News >> ദളിത് ക്രൈസ്തവ സംവരണം: സര്‍ക്കാര്‍ ഇടപെടണമെന്നു കെസിബിസി

കൊച്ചി: ജാതിസ്വത്വം ഇന്ത്യയിലെ ജനജീവിതത്തിന്റെയും സാമൂഹിക യാഥാര്‍ഥ്യത്തിന്റെയും ഭാഗമാണെന്നിരിക്കെ മറ്റു മതവിഭാഗങ്ങളിലെ ദളിതര്‍ക്കു നല്കുന്ന ആനുകൂല്യങ്ങളില്‍നിന്നു ക്രൈസ്തവരെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നു കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍. ജസ്റീസ് സണ്‍ഡേയോടനുബന്ധിച്ചുള്ള അവലോകന യോഗത്തിലാണു വിലയിരുത്തല്‍. 

ക്രിസ്തുമത വിശ്വാസികളായ സംവരണ സമുദായാംഗങ്ങളെ എസ്സി, എസ്ടി പട്ടികയില്‍പ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ക്രിസ്തുമതം ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ അംഗീകരിക്കുന്നില്ല എന്നതിന്റെ പേരില്‍ സംവരണസമുദായങ്ങളില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കു സംവരണ ആനുകൂല്യം നിഷേധിക്കുന്നതു നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാതത്ത്വത്തിനും ഭരണഘടനയുടെ അന്തസത്തയ്ക്കും നിരക്കുന്നതല്ല. 

ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന സര്‍ക്കാരും നീതിപീഠവും ഘര്‍വാപസിയിലൂടെ തിരിച്ചുപോകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു കൊടുക്കുകയും ചെയ്യുന്നു. 

സാമുദായികമായും സാമ്പത്തികമായും ഒരേ സ്ഥിതിയിലുള്ള ക്രൈസ്തവ, അക്രൈസ്തവ ദളിതരില്‍ സംവരണ ആനുകൂല്യം ആവശ്യമുള്ളവര്‍ ഹിന്ദുമതം സ്വീകരിക്കണമെന്നുവരുന്നതു വിവേചനാപരവും ഇരട്ടത്താപ്പുമാണെന്നു കരുതേണ്ടി വരുന്നു. ഈ വിവേചനവും ഇരട്ടത്താപ്പും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Source: Deepika