News >> ബാലവേല: മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
രാജസ്ഥാനിൽനിന്നും രക്ഷപ്പെടുത്തിയ ബാലവേലയിൽ ഏർപ്പെട്ടിരുന്ന 740 കുട്ടികളെ പുനധിവസിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ബീഹാർ, രാജസ്ഥാ ൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ്.രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 2013 മാർച്ച് മുതൽ 2014 ജൂലൈ വെരയുള്ള കാലയളവിൽ മോചിപ്പിച്ച കുട്ടികളുടെ കാര്യത്തിൽ വീഴ്ച വരുത്തിയതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനത്തെ കമ്മീഷൻ നിശിതമായി വിമർശിച്ചു. 610 കുട്ടികൾ ബീഹാറിൽനിന്ന് എത്തിയവരായിരുന്നു. 130 പേർ രാജസ്ഥാൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു. 284 കുട്ടികളെ മോചിപ്പിച്ചതിന്റെ രേഖകൾ ഇതുവരെയും നൽകിയിട്ടില്ല. കുട്ടികളെ പുനരധിവസിപ്പിക്കണമെങ്കിൽ ഈ രേഖകൾ അടിസ്ഥാനഘടകമാണ്.കുട്ടികളുടെ യാതനകൾ ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തിയില്ലെന്ന് കമ്മീഷൻ വിലയിരുത്തി. കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവം കേവലം തൊഴിൽ പ്രശ്‌നമല്ലെന്നും നിയമലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി. കുട്ടികളെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായി കൊണ്ടുപോകുന്ന നിന്ദ്യമായ പ്രവർത്തനങ്ങൾക്കു പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളാണെന്ന് മനുഷ്യവകാശ കമ്മീഷനംഗം ജസ്റ്റീസ് ഡി. മുരുഗേശൻ പറഞ്ഞു.Source: Sunday Shalom