൽ ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കന്നടക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഗമഗ രാഗത്തിന് നൂറ്റാണ്ടുകളുടെ കഥതന്നെ പറയുവാനുണ്ട്. കാവ്യാലാപനത്തിലൂടെയും അതേതുടർന്നുള്ള വ്യാഖ്യാനങ്ങളിലൂടെയും കാവ്യങ്ങളെ ജനഹൃദയങ്ങളിലെത്തിക്കുന്നതിന് 'ഗമഗ' രാഗത്തിനുള്ള സവിശേഷത കണ്ടറിഞ്ഞ ആന്റണിയച്ചൻ 700 പദ്യങ്ങളെ 22 ഗമക്കികളെകൊണ്ടു പാടിച്ച്, കന്നടയിലും ആംഗലത്തിലും വ്യാഖ്യാനം നൽകി സിഡിയാക്കുന്നതിന്റെ പണിപ്പുരയിലാണ്. കർണാടക ഗമഗ പരിഷത്ത് അതിന്റെ ഒമ്പതാം സമ്മേളനത്തിൽവച്ച് ഗമഗ പ്രോത്സാഹകനായി അച്ചനെ തിരഞ്ഞെടുത്ത് ഗമകപുരസ്‌കാർ നൽകി ആദരിച്ചിരുന്നു.

സി.എം.ഐ സഭാംഗമായ ആന്റണിയച്ചൻ കത്തോലിക്കാ സഭയ്ക്ക് അഭിമാനമാണ്. ജീവിതലാളിത്യം നിറഞ്ഞു തുളുമ്പുന്ന അദ്ദേഹത്തിന്റെ അമരത്വം ക്രിസ്ത വിദ്യാലയം എന്ന കന്നട വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയ്ക്കു പിന്നിലുണ്ട്. 'യേശുവിന ഹത്തു സാമത്തികളു'(യേശുവിന്റെ പത്ത് ഉപമകൾ) എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ആന്റണിയച്ചൻ വ്യക്തവും ശക്തവുമായി കന്നട മൊഴി കൈകാര്യം ചെയ്യുന്നു.

ഷിന്റോ പടിഞ്ഞാറേടത്ത്

Source: Sunday Shalom 21-04-2016