News >> വൈദികരേ, നിങ്ങൾ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകണം: ഡോ. പെനാച്ചിയോയുടെ ആഹ്വാനം
ഗോവ: വൈദികർ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്ന പാവപ്പെട്ടവരെയും ഉപേക്ഷിക്കപ്പെട്ടവരെയും അഭയാർത്ഥികളെയും തേടിയിറങ്ങണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് സാൽവത്താരോ പെനാച്ചിയോ. പനാജിയിൽ നടന്ന രൂപതാ വൈദികരുടെ ദേശീയ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വൈദികനും യേശുവിന്റെ പ്രതിരൂപമായിരിക്കണമെന്നും ഡോ. പെനാച്ചിയോ പറഞ്ഞു. മാതൃരാജ്യത്തെ പ്രകീർത്തിക്കുന്നതിനും ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതിനും ക്രിസ്ത്യാനികൾക്ക് ഒരു പ്രശ്‌നവുമില്ലെന്നും സിബിസിഐ ക്ലെർജി കമ്മീഷൻ ചെയ ർമാനും വാറംഗൽ രൂപതാധ്യക്ഷനുമായ ഉദുമല ബാല പറഞ്ഞു. ദേശീയതയെക്കുറിച്ച് വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുവിശേഷപ്രഘോഷണത്തിന് വൈദികർ ഉത്സാഹവും സമർപ്പണവും പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ജനസംഖ്യയിൽ കത്തോലിക്കരുടെ സംഖ്യ 1.55 ശതമാനമാത്രമാണ്. എങ്കിലും ഏഷ്യയിൽ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രസംഗിക്കേണ്ടത് വൈദികരുടെ കടമയാണെന്ന് ഗോവ അതിരൂപതാധ്യക്ഷൻ ഡോ. ഫിലിപ്പ് നേരി ഫെറാവോ പറഞ്ഞു. വ്യത്യസ്ഥ സാഹചര്യങ്ങളിൽ എങ്ങനെയാണ് സുവിശേഷം പ്രഘോഷിക്കുന്നതെന്നതിന്റെ ഉദാഹരണമാണ് അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ ജോസഫ് വാസിന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പ്രസംഗങ്ങളിൽ വൈദികർ കൂടുതൽ ശ്രദ്ധിക്കണമെന്ന് വസായ് അതിരൂപതാധ്യക്ഷൻ ഡോ. ഫെലിക്‌സ് ആന്റണി മെച്ചാഡോ പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പി ക്കുന്ന രീതിയിൽ 10 മിനിറ്റിലധികം ദീർഘിപ്പിക്കാത്ത വിധത്തിൽ ഞായറാഴ്ച പ്രസംഗങ്ങൾ നടത്തണം. ഞായറാഴ്ച പ്രസംഗങ്ങൾ ജനങ്ങളെ പരിവർത്ത നത്തിലേക്ക് നയിക്കാനുള്ള സുവർണാവസരങ്ങളാണ് വൈദികർക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിമോഗ രൂപതാധ്യക്ഷൻ ഡോ. ഫ്രാൻസിസ് സെറാവോ, വിശുദ്ധ ജോസഫ് വാസ് സെന്റർ ഡയറക്ടർ ഫാ. ഹെൻട്രി ഫാൽക്കോ, ഫാ. വില്യം ഉറായ് തുടങ്ങിയവർ പ്രസംഗിച്ചു.
Source: Sunday Shalom