News >> വിശുദ്ധയുടെ മകൻ അമ്മയെക്കുറിച്ച് പറയുന്നു


2004 ലായിരുന്നു ജിയന്നായെ സഭ വിശുദ്ധയെന്ന് വിളിച്ചത്. ഡോക്ടറായിരുന്ന അവൾ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ കാൻസർ ബാധിതയായി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ അബോർഷനാണ് നിർദ്ദേശിച്ചത്. പക്ഷേ, ഉദരത്തിൽ വളരുന്ന ജീവൻ അവഗണിച്ച് സ്വന്തം ജീവൻ സംരക്ഷിക്കേണ്ടതില്ല എന്ന് അവൾ തീരുമാനിച്ചു. നാലാമത്തെ കുഞ്ഞ് ജിയന്ന ഇമ്മാനുവേലയ്ക്ക് ജന്മം നൽകി ജിയന്ന ദൈവസന്നിധിയിലേക്ക് പറന്നു. കാലം കുറെ കഴിഞ്ഞപ്പോൾ അവളുടെ ജീവിതം ലോകമെങ്ങും ചർച്ചാവിഷയമായി. ജിയന്നയുടെ മധ്യസ്ഥതയിൽ അത്ഭുതപ്രവാഹമായി. അങ്ങനെ പിറക്കപ്പെടാതെ പോകുന്ന കുഞ്ഞുങ്ങളുടെ മധ്യസ്ഥയായി സഭ ജിയന്നയെ പ്രതിഷ്ഠിച്ചു.

അമ്മ മരിക്കുമ്പോൾ പിയർ ലുയീജി നാലുപേരിൽ മൂത്തവനായിരുന്നു. ഇന്ന് 56 കാരനായ അദ്ദേഹം മിലാനിലെ ബിസിനസ് കൺസൾട്ടന്റാണ്. ഒരു വിശുദ്ധയുടെ മകനെന്നത് വലിയ ഭാഗ്യമാണെന്നും അമ്മയുടെ സ്വാധീനം ലോകമാസകലം അബോർഷനെതിരെ തിരിയുവാൻ പ്രേരകമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

? വിശുദ്ധയായ താങ്കളുടെ അമ്മയിലൂടെ ദൈവം ഇപ്പോഴും വലിയ അത്ഭുതങ്ങൾ ചെയ്യുന്നുണ്ടല്ലോ.

തീർച്ചയായും. അമ്മയുടെ മധ്യസ്ഥതയിലൂടെ ലോകമെങ്ങും ധാരാളം പേർ അനുഗ്രഹിക്കപ്പെടുന്നതായി കത്തുകൾ വരാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് എനിക്ക് അമേരിക്കയിൽ നിന്നും ഒരു ഇ-മെയിൽ കിട്ടി. അവിടെ ഒരു സ്ത്രീ കുഞ്ഞുങ്ങളുണ്ടാകാതെ വന്നപ്പോൾ ജിയന്നയുടെ മധ്യസ്ഥ്യം തേടി. ഇപ്പോൾ അവൾക്ക് രണ്ടുമക്കളുണ്ട്. അമ്മ ഇപ്പോഴും നിറസാന്നിധ്യമായി ഞങ്ങളോടൊപ്പം ഉണ്ട് എന്നത് വളരെ സന്തോഷദായകമാണ്. ജനോവയിൽ പഴയതും പ്രശസ്തവുമായൊരു ദൈവാലയമുണ്ട്. 15 വർഷം മുമ്പ് അവിടുത്തെ വൈദികൻ എന്റെ അമ്മയുടെ ചിത്രം പ്രതിഷ്ഠിച്ചു. ഇപ്പോൾ ആ ദൈവാലയത്തിനുചുറ്റും പിങ്ക് ബ്ലൂ കളറിലുള്ള റിബണുകൾ ധാരാളം കാണാം. കുഞ്ഞിനെ ലഭിക്കുമ്പോൾ വീടിനുചുറ്റും റിബണുകൾ കെട്ടുക ഇറ്റാലിയൻ ജനതയുടെ പാരമ്പര്യമാണ്. എന്റെ അമ്മയുടെ മാധ്യസ്ഥതയിൽ ലഭിച്ച അത്ഭുതങ്ങളാണ് ആ റിബണുകൾ സൂചിപ്പിക്കുന്നത്.

? അമ്മ മരിക്കുമ്പോൾ താങ്കൾക്ക് അഞ്ച് വയസ്സായിരുന്നുവല്ലോ. അമ്മയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെയ്ക്കാമോ.

അമ്മ എന്നെ സ്‌കീയിംഗ് പഠിപ്പിച്ചത് ഞാനോർക്കുന്നു. അതുപോലെ ഡോക്ടറായിരുന്ന അമ്മയോടൊപ്പം പുറത്ത് പോയിരുന്നതും. അമ്മ ജോലിയോടും കുടുംബത്തോടും അടുപ്പം കാണിച്ചിരുന്നു. 1950 കളിൽ സാധാരണ കുടുംബവും ജോലിയും സ്ത്രീകൾക്ക് പറഞ്ഞിരുന്നില്ല.അതുപോലെ തന്നെ ഡോക്ടറായിരിക്കെ അമ്മ ഒരുപാട് ഭക്തസംഘടനകളിലും അംഗമായിരുന്നു. അതേ സമയം സ്‌കീയിംഗും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു.

? വളരെ ആക്ടീവ് ലൈഫ് ആയിരുന്നോ

വളരെ മോഡേണും അതേസമയം ലളിതവുമായ ജീവിതമായിരുന്നു അമ്മയുടേത്. അമ്മയാണ് എനിക്ക് വിശ്വാസം പകർന്ന് നൽകിയത്. ദൈവപരിപാലനയിലുള്ള വിശ്വാസം, ഓരോരുത്തരുടെയും മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുവാനുള്ള പ്രതിബദ്ധത ഇതൊക്ക അമ്മയിൽ നിന്ന് പഠിച്ചു. അതുതന്നെയാണ് പപ്പയും പഠിപ്പിച്ചത്. അമ്മ അവശേഷിപ്പിച്ച എഴുത്തുകളിൽ നിന്നാണ് പിന്നീട് ഞാൻ അമ്മയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. അമ്മയുടെ കാത്തലിക് ആക്ഷൻ സംഘടനയെക്കുറിച്ചുള്ള കുറെ രേഖകൾ വീട്ടിൽ ഉണ്ടായിരുന്നു.

ജീവിതത്തിലും പ്രഫഷനിലും അമ്മ ഒരു പോലെ സന്തുഷ്ടയായിരുന്നു. ചെയ്യുന്നകാര്യങ്ങൾ ആഴത്തിൽ ചെയ്യുക എന്നതായിരുന്നു അമ്മയുടെ ശരി. അമ്മ വളരെ അസാധാരണബുദ്ധിശാലിയായിരുന്നില്ല. സ്‌കൂളിൽ ആവറേജ് ആയിരുന്നു.

? ദൈവം ഓരോ ദിവസവും നമുക്ക് നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് ഓരോ നിമിഷവും ജീവിക്കുക എന്നതാണ് സന്തോഷത്തിന്റെ രഹസ്യം. എല്ലാത്തിലും ദൈവപരിപാലനയുണ്ട്, അത് ഇപ്പോഴുമുണ്ട്, എന്നിങ്ങനെയുള്ള വിശുദ്ധ ജിയന്നയുടെ വാക്കുകൾ പ്രസക്തമാണല്ലോ... ജിയന്നയിൽ നിന്ന് നമുക്ക് പഠിക്കുവാനുള്ളത് എന്താണ്?

കത്തോലിക്കരെന്ന നിലയിൽ നമ്മുടെ വിശ്വാസത്തോടും മൂല്യങ്ങളോടും നീതിപുലർത്തേണ്ടത് എങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാം. എന്റെ അമ്മ അവരുടെ മാതാപിതാക്കളിൽ നിന്നും വിശ്വാസം പകർന്നുകിട്ടിയ പശ്ചാത്തലത്തിലാണ് വളർന്നത്. നന്നായി ജീവിക്കേണ്ടത് എങ്ങനെയെന്ന് അമ്മയിൽനിന്ന് ഞാൻ പഠിച്ചു.

രണ്ടാമത്തെ കാര്യം നമ്മുടെ വിളിയിൽ ഉറച്ചുനിൽക്കുക എന്നതാണ്. ഒരിക്കൽ ആന്റിയോടൊപ്പം ബ്രസീലിൽ പോയി ജോലിചെയ്യാമെന്ന് അമ്മ ചിന്തിച്ചിരുന്നു. പക്ഷേ, തന്റെ വിളി മാതൃത്വമാണ് എന്ന് അമ്മ തിരിച്ചറിഞ്ഞു. ജോലിയിലും മാതൃത്വത്തിലും അവൾ ഉറച്ചുനിന്നു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതും വിശ്വാസത്തിൽ വളർത്തുന്നതും പ്രധാനപ്പെട്ട കാര്യമാണ് എന്ന് അവൾ പറയുമായിരുന്നു.

? ഏറ്റവും ഇളയവളായ ജിയന്ന ഇമ്മാനുവേലയെ പ്രസവിച്ച ശേഷമാണല്ലോ വി. ജിയന്ന നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്?

അതെ, ഞങ്ങളുടെ ഇളയ സഹോദരി ജിയന്ന ഒരു ഡോക്ടറാണ്.അമ്മയെപ്പോലെ അവളും മെഡിസിൻ പഠിച്ചു. ജെറിയാട്രിക് സ്‌പെഷ്യലിസ്റ്റ് ആണ് അവൾ. അമ്മ പീഡിയാട്രിക് ഡോക്ടർ ആയിരുന്നു. ഇപ്പോൾ അവൾ ഞങ്ങളുടെ പപ്പായെ പരിചരിക്കുകയാണ്. ആറുവർഷം വരെ പപ്പ വളരെ ആക്ടീവായിരുന്നു. ഇപ്പോൾ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് പപ്പയെ നോക്കാൻ ജിയന്ന പബ്ലിക് ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു. മാത്രമല്ല, അമ്മ സ്ഥാപിച്ച ഫൗണ്ടേഷനും അവൾ നടത്തുന്നു. അത് ഞങ്ങളുടെ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഉപവി പ്രവർത്തനങ്ങൾക്കുള്ളതാണ്. പലരും അതിൽ സഹായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇതുവരെ പപ്പയായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. ഇപ്പോൾ അത് ജിയന്നയുടെ ഉത്തരവാദിത്വമായി.

? പാശ്ചാത്യലോകത്തിൽ അബോർഷനെക്കുറിച്ചുള്ള പുനർചിന്തയ്ക്ക് അമ്മയുടെ ജീവിതം സഹായകമായി. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അബോർഷനെതിരെ അമ്മ പട പൊരുതുമായിരുന്നോ?

കാത്തലിക് ആക്ഷനിലെ അംഗം എന്ന നിലയിൽ തീർച്ചയായും അതിന് സാധ്യത ഉണ്ടായിരുന്നു. അമേരിക്കയിൽ പോലും അബോർഷൻ കുറയുന്നു. ഒബാമയും മാർപാപ്പയും കണ്ടുമുട്ടിയപ്പോൾ അവർ സമയം ചിലവഴിച്ചത് അബോർഷനെക്കുറിച്ച് ചിന്തിക്കാനായിരുന്നു. 1962 ലാണ് അമ്മ മരിച്ചത്. അമ്മ തന്നിട്ടുപോയ സന്ദേശം ഇപ്പോഴും വളരെ പ്രസക്തമാണ്.

? ഒരു വിശുദ്ധയുടെ മകൻ ആയിരിക്കുക എങ്ങനെയാണ്?

അത് അസാധാരണമായ അനുഭവമാണ്. സങ്കല്പിക്കുവാൻ തന്നെ സാധിക്കുന്നില്ല. നാമകരണനടപടികൾ പലപ്പോഴും വേദനാജനകമായിരുന്നു. കാരണം മറക്കാൻ ശ്രമിക്കുന്ന വേദനാജനകമായ ഓർമ്മകൾ വീണ്ടും വീണ്ടും അയവിറക്കേണ്ടിവന്നു. അഞ്ചാമത്തെ വയസ്സിൽ ഒരു കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുക എന്നത് തീവ്രമായ വേദനയാണ്. പക്ഷേ, 1994 ൽ എന്റെ അമ്മ വാഴ്ത്തപ്പെട്ടവളായി അൾത്താരയിലേയ്ക്ക് ഉയർത്തപ്പെട്ടത് ആ വേദനയ്ക്ക് പകരമായിരുന്നു. 2004 ൽ വിശുദ്ധയായപ്പോഴും അതുതന്നെ സംഭവിച്ചു. ഇപ്പോൾ അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ വേദന സന്തോഷമായി മാറുന്നു. എന്റെ സഹോദരിമാർക്കും ഇതേ അനുഭവമായിരുന്നു.

സാധാരണജീവിതം നയിക്കുന്നവർക്ക് എങ്ങനെ വിശുദ്ധരാകാമെന്നതാണ് അമ്മയുടെ സന്ദേശം. അമ്മയെ സാധാരണജീവിതത്തിലെ വിശുദ്ധ എന്നാണ് കർദ്ദിനാൾ കാർലോ മരിയ മാർട്ടിനി വിശേഷിപ്പിച്ചത്. അവൾ കാണിച്ചുതന്നത് വിശുദ്ധർക്ക് സാധാരണജീവിതം നയിക്കാമെന്നാണ്. അമ്മ സാധാരണജീവിതത്തിൽ അസാധാരണമായി ജീവിച്ചു. എന്റെ പപ്പയും അമ്മയും അഞ്ച് വർഷമേ ഒരുമിച്ച് ജീവിച്ചുള്ളു. പക്ഷേ സത്യത്തിൽ അവർ ഇപ്പോഴും ഒരുമിച്ചാണ്...

Source: Sunday Shalom