News >> പാപ്പാ ഫ്രാന്‍സിസ് കുട്ടികളുമായി പങ്കുവച്ച സ്നേഹത്തിന്‍റെ പാഠങ്ങള്‍
കുട്ടികളുടെ ജൂബിലിയാഘോഷത്തില്‍, ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 13-നും 16-നും ഇടയ്ക്ക് പ്രായമുളള എഴുപതിനായിരത്തോളം കുട്ടികളാണ് വത്തിക്കാനിലെ ജൂബിലി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. പാപ്പാ പങ്കുവച്ച സുവിശേഷവിചിന്തനം താഴെ ചേര്‍ക്കുന്നു:
- സ്നേഹത്തിന്‍റെ 'തിരിച്ചറിയല്‍ കാര്‍ഡ്'
"പരസ്പരം സ്നേഹത്തില്‍ ജീവിക്കുന്നെങ്കില്‍, നിങ്ങളുടെ സ്നേഹത്തില്‍നിന്നും ലോകം അറിയും നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന്" (യോഹ. 13, 35).വിശുദ്ധയോഹന്നാന്‍റെ സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്. ക്രൈസ്തവ ജീവിതത്തിന്‍റെ ഒരു 'തിരിച്ചറിയല്‍ കാര്‍ഡാ'ണ് സ്നേഹം. ഈ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ അതോടെ ക്രൈസ്തവ ജീവിതസാക്ഷ്യം ഇല്ലാതാകും. കാര്‍ഡിന്‍റെ കാലാവധി തീര്‍ന്നുപോയാല്‍ ക്രിസ്തുവിന്‍റെ ശിഷ്യരെന്ന പ്രത്യേകപദവി നഷ്ടമാകും. ക്രിസ്തുവിന്‍റെ പാഠശാലയില്‍നിന്നും സ്നേഹത്തിന്‍റെ പാഠങ്ങള്‍ പഠിക്കാനായി പാപ്പാ കുട്ടികളെ ക്ഷണിച്ചു.
- സ്നേഹത്തില്‍ സഹനമുണ്ട്
സ്നേഹം മനോഹരമാണ്. അത് ഏറെ സന്തോഷവും സാങ്കല്പികതയും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ സ്നേഹം സാങ്കല്പികമല്ല. അത് ഏറെ ത്യാഗവും സഹനവും ആവശ്യപ്പെടുന്നതാണ്. കുട്ടികളെ തങ്ങളുടെ മാതാപിതാക്കള്‍ ജൂബിലിക്കായി റേമിലേയ്ക്ക് അയക്കുന്നതിന് എടുത്തിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതാണ്. പണച്ചിലവ്, ആവശ്യങ്ങള്‍ പലതും മാറ്റിവച്ചത്, എന്തിന് അവരുടെതന്നെ യാത്ര ഉപേക്ഷിച്ചിട്ട് ത്യാഗത്തോടെയും സഹനത്തോടെയുമാണ് മക്കളെ റോമിലേയ്ക്ക് അയച്ചിരിക്കുന്നത്. പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
- സ്നേഹിക്കുന്ന ദൈവം
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ പാഠങ്ങള്‍ ക്രിസ്തുവില്‍നിന്ന് പഠിക്കാം. സ്നേഹത്തിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവില്‍ ദൃശ്യമായ ദൈവികസ്നേഹത്തെക്കുറിച്ചും, ആ സ്നേഹ സമ്പന്നതയെക്കുറിച്ചും പാപ്പാ കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു. ദൈവം അനുദിനം നിരവധി ദാനങ്ങള്‍ നമ്മില്‍ വര്‍ഷിക്കുന്നുണ്ട്. ജീവിതത്തില്‍ പലകാര്യങ്ങളും നാം മറുന്നുപോകുമെങ്കിലും, ദൈവം ഒരിക്കലും നമ്മെ മറക്കുന്നില്ല. ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ല. മറിച്ച് അവിടുന്ന് നമ്മെ പരിപാലിക്കുന്നു. അനുദിനം നമ്മോടൊത്തു ചരിക്കുന്നു. തന്‍റെ ആദ്യകാല ശിഷ്യരോടെന്നപോലെ ക്രിസ്തു നമ്മോടൊപ്പം അനുദിനം ഇടപഴകുന്നുണ്ട്. മീന്‍ കിട്ടാതെ വിഷമിച്ച ശിഷ്യന്മാരോട് ആഴങ്ങളിലേയ്ക്ക് നീക്കി വലയിറക്കാനും, വലതുഭാഗത്തേയ്ക്കു മാറ്റി വലയിടാനുംവേണ്ട നിര്‍ദ്ദേശംനല്കിയ ക്രിസ്തുവിന്‍റെ ചിത്രം സുവിശേഷത്തില്‍നിന്നും പാപ്പാ വരച്ചുകാട്ടി. അങ്ങനെ ജീവിതസമൃദ്ധിയുടെ തീരിങ്ങളിലേയ്ക്കും നന്മയിലേയ്ക്കും അവിടുന്ന് മനുഷ്യരായ നമ്മെ അനുദിനം നയിക്കുന്നു, കൈപിടിച്ചുയര്‍ത്തുന്നു.
- സ്നേഹവും സ്വാതന്ത്ര്യവും
സ്നേഹത്തിന്‍റെ പേരില്‍ മറ്റുള്ളവരെ അടിമപ്പെടുത്തി ഉപയോഗിക്കുന്ന രീതി അല്ലെങ്കില്‍ സ്നേഹത്തിന്‍റെ ഉടമസ്ഥതയെടുന്ന രീതി (Possessive Love) ശരിയല്ലെന്നും പാപ്പാ കുട്ടികളെ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ സ്നേഹത്തിന് സ്വാതന്ത്ര്യമുണ്ട്. സ്നേഹത്തില്‍ സ്വാതന്ത്ര്യം ഇല്ലാതാകുമ്പോള്‍ അത് സ്വാര്‍ത്ഥസ്നേഹമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ഇഷ്ടപ്പെട്ടത് എന്‍റേതാക്കുവാനും, അത് എനിക്കു കിട്ടണം, എനിക്കു മാത്രം കിട്ടണം എന്ന ആര്‍ത്തിയോടെ വാരിക്കൂട്ടുന്നത് ഉപഭോഗ സംസ്ക്കാരമാണെന്ന് പാപ്പാ വ്യക്തമാക്കി. ദൈവം നമ്മുടെ സ്നേഹം കാണുന്നു. നമ്മുടെ സ്നേഹസ്പന്ദനങ്ങള്‍ അറിയുന്നു. യഥാര്‍ത്ഥ സ്നേഹം മറ്റുള്ളവരെ പരിചരിക്കുന്നതാണ്, സംരക്ഷിക്കുന്നതാണ്. ആദരിക്കുന്നതാണ്, അവര്‍ക്കായി കാത്തിരിക്കുന്നതാണ്.
- ജീവിതം മനോഹരമാക്കാം
ജീവിതം മനോഹരമാകുന്നത് ധാരാളം കാര്യങ്ങള്‍ വാരിക്കൂട്ടുമ്പോഴാണ്, സ്വാന്തമാക്കുമ്പോഴാണെന്നു ചിന്തിക്കുന്നവരുണ്ട്. ഇതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നു കരുതുന്നവരുണ്ട്. ഇഷ്ടപ്പെട്ട വസ്തുക്കള്‍ക്കും വ്യക്തികള്‍ക്കും അടിമകളാകുന്നത് സ്വാതന്ത്ര്യമല്ല. അത് അപകടകരവുമാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യം നന്മയായത് അല്ലെങ്കില്‍ നല്ലത് തിരഞ്ഞെടുക്കുവാനുള്ള അടിസ്ഥാനപരമായ മനസ്സും, തുറവുമാണ്. ഇഷ്ടമുള്ളതു ചെയ്യുന്നതും, ഇഷ്ടമുള്ളുതു നേടണം, കിട്ടണം എന്നത് തന്നിഷ്ടവും തന്‍റേടവുമാണ്, സ്വാതന്ത്ര്യമല്ല. എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന (down load) സാങ്കേതിക ഘടമകമല്ല (App) സന്തോഷം! യഥാര്‍ത്ഥ സന്തോഷം നേടിയെടുക്കേണ്ടതാണ്. സന്തോഷം വാങ്ങുന്നതോ, സാങ്കേതിക വിദ്യയില്‍ വലിച്ചെടുക്കുന്നതോ അല്ല. എളുപ്പത്തില്‍ കണ്ടെത്തുന്ന സ്നേഹവും അതിന്‍റെ സന്തോഷവും താല്ക്കാലികമായിരിക്കും. പരിശ്രമംകൊണ്ട് നേടിയെടുക്കേണ്ടതും ആര്‍ജ്ജിച്ചെടുക്കേണ്ടതുമാണ് യഥാര്‍ത്ഥ സന്തോഷം! അത് നിലനില്‍ക്കും.
- സ്നേഹം പ്രായോഗികമായിരിക്കണം
ഹൃദയത്തിന്‍റെ തുറവ് ആവശ്യപ്പെടുന്ന നിസ്വാര്‍ത്ഥദാനമാണ് സ്നേഹം! ജീവിതാന്ത്യംവരെ നിലനില്‍ക്കേണ്ട ശ്രേഷ്ഠമായ ഉത്തരവാദിത്വവുമാണത്. സ്നേഹത്തെക്കുറിച്ച് ഇപ്രകാരമുള്ള വിശാലമായ കാഴ്ചപ്പാടില്‍ മാത്രമേ ജീവിതസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനാവൂ. എന്നാല്‍ ഇതെല്ലാം മനഃപാഠമാക്കേണ്ടതും, ഓര്‍മ്മയില്‍ വയ്ക്കേണ്ടതുമായ കാര്യങ്ങളല്ല. മറിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട, ജീവിച്ചു കാണിക്കേണ്ട, അനുദിന ജീവിതത്തില്‍ തെളിയിക്കേണ്ട കാര്യങ്ങളാണ്. ദൈവം നല്കുന്ന മാപ്പിന്‍റെയും നമ്മോടു ക്ഷമിക്കുന്നതിന്‍റെയും പ്രതീകമാണ് കുമ്പസാരമെന്ന കൂദാശ, അനുരഞ്ജനത്തിന്‍റെ കൂദാശ. അതില്‍നിന്നു ലഭിക്കുന്ന അനുരഞ്ജനവും ആനന്ദവും സമാധാനവും അത്മീയ സന്തോഷവും നമുക്ക് അനുഭവവേദ്യമാണ്. അത് പ്രായോഗികമായി നാം നേടിയെടുക്കുന്നതാണ്. അനുതാപത്തിന്‍റെ അടയാളമായ തെറ്റുകള്‍ ഏറ്റുപറയുമ്പോള്‍ ദൈവമാണ് നമുക്കു മാപ്പു നല്കുന്നത്. അതുപോലെ, അനുദിന ക്രൈസ്തവ ജീവിതത്തില്‍ സ്നേഹം ക്ഷമയിലൂടെയും അനുരഞ്ജനത്തിലൂടെയും നവീകരിക്കപ്പെടേണ്ടതാണ്. ഇതാണ് യഥാര്‍ത്ഥമായ സ്നേഹജീവിതം!
- സ്നേഹത്തിന്‍റെ പിന്നിലെ അദ്ധ്വാനം
യഥാര്‍ത്ഥമായ സ്നേഹത്തിനും സുഹൃദ്ബന്ധങ്ങള്‍ക്കും കുട്ടികള്‍ക്കുള്ള കരുത്തും സാദ്ധ്യതകളും വലുതാണ്, വിസ്തൃതമാണ്. അത് കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കേണ്ടതാണ്. ഒരു കായികതാരം വിജയത്തിനായി നിന്തരമായി കഠിനാദ്ധ്വാനംചെയ്യുന്നതുപോലെ ദൈവം നല്കിയിരിക്കുന്ന ജീവിതവും ജീവിതത്തിലെ കഴിവുകളും സനേഹദാനവും ആത്മാര്‍ത്ഥമായ പരിശ്രമംകൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും വികസിപ്പിച്ചെടുക്കേണ്ടതാണ്, വളര്‍ത്തിയെടുക്കേണ്ടതാണ്. ജീവിതത്തിന്‍റെ ജേതാക്കളാകാന്‍ ഉന്മേഷത്തോടെയും ആത്മാര്‍ത്ഥതയോടെയും മുന്നേറാം..! അങ്ങനെ സ്നേഹത്തിലുള്ള നമ്മുടെ ആനന്ദം സമ്പൂര്‍ണ്ണമാകട്ടെ, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio