News >> മാതാപിതാക്കളെ പരിചരിക്കുന്നതിന് അവധി ഏർപ്പെടുത്തണം: ജസ്റ്റിസ് സിറിയക് ജോസഫ്


കൊച്ചി: മാതാപിതാക്കളെ രോഗാവസ്ഥയിൽ പരിചരിക്കുന്നതിന് പ്രസവാവധി മാതൃകയിൽ മക്കൾക്ക് അവധി ഏർപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.മുതിർന്ന പൗരന്മാർക്കുള്ള മരുന്നുകൾ അവരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തണം. പകൽവീടുകളും വൃദ്ധസദനങ്ങളും ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ മനുഷ്യാവകാശ ഗവേഷണകേന്ദ്രവും കേരള സാമൂഹിക നീതിവകുപ്പും സംയുക്തമായി വയോധികരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംഘടിപ്പിച്ച ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയോധികരുടെ അവകാശങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പ്രാധാന്യം വയോജനസമൂഹം ഇപ്പോഴും അംഗീകരിച്ച് തുടങ്ങിയിട്ടില്ല. വയോധികർ നേരിടുന്ന പ്രശ്‌നങ്ങളുടെ വൈവിധ്യം പ്രശ്‌നപരിഹാരത്തെ കൂടുതൽ സങ്കീർണമാക്കുന്നു. വാർധക്യത്തെ സ്വയം അംഗീകരിക്കാനുള്ള വിമുഖത നിയമപരിരക്ഷ ലഭ്യമാക്കുന്നതിന് എളുപ്പമല്ലാതാക്കുന്നു.

വയോധികരായ ദമ്പതികളെ തമ്മിൽ പിരിക്കരുതെന്നും അവരെ വാർധക്യത്തിൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് ബി. കെമാൻപാഷ പറഞ്ഞു. നുവിൽസ് വൈസ് ചാൻസലർ പ്രഫ. റോസ് വർഗീസ് അധ്യക്ഷത വഹിച്ചു.

Source: Sunday Shalom