News >> ഇന്‍ഫാം കര്‍ഷകദ്രോഹദിനം ആചരിച്ചു

വാഴക്കുളം: ചിങ്ങം ഒന്ന് കര്‍ഷകദ്രോഹദിനമായി ഇന്‍ഫാം ആചരിച്ചു. കര്‍ഷക ഐക്യസംഘടനയായ ദി പീപ്പിളിന്റെ ആഹ്വാനപ്രകാരം ഇന്‍ഫാം റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷകര്‍ വാഴക്കുളം ടൌണില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കാര്‍മല്‍ കവലയില്‍നിന്ന് ആരംഭിച്ച പ്രകടനം മേഖലാ രക്ഷാധികാരി ഫാ. ജോസ് മോനിപ്പിള്ളില്‍ ഉദ്ഘാടനംചെയ്തു. 

ടൌണ്‍ ചുറ്റി നടന്ന പ്രകടനത്തിനുശേഷം ജ്വാല ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്‍ഫാം സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്യന്‍ ഉദ്ഘാടനം ചെയ്തു. 

നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചു കര്‍ഷകരില്‍നിന്നു പിടിച്ചുവാങ്ങിയ പണം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൊടുക്കാന്‍ വിനിയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കടമെടുത്ത പണത്തിനു പലിശ നല്‍കുന്നതും ഇതേ കര്‍ഷകര്‍ തന്നെയാണ്. റബര്‍ കര്‍ഷകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ മുന്‍നിര്‍ത്തി തന്ത്രപൂര്‍വം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള ഗൂഢനീക്കമാണ് അധികാരികള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീജണല്‍ പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഭൂമാഫിയകള്‍ക്കും കൈയേറ്റക്കാര്‍ക്കും അനുകൂലമാകുന്ന വിധം 2005 വരെ പട്ടയം കൊടക്കാന്‍ നടത്തിയ നീക്കം നടപടി പ്രതിഷേധാര്‍ഹമാണ്. ഉദ്യോഗസ്ഥരും ഭരണാധികാരികളും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമ്പോള്‍ കര്‍ഷകര്‍ അന്നന്നത്തെ ആഹാരത്തിനുവേണ്ടി ദുരിതമനുഭവിക്കുകയാണെന്നും ഫാ. കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. 

കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച കാര്‍ഷികോത്പാദന കമ്പനിയുടെ ഉദ്ഘാടനം പി.എം. രഘുനാഥന്‍ നിര്‍വഹിച്ചു. എം.ടി. ഫ്രാന്‍സിസ്, ദേശീയ സെക്രട്ടറി ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഡോ.എം.സി. ജോര്‍ജ്, കെ. മൈതീന്‍ഹാജി, റോയി വള്ളമറ്റം, ഒ.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika