News >> കരയുന്ന കന്യകാനാഥയ്ക്കൊപ്പം വത്തിക്കാനില്‍ ജാഗരാനുഷ്ഠാനം


കേഴുന്ന ലോകത്തിന്‍റെ കണ്ണീരൊപ്പാന്‍ വത്തിക്കാനില്‍ ജാഗരപ്രാര്‍ത്ഥന സംഘടിപ്പിക്കും  -  'കരയുന്ന കന്യകാനാഥ'യ്ക്കൊപ്പം!

ലോകത്ത് ശാരീരികവും മാനസികവുമായ വ്യഥകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് വത്തിക്കാനില്‍ ജാഗരപ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്.  മെയ് 5-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു സന്ദേശംനല്ക്കും. രാത്രി 9 മണിവരെ നീണ്ടുനില്ക്കും ജാഗരാനുഷ്ഠാനം.    

തെക്കെ ഇറ്റലിയിലെ സിറാക്കൂസിലുള്ള കരയുന്ന കന്യകാനാഥായുടെ അത്ഭുതചിത്രം ജാഗരപ്രാര്‍ത്ഥനയ്ക്ക് അന്നാളില്‍ കൊണ്ടുവരപ്പെടുന്നത് ഏറെ പ്രതീകാത്മകവും ശ്രദ്ധേയവുമാണ്. മെയ്മാസ വണക്കത്തിന്‍റെയും ഭാഗമായിട്ടാണ് ജൂബിലിനാളില്‍ മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ അത്ഭുതചിത്രം തെക്കെ ഇറ്റലിയിലെ സിസിലിയിലുള്ള സിറാക്കൂസില്‍നിന്നും വത്തിക്കാനില്‍ എത്തിക്കുന്നത്.

ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ട സിറാക്കൂസിലെ ഒരു കുടുംബത്തിന് 1953-ല്‍ (ആഗസ്റ്റ് 29-മുതല്‍ സെപ്തംബര്‍ 1-വരെയുള്ള ദിവസങ്ങളില്‍) പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദര്‍ശനമുണ്ടായി. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന വിമലഹൃദയത്തിന്‍റെ ചിത്രം അത്ഭുതകരമായി കണ്ണീരണിഞ്ഞ് ദമ്പതികള്‍ക്ക് സാന്ത്വനമേകിയെന്നാണ് ചരിത്രം. ജൂബിലിനാളിലെ പ്രത്യേക ജാഗരപ്രാര്‍ത്ഥനയ്ക്ക് വത്തിക്കാനില്‍ എത്തുന്നത് കന്യകാനാഥയുടെ ഈ അത്ഭുത ചിത്രമാണ്. സിസിലിയിലെ സിറാക്കൂസ് എന്ന സ്ഥലത്തെആഞ്ചലോ ഇയാനൂസോ - അന്തോണിയാ ജുസ്തോ ദമ്പതികള്‍ക്കാണ് മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ കണ്ണീരണിഞ്ഞ മാതൃസാന്നിദ്ധ്യം ജീവിതവ്യഥകളില്‍ സാന്ത്വനമായത്.

മനുഷ്യരുടെ ജീവിതക്ലേശങ്ങള്‍ കണ്ട് കണ്ണീരണിഞ്ഞ സിറാക്കൂസിലെ കന്യകാനാഥയുടെ അത്ഭുതചിത്രം അനുദിന ജീവിതവഴികളില്‍ ഉഴലുന്നവര്‍ക്ക് സാന്ത്വനവും മാര്‍ഗ്ഗദീപവുമാകും  എന്ന പ്രത്യാശയിലാണ്, കരയുന്ന കന്യകാനാഥയ്ക്കൊപ്പമുള്ള ജാഗരാനുഷ്ഠാനം നടത്തപ്പെടുന്നതെന്ന്, പരിപാടികളുടെ സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍‍ഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ ഏപ്രില്‍ 26-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

Source: Vatican Radio