News >> ഇടുക്കിയുടെ വല്യച്ചൻ
ഇടുക്കി ജില്ലയിലുടെ ചരിത്രമെഴുതിയാൽ മാറ്റിനിർത്താൻ കഴിയാത്ത പേരാണ് ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് ഹോയ്‌സെറുടേത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസസഭയുടെ ഇന്ത്യയിലെ സ്ഥാപകനുമാണ് ബ്രദർ ഫോർത്തുനാത്തൂസ്. പ്രതീക്ഷാഭവൻ അടക്കം നിരവധി ജീവകാരുണ്യ സ്ഥാപനങ്ങൾ അദ്ദേഹത്തിലൂടെ രൂപംകൊണ്ടതാണ്.ജർമനിയിലെ ബർലിനിൽ 1918 ഫെബ്രുവരി 27-നാണ് ബർണാർഡ് എന്ന ബ്രദർ ഫോർത്തുനാത്തൂസ് ഹോയ്‌സെർ ജനിച്ചത്. പിതാവ് ഏവാൾഡ് താൻഹോയ്‌സെർ ഫോറസ്റ്റ് ഓഫീസറായിരുന്നു. മാതാവ് മരിയ വീട്ടമ്മ. അവർക്ക് മൂന്ന് ആൺകുട്ടികൾ. മൂത്തയാളാണ് ബർണാർഡ്. പാവപ്പെട്ടവരോടും രോഗികളോടും അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പയും സ്‌നേഹവും ഹോസ്പിറ്റലർ സഭയിലേയ്ക്കടുപ്പിച്ചു. ദൈവത്തിന്റെ വിശുദ്ധ യോഹന്നാനാൽ സ്ഥാപിതമായ ഹോസ്പിറ്റലർ സഭയിൽ 1935 മെയ് 27-ന് തന്റെ 17-ാ വയസിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. സന്യാസികൾ ഉൾപ്പെടെ എല്ലാവരും നിർബന്ധിത സൈനിക സേവനത്തിനു വിളിക്കപ്പെട്ടു. എന്നാൽ മുറിവുണ്ടായാൽ രക്തം നിൽക്കാൻ വിഷമമുള്ള ശരീര പ്രകൃതിയായതിനാൽ അദ്ദേഹം ഒഴിവാക്കപ്പെട്ടു. യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന ഉത്തരവാദിത്വം ലഭിച്ചു. ഇതിനിടയിൽ നേഴ്‌സിംഗിൽ ഡിപ്ലോമ സമ്പാദിച്ചു. യുദ്ധം മൂലം നിത്യവ്രതവാഗ്ദാനത്തിന് 1946 വരെ കാത്തിരിക്കേണ്ടി വന്നു. യുദ്ധം അവസാനിച്ചപ്പോഴേക്കും അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട അമ്മയും ഒരു സഹോദരനും നഷ്ടപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ മറ്റേ സഹോദരനും. പിതാവും 1954-ൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.1945 മെയ് ഏഴിന് യുദ്ധം അവസാനിച്ചു. ആളുകളെല്ലാം ആഹ്ലാദിച്ചു. എന്നാൽ അവരുടെ സന്തോഷം അടുത്ത ദിവസം തന്നെ അവസാനിച്ചു. എവിടെയും റഷ്യൻ സൈന്യം. ജർമ്മനിയുടെ ഭാഗമായിരുന്ന ബ്രസ്‌ലൗ ഉൾപ്പെടുന്ന സിലേസിയ പ്രദേശം മുഴുവൻ ഇതിനകം റഷ്യയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. മുറിവേറ്റവരെക്കൊണ്ട് ആശുപത്രി നിറഞ്ഞു. യുദ്ധാനന്ദരം ജർമ്മൻബ്രദേഴ്‌സ് പലപ്പോഴായി ജർമ്മനിയിലേക്കു നാടുകടത്തപ്പെട്ടു. 1950-ൽ ജർമ്മനിയിലെത്തിയ അവസാന ഗ്രൂപ്പിൽ ബ്രദർ ഫോർത്തൂനാത്തൂസുമുണ്ടായിരുന്നു. 1950 മെയ് 19 ന് അദ്ദേഹം ഫ്രാങ്ക്ഫർട്ടിലെത്തി. യുദ്ധകാലത്ത് വേർപിരിഞ്ഞ ബ്രദർ ഫുൾഗെൻസിയൂസിനെ അവിടെ കണ്ടു. യുദ്ധത്തിൽ തകർന്ന വൃദ്ധമന്ദിരത്തിന്റെ ഉപയോഗയോഗ്യമായ മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ക്രമേണ വേറെ ബ്രദേഴ്‌സും എത്തി. ബ്രദേഴ്‌സ് വന്നതറിഞ്ഞ് മുറിവുവച്ചുകെട്ടാനും മരുന്നിനും കുത്തിവയ്പിനുമൊക്കെ ആളുകൾ അവരെത്തേടിയെത്തി. പഴയ കെട്ടിടത്തിന്റെ ശേഷിച്ച ഭിത്തികൾ ചേർത്ത് അവർ ചെറിയൊരാശുപത്രി നിർമ്മിച്ചു. എന്നാൽ അനുദിനാവശ്യങ്ങൾക്ക് ഞെരുങ്ങി. ഈ അവസരത്തിൽ ആശുപത്രിയിൽ നല്ലൊരു ഡോക്ടർ ചാർജ്ജെടുത്തു. ധനികനായ വ്യാപാരി അദ്ദേഹത്തിന്റെ അടുത്ത് രോഗിയായി വന്നു. ആശുപത്രിയുടെ അവശതയറിഞ്ഞ് അകമലിഞ്ഞ ആ നല്ല മനുഷ്യൻ ആവുംവിധം സഹായിച്ചു. 1954-ൽ ബ്രദർ ഫോർത്തൂനാത്തൂസ് നൊവിസ് മാസ്റ്ററായി നിയമിക്കപ്പെട്ടു. പിന്നീട് വൈസ് പ്രൊവിൻഷ്യൽ പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര1961-63 കാലഘട്ടത്തിൽ ഫാൽക്കൻസ്റ്റൈൻ എന്ന സ്ഥലത്ത് വൃദ്ധമന്ദിരം തുടങ്ങുകയും ഫ്രാങ്ക്ഫർട്ടിലെ ആശുപത്രി നവീകരിക്കുകയും ചെയ്തു. അങ്ങനെ അംഗസംഖ്യയിലും സാമ്പത്തികശേഷിയിലും സഭയ്ക്ക് സാമാന്യം ബലമായ അടിത്തറയായെന്നു കണ്ടപ്പോൾ ബ്രദർ ഫോർത്തൂനാത്തൂസിന്റെ കണ്ണുകൾ വികസ്വരരാജ്യങ്ങളിലേക്കു തിരിഞ്ഞു. എന്നാൽ ഏറെ ബ്രദേഴ്‌സിന്റെ അഭിപ്രായം അതിനെതിരായിരുന്നു. യുദ്ധത്തിന്റെ കെടുതികളിൽനിന്നെല്ലാം മോചനം പ്രാപിച്ച് സാവധാനം പച്ചപിടിച്ചുവരുന്നതല്ലേയുള്ളൂ. ഇപ്പോൾ മിഷൻ തുടങ്ങുക സാഹസമായിരിക്കില്ലേ എ ന്നതായിരുന്നു അവരുടെ ചിന്താഗതി. ഇതിനിടെ ഇന്ത്യയിലെ മിഷൻ രംഗങ്ങളെപ്പറ്റി ബ്രദർ ഫോർത്തൂനാത്തൂസ് ധാരാളം വായിച്ചു. മിഷൻ തുടങ്ങുന്നെങ്കിൽ ഭാരതത്തിൽ തന്നെയെന്ന് അദ്ദേഹം മനസിലുറപ്പിച്ചു.വൈസ് പ്രൊവിൻഷ്യൽ കൗൺസിലിന്റെ സമ്മതം അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ അന്ന് ഇന്ത്യയിലേക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അതൊന്നും ബ്രദർ ഫോർത്തൂനാത്തൂസിനെ നിരുത്സാഹപ്പെടുത്തിയില്ല. അർത്ഥികളെ കണ്ടെത്താൻ ആരുമായി ബന്ധപ്പെടണം. അതായിരുന്നു അടുത്ത പ്രശ്‌നം. വിശുദ്ധ വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്‌സിന്റെ പ്രൊവിൻഷ്യലിനെ കണ്ടു. ലെയ്‌മെൻ എന്ന സ്ഥലത്തുചെന്ന് ആശാരിപ്പറമ്പിൽ തോമസച്ചനെ കണ്ടാൽമതിയെന്ന് സിസ്റ്റർ പറഞ്ഞു. കാവുകാട്ട് പിതാവ് ബ്രദർ ഫോർത്തൂനാത്തൂസിനെ തന്റെ രൂപതയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഹൗസ് തുടങ്ങണമെങ്കിൽ മൂന്നു ബ്രദേഴ്‌സ് വേണമെന്ന നിബന്ധനയും അദ്ദേഹം പാലിച്ചു. ബ്രദർ അൽഫോൻസ്, ബ്രദർ വേറൻഫ്രീഡ് എന്നീ ചെറുപ്പക്കാരായ ബ്രദേഴ്‌സ് മുന്നോട്ടു വന്നു. മൂന്നാമത്തെ ആളിനെ തേടാതെ വൈസ് പ്രൊവിൻഷ്യൽ സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് സ്വയം ആ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. 1967 ജനുവരിയിൽ കാവുകാട്ടു പിതാവിന്റെ അതിഥിയായി കേരളത്തിലെത്തി. ഹോസ്പിറ്റലർ സഭയുടെ ഭവനവും ആശുപത്രിയും സ്ഥാപിക്കുന്നതു സംബന്ധിച്ച് ഫെബ്രുവരി ഒന്നിന് ധാരണയായി. നിർദ്ദേശിക്കപ്പെട്ട മൂന്നു സ്ഥലങ്ങളിൽ ഏറ്റവും അർഹതയുള്ളതായി കട്ടപ്പന തെരഞ്ഞെടുക്കപ്പെട്ടു. സൗകര്യങ്ങൾ തുച്ഛമായിരുന്ന ഉപ്പുതറ ഗവൺമെന്റ് ഹെൽത്ത് സെന്ററായിരുന്നു ആദ്യകാലത്ത് കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ ഏക ആശ്രയം. 1968 ജൂൺ 27-ന് മാർ മാത്യു കാവുകാട്ട് ആശുപത്രിക്ക് തറക്കല്ലിട്ടു. അന്നുതന്നെയായിരുന്നു ഇപ്പോഴത്തെ കട്ടപ്പന ഇടവകദൈവാലയത്തിനും കല്ലിട്ടത്. ഗതാഗതയോഗ്യമായ റോഡുകൾ ഇല്ലാതിരുന്നതിനാൽ രോഗികളെ പലപ്പോഴും ചാക്കുകട്ടിലിൽ എടുത്തുകൊണ്ടുവരികയായിരുന്നു പതിവ്. ചിലപ്പോൾ രോഗികൾ എത്തുന്നത് രാത്രിയിലാവാം. ഫോണോ കറന്റോ അന്നില്ല. രാത്രിയിൽ റാന്തൽ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പ്രസവക്കേസുകൾ കൈകാര്യം ചെയ്തിരുന്നത്. പ്രൊവിൻഷ്യൽ ആവശ്യപ്പെട്ടതനുസരിച്ച് 1970 സെപ്റ്റംബറിൽ ബ്രദർ വെയറൻഫ്രീഡ് ജർമ്മനിക്കു തിരിച്ചുപോയി. എന്നാൽ ബ്രദർ അൽഫോൻസ് ബ്രദർ ഫോർത്തുനാത്തൂസിന്റെ വലംകൈയായി 17 വർഷങ്ങൾ അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ബ്രദർ അൽഫോൻസിന്റെ കൈകൾ കടന്നുചെല്ലാത്ത ഒരിടവും ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ തീയേറ്റർ മുതൽ പാടത്തും പറമ്പിലും പന്നിക്കൂട്ടിലും വരെ അവയെത്തി. രാപകൽ വിശ്രമമില്ലാതെ അദ്ദേഹം അദ്ധ്വാനിച്ചു. അത്യാവശ്യസന്ദർഭങ്ങളിൽ രോഗികൾക്ക് രക്തദാനത്തിനും അദ്ദേഹം തയ്യാറായിരുന്നു.ഹോസ്പിറ്റലർ സഭയുടെ ചെന്നൈയിലെ (പുനമലി) ഭവനത്തിന്റെ സ്ഥാപകനും ആദ്യ സുപ്പീരിയറും അദ്ദേഹമായിരുന്നു. കട്ടപ്പനയിലെ ഹോസ്പിറ്റൽ ചാപ്പലിന്റെ രൂപകല്പനയും നിർമ്മാണവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കഠിനാധ്വാനവും ഭക്ഷണത്തിന്റെ കുറവും കാരണത്താൽ അദ്ദേഹത്തിന്റെ തൂക്കം 20 കിലോവരെ കുറഞ്ഞുപോയ സന്ദർഭങ്ങളുണ്ട്. ഈ നാടിനെയും ജനങ്ങളെയും ഇത്രയധികം സ്‌നേഹിച്ച അദ്ദേഹം അവസാനം മാതാപിതാക്കൾ വൃദ്ധരും രോഗികളുമായിത്തീർന്നപ്പോൾ ജർമ്മനിക്കു തിരിച്ചുപോകുകയായിരുന്നു.ഇടുക്കിയിലെ ഭവന വിപ്ലവംബ്രദർ ഫോർത്തൂനാത്തൂസിന്റെ സേവനം മറ്റു പല രംഗങ്ങളിലേക്കും വ്യാപിച്ചു. അതിലൊന്നാണ് സാധുക്കൾക്കായുള്ള അദ്ദേഹത്തിന്റെ ഭവന നിർമ്മാണപദ്ധതി. ഈ പദ്ധതിക്ക് അദ്ദേഹത്തിന് പ്രചോദനം ലഭിച്ചത് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള ബ്രദേഴ്‌സിന്റെ ആശുപത്രിയിലെ ഹിൽസി എന്ന തൂപ്പുകാരിയിലൂടെയാണ്. ബ്രദർ ഫോർത്തുനാത്തൂസിലൂടെയാണ് അവൾ ഇന്ത്യയെപ്പറ്റി കേട്ടത്. വീടില്ലാത്ത നിരവധി ആളുകൾ ഇന്ത്യയിൽ ഉണ്ടെന്ന് ഹിൽസി അറിഞ്ഞു. സ്വന്തം ആവശ്യങ്ങൾ വെട്ടിച്ചുരുക്കി ഒരു വർഷംകൊണ്ട് അവൾ 600 മാർക്ക് സമ്പാദിച്ചു. ആ പണം ബ്രദർ ഫോർത്തുനാത്തൂസിന്റെ പേരിൽ അയച്ചു. ഈ സംഭവം അദ്ദേഹം ജർമ്മനിയിലെ കത്തോലിക്കാ മാസികയിൽ എഴുതി. എല്ലാവരും ഹിൽസിയെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ എന്നുപറഞ്ഞായിരുന്നു അത് അവസാനിപ്പിച്ചത്. ഇതു വായിച്ച് അനേകർ സഹായിക്കാൻ മുന്നോട്ടുവന്നു.അതുവഴി അയ്യായിരം കുടുംബങ്ങൾക്കു വീട് ഉണ്ടായി. 1976-ലാണ് പ്രായമായവരെ സംരക്ഷിക്കുന്ന പ്രതീക്ഷാഭവൻ തുടങ്ങിയത്. അതിന് പിന്നിലും ഒരു കഥയുണ്ട്. ഇവിടെ മുഖ്യ കഥാപാത്രം ഒരു കുഞ്ഞച്ചനാണ്. ശരിക്കു സംസാരിക്കാനോ കാര്യം ഗ്രഹിക്കാനോ കഴിവില്ലാത്ത പാവം മനുഷ്യൻ. ബന്ധുക്കൾ ആരുമില്ല. ഹോട്ടലുകളിൽനിന്ന് വലിച്ചെറിയുന്ന ഇലകളിലെ എച്ചിലെടുത്തു കഴിച്ച് വിശപ്പടക്കുകയായിരുന്നു അയാൾ. പീടികത്തിണ്ണകളിൽ അന്തിയുറങ്ങും. അവസാനം ഈ പാവങ്ങളുടെ വല്യച്ചനെ കുഞ്ഞച്ചൻ കണ്ടെത്തി. അവർ സുഹൃത്തുക്കളായി. അദ്ദേഹത്തിന്റെ മുറിയുടെ സമീപമുണ്ടായിരുന്ന പാർലറിനു മുമ്പിലെ വരാന്തയിലേക്കു കുഞ്ഞച്ചൻ കിടപ്പുമാറ്റി. കുഞ്ഞച്ചനെപ്പോലുള്ളവർക്കും നിത്യരോഗികൾക്കും മക്കളുപേക്ഷിച്ച വൃദ്ധജനങ്ങൾക്കുമായി ഭവനമുണ്ടാവുക അത്യാവശ്യമായി ബ്രദർ ഫോർത്തൂനാത്തൂസിനു തോന്നി. നോവിസസിന് ക്ലാസ് മുറിയായി ഉപയോഗിച്ചിരുന്ന ചെറിയ ഹാളും അതോടനുബന്ധിച്ച് ഡോക്‌ടേഴ്‌സ് താമസിച്ചിരുന്ന രണ്ടു മുറികളും ചേർത്ത് 30 പേർക്ക് താമസസൗകര്യം ഒരുക്കി. പ്രതീക്ഷാഭവൻ എന്ന പേരും നൽകി. തങ്ങളുടെ ഊണുമുറിയിൽനിന്നും കൊണ്ടുവന്നു ബ്രദേഴ്‌സ് തന്നെ അവർക്കു ഭക്ഷണവും വിളമ്പി. അധികം താമസിയാതെ അവിടം അന്തേവാസികളെക്കൊണ്ടു നിറഞ്ഞു.1977 സെപ്റ്റംബർ എട്ടിനാണ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസിനീ സമൂഹം സ്ഥാപിതമാകുന്നത്. തങ്ങളെക്കൂടെ ഈ സഭയിൽ ചേർക്കാൻ സാധിക്കുമോ എന്നു ചോദിച്ചുകൊണ്ട് ബ്രദേഴ്‌സിന്റെ വൊക്കേഷൻ പ്രമോട്ടർക്ക് ചില യുവതികൾ കത്ത് എഴുതി. ഒരിക്കൽ ഒരു പെൺകുട്ടി അമ്മയുമൊത്ത് വന്നു നേരിൽ കാണുകകൂടി ചെയ്തപ്പോൾ അദ്ദേഹം ഇത് ദൈവഹിതമായി എടുത്തു. ഇന്ത്യൻ പൗരത്വം സ്വീകരിച്ചെങ്കിലും 1995 -ൽ ജർമ്മൻ ഗവൺമെന്റ് സ്വപൗരന്മാർക്കു മാത്രം നല്കാറുള്ള ഉന്നത ബഹുമതി നൽകി ആദരിച്ചിരുന്നു. വല്യച്ചന്റെ അത്യദ്ധ്വാനവും സന്മാതൃകയും വൃഥാവിലായില്ല. അവയ്‌ക്കെല്ലാം നൂറുമേനി ഫലം നൽകി ദൈവം അനുഗ്രഹിച്ചു. സെന്റ് ജോൺസ് ഹോസ്പിറ്റൽ എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടെ ആയിരങ്ങളുടെ ആശ്വാസകേന്ദ്രമായി നിലകൊള്ളുന്നു. ആശുപത്രിയോടനുബന്ധിച്ചുള്ള നേഴ്‌സിംഗ് കോളജും പ്രതീക്ഷാഭവനുമെല്ലാം എത്രയോ ആളുകൾക്ക് പ്രയോജനപ്പെടുന്നു.ബ്രദേഴ്‌സിന്റെ പ്രവർത്തനങ്ങൾ കട്ടപ്പനയിൽ അവസാനിക്കുന്നില്ല. പൂനമല്ലി (ചെന്നൈ) ദേശ്ഗഓൺ കാണ്ഡുവാ (മധ്യപ്രദേശ്), വെള്ളൂർ (കോട്ടയം) തൃച്ചി, ഡിൻഡിഗൽ, ബംഗളൂരു, വെള്ളാർവല്ലി, വത്തൽകുണ്ട് എന്നിവിടങ്ങളിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നുപോകുന്നു.2005 ജൂൺ 15 ന് പുനമല്ലിയിൽ വച്ച് ഹോസ്പിറ്റലർ സഭയുടെ ഇന്ത്യൻ പ്രൊവിൻസ് നിലവിൽ വന്നു. ആദ്യത്തെ പ്രൊവിൻഷ്യൽ ബഹു. ബനഡിക്ട് നടയിലാണ്. സെന്റ് ജോൺ ഓഫ് ഗോഡ് സിസ്റ്റേഴ്‌സിന് കട്ടപ്പന കൂടാതെ പൊടിമറ്റം (കാഞ്ഞിരപ്പള്ളി), കൊരട്ടി, വെള്ളൂർ, അടൂർ, ആയാംകുടി, അമ്മംകുളം (മലബാർ) ആൾപ്പാറ, അടുവാശേരി (അങ്കമാലി), ട്രിച്ചി (തമിഴ്‌നാട്), ചാന്ത്പുട്ട് (ഒഡിഷ), കാഡ്ഡുവാ (മധ്യപ്രദേശ്) എന്നിവിടങ്ങളിൽ ഭവനങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഉണ്ട്. കൂടാതെ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും അവർ എത്തിക്കഴിഞ്ഞു.ആശുപത്രിയുടെ ബാലാരിഷ്ടതകൾ നീങ്ങിയശേഷം പ്രതീക്ഷാഭവനിലേക്ക് അദ്ദേഹം ശ്രദ്ധതിരിച്ചു. കക്കൂസു കഴുകുന്നതു മുതൽ രോഗികൾക്കു മരുന്നു വെച്ചുകെട്ടാനും കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെയായി അദ്ദേഹം എപ്പോഴും അവരോടൊപ്പമുണ്ടായിരുന്നു. അവരുടെ ആവലാതികൾ കേട്ട് അവർക്കു ആശ്വാസമരുളി. ജീവിത സായാഹ്നത്തിൽ തനിയെ നടക്കാൻ പ്രയാസം ഉണ്ടായിരുന്നപ്പോഴും കൈയിൽ കിട്ടുന്ന മിഠായിയും പലഹാരങ്ങളുമായി പ്രതീക്ഷാഭവനിൽ പ്രിയപ്പെട്ടവരെത്തേടിയെത്തുക പതിവായിരുന്നു.ഹൈറേഞ്ചിന്റെ നാനാഭാഗങ്ങളിൽ നിന്നും വേദനിക്കുന്ന ആയിരങ്ങൾ ആശ്വാസത്തിനായി അദ്ദേഹത്തിന്റെ പക്കൽ എത്തി. മരുന്നും അരിയും, വസ്ത്രവും പണവും വീടുമെല്ലാം നൽകി അവരെ അദ്ദേഹം ആശ്വസിപ്പിച്ചു.തനിക്കുവേണ്ടി യൂറോപ്യൻ ഭക്ഷണം ഉണ്ടാക്കാൻ വല്യച്ചൻ ആദ്യം മുതലേ അനുവദിച്ചിരുന്നില്ല. കിട്ടിയത് കഴിച്ചു. ജർമ്മനിയിൽനിന്ന് ആശുപത്രിയുപകരണങ്ങൾ കൊണ്ടുവന്ന വീഞ്ഞപ്പെട്ടിയുടെ പലകചേർത്തുവച്ച് കാലില്ലാതെ ഉണ്ടാക്കിയതായിരുന്നു അദ്ദേഹത്തിന്റെ കട്ടിൽ. കൂടാതെ വീഞ്ഞപ്പെട്ടികൊണ്ടുതന്നെ ഉണ്ടാക്കിയ ഒരലമാരിയും പിന്നെ ചെറിയൊരു മേശയും രണ്ടു കസേരകളും ആയിരുന്നു മുറിയിൽ ആദ്യമുണ്ടായിരുന്ന ഫർണിച്ചർ. പിന്നീട് ആശുപത്രിയിലെയും ആശ്രമത്തിലെയും ഫയലുകളും പണവും സൂക്ഷിക്കാനായി ചെറിയ ഒരു സ്റ്റീൽ അലമാര വാങ്ങി. വയസ്സായി പുതിയ കെട്ടിടത്തിലേയ്ക്ക്, എല്ലാവരുടെയും നിർബന്ധം കൊണ്ട് മാറിയപ്പോൾ മാത്രമാണ് അദ്ദേഹം നല്ല കട്ടിലും മേശയുമൊക്കെ ഉപയോഗിച്ചത്.പ്രതീക്ഷാ ഭവനിലെ ഓരോ രോഗിയെയും അദ്ദേഹം സന്ദർശിക്കുമായിരുന്നു. അറിയാതെ മലമൂത്ര വിസർജ്ജനം കഴിഞ്ഞു കിടക്കുന്ന രോഗിയാണെങ്കിൽ ആരെയും വിളിക്കാതെ അദ്ദേഹം കഴുകി വൃത്തിയാക്കി പുതുവസ്ത്രങ്ങൾ ധരിപ്പിക്കും. മരണക്കിടക്കയിലെ ദുസ്സഹമായ വേദനപോലും അദ്ദേഹം പുഞ്ചിരിയിൽ ഒളിപ്പിച്ചുവച്ചു. വേദനയുണ്ടോ? എന്ന ചോദ്യത