News >> ഭൂമിയെ സംരക്ഷിക്കാം സമാധാനമായി ജീവിക്കാം!
ഒരുമയുണ്ടെങ്കില്‍ ഭൂമിയുടെ പരിമിതിയില്‍ ഇനിയും മനുഷ്യനു സമാധാനമായി ജീവിക്കാം. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു ലോകത്തെ വിവിധ മതസമൂഹങ്ങള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍: മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തെളിയിക്കുന്നത് നാം വസിക്കുന്ന ഭൂമി വലുതെങ്കിലും അതിന് പരിമിതികളുണ്ടെന്നാണ്. ഭൂമിയില്‍ ഐക്യത്തോടും സാഹോദര്യത്തോടുംകൂടെ ജീവിച്ചുകൊണ്ട് അതിന്‍റെ ഉപായസാദ്ധ്യതകളെ ശ്രദ്ധയോടെ നാം കൈകാര്യംചെയ്യണം. ഭൂമിക്ക് വിനാശകരമാകുന്ന കാര്യങ്ങള്‍ മനുഷ്യര്‍ നിറുത്തലാക്കി അതിനെ പരിരക്ഷിക്കുമെങ്കില്‍ മാനവരാശിയുടെ 'പൊതുഭവനമായ ഭൂമി'യിലെ ജീവിതം ശ്രേയസ്ക്കരമാക്കാം. ഏപ്രില്‍ 22-ാം തിയതി 'ഭൂമിദിന'ത്തിലാണ് (The Earth Day) വിവിധ മതസമൂഹങ്ങള്‍ ഇങ്ങനെ സംയുക്ത പ്രസ്താവന ഇറക്കിയത്.ഇന്നും നാം അനുഭവിക്കുന്ന ആഗോളതാപനം, വരള്‍ച്ച, കാലാവസ്ഥക്കെടുതി, കൃഷിനാശം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂമികുലുക്കം, സുനാമി എന്നിവ അനുദിനമെന്നോണം വര്‍ദ്ധിച്ചുവരികയാണ്. അങ്ങനെ ഭൂമിയിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയുമാണ്. പ്രകൃതിയോടും ഭൂമിയോടും മനുഷ്യര്‍ പുലര്‍ത്തുന്ന നിസ്സംഗഭാവം തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങളും അപരിഹാര്യമായ കെടുതുകളുമാണ് വരുത്തിവയ്ക്കുന്നത്.ഈശ്വരന്‍റെ ദാനമായ ജീവനോടുള്ള ആദരവ് എല്ലാ വിശ്വാസ സമൂഹങ്ങളുടെയും അടിസ്ഥാനവും മുഖ്യമായ ധാര്‍മ്മിക ആദര്‍ശവുമാണ്. എന്നിട്ടും നാം ഭൂമുഖത്ത് ജീവനെ അപകടപ്പെടുത്തുന്ന രീതിയിലാണ് ജീവിക്കുന്നത്. ഇതിനു തെളിവാണ്, പ്രകൃതിയെ നശിപ്പിക്കുകയും ഭൂമുഖത്തെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ ചില പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കഠിനമായത്
ഹരിതഗാര്‍ഹികവാതകങ്ങളുടെ (Greenhouse gas emission) അല്ലെങ്കില്‍ 'ഓസോണ്‍ ലെയര്‍' ഭേദക വാതകങ്ങളുടെ അനുദിനമെന്നോണമുള്ള വര്‍ദ്ധനവാണ്. നാം ഓടിക്കുന്ന വണ്ടിയുടെ പകയും, ഫാക്ടറികളുടെ ചിമ്മിണികള്‍ വമിക്കുന്ന വിഷവാതകങ്ങളും, അശ്രദ്ധമായി നാം കത്തിച്ചുകളയുന്ന കടലാസും പ്ലാസ്റ്റിക്കുമെല്ലാമാണ് ഭൂമിക്കു മുകളിലെ ജീവവായുവിന്‍റെ അളവ് അനുദിനം അപകരമാം വിധം ഇല്ലാതാക്കുന്നത്. ഭൂമുഖത്തെ നമ്മുടെ ജീവിതശൈലി - നിര്‍മ്മാണപരവും യാന്ത്രികവും സാങ്കേതികവുമായ പ്രവര്‍ത്തന രീതികള്‍ അങ്ങനെ ഭൂമിയുടെ ലോലമായ സന്തുലിതാവസ്ഥയെ തകര്‍ത്തിട്ടുണ്ട്.ജീവിതരീതികളിലും നമ്മുടെ ശീലങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തി സമൂഹിക ചുറ്റുപാടുകളില്‍ പ്രകൃതിയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാം. പൊതുഭാവനമായ ഭൂമിയുടെ (The Earth Our Common Home) ഉപായസാധ്യതകളെ ചൂഷണംചെയ്യാതെ സംരക്ഷിക്കുന്ന രീതികള്‍ ക്രമപ്പെടുത്താം. കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും അറിവിന്‍റെയും കൂട്ടായ അരൂപിയില്‍ ധാര്‍മ്മികവും ആത്മീയവും സാംസ്ക്കാരികവുമായ ഉത്തരവാദിത്വത്തോടെ ഓരോ വ്യക്തിയും, സമൂഹങ്ങളും രാഷ്ട്രങ്ങളും ഈ പ്രതിസന്ധിയെ നേരിടേണ്ടതാണ്. പരിഹാരമാര്‍ഗ്ഗം ഒരുമിച്ചു തേടേണ്ടതാണ്, അവബോധത്തോടെ ജീവിക്കേണ്ടതാണ്.ഏപ്രില്‍ 22-ാം തിയതി ഭൂമിദിനത്തില്‍ ലോകമതങ്ങള്‍ പ്രബോധിപ്പിച്ച സംയുക്ത പ്രസ്താവനയുടെ പ്രസക്തഭാഗങ്ങളാണിത്.Source: Vatican Radio