News >> വംശഹത്യതന്നെ! യു.എന്നിൽ നിവേദനം


ന്യൂയോർക്ക്: ക്രിസ്ത്യാനികൾക്കും മറ്റുന്യൂനപക്ഷങ്ങൾക്കുമെതിരെ വംശഹത്യ ശ്രമങ്ങൾ നടക്കുന്നുവെന്നും അതിൽ യു.എൻ അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് നാലുലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം യുണൈറ്റഡ് നേഷനിൽ. ലോകം മുഴുവനുമുള്ള സമാനചിന്തകരുടെ ഒപ്പുശേഖരണത്തിലൂടെ ഐസിസ് പോലുള്ള ഭീകരസംഘടനകളെ നിലയ്ക്കുനിർത്താൻ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നാണ് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിറ്റിസൺഗോ എന്ന സന്നദ്ധസംഘടനയാണ് ഒപ്പുശേഖരണത്തിനും സമ്മർദ്ദത്തിനും പിന്നിൽ.

ഒരു രാജ്യം എന്നതിൽനിന്നുമാറി ലോകശക്തികൾതന്നെ ഇക്കാര്യത്തിൽ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുമിച്ചുള്ള ബോധവത്കരണവും സമ്മർദ്ദങ്ങളും അടിച്ചമർത്തപ്പെടുന്നവർക്കുള്ള നീതിയും നടപ്പാക്കിയെങ്കിൽ മാത്രമെ പ്രസ്തുത തിന്മയെ അതിജീവിക്കാനാവൂ എന്നും നിവേദനം വ്യക്തമാക്കുന്നു. നൈജീരിയൻ ബിഷപ് ജോസഫ് ദൻലാമി, അലോപ്പോ ആർച്ച് ബിഷപ് ഷീൻ ക്ലെമന്റ് തുടങ്ങിയവരുടെ നിവേദനം തയ്യാറാക്കുന്നതിൽ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

മോസൂളിലും ഇറാക്കിലും ക്രൈസ്തവരെ പാടേ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും പീഡനത്തിനിരയാകുന്നു, പുരുഷന്മാർ വധിക്കപ്പെടുന്നു. വംശഹത്യയാണ് ലക്ഷ്യമെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുമ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടപടികൾ എടുക്കപ്പെടണം. അഭയാർത്ഥി പ്രശ്‌നങ്ങളുടെ മുഖ്യകാരണം പീഢനമാണ്. മാത്രമല്ല, തടവിലാക്കപ്പെട്ടിരിക്കുന്ന അനേകായിരങ്ങളുടെ രക്ഷയ്ക്ക് ഉചിതമായ നടപടികളും ഉണ്ടാവണം.

നൈജീരിയയിൽ ബോക്കോ ഹാരം തീവ്രവാദികളും ക്രിസ്ത്യാനികളുടെ വംശഹത്യയാണ് ലക്ഷ്യം വയ്ക്കുന്നത്. 2015 ൽ മാത്രം നാലായിരത്തോളം പേർ വധിക്കപ്പെടുകയും 200 ലധികം പള്ളികൾ തകർക്കപ്പെടുകയും ചെയ്തു അവിടെ.

ആദിമനൂറ്റാണ്ടിൽ വലിയ ക്രൈസ്തവ പീഢനം അരങ്ങേറിയപ്പോൾ ചിതറിക്കപ്പെട്ട ക്രിസ്ത്യാനികളാണ് വിശ്വാസം അവർ ചെന്നുചേർന്ന ഇടങ്ങളിൽ പ്രചരിപ്പിച്ചത്. അതിനാൽ ക്രൈസ്തവപീഢനം വലിയ നന്മകൾ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. ഏങ്കിലും, വിശ്വാസത്തിന്റെ പേരിൽ യുദ്ധമുഖത്തായിരിക്കുന്ന അവർക്ക് താങ്ങാകുവാൻ ലോകം മുഴുവനുമുള്ളവർ തയ്യാറാകണമെന്നും നിവേദനം വ്യക്തമാക്കുന്നുണ്ട്.

Source: Sunday Shalom