News >> ചിത്രകലയുടെ താലന്തുമായി.


'മുഖമില്ലാത്ത ഒരാൾ മുഖമില്ലാത്ത മറ്റൊരാളോട് സംസാരിക്കുന്നു.' കഴിഞ്ഞ 24 വർഷമായി താലന്ത് മാസികയുടെ കവർ ചിത്രത്തിലെ വ്യക്തികൾക്കും മൃഗങ്ങൾക്കും മുഖമില്ല. എന്നാൽ ഈ ചിത്രത്തിന്റെ പിന്നിലെ സംഭവങ്ങളും കഥാപാത്രങ്ങളുമേതെന്ന് വളരെ പെട്ടെന്നു തന്നെ ആർക്കും തിരിച്ചറിയാനും കഴിയും. വ്യത്യസ്തമായ ഇത്തരമൊരു ചിത്രരചനാ ശൈലിയിലൂടെയാണ് ആർട്ടിസ്റ്റ് ദേവസി കേരളത്തിനകത്തും പുറത്തും ശ്രദ്ധേയനാകുന്നത്.

എറണാകുളം ജില്ലയിലെ മൂക്കന്നൂർ സെന്റ് മേരീസ് ദേവാലയത്തിനടുത്തുള്ള പയ്യപ്പിള്ളിൽ എന്ന വളരെ ചെറിയ ഭവനത്തിന്റെ ഇടുങ്ങിയ സ്വീകരണമുറിയിലിട്ടിരിക്കുന്ന മേശക്കു പിന്നിലിരുന്ന് ബൈബിൾ സംഭവങ്ങൾ കടലാസിൽ പകരുന്ന ഒരു കലാകാരനെ സന്ദർശകർക്ക് കാണാം. ഈ കുറിയ മനുഷ്യനാണ് ആർട്ടിസ്റ്റ് ദേവസി എന്ന വലിയ ചിത്രകാരൻ.

വിശുദ്ധ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെ ചിത്രകഥയിലൂടെ ഇളം തലമുറയ്ക്കായി പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. ഉൽപ്പത്തി പുസ്തകം മുതൽ വെളിപാടുവരെയുള്ള വിശുദ്ധ ഗ്രന്ഥഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിൽ നാം കണ്ടു മുട്ടുന്ന കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ ദേവസി തന്റെ ബ്രഷിലൂടെ നമുക്കു മുമ്പിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു. തലശ്ശേരി സന്ദേശഭവൻ പ്രസിദ്ധീകരിച്ച ബൈബിൾ ചിത്രകഥകളിലൂടെ അബ്രഹാമും, മോശയും, അഹറോനും ജോബുമെല്ലാം വിവിധ രൂപങ്ങളായി നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചതിങ്ങനെയാണ്.

ഹൈന്ദവപുരാണകഥകൾ അമർ ചിത്രകഥകളായും, മുസ്ലീംകഥകൾ സൂഫിക്കഥകളായും പ്രചരിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാ. മൈക്കിൾ കാരിമറ്റം വിശുദ്ധഗ്രന്ഥത്തിലെ കഥാപാത്രങ്ങളെ മുന്നിൽക്കണ്ട് ചിത്രകഥ ആരംഭിക്കന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. പി.ഒ.സിയിൽ വെച്ച് മൈക്കിളച്ചനുമായുണ്ടായ ദേവസിയുടെ പരിചയവും ഇത്തരമൊരു ചിത്രകഥ ആരംഭിക്കുവാൻ അച്ചന് പ്രചോദനമേകി. ആദ്യ ത്തെ ബൈബിൾ ചിത്രകഥ 1983 നവംബർ ഒന്നാം തീയതി 'ഏലിയാ പ്രവാചകൻ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. രണ്ടു മാസത്തിനുശേഷം ഏലീഷായും. എന്നാൽ ഉദ്ദേശിച്ച രീതിയിൽ ഇതിന്റെ വിതരണസംവിധാനം ശരിയാകാതെ വന്നതിനാൽ അല്പകാലതാമസം വേണ്ടിവന്നു മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാൻ. പിന്നീട് ബൈബിളിൽ ഉൽപ്പത്തി മുതലുള്ള ഭാഗങ്ങൾ ക്രമപ്പെടുത്തി വരയ്ക്കാൻ വേണ്ടുന്ന വിധത്തിൽ മൈക്കിളച്ചൻ ആശയങ്ങൾ ക്രമീകരിക്കുകയായിരുന്നു. അങ്ങനെയാണ് 'കായേനും ആബേലും' എന്ന ചിത്രകഥ ദേവസി വരയ്ക്കുന്നത്. തുടർന്ന് വി.ഗ്രന്ഥത്തെ ആസ്പദമാക്കി 50 ഓളം ചത്രകഥകൾ. ഈ ചിത്രകഥകൾ പിന്നീട് ഹിന്ദി, തമിഴ്, മിസോ, ബോഡോ, കൊങ്കണി, കന്നഡ, ഓറിയ, ആസാമീസ്, ഘാരോ, ഘാസി തുടങ്ങിയ 13 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി.

എന്നാൽ കാൽനൂറ്റാണ്ടായി താലന്ത് മാസികയ്ക്ക് വൈവിധ്യം തുളുമ്പുന്ന മുഖചിത്രം വരച്ചാണ് ദേവ സി ജനശ്രദ്ധ നേടിയത്. നിലവിലുള്ള രീതികളിൽ നിന്നും വേറിട്ട് മുഖമില്ലാത്ത ചിത്രങ്ങൾ വരച്ചതാണ് ദേവസിയെ ശ്രദ്ധേയനാക്കിയത്. കറുത്ത പശ്ചാത്തലത്തിലാണ് ആദ്യകാലത്ത് ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. ഇപ്പോൾ കവർചിത്രങ്ങൾ വർണ്ണമനോഹരമാണ്. ആദ്യകാലശൈലിയിൽ നിന്നും മാറ്റമൊന്നും വരുത്തിയിട്ടില്ല. ചിത്രങ്ങൾ കുറച്ചുകൂടി ചെറുതാക്കി. അതോടൊപ്പം പശ്ചാത്തലത്തിലും വേണ്ട മാറ്റങ്ങൾ വരുത്തിയെന്നു മാത്രം. താലന്ത് മാസികയുടെ മാറി മാറി വരുന്ന വിവിധ പത്രാധിപരുടെ നിർദ്ദേശങ്ങൾ കവർചിത്രത്തിന്റെ ആശയരൂപീകരണത്തിനിട നല്കി.

നോവലുകൾക്കും കഥകൾക്കും ആവശ്യമായ ചിത്രങ്ങളും പു സ്തകങ്ങളുടെ കവർചിത്രങ്ങളുമൊക്കെ വരച്ചിട്ടുണ്ടെങ്കിലും ബൈബിൾ പശ്ചാത്തലത്തിൽ ചിത്രം വരയ്ക്കുന്നതാണ് ഏറെ ഹൃദ്യമായ അനുഭവമെന്ന് ദേവസി പറയുന്നു. ചിത്രങ്ങൾക്കാവശ്യമായ വിവരങ്ങൾ വിദേശപുസ്തകങ്ങളിൽ നിന്നാണ് മിക്കവാറും കണ്ടെത്താറുള്ളത്. നാടകഅഭിനേതാവും ചിത്രകാരനുമായിരുന്ന പിതാവിൽ നിന്നും പകർന്നുകിട്ടിയ കലയല്ലാതെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ശാസ്ത്രീയാടിസ്ഥാനത്തിൽ ദേവസി ഒന്നും പഠിച്ചിട്ടില്ല. വടുതലയിലെ ആർട്ടിസ്റ്റ് കെ.ജി. വാസുവിൽ നിന്നും കുറച്ചുനാൾ വരയുടെ ചില വശങ്ങളെക്കുറിച്ച് മനസ്സിലാക്കി എന്നു മാത്രം. ദാരിദ്ര്യവും വീട്ടിലെ ബുദ്ധിമുട്ടും മൂലം വീർപ്പുമുട്ടിയിരുന്ന ബാല്യകാലസ്മരണകൾ ദേവസിക്ക് മുന്നിലുണ്ട്. ഇടവകപള്ളിയുടെ മണിമാളികക്ക് താഴെ ചമ്രം പടിഞ്ഞിരുന്ന്, കിട്ടിയ കടലാസുകളിൽ പിന്നെയും പിന്നെയും വരച്ചുകൂട്ടിയ ചിത്രങ്ങൾ മാത്രമാണ് ദേവസിയുടെ മുന്നിലുള്ള ഏക ചിത്രകലാപഠനം. ഈ മണിമാളികയിൽ നിന്നും പുറത്തുകൊണ്ടു വന്നതും, പൊതുജനസമക്ഷം ഉയർത്തിയതും തന്റെ ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നു ദേവസി. വിശുദ്ധഗ്രന്ഥരംഗങ്ങളുടെ ചിത്രീകരണത്തിന് പുതിയ ആശയങ്ങൾ ലഭിക്കുന്നതും ദൈവ കൃപയിൽ നിന്നും...

'അമ്മ' മാസികയിലായിരുന്നു ആദ്യകാലത്ത് ചിത്രങ്ങൾ വരച്ചിരുന്നത്. പിന്നീട് താലന്തുമായി ബന്ധപ്പെട്ടതോടെ ചിത്രകലാ രംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത കൂടുതലായി വർദ്ധിച്ചു വന്നു. പി.ഒ.സി. തയ്യാറാക്കിയ മതബോധന ഗ്രന്ഥങ്ങളിലെ ചിത്രീകരണങ്ങളെല്ലാം ദേവസിയുടേതാണ്. അതുപോലെ ബാംഗ്‌ളൂരിൽ എൻ.ബി.സി.എൽ.സി. പ്രസിദ്ധീകരിച്ച സന്മാർഗ്ഗ ശാ സ്ത്രങ്ങൾക്കും ബൈബിൾ സൊസൈറ്റിക്ക് വേണ്ടിയും ദേ വസി തൂലിക ചലിപ്പിച്ചിട്ടുണ്ട്.

കൂടാതെ ഡിവൈൻ വോ യ്‌സ്, സത്യദീപം, കൈത്തിരി തുടങ്ങിയവയിലൊക്കെ ദേവസിയുടെ ചിത്രീകരണങ്ങൾ ഇപ്പോഴുമുണ്ട്. രണ്ടുവർഷം മുമ്പ് മറ്റൊരനുഗ്രഹവും അപ്രതീക്ഷിതമായി ദേവസിയെത്തേടിയെത്തി. ക്രിസ്തുജയന്തി രണ്ടായിരത്തോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് പ്രസിദ്ധീകരിച്ച സ്റ്റാമ്പിന്റെ രൂപകല്പന നിർവ്വഹിച്ചത് ഇദ്ദേഹമായിരുന്നു. തന്റെ ചിത്രം സ്റ്റാമ്പായി പ്രസിദ്ധീകരിച്ചതുപോലും അദ്ദേഹം മനസ്സിലാക്കുന്നത് പിന്നെയും ഏറെ നാളുകൾ കഴിഞ്ഞാണ്. അംഗീകാരത്തിനും പ്രശസ്തിക്കുംവേണ്ടി ഓടിനടക്കാതിരുന്നതുകൊണ്ടാകണം സ്റ്റാമ്പിലൂടെ ലഭിച്ച ഈ നേട്ടത്തിന് അദ്ദേഹത്തിന് വേണ്ട പ്രോത്സാഹനംപോലും ലഭിക്കാതെ പോയതും. ഇടവകദേവാലയത്തിലെ ജനങ്ങൾ ഒത്തുകൂടി ദേവസിയിലൂടെ ലഭിച്ച ഈ വലിയ കൃപയ്ക്ക് ദൈവത്തിന് നന്ദി പറഞ്ഞു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ അധ്യക്ഷത വഹിച്ചു. ഇടവകദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു സമ്മേളനത്തിലും ദേവസിയെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

"ബൈബിൾ ചിത്രകലയിൽ ശ്രദ്ധേയനായ ദേവസി, ജീവിതസാഹചര്യങ്ങൾമൂലം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ ഒരു വ്യക്തിയാണ്. എവിടെയും ഒതുങ്ങിക്കൂടി ജീവിക്കുവാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. ചിത്രകലാരംഗത്ത് കൂടുതൽ വളരാമായിരുന്ന അദ്ദേഹത്തിന് തന്റെ പ്രത്യേകസാഹചര്യങ്ങൾ മൂലം വേണ്ടതുപോലെ ഈ രംഗത്ത് പഠിക്കാനോ ഉയരാനോ കഴിഞ്ഞില്ല. എങ്കിലും കഠിനപരിശ്രമവും ഉറച്ച കാഴ്ചപ്പാടും ആ വ്യക്തിയെ വ്യത്യസ്തനാക്കുന്നു." സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വികാരി ഫാ. ജോബ് കേളംപറമ്പിൽ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം ആർച്ച് ബിഷപ് സിറിൾ മാർ ബസേലിയോസിന്റെ സഹോദരിയും ബഥനി ആശ്രമാംഗവുമായ സിസ്റ്റർ ഫെലിഷ്യാ രചിച്ച 'ആദിവൃത്തം നിവർത്തിതം' എന്ന ബൈബിൾ ടെലിഫിലിമിന്റെ കലാസംവിധാനം ഒരുക്കാൻ കഴിഞ്ഞത്, തന്റെ കലാ ജീവിതത്തിന് ലഭിച്ച സൗഭാഗ്യമായിട്ടാണ് ദേവസി കണക്കാക്കുന്നത്. ബൈബിൾ കാലഘട്ടം പശ്ചാത്തലമൊരുക്കുമ്പോൾ ദീർഘനാളുകളായുള്ള ഈ രംഗത്തെ പഠനം ഒട്ടേറെ സഹായകമായിത്തീർന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"സാഹചര്യങ്ങളെയും പ്രതികൂലാവസ്ഥയെയും കണക്കിലെടുക്കാതെ നമുക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾ ദൈവദാനമാക്കി മാറ്റുക. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളും തകർച്ചകളുമെല്ലാം ദൈവം നന്മയ്ക്കായി നല്കിയതാണെന്നും അതുവഴി അവിടുന്ന് നമ്മെ ഉയർത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും നാം മനസ്സിലാക്കുക. ദൈവഹിതം നമ്മിൽ നിറവേറുന്നതുവരെ കാത്തിരിക്കാൻ നാം തയ്യാറാകുക. അപ്പോൾ നമുക്ക് മുന്നിലുള്ള ഏത് പ്രതിസന്ധിയും മാറുകയും അവ നമുക്ക് നേട്ടമായിത്തീരുകയും ചെയ്യും." ദേവസി അനുസ്മരിപ്പിക്കുന്നു.

ഇതുവരെ ചെയ്ത ആർട്ട് വർക്കുകളിൽ വ്യത്യസ്തമായ രചനയായിരുന്നു ആലുവ ലിറ്റിൽ ഫ്‌ളവർ സെമിനാരിക്കുവേണ്ടി ദേവസി വരച്ച യേശുവിന്റെ ചിത്രം. നാലടി നീളവും അതേ വീ തിയുമുള്ള ഈ ചിത്രം പ്ലാസ്റ്റർ ഓഫ് പാരീസിൽ ഓയിൽപെയിന്റുകൊണ്ടാണ് വരച്ചിരിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഇതേ വലിപ്പത്തിൽ യേശുവിന്റെ കുരിശുയാത്രയുടെ ഒരു ചിത്രം അദ്ദേഹം വരച്ചിട്ടുണ്ട്. തീർത്തും പുതുമയേറിയ അവതരണമാണ് ഇവ രണ്ടും.

റോസിലിയാണ് ഭാര്യ, മധ്യപ്രദേശ് സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ സന്യാസാർത്ഥിനിയായ ആശ, കറുകുറ്റിയിൽ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അബി, ചാലക്കുടി ഐ.റ്റി.ഐ. വിദ്യാർത്ഥിയായ അനൂപ് എന്നിവരാണ് മക്കൾ.

ചിത്രകലയിൽ കുറച്ചൊക്കെ താല്പര്യം അനൂപിനുണ്ട്. 'സമ്മാനം" എന്ന ചലച്ചിത്രത്തിന്റെ ടൈറ്റിലിന് അനുയോജ്യമായ ചിത്രങ്ങൾ വരക്കുന്നതിനുവേണ്ടി സിനിമയുടെ നിർമ്മാതാക്കൾ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ഈ രചനാമത്സരത്തിൽ വിജയം വരിച്ച അനൂപിന്റെ ചിത്രവും പേരും സിനിമയുടെ തുടക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രകലാരംഗത്ത് വ്യത്യസ്ത നിറങ്ങൾ പടർത്തുവാൻ ദേവസിയുടെ കരങ്ങൾക്ക് ദൈവം ഇനിയുമേറെ കരുത്തു പകരട്ടെ; വ്യത്യസ്തതയുടെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലിനിയുമുണരട്ടെ...

ജെയ്‌മോൻ കുമരകം

Source: Sunday Shalom