News >> പാപിയെയും പാപത്തെയും വേർതിരിച്ച് കാണുക


വത്തിക്കാൻ സിറ്റി: ഒഴിവാക്കേണ്ട പാപത്തെയും, സ്വാഗതം ചെയ്യപ്പെടേണ്ട പാപിയെയും വേർതിരിച്ച് കാണണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പാപവുമായി സന്ധി ചെയ്യുന്ന വിധത്തിലേക്ക് ആരും താഴ്ന്നുപോകരുതെന്നും സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ പാപ്പ മുന്നറിയിപ്പ് നൽകി.

വിശ്വാസവും സ്‌നേഹവും കൃതജ്ഞതയും തമ്മിലുള്ള ബന്ധം പാപിയിൽ നിന്ന് പഠിക്കാനാവുമെന്ന് നിയമങ്ങൾ തീക്ഷണതയോടെ പാലിച്ചിരുന്ന ശിമയോനും പാപിനിയായ സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു. ശിമയോൻ മറ്റുള്ളവരെ അവരുടെ ബാഹ്യമായ പ്രവൃത്തികൾ കണ്ട് വിധിച്ചു. എന്നാൽ പാപിനിയായ സ്ത്രീയുടെ യേശുവിനോടുള്ള ആത്മാർത്ഥമായ സ്‌നേഹപ്രകടനങ്ങൾ അവളുടെ ഹൃദയത്തെയാണ് വെളിവാക്കിയത്. ശിമയോൻ യേശുവിനെ ക്ഷണിച്ചെങ്കിലും അവനെ പരിചരിക്കാൻ തയാറായില്ല. എന്നാൽ സുവിശേഷത്തിൽ പേരെ വെളിപ്പെടുത്താത്ത പാപിനിയാകട്ടെ സ്‌നേഹത്തോടെയും ഭക്തിയോടെയും തന്റെ ജീവിതം മുഴുവൻ നാഥന് സമർപ്പിച്ചു. യേശു പാപികളാൽ മലിനമാക്കപ്പെടുവാൻ സ്വയം അനുവദിച്ചു എന്ന് ഫരിസേയ മനോഭാവമുള്ളവർക്ക് അംഗീകരിക്കുവാൻ സാധിക്കില്ല. യേശു യഥാർത്ഥത്തിൽ പ്രവാചകനാണെങ്കിൽ ആ സ്ത്രീയുടെ പാപക്കറ പറ്റാതെ കുഷ്ഠരോഗിയെപ്പോലെ അകറ്റി നിറുത്തുമെന്നാണ് ശിമയോൻ കരുതിയത്; പാപ്പ വിശദീകരിച്ചു.

പാപികൾ - അതായത് നമ്മൾ എല്ലാവരും- രോഗികളെപ്പോലെ സൗഖ്യം ആവശ്യമുള്ളവരാണെന്ന് പാപ്പ തുടർന്നു. അതിനായി വൈദ്യൻ അടുത്ത് വരണം. അവരെ സ്പർശിക്കണം. ഒരു രോഗിക്ക് സൗഖ്യമാകണമെങ്കിൽ അവന് വൈദ്യനെ ആവശ്യമുണ്ടെന്ന് അവൻ സമ്മതിക്കേണ്ടതുണ്ട്; പാപ്പ വ്യക്തമാക്കി.

ഫരിസേയമനോഭാവത്തോട് അകലം പാലിച്ച യേശു പാപിനിയുടെ തുറവിയോടും മുൻവിധിയില്ലാത്ത പ്രകൃതത്തോടുമാണ് ചേർന്ന് നിൽക്കുന്നത്. നമ്മളെല്ലാവും പാപികളാണെങ്കിലും പലപ്പോഴും മറ്റുള്ളവരുടെ പാപങ്ങളിൽ അവരെ വിധിക്കുന്ന കാപട്യത്തിലേക്ക് നാം വീണുപോകുന്നു. അതിന് പകരമായി നമ്മുടെ കുറവുകളിലേക്കും വീഴ്ചകളിലേക്കും നോക്കിയശേഷം കർത്താവിനെ നോക്കുകയാണ് നാം ചെയ്യേണ്ടത്. ഇതാണ് രക്ഷയുടെ മാർഗം. 'ഞാനും' പാപിയും ദൈവവും തമ്മിലുള്ള ബന്ധമാണ് പ്രധാനം. പാപിനിയായ സ്ത്രീയുടെ അനവധിയായ പാപങ്ങൾ മോചിക്കപ്പെട്ടതുകൊണ്ട് അവൾ ദൈവത്തെ കൂടുതലായി സ്‌നേഹിച്ചു. കുറച്ചു മാത്രം ക്ഷമിക്കപ്പെട്ടവർ കുറച്ച് മാത്രം സ്‌നേഹിക്കുന്നു. കരുണ എന്ന രഹസ്യത്തിൽ ദൈവം എല്ലാം ഉൾച്ചേർത്തിരിക്കുന്നു. ഈ സ്‌നേഹത്തിൽ നിന്നാണ് നാമും സ്‌നേഹിക്കാൻ പഠിക്കുന്നത്. ഈ സ്‌നേഹത്താലാണ് സർവ്വരും പരിപോഷിപ്പിക്കപ്പെടുന്നത്; പാപ്പ വ്യക്തമാക്കി.

Source: Sunday Shalom