News >> കര്‍ഷകര്‍ക്ക് ആശ്രയം കര്‍ഷകരാകണം: മാര്‍ മഠത്തിക്കണ്ടത്തില്‍
തൊടുപുഴ: കര്‍ഷകര്‍ക്ക് ആശ്രയം കര്‍ഷകരാകണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കത്തോലിക്ക കോണ്‍ഗ്രസ് 98-ാം വാര്‍ഷികാഘോഷവും കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ മുതലക്കോടത്ത് ആരംഭിച്ച കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദേഹം. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷപ്പെടാനും ഇത്തരം കര്‍ഷക കേന്ദ്രങ്ങള്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകണം. ദൈനംദിന ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് ഒത്തുചേരാനും പരസ്പരം പങ്കുവയ്ക്കാനും ഇത്തരം കേന്ദ്രങ്ങള്‍ വേദിയാകണം. ശുദ്ധജലത്തിനും ശുദ്ധ വായുവിനും വിഷരഹിത ഭക്ഷണത്തിനുമായി ജനം പരക്കം പായുകയാണ്. വര്‍ധിച്ചു വരുന്ന രോഗങ്ങള്‍ക്കു കാരണമായ വിഷാംശം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ വിഷരഹിത ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന കേന്ദ്രമാകണം ഇത്തരം കര്‍ഷക മാര്‍ക്കറ്റുകള്‍. ചെറുകിട കര്‍ഷകരെയും ജൈവകൃഷിയെയും പ്രോത്സാഹിപ്പിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ കര്‍ഷക വേദി മുഖ്യ പങ്കു വഹിക്കണമെന്നും ബിഷപ് നിര്‍ദേശിച്ചു. തൊടുപുഴയുടെ പ്രധാന റോഡിനു സമീപം വിശാല സൗകര്യമുള്ള കെട്ടിടം കര്‍ഷകര്‍ക്കായി നിര്‍മിച്ചു നല്‍കാന്‍ സന്‍മനസ് കാണിച്ച ഇടവക ജനത്തെയും വികാരിയെയും ബിഷപ് അഭിനന്ദിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം കാര്‍ഷികോത്പന്നങ്ങളുടെ ആദ്യ വാങ്ങലും എകെസിസി കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം ആദ്യ വില്‍പനയും നിര്‍വഹിച്ചു. മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ജോസഫ് അടപ്പൂര്, ജീവ ഡയറക്ടര്‍ ഫാ. ജേക്കബ് തലാപ്പിള്ളി, കാഡ്സ് പ്രസിഡന്‍റ് ആന്‍റണി കണ്ടിരിക്കല്‍, എകെസിസി ഫൊറോന പ്രസിഡന്‍റ് ജോയി പാറത്തലയ്ക്കല്‍, ആര്‍പിഎസ് പ്രസിഡന്‍റ് ജയിംസ് പള്ളിക്കമ്യാലില്‍, കര്‍ഷകവേദി പ്രസിഡന്‍റ് ജോയി കണ്ടത്തിന്‍കര, തോമസ് ചരളംകുന്നേല്‍, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, ജിമ്മി ചെമ്പരത്തി, ടോം കല്ലറയ്ക്കല്‍, ബേബിച്ചന്‍ ചക്കാംകുന്നേല്‍, ജോസ് വടക്കേല്‍, ജയിംസ് തുറയ്ക്കല്‍, ജോണ്‍ മുണ്ടന്‍കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Source: Deepika