News >> അജപാലകർ അജഗണത്തോട് ചേർന്ന് നിൽക്കണം: പാപ്പ


വത്തിക്കാൻ സിറ്റി: വിശുദ്ധമായ ജീവിതം നയിക്കാനും ക്രിസ്തുവിന്റെ സാക്ഷികളായി തീരുവാനുമുള്ള പൊതുവിളിയാണ് അജപാലകർക്കും അൽമായർക്കുമുള്ളതെന്ന് ഫ്രാൻസിസ് മാർപാപ്പ. ലാറ്റിൻ അമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റ് കർദിനാൾ മാർക്ക് ഔളറ്റിന് അയച്ച കത്തിലാണ് അൽമായരും അജപാലകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പ പരാമർശിച്ചത്. അൽമായരുടെ പ്രവർത്തനത്തെക്കുറിച്ച് നടത്തിയ പ്ലീനറി അസംബ്ലിയുടെ ചുവടു പിടിച്ചാണ് പാപ്പയുടെ കത്ത്.

സമകാലീന ജീവിതത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങൾക്കുള്ള ഉത്തരങ്ങളുടെ കുത്തക അജപാലകർക്ക് മാത്രമാണ് എന്ന് ചിന്തിക്കുന്നത് യുക്തപൂർണമല്ല. മറിച്ച് നമ്മുടെ ജനത്തിന്റെ അന്വേഷണങ്ങളിൽ അവരോടൊപ്പം ചേർന്ന് നിൽക്കുകയും പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനായി അവരുടെ ഭാവനകളെ പ്രചോദിപ്പിക്കുകയും ചെയ്യണം.

പുരോഹിതരെപ്പോലെ തന്നെ അൽമായരും ദൈവത്തിന്റെ പരിശുദ്ധവും വിശ്വസ്തവുമായ ജനമാണ്. സുവിശേഷം ലോകത്തിന് കൊടുക്കുന്നതിൽ അവർക്കുള്ള പങ്കും പ്രാപ്തിയും അജപാലകർ അംഗീകരിക്കുവാൻ തയാറാകണം. അവരെ ശുശ്രൂഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്; പാപ്പ കത്തിൽ വിശദീകരിച്ചു.

സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരും ഇടവകയോടോ രൂപതയോടൊ ചേർന്ന് പ്രവർത്തിക്കുന്നവരും മാത്രമാണ് പ്രതിബദ്ധതയുള്ള ക്രിസ്ത്യാനികളെന്ന തെറ്റിദ്ധാരണയിലേക്ക് അൽമായരുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ വീണുപോകരുതെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. ഭവനങ്ങളിലും അയൽവക്കങ്ങളിലും ജോലിസ്ഥലങ്ങളിലും ക്രൈസ്തവ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഭൂരിപക്ഷത്തെ മറന്ന് 'അൽമായ മേൽതത്തട്ട്' ഉണ്ടാക്കരുത്. നമുക്ക് ലഭിച്ച വിശ്വാസം നമ്മുടെ അമ്മമാരിൽനിന്നും വല്യമ്മമാരിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണ്. നമ്മുടെ കുടുംബങ്ങളിലെ യേശുക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യമായിരുന്നു അവർ. കുടുംബങ്ങളുടെ നിശബ്ദതയിലാണ് നമ്മളിൽ ഭൂരിപക്ഷം പേരും പ്രാർത്ഥിക്കാനും സ്‌നേഹിക്കാനും വിശ്വാസം ജീവിക്കാനും പഠിച്ചത്. തലമുറതോറും വിശ്വാസം കൈമാറുന്നതിൽ അൽമായർക്കുള്ള പങ്ക് നിഷേധിക്കുന്നത് അപകടകരമാണ്. അൽമായരെ പ്രോത്സാഹിപ്പിക്കാനും അനുധാവനം ചെയ്യാനും വിശ്വാസം പ്രത്യാശയും കാത്ത് സൂക്ഷിക്കാനുള്ള അവരുടെ ഒരോ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കാനും അജപാലകർ പരിശ്രമിക്കണം. അൽമായർക്കുവേണ്ടി വാതിലുകൾ തുറന്ന് അവരോടൊപ്പം പ്രവർത്തിച്ച് അവരോടൊപ്പം സ്വപ്നങ്ങൾ കണ്ട്, പ്രത്യേകിച്ചും അവരോടൊപ്പം ചിന്തിച്ചും പ്രാർത്ഥിച്ചും അജപാലകർ അജഗണത്തോട് ചേർന്നിരിക്കണം; പാപ്പ വ്യക്തമാക്കി.

Source: Sunday Shalom