News >> മെയ് മാസം: മരിയഭക്തിയുടെ മാസം


മുതിർന്ന തലമുറയ്ക്ക് മെയ്മാസം എന്ന് കേൾക്കുമ്പോഴേ മാതാവിനെപ്പറ്റിയും മരിയഭക്തിയെപ്പറ്റിയുമാണ് ഓർമ വരുക. അവധിക്കാലം കൂടി ആയതിനാൽ ധാരാളം മുതിർന്നവരും കുട്ടികളും മെയ്മാസം മുഴുവൻ ദൈവാലയത്തിൽ എത്തി ദിവ്യബലിയിൽ പങ്കെടുക്കുമായിരുന്നു.

മാതാവിന്റെ വണക്കമാസമായിട്ടാണ് മെയ്മാസം കരുതിയിരുന്നത്. വീടുകളിൽ വണക്കമാസ പ്രാർത്ഥന നിർബന്ധമായും ചൊല്ലുമായിരുന്നു. മെയ് 31-ന് മാതാവിന്റെ വണക്കമാസം കൂടൽ അഥവാ വണക്കമാസ സമാപനം ചെറിയ ആഘോഷത്തോടെയെങ്കിലും നടത്തുമായിരുന്നു. അന്ന് വീട്ടിലുള്ള രൂപങ്ങൾ പ്രത്യേകം അലങ്കരിക്കും. വീട്ടിൽത്തന്നെ നട്ടുവളർത്തുന്ന ചെടികളിലെ പൂക്കൾകൊണ്ട് അലങ്കരിക്കും. ധാരാളം മെഴുകുതിരികൾ കത്തിക്കും. ആഘോ,മായി വണക്കമാസം ചൊല്ലും. വീട്ടിൽ ചെറിയൊരു സദ്യ ഉണ്ടാകും. മിക്ക വീടുകളിലും പടക്കം പൊട്ടിക്കുമായിരുന്നു. ദൈവാലയങ്ങളിലും ഈ ഒരു മാസം ആഘോഷത്തിന്റെ മാസമായിരുന്നു.

ഈവിധ കാര്യങ്ങൾ ചെയ്തതിലൂടെ ഉണ്ടായ ചില നന്മകളുണ്ട്. ഏറ്റവും പ്രധാനം, മാതാവ് വഴിയായുള്ള പ്രാർത്ഥനകളിലൂടെ ലഭിച്ച വലിയ ദൈവാനുഗ്രഹങ്ങൾതന്നെ. അത് എന്തുമാത്രം ഉണ്ടെന്ന് കൃത്യമായി അളക്കുവാൻ ആർക്കും കഴിയുകയില്ലല്ലോ. രണ്ടാമത്തെ കാര്യം, കുട്ടികളെ മരിയഭക്തിയിൽ വളർത്തുന്നതിൽ ഇത് പ്രധാന പങ്ക് വഹിച്ചു എന്നുള്ളതാണ്. മറിയം വലിയൊരു വിശുദ്ധയാണ്, നമ്മുടെ ആവശ്യനേരത്ത് നമ്മെ സഹായിക്കുന്ന മധ്യസ്ഥയാണ് എന്ന ബോധ്യം കുട്ടികൾക്ക് ഇതുവഴി ലഭിച്ചു. അവർ വളർന്ന് വലുതായപ്പോഴും ഈ ബോധ്യം അവരിൽ നിലനിന്നു. ഇപ്പോഴും നിലനിൽക്കുന്നു.

എന്നാൽ, കാലം കടന്നുപോയപ്പോൾ മെയ്മാസ ഭക്തിയിൽ വലിയ കുറവ് ഉണ്ടായി. വണക്കമാസ പ്രാർത്ഥന ഇല്ലാതായി. ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന, മറിയംവഴി നടന്ന അത്ഭുതങ്ങൾ കെട്ടുകഥയായി വ്യാഖ്യാനിക്കപ്പെട്ടു. അഥവാ, അതിശയോക്തികളായി വ്യാഖ്യാനിക്കപ്പെട്ടു. വണക്കമാസ പ്രാർത്ഥന ചൊല്ലുന്നതുപോലും ഇല്ലാതായി. കുട്ടികൾ മെയ്മാസത്തിൽ ദൈവാലയത്തിൽ പോകുന്ന പതിവും ഇല്ലാതായി. ഇതിന്റെയെല്ലാം ആകെ ഫലം എന്താണ്? പഴയ തലമുറയും പുതിയ തലമുറയും മരിയഭക്തിയിൽ, മെയ്മാസ ഭക്തിയിൽ പുറകോട്ടുപോയി.

മരിയഭക്തിയിൽ കുട്ടികളെ വളർത്തുന്നത് വളരെ നല്ലതാണ്. ഏറ്റവും പ്രധാനം, വിശുദ്ധിയിൽ ജീവിക്കുവാൻ അത് അവർക്ക് പ്രചോദനവും കാരണവുമാകും എന്നുള്ളതാണ്. അതിനാൽ, പലവിധ പാപവഴികളിലും പ്രലോഭനങ്ങളിലും ദുഷിച്ച കൂട്ടുകെട്ടുകളിലും അവർ പെട്ടുപോവുകയില്ല എന്നതാണ്. പ്രത്യേകിച്ച്, ഇന്നത്തെ തിന്മ വർധിച്ച, പ്രലോഭനങ്ങൾ വർധിച്ച, ഈ കാലഘട്ടത്തിൽ മരിയഭക്തി വഴിതെറ്റിക്കാതിരിക്കുവാൻ കുട്ടികൾക്കും യുവജനങ്ങൾക്കും വലിയൊരു പ്രചോദനമാകും. രണ്ടാമത്, ദൈവവിശ്വാസത്തിലും ആത്മീയാനുഷ്ഠാനങ്ങളിലും വളരുവാൻ മരിയഭക്തി കാരണമാകും എന്നതാണ്. മറിയംവഴി യേശുവിലേക്ക് എന്നൊരു ചൊല്ലുതന്നെ നമ്മുടെയിടയിലുണ്ടല്ലോ. മൂന്നാമത്, മരിയഭക്തിയിൽനിന്നും ഉടലെടുക്കുന്ന പ്രാർത്ഥനകൾവഴി വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടവകകൾക്കും ലോകം മുഴുവനും ലഭിക്കുന്ന നാനാതരം ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ.

മന്ദീഭവിച്ചുപോയ മരിയഭക്തിയെ പ്രത്യേകിച്ച്, ജപമാലഭക്തിയെ പുനരുജ്ജീവിപ്പിക്കുന്നതിന് കരിസ്മാറ്റിക് പ്രസ്ഥാനം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മറിയത്തിന്റെ മധ്യസ്ഥശക്തി തിരിച്ചറിയുന്നതിന് കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജപമാല ഭക്തി വർധിപ്പിക്കുന്നതിൽ, ജപമാല ചൊല്ലാൻ പ്രചോദനം നൽകുന്നതിൽ, കരിസ്മാറ്റിക് പ്രാർത്ഥനാഗ്രൂപ്പുകളും കരിസ്മാറ്റിക് ധ്യാനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. തൽഫലമായി മരിയഭക്തിയിലും ജപമാലഭക്തിയിലും വലിയ ഉണർവ് ഉണ്ടായിട്ടുണ്ട്.

മരിയഭക്തിയെയും ജപമാലഭക്തിയെയും മെയ്മാസഭക്തിയെയും എല്ലാം ഒന്നുകൂടി ശക്തിപ്പെടുത്തേണ്ടതില്ലേ? പ്രലോഭനങ്ങളുടെയും പ്രലോഭകരുടെയും തിന്മകളുടെയും ആസക്തികളുടെയും ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും മരിയഭക്തി വലിയൊരു താങ്ങ് ആവില്ലേ? വഴിതെറ്റിപ്പോകാതിരിക്കുവാനുള്ള വലിയൊരു പ്രചോദനവും ആത്മീയ ഉറവിടവും ആവില്ലേ? അതുകൊണ്ട്, മാതാപിതാക്കൾ മരിയഭക്തിയുള്ളവർ ആയിരിക്കണം. മരിയഭക്തിയിൽ കുഞ്ഞുങ്ങളെ വളർത്തണം. ചില മരിയൻ ഭക്താഭ്യാസങ്ങൾ അവരെ പഠിപ്പിച്ച് അവ നിത്യവും അനുഷ്ഠിക്കുവാൻ അവരെ ശീലിപ്പിക്കണം. ആ ശീലവും അതുവഴി ഒരു ആത്മീയ ബോധ്യവും ലഭിച്ചാൽ, അവർ എവിടെയായിരുന്നാലും വഴിതെറ്റാതെ, വിശ്വാസം നഷ്ടപ്പെടാതെ, മുന്നോട്ടുപോകുവാൻ ഏറെ സഹായകമാകും. അതിനാൽ മെയ്മാസഭക്തി കുടുംബങ്ങളിൽ പുനരാരംഭിക്കാമോ? വികാരിയച്ചന്മാർ മെയ്മാസ മരിയഭക്തിയെപ്പറ്റി ദൈവാലയങ്ങളിൽ പറഞ്ഞ് മുതിർന്നവരെയും യുവജനങ്ങളെയും കുഞ്ഞുങ്ങളെയും പ്രചോദിപ്പിക്കുമോ? വീടുകളിൽ വണക്കമാസം വായിച്ച് പ്രാർത്ഥിക്കുന്നത് പുനരാരംഭിക്കാമോ? അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളൊക്കെ സത്യമാണെന്ന ബോധ്യം കിട്ടിയാൽത്തന്നെ വിശ്വാസജീവിതത്തിലും മരിയഭക്തിയിലും യുവജനങ്ങളും കുഞ്ഞുങ്ങളും വളർന്നുകൊള്ളും.

മരിയഭക്തിയുടെ, ജപമാലയുടെ, മറ്റൊരു പ്രത്യേകതകൂടി പറയട്ടെ. നിരവധി സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മറിയം ആവർത്തിച്ച ചില സന്ദേശങ്ങൾ ഇവയാണ്. ലോകത്തിൽ പാപം പെരുകുന്നു. ദൈവത്തിന്റെ കോപം ജ്വലിക്കുന്നു. ദൈവം ലോകത്തെ ശിക്ഷിക്കുവാൻ ഒരുങ്ങുന്നു. അതിനാൽ ദൈവകോപം ശമിപ്പിക്കുവാൻ, ദൈവം ലോകത്തോട് കരുണ കാണിക്കുവാൻ, ത്യാഗം ചെയ്ത്, ജപമാല ചൊല്ലി പ്രാർത്ഥിക്കണം. ഒന്നോർക്കുക; ദൈവം ലോകത്തെ ശിക്ഷിച്ചാൽ, ആ ശിക്ഷ നമ്മെയും ബാധിക്കും. ദൈവം ലോകത്തോട് കരുണ കാണിച്ചാൽ അതിന്റെ ഗുണവും നമുക്ക് കിട്ടും.

Source: Sunday Shalom