News >> കുറ്റവാളികളായി മുദ്ര ചാർത്തിയ ഏഴ് നിരപരാധികൾ
വിശ്വഹിന്ദു പരിഷിത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ഘാതകരെന്ന് മുദ്രകുത്തി ഏഴ് വർഷത്തിലധികമായി കാണ്ടമാലിലെ ഏഴ് ക്രിസ്ത്യാനികൾ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവരിൽ ഒരാൾക്ക് കഴിഞ്ഞ മാസം ഒഡീഷ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബാക്കി ആറ് പേർ ജാമ്യത്തിനായുള്ള കാത്തിരിപ്പിലാണ്. അവരെക്കുറിച്ചുള്ള യഥാർത്ഥ വിവരം പുറംലോകം അറിഞ്ഞത് പ്രശസ്ത പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ അടുത്ത കാലത്ത് പുറത്തിറങ്ങിയ 'നിശബ്ദരാക്കപ്പെട്ടവരുടെ നിലവിളികൾ' എന്ന പുസ്തകത്തിലൂടെയാണ്.കുറ്റവാളികളെന്ന് വിധിക്കപ്പെട്ട ആറ് പേരുടെ ഭാര്യമാർ ചേർന്നായിരുന്നു രണ്ട് മാസം മുമ്പ് ഡൽഹിയിൽ പുസ്തകം പ്രകാശനം ചെയ്തത്. എങ്ങനെയാണ് പോലീസ് അവരെ അപരാധികളാക്കി മാറ്റിയതെന്ന് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. കൊലപാതകികളെന്ന് പ്രത്യേക കോടതി വിധിച്ചിട്ടും, സഭാ നേതൃത്വവും പൊതുസമൂഹവും മനുഷ്യാവകാശ പ്രവർത്തകരും അവർ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിക്കുകയും അവരുടെ മോചനത്തിനായി ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളും പുസ്തകം വിശദീകരിക്കുന്നു. കേസിൽ പ്രതികളാക്കപ്പെട്ടവരുടെ വിവരങ്ങളും അവരുടെ കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും കൃത്യമായി പൊതുസമൂഹത്തിന്റെ മുമ്പിൽ എത്തിയത് ഈ പുസ്തകത്തിലൂടെയാണ്.സനാതൻ ബഡമാജി:സ്വാമിയുടെ കൊലപാതകേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട ബഡമാജി എഴുത്തും വായനയും അറിയില്ലാത്ത സാധാരണ കർഷകനാണ്. സനാതൻ അറസ്റ്റുചെയ്യപ്പെടുന്നതിന് ദിവസങ്ങൾക്കുമുമ്പ് ചില ഹിന്ദു സംഘടനകളുടെ നേതാക്കന്മാർ അദ്ദേഹം പ്രതിയാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ബാദുസി പറയുന്നു. പോലീസ് തയാറാക്കിയ തിരക്കഥയെക്കുറിച്ച് അവിടെയുള്ള ചിലർക്ക് അറിയാമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. സ്വാമി കൊലചെയ്യപ്പെട്ട ദിവസം സനാതൻ ആ പ്രദേശത്തുപോലും ഉണ്ടായിരുന്നില്ലെന്ന് അയൽവാസിയും ഹിന്ദുവിശ്വാസിയുമായ നകുല മല്ലിക്ക് ഉറപ്പിച്ചുപറയുന്നു. പശുക്കളെയും ആടുകളെയും മേയ്ക്കാൻ പോയതായിരുന്നു. സനാതന്റെ വീട്ടിൽനിന്നും ഒരു മഴു പിടിച്ചെടുത്തതായും പോലീസ് റിപ്പോർട്ടിലുണ്ട്. വീട് തിരിച്ചറിയുന്നതിനായി പോലീസ് കൊണ്ടുവന്ന നകുല മല്ലിക്കിന്റെ വീട്ടിൽനിന്നും പോലീസ് മഴു എടുത്തുകൊണ്ടുപോയിരുന്നു. എന്നാൽ കോടതിയിൽ എത്തിയപ്പോൾ കൊലപാതകത്തിന് ഉപയോഗിച്ച മഴുവായി പോലീസ് അതുമാറ്റി. ബഡമാജിയുടെ വീട്ടിൽനിന്നും ആ മഴു കണ്ടെടുത്തതായിട്ടാണ് പോലീസ് രേഖകൾ. തന്റെ വീട്ടിൽ ഉണ്ടായിരുന്ന മഴു ഇപ്പോഴും അവിടെ ഉണ്ടെന്നും അതു പോലീസ് കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ബാദുസി പറയുന്നു. അതേസമയം പോലീസ് തന്റെ വീട്ടിൽനിന്നും കൊണ്ടുപോയ മഴു തിരിച്ചുതന്നിട്ടില്ലെന്ന് നകുല മല്ലിക്ക് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ വീട്ടിൽനിന്ന് ഒരു തോക്ക് പിടിച്ചെടുത്തു എന്ന് കോടതിയിൽ എത്തിയപ്പോഴാണ് സനാതന്റെ ഭാര്യ അറിയുന്നത്. സനാതൻ ബഡമാജി ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു തോക്ക് കൈയിലെടുത്തിട്ടില്ലെന്ന് ഭാര്യക്ക് ഉറപ്പുണ്ട്. തങ്ങളുടെ വീട്ടിൽ ഇല്ലാത്ത തോക്കാണ് പോലീസ് തെളിവായി ഹാജരാക്കിയിരിക്കുന്നതെന്നും ബാദുസി പറയുന്നു.മുൻഡ ബഡമാജി:2008 ഒക്‌ടോബർ നാലിന് അർദ്ധരാത്രിയിലാണ് മുൻഡ ബഡമാജിയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽനിന്നും ഒരു തോക്ക് പിടിച്ചെടുത്തെന്നാണ് പോലീസ് റിപ്പോർട്ട്. തന്റെ വീട്ടിൽ ഒരു തോക്ക് ഉണ്ടായിരുന്നില്ലെന്നും ഭർത്താവിന് തോക്ക് ഉപയോഗിക്കാൻ അറിയില്ലെന്നും ഭാര്യ ബൻഡിഗുഡലി തറപ്പിച്ചു പറയുന്നു. വീട്ടിൽനിന്നും തോക്ക് പിടിച്ചെടുത്തെന്ന പോലീസിന്റെ അസത്യ റിപ്പോർട്ട് ഭയത്തോടെയാണ് കാണുന്നതെന്നും ആ വീട്ടമ്മ വ്യക്തമാക്കുന്നു.ടുർജോ സുനമാജി:2008 ഒക്‌ടോബർ നാലിന് രാത്രിയിൽ ഒരു സംഘം പോലീസ് വീട്ടിലേക്ക് ഇരച്ചുകയറി ടുർജോയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ടുർജോയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന കുഴൽ ഒടിഞ്ഞ ഒരു തോക്കും പോലീസ് അവിടെനിന്നും കൊണ്ടുപോയിരുന്നു. എന്നാൽ, രണ്ടു തോക്കുകൾ പിടിച്ചെടുത്തെന്നാണ് പോലീസിന്റെ രേഖകളിൽ പറയുന്നത്. ഇവരെ ശിക്ഷിച്ചുകൊണ്ടുള്ള വിധിയിൽ ആ വീട്ടിൽനിന്നും മൂന്ന് തോക്കുകൾ പിടിച്ചെടുത്തു എന്നാണ് ചേർത്തിരിക്കുന്നത്. തന്റെ ഭർത്താവോ ഭർതൃപിതാവോ ഒരിക്കലും തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും മുത്തച്ഛൻ ഉപയോഗിച്ചിരുന്ന തോക്ക് പുരാവസ്തുപോലെ വീട്ടിൽ സൂക്ഷിച്ചിരുന്നതാണെന്നും ഭാര്യ ഗുമിലി പറയുന്നു. കുഴൽ ഒടിഞ്ഞ തോക്കുകൊണ്ട് വെടിവയ്ക്കാൻ കഴിയുമോ എന്ന ചോദ്യവും ബാക്കിയാകുന്നു.ബിജയ് കുമാർ സാൻസെത്ത്:ഡിസംബർ 12-ന് പോലീസ് ഫോണിലൂടെ ബിജയ് കുമാറിന്റെ ഭാര്യ പവിട്രയോട് ഭർത്താവിനോട് പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലാത്ത ബിജയ് കുമാർ അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ചെന്നു. അവിടെ ചെന്നപ്പോഴാണ് പോലീസ് ഒരുക്കിയിരുന്ന കെണി തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് മൂന്ന് പേരോടുകൂടി സ്വാമിയെ വകവരുത്തുന്ന കാര്യം അടുത്തുള്ള സർട്ടലി ഗ്രാമത്തിലെ വനത്തിൽവച്ച് മാവോയ്സ്റ്റുകളുമായി ചർച്ച നടത്തിയെന്നാണ് പോലീസ് ആരോപിക്കുന്ന കുറ്റം. ഗൂഢാലോചന നടത്തിയതിന് ഒരു ദൃക്‌സാക്ഷിയെ ഹാജരാക്കിയിരുന്നു. താൻ അറിയാതെ പോലീസ് തന്റെ പേരിൽ ഇങ്ങനെയൊരു സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് അയാൾ പോലീസിന് എതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, പിന്നീട് ഉണ്ടായ ഭീഷണിയോ സമ്മർദ്ദമോ എന്തിനെയോ തുടർന്ന് വിചാരണ വേളയിൽ ഗൂഢാലോചന നടത്തിയത് താൻ കണ്ടതായി അയാൾ കോടതിയി ൽ മൊഴി നൽകി.ഒരു കൊലപാതകകേസിലെ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനായി പിറ്റേന്ന് ഹാജരാകാൻ പോലീസ് ഫോണിലൂടെയാണ് ആവശ്യപ്പെട്ടത് എന്നറിയുമ്പോൾ അയാൾ കേസുമായി ഒരുവിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് പോലീസിന് ഉറപ്പുണ്ടെന്നാണ് തെളിയുന്നത്. ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പോലീസ് അന്വേഷിക്കുന്നു എന്നറിയുമ്പോൾ പ്രതി രക്ഷപെടാൻ ശ്രമിക്കില്ലേ? ഇത്രയും സെൻസേഷണലായ കൊലപാതകകേസിൽ പോലീസ് അത്ര നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുമെന്ന് ആർക്കും ചിന്തിക്കാൻ കഴിയില്ല.ബാസ്‌കർ സുനാമജി:കൂട്ടുകാരോടൊത്തിരിക്കുമ്പോഴാണ് 2008 ഡിസംബർ 13-ന് പോലീസ് ബാസ്‌കറിനെ കസ്റ്റടിയിലെടുത്തത്. പിറ്റേന്ന് വിട്ടയ്ക്കുമെന്ന് പറയുന്നത് ഭാര്യ ദേവകിയും കേട്ടിരുന്നു. ഏഴ് വർഷത്തിലധികം കഴിഞ്ഞിട്ടും ഇതുവരെയും പുറത്തുവിട്ടില്ലെന്ന് ദേവകി പറയുന്നു. വിഎച്ച്പി നേതാവ് സ്വാമി ലക്ഷമണാനന്ദയെ വധിക്കുന്നതിനായി മാവോയിസ്റ്റുകൾ ആഴ്ചകൾ നീണ്ടുനിന്ന പരിശീലനം നൽകിയെന്നാണ് പോലീസ് പറയുന്നത്. കയ്യുറ ധരിച്ചിരുന്നതുകൊണ്ട് വിരൽ അടയാളം പതിഞ്ഞിട്ടില്ലെന്ന വിചിത്രമായ നിഗമനവും വിധി ന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭർത്താവ് വീട്ടിൽനിന്ന് മാറിനിന്നിട്ടില്ലെന്ന് ഭാര്യക്ക് ഉറപ്പുണ്ട്. "അവരുടെ വാദം തീർത്തും നുണയാണ്. സ്വാമി വധിക്കപ്പെട്ട ദിവസം ബാസ്‌കർ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു." അയൽവാസിയായ ബിരേച്ച പാരസെത്ത് പറയുന്നു. ബാസ്‌കറിനെ അറിയാവുന്ന ആർക്കും ഇതൊരു കള്ളക്കഥയാണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല.ബുദ്ധദേവ് നായ്ക്:അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബുദ്ധദേവും പ്രതിയാക്കപ്പെടുമെന്ന ശ്രുതി ഗ്രാമത്തിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ വാർത്ത അറിഞ്ഞ മുതിർന്ന പലരും ഗ്രാമത്തിൽനിന്നും മാറിനില്ക്കാൻ ബുദ്ധദേവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു കുറ്റവും ചെയ്യാത്ത താൻ ഒളിച്ചോടേണ്ട ആവശ്യമില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഡിസംബർ 13-ന് രാത്രിയിലാണ് പോലീസ് ബുദ്ധദേവിനെ അറസ്റ്റുചെയ്തത്. കൈകൾ കൂട്ടിക്കെട്ടിയാണ് പോലീസ് ഭർത്താവിനെ കൊണ്ടുപോയതെന്ന് ഭാര്യ നീലാന്ദ്രി പറയുന്നു. മാവോയ്സ്റ്റുകൾ നടത്തിയ ഗുഢാലോചനയിൽ പങ്കെടുത്തു എന്നതാണ് പോലീസ് ആരോപിച്ചിരിക്കുന്ന കുറ്റം.ഗോർനാഥ് ചലൻസെത്:സ്വാമി ലക്ഷമണാനന്ദക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഏഴ് പേരിൽ ജാമ്യം ലഭിച്ച ഏക വ്യക്തിയാണ് ഗോർനാഥ് ചലൻസെത്. ഒഡീഷ ഹൈക്കോടതി കഴിഞ്ഞ മാസമാണ് ഗോർനാഥിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിൽ പ്രതികളാക്കപ്പെട്ടവരിൽ അക്ഷരാഭ്യാസമുള്ള ഏക വ്യക്തി ഗോർനാഥ് ചലൻസെതാണ്. രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന അദ്ദേഹം കൊട്ടാഗഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. കോട്ടഗഡ് പോലീസ് ഒരു മീറ്റിംഗിന് എത്തണമെന്ന് പറഞ്ഞ് 2008 ഇദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഒന്നും സംശയിക്കാതെ അദ്ദേഹം ചെല്ലുകയും പോലീസ് സ്വാമിയുടെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു.പ്രതികളെന്ന് പോലീസ് ആരോപിക്കുന്ന ഏഴ് പേർക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതാണ് പോലീസിന്റെ പ്രധാന ആരോപണം. മാവോയിസ്റ്റുകളുമായി ബന്ധമുള്ള പ്രതിയുടെ വീട്ടിൽ ഫോൺ ചെയ്ത് പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടാൽ അവർ രക്ഷപെടാൻ ശ്രമിക്കുമെന്ന് അറിയാത്തവരാണോ ഒഡീഷയിലെ പോലീസ്. അതിനർത്ഥം ഇവർക്ക് അവരുമായി യാതൊരു ബന്ധവും ഇല്ലെന്ന് മറ്റാരെക്കാളും നിശ്ചയമുള്ളത് പോലീസിനാണ്. സ്വാമിയെ വധിച്ചു എന്നാരോപിച്ചായിരുന്നു ക്രിസ്ത്യാനികൾക്കു നേരെ സംഘപരിവാർ സംഘടനകൾ നരനായാട്ട് നടത്തുകയും 100 പേര വധിക്കുകയും ചെയ്തത്. എന്നിട്ടും യഥാർത്ഥ പ്രതികളെന്ന് കരുതുന്നവരെ അവർ വെറുതെ വിടുമായിരുന്നോ എന്ന ചോദ്യവും ബാക്കിയാവുന്നു.Source: Sunday Shalom