News >> വിനോദസഞ്ചാരികൾക്ക് പ്രാർത്ഥിക്കാനൊരിടം
അടിമാലി: പൗരസ്ത്യ പൈതൃകം ഉൾക്കൊള്ളുന്ന നിത്യാരാധന ചാപ്പൽ ഇടുക്കി രൂപതയിലെ അടിമാലിയിൽ സ്ഥാപിതമായി. ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഈ നിത്യാരാധന ചാപ്പൽ കൂദാശ ചെയ്ത് വിശ്വാസി സമൂഹത്തിന് തുറന്നുകൊടുത്തു.പൗരസ്ത്യ സഭകളുടെ പ്രത്യേക പാരമ്പര്യത്തിന്റെ ഭാഗമായ യാമപ്രാർത്ഥനകളെ നിത്യാരാധന കേന്ദ്രത്തിൽ ഉപയോഗിക്കുന്നു എന്നുള്ളതാണ് പുതിയ കേന്ദ്രത്തിന്റെ പ്രത്യേകത. രാവിലെ ആറുമണിക്ക് സപ്രാ പ്രാർത്ഥനയോട് കൂടിയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. രാവിലെ ഒമ്പതുമണിക്ക് ഖുത്താ നമസ്‌കാരം, ഉച്ചയ്ക്ക് 12 മണിക്ക് 'എന്താന' യാമപ്രാർത്ഥന. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് 'ശുബ്ബാ' യാമപ്രാർത്ഥനയും നടക്കും. കൂടാതെ വൈകിട്ട് ആറുമണിക്ക് 'റംശ', രാത്രി ഒമ്പതുമണിക്ക് 'ലെലിയ' എന്നിവയിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്. പുരാതന കാലംമുതൽ സഭയിൽ നിലനിന്ന പ്രാർത്ഥനകളാണ് ഏഴ് യാമങ്ങളിലുള്ള പ്രത്യേക യാമപ്രാർത്ഥനകൾ.ദിവസത്തെ ഏഴ് യാമങ്ങളായി തിരിച്ചിരുന്നു. ഓരോ യാമത്തെയും വിശുദ്ധീകരിക്കാൻ യാമപ്രാർത്ഥനകളും നടത്തിയിരുന്നു. കാലക്രമത്തിൽ മങ്ങിപ്പോയ ഈ പ്രാർത്ഥനാധിഷ്ഠിത ജീവിതശൈലിയെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമുള്ള വേദികൂടിയാകും പുതിയ നിത്യാരാധന കേന്ദ്രം. പൊതുപ്രാർത്ഥനകൾ ഒഴികെയുള്ള മറ്റ് സമയങ്ങളിൽ മൗനപ്രാർത്ഥനയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സായാഹ്ന നമസ്‌കാരത്തെ തുടർന്ന് പൊതു ജപമാല അർപ്പണവും ക്രമീകരിച്ചിരിക്കുന്നു. രാത്രി 7.30-ന് എല്ലാ ദിവസവും വിശുദ്ധ കുർബാന നടക്കുന്നതിനാൽ വിവിധ തൊഴിൽ മേഖലയിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും അനുദിന വിശുദ്ധ ബലി മുടങ്ങാതിരിക്കാൻ സഹായകമാണ്.
നിത്യാരാധന ചാപ്പലിന്റെ നടത്തിപ്പിനായി പൗരസ്ത്യ ശൈലിയിലുള്ള ആശ്രമത്തിന്റെ ശാഖയും ഇതിനോട് ചേർന്ന് സ്ഥാപിച്ചു.ഈ ആശ്രമത്തിന്റെ ദൗത്യം നിത്യാരാധന കേന്ദ്രത്തിന്റെ നടത്തിപ്പും ആരാധനയും മാത്രമാണ്. രാവിലെ ആറുമുതൽ രാത്രി 9.30 വരെ പൊതുജനങ്ങളുടെ പ്രാർത്ഥനാസമയത്തിനുശേഷം ആശ്രമവാസികളാണ് നിത്യാരാധന തുടരുന്നത്.
Source: Sunday Shalom