News >> തൊഴിലാളികൾ അവഗണിക്കപ്പെടുന്നുണ്ടോ?
? തൊഴിലാളികൾ എവിടെയും പിന്തള്ളപ്പെടുന്നു. എങ്ങനെ തൊഴിലിന്റെ മഹത്വം ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കാൻ കഴിയും.ബിഷപ് മാർ ജോസ് പൊരുന്നേടം: തൊഴിലാളികൾ എവിടെയും പിന്തള്ളപ്പെടുന്നു എന്ന പ്രസ്താവനയോട് ഞാ ൻ പൂർണമായും യോജിക്കുന്നില്ല. ഇതൊരു സാമാന്യവൽക്കരിക്കപ്പെട്ട പ്രസ്താവനയായിട്ടാണ് എനിക്ക് തോന്നുന്നത്. സംഘടിതമേഖലകളിൽ തൊഴിലാളികൾ വളരെ ശക്തരാണ്. അവരുടെ സംഖ്യ തുലോം കുറവാണ് എന്നത് വാസ്തവമാണ്. നമ്മുടെ നാട്ടിലെ നോക്കുകൂലിയുടെ കാര്യമെടുക്കുക. സർക്കാരും പൊതുജനങ്ങളും കോടതികളും എല്ലാം കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ ദുഷ്പ്രവണത ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം സംഘടിത തൊഴിലാളികളുടെ ശക്തി അത്ര വലുതാണ്. മാത്രമല്ല അവർക്ക് ഭരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രീയ പാർട്ടികളുടെ പിൻബലവുമുണ്ട്.

എന്നാൽ പിന്തള്ളപ്പെടുന്ന തൊഴിലാളികൾ ധാരാളമാണ്. അസംഘടിതവിഭാഗത്തിൽ പെടുന്നവരാണവർ. ഭാരതത്തി ൽ 94 ശതമാനം പേർ ആ വിഭാഗത്തിൽ പെടുന്നവരാണ്. അസംഘടിതതൊഴിലാളികൾ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് അവർ ഏതെങ്കിലും തൊഴിലാളി സംഘടനയിൽ അംഗമല്ല എന്നൊന്നുമല്ല. പ്രത്യുത, തൊഴിൽരംഗത്ത് കിട്ടേണ്ട യാതൊരു പരിരക്ഷയും കിട്ടാത്തവർ എന്നാണർത്ഥം. രോഗങ്ങൾക്കെതിരെയുള്ള ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാർധക്യകാല പെൻഷൻ തുടങ്ങിയവയൊന്നും കിട്ടാത്തവരാണ് അസംഘടിതതൊഴിലാളികൾ. അവരിൽ ഏറെപ്പേരും സർക്കാർക്ഷേമപദ്ധതികളിലും അംഗങ്ങളായിരിക്കില്ല. ഇങ്ങനെയുള്ളവർ മിക്കവാറും പിൻതള്ളപ്പെടുന്നു. സർക്കാർ മാനദണ്ഡമനുസരിച്ച് അഞ്ചേക്കറിൽ താഴെ സ്ഥലം സ്വന്തമായുള്ള കർഷകരും അസംഘടിത തൊഴിലാളികൾ തന്നെയാണ്. ഇങ്ങനെയുള്ള അസംഘടിതവിഭാഗത്തിൽ പെട്ട തൊഴിലാളികൾ പിന്തള്ളപ്പെടുന്നു എന്നതാണ് വസ്തുത. ഇവരുടെ കാര്യത്തിലാണ് സഭാനേതൃത്വം പ്രത്യേകമായി ശ്രദ്ധിക്കുന്നത്.തൊഴിലിന്റെ മഹത്വം ഓരോ ജനതയും മനസിലാക്കുന്നത് ഓരോ തരത്തിലാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഏതൊരു തരത്തിലുള്ള തൊഴിലിനെയും ഒരേപോലെ മാന്യതയുള്ളതായിട്ടാണ് സമൂഹം കരുതുന്നത്. സ്വയം തൊഴിലെടുത്ത് ജീവിക്കുന്നത് ഓരോരുത്തരും അവിടെ അഭിമാനമായി കണക്കാക്കുന്നു. എന്നാൽ ഭാരതത്തിൽ സ്ഥിതി നേരെ മറിച്ചാണ്. എത്ര പ്രായമായാലും അധ്വാനിക്കാതെ മാതാപിതാക്കളെ ആശ്രയിച്ച് ജീവിക്കുന്ന പ്രായപൂർത്തിയായ മക്കൾ ധാരാളമുണ്ടിവിടെ. സ്വന്തം കൈകൊണ്ട് അധ്വാനിച്ച് ജീവിക്കുന്നത് മാനക്കേടായി പലരും കരുതുന്നു. അതുപോലെ ചില തൊഴിലുകൾ മാന്യമായതും മറ്റ് ചിലത് മാന്യത കുറഞ്ഞതായും പരിഗണിക്കുന്നു. തൽഫലമായി മാന്യത കുറഞ്ഞത് എന്ന വിഭാഗത്തിൽ പെടുന്ന തൊഴിലുകൾ ചെയ്യാൻ ആളുകൾ വിമുഖരാകുന്നു. മാന്യത കൂടിയത് എന്ന് കരുതുന്നവ ചെയ്യാൻ ധാരാളം പേർ വരുകയും അവ എല്ലാവർക്കും കൊടുക്കാൻ തികയാത്തതിനാൽ പണവും സ്വാധീനവും കൂടുതൽ ഉള്ളവർ അവ കരസ്ഥമാക്കുകയും ചെയ്യുന്നു. ഈ മത്സരത്തിൽ പിൻതള്ളപ്പെടുന്നവർ ജോലി ചെ യ്യാൻ വിമുഖത കാണിക്കുന്നു. കേരളീയരുടെ ഈ മനോഭാവമാണല്ലോ അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെ എത്തിക്കുന്നത്.കണിശമായ ജാതിവ്യവസ്ഥ മൂലമാകാം ഭാരതീയർ തൊഴിലിന്റെ മഹത്വം മനസിലാക്കാതെ പോയത് എന്ന് ഞാൻ കരുതുന്നു. ഉയർന്ന ജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്നവർ കൈകൊണ്ട് അധ്വാനിക്കുന്നത് മോശമായി കരുതുകയും അവർ ഒരുതരം ബൗദ്ധികപ്രക്രിയയിൽ മാത്രം ഏർപ്പെടുകയും ചെയ്തിരുന്ന അവസ്ഥയിൽ ഇങ്ങനെ ഒരു മനോഭാവം നമ്മുടെ നാട്ടിൽ വളർന്ന് വന്നതിൽ അത്ഭുതപ്പെടാനില്ല. ഒരു പരിധി വരെയെങ്കിലും ജാതിവ്യവസ്ഥ പുലർത്തിയിരുന്ന ഇവിടുത്തെ പുരാതന ക്രിസ്ത്യാനികൾ പോലും ഇപ്പോഴും ഈ മനോഭാവത്തിൽ തന്നെ തുടരുകയാണ് എന്നെനിക്ക് തോന്നുന്നു. ഇത് മാറ്റിയെടുക്കാൻ സഭാവേദികളിൽ മനഃപൂർവവും കൂട്ടായതുമായ ഒരു ശ്രമം ഉണ്ടാകണം. നിർഭാഗ്യവശാൽ അങ്ങനെയൊന്ന് ഉണ്ടാകുന്നതായി കാണുന്നില്ല. ഒറ്റപ്പെട്ട സ്വരങ്ങൾ ഇല്ല എന്ന് ഞാൻ പറയുകയല്ല, പ്രത്യുത ആ സ്വരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത് എന്നാണ്. തന്നെയുമല്ല, സഭയുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ചും വിദ്യാഭ്യാസ ശുശ്രൂഷാരംഗത്ത് നടത്തുന്ന ഇടപെടലുകൾ ചില തൊഴിലുകൾ മാത്രമേ മാന്യമായിട്ടുള്ളൂ എന്ന ഈ മനോഭാവത്തെ കൂടുതൽ ഉറപ്പിക്കാനാണ് ഉതകുന്നത് എന്ന് ഞാൻ കരുതുന്നു.? ഇന്ന് തൊഴിൽ പ്രസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറ നവീനതൊഴിലുകളിൽ ആകർഷിക്കപ്പെടുന്നു. അതോടൊപ്പം പാരമ്പര്യത്തൊഴിലുകൾ പലതും വിസ്മൃതിയിലാകു ന്നു. എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുംബിഷപ് മാർ ജോസ് പൊരുന്നേടം: തൊഴിൽ പ്രസ്ഥാനം എന്നതിന്റെ സ്ഥാനത്ത് തൊഴിൽ രംഗം എന്ന് മാറ്റിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മാറ്റം അനിവാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല, മാറ്റങ്ങൾ പലതും നല്ലതാണ്. അതുകൊണ്ട്, ഇതിനെ ഒരു പ്രതിസന്ധിയായല്ല, അവസരമായാണ് കാണേണ്ടത്. ആ അവസരത്തെ പരമാവധി നാം പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. മനുഷ്യൻ ശാസ്ത്രീയമായി ഓരോ ദിവസവും കൂടുതൽ അറിവ് നേടിക്കൊണ്ടിരിക്കുന്നു. ആ അറിവുകൾ തൊഴിൽരംഗത്തും ഉപയോഗിക്കപ്പെടും. ശരിയായി ഉപയോഗിച്ചാൽ അത് മനുഷ്യനന്മയ്ക്ക് ഉപകരിക്കും. കൃഷിരീതികൾ പോലും എത്രയോ മാറിപ്പോയി ഇന്ന്. കാളകളെ വച്ചുകെട്ടി നിലം ഉഴുത് കൃഷി ചെയ്യുന്നത് മാത്രമാണ് നല്ലതെന്ന ചിന്തയിൽ നാം കഴിയേണ്ടതില്ല. കുറഞ്ഞ ചെലവിൽ, കൂടുതൽ ഉത്പാദിപ്പിക്കാനും അങ്ങനെ കൂടുതൽ ആളുകൾക്ക് ഭക്ഷണം കൊടുക്കാനും സാധിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതുപോലെ അതിൽനിന്ന് മിച്ചം കിട്ടുന്ന തുക മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.പക്ഷേ പ്രശ്‌നം അവിടെയല്ല. ഇന്നത്തെ തലമുറ വിയർക്കാതെയും കൈഅഴുക്കാകാതെയും ചെയ്യാൻ പറ്റുന്ന ജോലികളിൽ മാത്രം ആകൃഷ്ടരാകുന്നു എന്നതാണ് പ്രശ്‌നം. അതുപോലെ തന്നെ കൂടുതൽസമ്പത്ത് കിട്ടുന്ന ജോലികളിലേക്കും അവർ ആകർഷിക്കപ്പെടുന്നു. അതിന് സർക്കാരും രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും കുടുംബങ്ങളും എല്ലാം ഉത്തരവാദികളാണ്. എന്തുകൊണ്ടാണ് ധാരാളം ചെറുപ്പക്കാർ ഓട്ടോറിക്ഷാ ഓടിക്കുക, ടാക്‌സി ഓടിക്കുക തുടങ്ങിയ തൊഴിലുകളിലേക്ക് കടന്നുവരുന്നത്? അതേസമയം അതിലും എത്രയോ കൂടുതൽ വരുമാനം ഇന്ന് ഒരു ആശാരിയോ കൽപ്പണിക്കാരനോ സമ്പാദിക്കുന്നുണ്ട്! ആ ജോലികൾ കായികപ്രധാനമാകയാൽ യുവാക്കൾ അതിലേക്ക് വരുന്നില്ല. കായികപ്രധാനമായ ജോലികൾക്ക് നമ്മുടെ സമൂഹം കല്പിച്ച അയിത്തത്തിന്റെ ഫലമാണത്. തന്നെയുമല്ല, യുവാക്കൾക്ക് ജോലി ഉണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിൽ ഇവിടുത്തെ സർക്കാരുകൾ പരാജയപ്പെടുന്നു എന്നതും വസ്തുതയാണ്. ഏതെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാൽ അതിനെ പൊതുജനങ്ങൾ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം പ്രധാനമന്ത്രി ജവഹർലാൽ നടപ്പാക്കിയ സോഷ്യലിസ്റ്റ് ആശയങ്ങൾ നമ്മുടെ ആളുകളിൽ വളരെ തെറ്റായ ചിന്താഗതികൾ വളർത്താൻ ഇടയാക്കിയെന്ന് ഞാൻ കരുതുന്നു. നമ്മുടെ സർക്കാർ മേഖലയിലുള്ള സ്ഥാപനങ്ങൾ നോക്കുക. എത്ര നഷ്ടം വന്നാലും അവയൊന്നും പൂട്ടാൻ നിയമമില്ല. അതുകൊണ്ട് നികുതിദായകരുടെ പണമെടുത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം കൊടുത്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ ശമ്പളം കിട്ടി ശീലിച്ചവർ അത് നഷ്ടപ്പെടാൻ സമ്മതിക്കുകയില്ലല്ലോ.? ഇന്ന് ഏത് തൊഴിലും മഹത്തരമെന്ന് പുതുതലമുറയെ എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയും.ബിഷപ് മാർ ജോസ് പൊരുന്നേടം:തൊഴിൽ ചെയ്യാതെ ആർക്കും ജീവിക്കാൻ കഴിയുകയില്ലല്ലോ. ഈ വസ്തുത നാം നമ്മെത്തന്നെ ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാന കാര്യം. അതായത് കുടുംബങ്ങളിൽ മാതാപിതാക്കൾ ഈ മനോഭാവത്തിന്റെ ഉടമകളാകണം. അപ്പോൾ മക്കൾ സ്വയം അവ ആർജ്ജിച്ചുകൊള്ളും. ഇന്ന് നമ്മുടെ കുടുംബങ്ങളിൽ പലപ്പോഴും മാതാപിതാക്കളാണ് മക്കളുടെ മുമ്പിൽ തടസങ്ങളായി നിൽക്കുന്നത് എന്നെനിക്ക് തോന്നുന്നു. പഠിക്കാൻ കഴിവു കുറഞ്ഞ ഒരു കുട്ടി തന്റെ കഴിവിൽ ഒതുങ്ങുന്ന ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ മാതാപിതാക്കൾ തങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി അവരെ മെഡിസിൻ, എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിപ്പിക്കാൻ നിർബന്ധിക്കുന്നുണ്ട്. ഈ സ്ഥിതി മാറണം. ബാല്യം മുതൽ തന്നെ ചെറിയ തൊഴിലുകളെങ്കിലും കുട്ടികൾ ചെയ്ത് ശീലിക്കണം. ഇന്ന് മിക്ക മാതാപിതാക്കളും മക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മേഖലയിലുള്ള അവരുടെ എളിയ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. എത്ര പ്രായമായാലും മക്കൾ തങ്ങളെ ആശ്രയിച്ച് കഴിയണം എന്നവർക്ക് നിർബന്ധമുള്ളതുപോലെ തോന്നും. കുട്ടികളിലുള്ള ക്രിയാത്മക ശക്തിയെ വളർത്തുന്നുമില്ല. ഇതിന്റെ പരിണത ഫലമാണ് നമ്മുടെ സ്‌കൂളുകളിലും കോളജുകളിലും മറ്റും അരങ്ങേറുന്ന സമരങ്ങൾ. തങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും തങ്ങൾക്ക് ആവശ്യമായ പണം മാതാപിതാക്കൾ തരുമെന്ന് അവർക്കറിയാം. അപ്പോൾ പിന്നെ പഠനത്തിൽ ശ്രദ്ധിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ.ഈ സ്ഥിതി മാറണം. ഇതിന് അപവാദമായ മതവിഭാഗങ്ങളും നമ്മുടെ നാട്ടിലുണ്ട് എന്നതും വസ്തുതയാണ്. അവർക്ക് തൊഴിൽ മഹത്വത്തെപ്പറ്റി ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. മധ്യവേനൽ അവധിക്കാലത്ത് വഴിവക്കുകളിൽ കുട്ടിക്കടകൾ നാം കാണുന്നുണ്ടല്ലോ. ആ കടകൾ നടത്തുന്ന കുട്ടികൾ വലുതായാലും ഏത് തൊഴിലും ചെയ്യാൻ തയാറാകും എന്ന് മാത്രമല്ല, മാതാപിതാക്കളെ അമിതമായി ആശ്രയിക്കുകയുമില്ല.? തൊഴിൽ മേഖലയിൽ സഭയ്ക്ക് എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയും?ബിഷപ് മാർ ജോസ് പൊരുന്നേടം:ഇവിടെയൊരു വിശദീകരണം ആവശ്യമാണെന്ന് ഞാൻ കരുതുന്നു. സഭയെയും സഭാനേതൃത്വത്തെയും രണ്ടായി കാണേണ്ടതുണ്ട്. സഭ എന്ന് പറയുന്നത് സഭാ നേതൃത്വമല്ല. എല്ലാ സഭാംഗങ്ങളും ചേരുന്നതാണ് സഭ. ഏതു മേഖലയിൽ പ്രതികരിക്കേണ്ടതും ഈ സഭയാണ്. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് സഭയെന്ന് പറഞ്ഞാൽ കേവലം സഭാനേതൃത്വത്തെക്കുറിച്ചാണ് ആളുകൾ മനസിലാക്കുന്നത്. സഭാംഗങ്ങളുടെ ക്രിയാത്മക ഇടപെടലാണ് ഏത് മേഖലയിലും ഉണ്ടാകേണ്ടത്. അതിന് സഭാനേതൃത്വത്തിലുള്ളവർ മാർഗനിർദേശം നൽകുകയാണ് വേണ്ടത്. ഇങ്ങനെ പരിഗണിക്കുമ്പോൾ സഭ എങ്ങനെയാണ് ക്രിയാത്മകമായി തൊഴിൽ മേഖലയിൽ പ്രതികരിക്കേണ്ടതെന്ന ചോദ്യത്തിന് ഇതിനു മുമ്പത്തെ ചോദ്യത്തിന്റെ ഉത്തരം തന്നെയാണുള്ളത്.സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോൾത്തന്നെ തങ്ങളാൽ ആവുംവിധം പ്രതികരിക്കുന്നുണ്ട് എന്നാണെനിക്ക് തോന്നുന്നത്. പ്രബോധന കാര്യമെടുത്താൽ എല്ലാ വർഷവും മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ സമഗ്രമായ ഒരു മെയ്ദിന സന്ദേശം പ്രസിദ്ധീകരിക്കാറുണ്ട്. ഇത് കേരള മെത്രാൻ സമിതിയും ഭാരത മെത്രാൻ സമിതിയും ചെയ്യുന്നുണ്ട്. ആഗോള തലത്തിൽ നോക്കിയാൽ കാലാകാലങ്ങളിലുള്ള മാർപാപ്പമാർ വ്യക്തവും ശക്തവുമായ പ്രബോധനങ്ങൾ നൽകാറുണ്ട്. എന്നാൽ സഭാനേതൃത്വത്തെ ഒരു സർക്കാർ എന്നപോലെ കാണാൻ കഴിയില്ല. സർക്കാരിനുള്ളതുപോലെയുള്ള സാമ്പത്തിക, നീതിന്യായ സംവിധാനങ്ങളൊന്നും സഭയ്ക്കില്ലല്ലോ. സഭാനേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് ധാർമികമായ ഒരു ശക്തി മാത്രമേയുള്ളൂ. അവ നടപ്പാക്കാത്തവരെ ശിക്ഷിക്കാൻ പറ്റിയ സംവിധാനങ്ങൾ സഭയ്ക്കില്ല. എന്നാൽ സഭാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ സഭാനേതൃത്വത്തിന് ഇനിയും ചെയ്യാനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനവരെ നിർബന്ധിക്കുന്ന സുതാര്യവും ഫലപ്രദവും അഴിമതി വിമുക്തവുമായ സർക്കാർ സംവിധാനങ്ങൾ ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു.ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും നേതൃത്വത്തിൽ തൊഴിൽകാര്യ കമ്മീഷനുകൾ സാമാന്യം ഫലപ്രദമായി അസംഘടിത തൊഴിലാളികളുടെ കാര്യത്തിൽ ഇടപെടുന്നുണ്ട്. കേരള മെത്രാൻ സമിതിയുടെ കീഴിലുള്ള തൊഴിൽ കാര്യകമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന കേരളാ ലേബർ മൂവ്‌മെന്റ് (കെ.എൽ.എം) ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. വിവിധ ജോലികൾ ചെയ്യുന്നവരുടെ ഫോറങ്ങൾ രൂപീകരിച്ച് വളരെ കാര്യങ്ങൾ കെ.എൽ. എം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമായി സഹകരിച്ച് സുരക്ഷ എന്ന പേരിൽ ഒരു പെൻഷൻ-ഇൻഷുറൻസ് പദ്ധതിയും അസംഘടിത തൊഴിലാളികൾക്കായി നടപ്പാക്കി വരുന്നു. കേരള സർക്കാർ നടപ്പിലാക്കിയിട്ടുള്ള എല്ലാ തൊഴിലാളി ക്ഷേമപദ്ധതികളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു കൈപ്പുസ്തകം കെ.എൽ.എം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ അസംഘടിത തൊഴിലാളികളെപ്പറ്റി ഒരു സമഗ്ര പഠനവും കെ.എൽ.എം നടത്തി. ഇവ രണ്ടും സർക്കാർ തലത്തിൽ പോലും പ്രശംസ പിടിച്ചു പറ്റിയതാണ്. കൂടാതെ ഈ രംഗത്ത് കഴിയുന്ന ഏത് സഹായവും തൊഴിലാളികൾക്ക് ചെയ്യാൻ ഒരു മുഴുവൻ സമയ വർക്കേഴ്‌സ് ഫസിലിറ്റേഷൻ സെന്ററും എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ട്.കെ.എൽ.എമ്മിന്റെ യൂണിറ്റുകൾ കേരളത്തിലെ മുപ്പത് രൂപതകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ യൂണിറ്റുകൾ വഴിയാണ് കെ.എൽ.എമ്മിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളൊന്നും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് വേണ്ടി മാത്രമുള്ളതല്ല താനും. അങ്ങനെ വളരെ ക്രിയാത്മകമായിത്തന്നെ സഭ തൊഴിലാളി ക്ഷേമരംഗത്തുണ്ട്.ബാബു വടക്കേടത്ത്
മീനങ്ങാടിSource: Sunday Shalom