News >> അമ്മയുടെ രക്തസാക്ഷിത്വത്തിലൂടെ മക്കൾ കത്തോലിക്കവിശ്വാസികളായി


എത്യോപ്യാ; ക്രിസ്തുവിനുവേണ്ടി ചൊരിയപ്പെടുന്ന രക്തം ഒരിക്കലും പാഴാവുകയില്ല എന്ന സത്യത്തിന് എത്യോപിയയിൽ നിന്നുമൊരു സാക്ഷ്യം. രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിലാണ് ക്രിസ്തുവിന്റെ സഭ തഴച്ചുവളർന്നിട്ടുള്ളത്. ക്രൈസ്തവപീഡനങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളാണ് എത്യോപ്യയും എരിത്രിയയും.

ഇസ്ലാമതത്തിൽ നിന്നും 2014 ൽ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവ് മർദ്ദിച്ചുകൊന്ന ഒരമ്മയുടെ രണ്ടുമക്കളാണ് ക്രിസ്തുമതം സ്വീകരിച്ച് അമ്മയുടെ വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വം പാഴായിപ്പോയില്ല എന്നു ലോകത്തോട് വിളിച്ച് പറഞ്ഞത്. ക്രിസ്തുവിലുള്ള അമ്മയുടെ അടർത്തിമാറ്റാനാവാത്ത വിശ്വാസമാണ് മക്കളെ പിടിച്ചുകുലുക്കിയത്. ഈ സംഭവം റിപ്പോർട്ട് ചെയ്തത് ഗ്ലോബൽ ക്രിസ്ത്യൻ വാച്ച്‌ഡോഗ് സംഘടനയായ ഓപ്പൺ ഡോർസ് യു.എസ്.എയാണ്.

വർക്കിത് എന്ന 50 കാരിയായ സ്ത്രീയാണ് ക്രിസ്തുമതം സ്വീകരിച്ചത്. അവളുടെ ഭർത്താവും അയർപ്പക്കകാരനും കൂടിച്ചേർന്ന് ക്രിസ്തുമതം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അടിമുടി മർദ്ദിക്കുകയായിരുന്നുവെന്ന് അവിടെയുള്ള ക്രൈസ്തവർ ഓപ്പൺ ഡോർ എന്ന സംഘടനയോട് പറഞ്ഞു. 2014 ലാണ് അവൾ ക്രിസ്തുമതം സ്വീകരിച്ചത്. 2015 ൽ അവൾ നിരന്തരമായ മർദ്ദനേമറ്റ് മരണത്തിനുകീഴടങ്ങി.

ഭർത്താവിൽ നിന്നുമാത്രമല്ല, മുസ്ലിം ഭൂരിപക്ഷമുള്ള അവളുടെ സമൂഹത്തിൽ നിന്നും ഇക്കാരണത്താൽ നിരന്തരമായ ഭീക്ഷണിയുണ്ടായിരുന്നു. വർക്കിതിന്റെ ഭർത്താവിനെ വേറെ ഭാര്യയുമുണ്ടായിരുന്നു. വർക്കിത് വീണ്ടും ഇസ്ലാമതത്തിലേക്ക് മടങ്ങിവന്നില്ലെങ്കിൽ അവളെ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പടുത്തിയിരുന്നു. അവിടുത്തെ സഭാധികാരികൾ പോലിസിൽ പരാതി നൽകുവാൻ അവളോട് ആവശ്യപ്പെട്ടു. അതെത്തുടർന്ന് അവൾ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിനൽകുകയും ചെയ്തു. എന്നാൽ പോലീസ് അവളുടെ പരാതി അവഗണിച്ചു. മാർച്ച് മാസത്തിൽ ഭർത്താവിന്റെയും അയൽക്കാരന്റെയും ഭീകരമായ മർദ്ദനത്തെത്തുടർന്ന് അവളെ അടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവൾ മരണത്തിനും കീഴടങ്ങി. ഇതെത്തുടർന്ന കടുത്ത എതിർപ്പിനെ തുടർന്ന് പോലീസ് ഭർത്താവിനെയും അയൽക്കാരനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

വർക്കിതിന്റെ ജീവിതം മർദ്ദനമേറ്റ് അസ്തമിച്ചുവെങ്കിലും അവളുടെ വിശ്വാസം രണ്ട് ആൺമക്കളെയും ഏറെ സ്വാധീനിച്ചു. അവളുടെ മക്കളായ മുസ്തഫയും കെദീറും അമ്മ മരിച്ചതോടുകൂടി ക്രിസ്തുമതം സ്വീകരിച്ചതായി ഓപ്പൺ ഡോർ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ സമൂഹത്തിലെ ഏക ക്രിസ്ത്യൻ വിശ്വാസി അവരുടെ അമ്മയായിരുന്നു. മറ്റാർക്കും ക്രിസ്തുവിനെക്കുറിച്ച് അറിയില്ലായിരുന്നു അതിനാൽ മക്കൾ രണ്ടുപേരും കൂടി അവിടുത്തെ ക്രൈസ്തവ നേതാക്കളോട് അമ്മ ആരാധിച്ച ദൈവത്തെക്കുറിച്ച് അറിയണമെന്ന് അറിയിച്ചു. മക്കളോടൊപ്പം വർക്കിതുവിന്റെ കുടുംബത്തിലെ ഒരു അംഗവും ക്രിസ്തു വിശ്വാസം സ്വീകരിച്ചു. അങ്ങനെ ഒരു രക്തസാക്ഷിത്വം അനേകം പേരുടെ വിശ്വാസത്തിനു തിരികൊളുത്തിക്കൊണ്ടിരിക്കുന്നു.

ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ 2016 ലെ വേൾഡ് വാച്ച് ലിസ്റ്റിൽ 18-ാം സ്ഥാനത്താണ് ഏത്യോപ്യ. ഏത്യോപ്യയിലെ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി അതി ഭീകരമായ പീഡനങ്ങളാണ് ഇന്ന് ഏറ്റുവാങ്ങുന്നത്.

Source: Sunday Shalom