News >> തടവുകാർ ആ മാലാഖക്കായി കാത്തിരിക്കുന്നു


ഗോവ: ജയിലിലെ മാലാഖ എന്നറിയപ്പെട്ടിരുന്ന സിസ്റ്റർ മേരി ജയിൻ ഓർമയായി. 75 വയസായിരുന്നു. ഗോവയിലെ കത്തോലിക്കാ സഭയും കാരിത്താസ് ഇന്ത്യയും ചേർന്നു നടത്തുന്ന ജയിൽ മിനിസ്ട്രിയുടെ കോ-ഓർഡിനേറ്ററായിരുന്നു സിസ്റ്റർ ജെയിൻ. 20 വർഷമായി ഗോവയിലെ വിവിധ ജയിലുകളിലെ സ്ഥിരം സന്ദർശകയായിരുന്നു സിസ്റ്റർ. സിസ്റ്ററിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2014 ഗോവ ഗവൺമെന്റിന്റെ വനിത-ശിശുക്ഷേമവകുപ്പ് 'രാജ്യ മഹിളസമ്മാൻ' അവാർഡ് നൽകി ആദരിച്ചിരുന്നു. ജയിലിൽ കഴിയുന്നവർ മനുഷ്യരാണെന്നും അവർക്കും പ്രിയപ്പെട്ടവരുണ്ടെന്നുമുള്ള കാഴ്ചപ്പാടായിരുന്നു സിസ്റ്റർ മേരി ജയിനെ നയിച്ചിരുന്നത്. അതിന് അനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചപ്പോൾ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലേക്ക് വളർന്നു. ജയിലുകൾ മാനസിക പരിവർത്തനം സൃഷ്ടിക്കേണ്ട ഇടങ്ങളായിരിക്കണമെന്നും അവിടെ പ്രതികാര നടപടികളല്ല ഉണ്ടാകാണ്ടതെന്നുമായിരുന്നു സിസ്റ്ററിന്റെ തിയറി.

തടവുകാരുടെ വിദ്യാഭ്യാസം, സാസ്‌കാരിക ഉന്നമനം തുടങ്ങിയ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പ്രവർത്തനങ്ങൾ ജയിലുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി. ജയിലുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിൽനിന്ന് ഡിപ്ലോമ, ബിരുദ, ബിരുദാനന്തധാരികളും ഉണ്ടായി. ജാമ്യത്തുക കെട്ടിവയ്ക്കാൻ ഇല്ലാത്തതിന്റെ പേരിൽ നീണ്ട വർഷങ്ങളായി പരോൾ ലഭിക്കാത്തവർക്കുവേണ്ടി ഒരു ലക്ഷം രൂപ കെട്ടിവച്ചിരുന്നത് സിസ്റ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ടീമാണ്. അതോടൊപ്പം ജയിലുകളിൽ കഴിയുന്നവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു. തടവുകാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകൾ സന്ദർശിക്കുകയും പഠനനിലവാരം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിലും സിസ്റ്റർ സജീവമായിരുന്നു. സാമ്പത്തികമായി ക്ലേശമനുഭവിക്കുന്നവർക്ക് സഹായങ്ങളും നൽകിയിരുന്നു. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, നാഷണൽ ഓപ്പൺ സ്‌കൂൾ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത് വിവിധ സ്വയം തൊഴിൽ പരിശീലന പരിപാടികളും നടത്തിയിരുന്നു. 1941-ൽ കെനിയയിൽ ജനിച്ച സിസ്റ്റർ മേരി ജയിനിന് ആറ് വയസായപ്പോഴാണ് കുടുംബം ഗോവയിൽ എത്തിയത്.

Source: Sunday Shalom